Sunday, May 3, 2026

പുസ്തകവിചാരം : മള്‍ബെറി, എന്നോട് നിന്‍റെ സോര്‍ബയെ കുറിച്ച് പറയൂ...

 പുസ്തകം : മള്‍ബെറി, എന്നോട് നിന്‍റെ  സോര്‍ബയെ കുറിച്ച് പറയൂ...

ഏഴുതിയത് : ബിന്യമിന്‍


2000 ആണ്ടിന്റെ തുടക്കം.. ബിരുദ പഠന കാലം.. വലിയ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത കാലഘട്ടം . കയ്യിൽ കിട്ടുന്നതെല്ലാം വായിക്കുന്ന ഒരു സമയം..കോട്ടക്കൽ സഫ ബുക്ക്‌ സ്റ്റോളിളും  തുഞ്ചൻ പറമ്പിൽ  ഉണ്ടാവാറുള്ള പുസ്തക മേളകളിലും ചെന്ന് വെറുതെ പുസ്തകങ്ങൾ നോക്കി നിൽക്കുമായിരുന്നു അന്നൊക്കെ .. പുസ്തകങ്ങൾ വാങ്ങാനുള്ള പൈസ  ഒന്നും ഇല്ലായിരുന്നു അന്ന്.. PSMO കോളേജ് ലൈബ്രറി  ആയിരുന്നു പുസ്തകം വായിക്കാൻ ആശ്രയിച്ചിരുന്നത് ..അന്നൊക്കെ മൽബെറി ബുക്സിന്റെതായി ഒത്തിരി ടൈറ്റ്ലുകൾ  ബുക്ക്സ്റ്റാളുകളിൽ  നിര നിര യായി കാണാം.. മറ്റൊരു പ്രസാധകർ ആയി പെൻ ബുക്സ്  പരസ്യങ്ങളിൽ നിറഞ്ഞു  നിന്നിരുന്നു.. ഈ കാലഘട്ടത്തിൽ തന്നെ ആണ് പെൻ ബുക്സിന്റെ റിവേഴ്‌സ് ഡിക്ഷനറി, ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല, കമ്പ്യൂട്ടർ കമ്പാനിയൻ, മോണിക്ക ലെവിൻസ്കിയുടെ  വെളിപ്പെടുത്തലുകൾ എന്നീ ടൈറ്റിലിൽ ഉള്ള പുസ്തകങ്ങളുടെ  പരസ്യങ്ങൾ നിരന്തരം ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.. പെൻ ബുക്ക്‌ പരസ്യങ്ങളിൽ ആണ് ആദ്യമായി ബിന്യാമിൻ എന്ന എഴുത്തുകാരനെ അറിയുന്നത്.. കറുത്ത വനങ്ങൾ എന്നോ മറ്റോ പേരുള്ള ഒരു നോവൽ ആണെന്നാണ്  ബിന്യാമിന്റേതായി  അന്ന് കണ്ട ഓർമ (പേര് അതാണോ എന്നറിയില്ല. അതെപോലുള്ള ഒരു പേരാണ് മനസ്സിൽ..  പക്ഷെ ബിന്യാമിന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ അങ്ങിനെ ഒരു പേര് കാണുന്നില്ല.. ഒരു പക്ഷെ എന്റെ ഓർമ പിശകൊ അല്ലേൽ ഓർമയിൽ അബോധാമായി അടയാളപ്പെടുത്തപ്പെട്ട ഒരു തെറ്റോ ആകാം അത് )..ഇതേ കാലഘട്ടം തന്നെ ആണ് തൃശൂർ ആസ്ഥാനമാക്കി ഗ്രീൻ ബുക്സ് തുടങ്ങുന്നത്.. ബിന്യാമിന്റെ ആടുജീവിതം പ്രസിദ്ധീകരിച്ചത് ഗ്രീൻ ബുക്ക്സ് ആണ്..

