Saturday, October 3, 2020

പുസ്തകം വിചാരം :ഒരു സുവർണ കാലം ( A Golden Age)

 

പുസ്തകം  :ഒരു സുവർണ കാലം  

എഴുതിയത് : തഹ്മീമ അനം (ബംഗ്ലാദേശ് )







തഹ്മീമ അനം എന്ന ബംഗ്ലാദേശി എഴുത്തുകാരിയുടെ A Golden Age ( ഒരു സുവർണ കാലം) എന്ന നോവൽ ഈയിടെയാണ് വായിച്ചത്.' ഒരു കുടുംബം' എങ്ങനെയാണ് ഒരു സമരത്തിലേക്ക് എറിയപെടുന്ന് എന്ന് കൃത്യമായി രേഖപെടുത്തുന്ന രചന. രഹാന എന്ന കുടുംബിനിയുടെ ജീവിതത്തിലൂടെ കുടുംബകാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും നന്നായി വിശകലനം ചെയ്യുന്നുണ്ട് കഥാകാരി.രഹാ ന ഒരു വിധവയാണ് .പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നു വിവാഹശേഷം ധാക്കയിലേക്ക് താമസം മാറ്റിയ വനിത .ജീവിതയാത്രയിൽ കൂട്ടായി രണ്ട് മക്കൾ മായയും സുഹൈലും. ജീവിതം പകുതിയായപ്പോഴേക്കും ഭർത്താവ് ഇഖ്ബാൽ മരണപെട്ടു.നോവൽ തുടങ്ങുന്നത് 1971 മാർച്ച് മാസത്തിലെ ഒരു ദിനത്തിൽ നിന്നാണ് . ചെറുതായിരിക്കുമ്പോൾ പിതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ലാഹോറിലേക്ക് ഇഖ്ബാലിന്റെ അനിയൻ കുടുംബ മഹിമയുടെ മാനം കാക്കാൻ മാതാവിന്റെ അടുക്കൽ നിന്നും പറിച്ചെടുക്കുന്നതിന്റെയും അവരെ തിരിച്ച് കിട്ടാൻ റഹാന നടത്തുന്ന നിയമയുദ്ധങ്ങളുടെ ഓർമകളിലൂടെയാണ് കഥ തുടങ്ങുന്നത്. വളർന്ന് വലുതായ കുഞ്ഞുങ്ങൾ തിരിച്ച് ധാക്ക യിൽ മാതാവിനൊപ്പം തിരിച്ചെത്തിയ സന്തോഷത്തിന്റെ കൂടെയാണ് ആ ഓർമകൾ വരുന്നത്.അയൽകൂട്ടങ്ങൾക്കൊപ്പം സുവർണ കാലമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ബംഗ്ലാദേശത്തിന്റെ അസ്തിത്വം ചോദ്യം ചെയ്തു പാകിസ്ഥാൻ ആക്രമണം തുടങ്ങുന്നത്.മതത്തിന്റെ മേലങ്കിയണിഞ്ഞു രാഷ്ട്രീയ ഉപജാപങ്ങൾ നെയ്തു ക്രൂരമായ ആക്രമണ പരിപാടികളുമായാണ് പാക്കിസ്ഥാന്റെ അന്നത്തെ മേലാളന്മാർ വൃത്തികേടുകളുടെ പരമ്പരകൾ സൃഷ്ടിക്കുന്നത്..ചരിത്രത്തിൽ വായിച്ച ക്രൂരനായ പട്ടാള മേധാവി ടിക്കാ ഖാൻ നോവലിൽ ഇടക്കിടെ വന്നു പോകുന്നുണ്ട്. ആ അധിനിവേശത്തിനെതിരെ പൊരുതുവാൻ സജ്ജമായി സുഹൈലും കൂട്ടുകാരും ഇറങ്ങുന്നു.. അഭയാർത്ഥികൾക്ക് ആശ്വാസമേകാൻ വേണ്ടി ജീവൻ പണയപ്പെടുത്തി മായയും ഒരുങ്ങിയിറങ്ങുന്നു... അവർക്ക് മനസ്സ് കൊണ്ട് താങ്ങായി രഹാ നയും . 1971 ഡിസംബർ മാസത്തെ ചരിത്ര പശ്ചാത്തലത്തിൽ കഥ മനസ്സിൽ കുറെ നൊമ്പരങ്ങൾ ബാക്കിയാക്കി അവസാനിപ്പിക്കുന്നു
വരികൾക്കിടയിലൂടെ ഒരു പാട് ചിന്തകൾക്ക് തിരികൊളുത്തുന്നുണ്ട് ഈ നോവൽ. മതം വളമാക്കി രാഷ്ട്രീയം കളിക്കുന്ന തൽപരകക്ഷികളുടെ അടിമകളായി തീർന്ന ഇഖ്ബാലിന്റെ സഹോദരനെയും ഭാര്യയെയും വായിക്കുമ്പോൾ ഇന്നത്തെ പല രഷ്ട്രീയ പാർട്ടികളെയും അണികളെ ഓർമ വരുന്നു. മതത്തിന്റെ പേരിൽ പൗരത്വം പോലും ചോദ്യമായി ഇന്ത്യയിലേക്ക് അഭയാർത്ഥിയായി ഓടി പോന്ന സെൻ ഗുപതയിൽ ഇന്നത്തെ ആ സാമിലെ പാവങ്ങളുടെ ദൈന്യത ദർശിക്കാം.... അതിലുപരി കുടില മനസ്ഥിതിക്കാരുടെ ക്രൗര്യ മനോഭാവത്തിന് ഇരയാകുന്നത് പാവപെട്ട പതിനായിരങ്ങളാന്നെന്ന തിരിച്ചറിവ് ഉണങ്ങാത്ത മുറിവായി എന്നും വായനക്കാരന്റെ മനസ്സിനെ നോവിപ്പിക്കും. പിൻകുറിപ്: നോവലിൽ ചില സ്ഥലങ്ങളിൽ ഒരു പരസ്പര ബന്ധം നഷ്ടപെട്ന്ന പോലെ തോന്നിക്കും ,ഒരു പക്ഷെ പരിഭാഷയുടെ പരിമിതിയാവാം.എന്നിരുന്നാലും വായനയുടെ ആകെ ഘടനയെ അതൊരിക്കലും ബാധിക്കുന്നില്ല.