               ഇത്രേം എഴുതാൻ കാരണം ബിന്യാമിന്റെ "മൾബറീ, എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ"  എന്ന നോവൽ വായിച്ച് കഴിഞ്ഞപ്പോഴുള്ള ചിന്തകൾ ആണ്.ഒരു ഗംഭീര നോവൽ തന്നെ ആണ്  "മൾബറീ, എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ".... ഷെൽവി, ഡെയ്സി, മൾബറി ബുക്സ്   കസാക്കിസാങ്...  വരികൾ നിറയെ കാല്പനികതയും  യഥാർത്ഥ്യവും വേർതിരിക്കാനാവാത്ത അത്രയും നേർപിച്ചു  എഴുതി തീർത്ത ഒരു കഥ..ഒരു കാലഘട്ടത്തിലെ  പ്രസാധകർ എഴുത്തുകാർ തുടങ്ങിയ ഒരുപാട് പേരുടെ ജീവിതത്തെ സ്പർശിക്കുന്ന  ഓർമ്മകൾ കൊണ്ട്  അണിയിചൊരുക്കിയ കഥാഘടന.. എവിടെ ഒക്കെയോ പൊള്ളിക്കുന്ന  ആ ഓർമ്മകൾ കൊണ്ട്  നിറഞ്ഞ ഈ നോവൽ ഒരു വായനക്കാരന് തെല്ലും മുഷിയാതെ വായിച്ചു തീർക്കാം..

കഥക്കൊപ്പം ഒരു യാത്ര വിവരണം പോലെ കുറെ കാര്യങ്ങൾ കൂടി വരികൾക്കിടയിലൂടെ വായക്കാന്റെ മനസ്സിൽ നിറക്കുന്നുണ്ട് ഈ നോവൽ..(ബിന്യാമിൻ ഭംഗിയായി യാത്ര വിവരണം എഴുതുന്ന ഒരാളാണ്...മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പിൽ  ആണെന്ന് തോന്നു ബിന്യാമിൻ എഴുതിയ കൊളമ്പിയൻ  യാത്ര വിവരണം.. ഗാബോയുടെ ഓർമകളിലൂടെ അതി ഗംഭീരമായി എഴുതിയത്.. ഒപ്പം ഇരട്ട മുഖമുള്ള നഗരം എന്നാ പേരിൽ ബിന്യാമിന്റെ പാകിസ്ഥാൻ യാത്ര വിവരണം..എല്ലാം രസകരമായ വായിച്ചു തീർക്കാൻ പറ്റുന്നത് തന്നെ ആണ് )

നിശ്ചയമായും വായിക്കേണ്ട നോവലുകളുടെ കൂട്ടത്തിൽ ഒന്നായി ഈ നോവലിനെ നിങ്ങൾക്ക് ചേർത്ത് വെക്കാം...

പിൻകുറിപ്പ് : 

മൽബെറി ബുക്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം മാത്രമാണ് ഞാൻ സ്വന്തമായി വാങ്ങിച്ചത്.. ടി എൻ ഗോപകുമാറിന്റെ  ശുചീന്ദ്രം രേഖകൾ എന്ന  ആത്മകഥ സമാനമായ അനുഭവങ്ങൾ ആണ് ആ പുസ്തകം... അതിന്റെ കവറിന്മേൽ ഒരു ബോക്സിനുള്ളിൽ ചുവപ്പ് നിറത്തിൽ അച്ചടിച്ച 'മൾബ്ബറി' എന്ന എഴുത്തു ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്. വ്യക്തിപരമായി ഈ നോവൽ ആ പുസ്തകത്തെ കുറിച്ചുള്ള ഓർമ്മകൾ കൂടി  മനസ്സിലേക്കിട്ടു. ഓർമയിൽ വന്ന ഒരു കാര്യം കൂടി..ആ പുസ്തകത്തോടൊപ്പം  അന്ന് ഞാൻ വാങ്ങിച്ചതിൽ പി കെ  ബാലകൃഷ്ണൻ എഴുതിയ ടിപ്പു സുൽത്താൻ എന്ന ചരിത്ര പുസ്തകം കൂടി ഉണ്ടായിരുന്നു.ചുവപ്പ് കവറോട് കൂടിയ ആ പുസ്തകം ഡി സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.. രണ്ടു പുസ്തകവും എന്റെ കയ്യിൽ നിന്നും ആരോ വാങ്ങി പിന്നീട് തിരിച്ചു കിട്ടിയിട്ടില്ല..

                                   ചില വായനകൾ മറവിയിൽ മൂടിപ്പോയ നമ്മുടെ പഴയ കുറെ ഓർമകളെ വീണ്ടും ഉദ്ദീപിക്കും എന്ന് തോന്നാറുണ്ട്.. ഈ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം അത് അടിവരയിടുന്നു...


No comments:

Post a Comment