പുസ്തകവിചാരം :മീനുകൾ ചുംബിക്കുന്നു

 


പുസ്തകം :മീനുകൾ ചുംബിക്കുന്നു 

എഴുതിയത് : ശ്രീ പാർവതി 

സൈകതം ബുക്ക്സ് 


ശ്രീപാർവതി എഴുതി സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച ''മീനുകൾ ചുംബിക്കുന്നു" എന്ന നോവൽ പ്രകാശന സമയത്തുണ്ടായ വിവാദങ്ങളുടെ പേരിലാണ് എന്റെ ശ്രദ്ധയിൽ വന്നത് .ഉള്ളടക്കത്തെ കുറിച്ച് എന്തൊക്കെയോ കേട്ടിരുന്നു.പക്ഷെ ഇപോഴാണ് ഈ നോവൽ വായിച്ചത് .സ്വവർഗാനുരാഗമെന്നത് ഒരു സദാചാര പ്രശനമായി പരസ്യപെടുത്തുകയും രഹസ്യമായി അതിനെ ഒരു ഇക്കിളി കൂട്ടിൽ സന്ദിവേശിപിച്ച് കുളിർമയിർ കൊള്ളുകയും ചെയ്യുന്ന ഒരു കപട സാമൂഹ്യാന്തരീക്ഷത്തിൽ ശ്രീ പാർവതിക്ക് പറയാനുള്ളത് എന്ത് എന്ന ചോദ്യവുമായാണ് പുസ്തക വായന തുടങ്ങിയത്... മാധ്യമങ്ങളിലൂടെ വന്ന ചില വിവരണങ്ങൾ ഒരു പൈങ്കിളി കഥയുടെ നിറം മുൻവിധിയായി അടിച്ചേൽപിച്ചിരുന്നു. ആ പ്രതലത്തിൽ നിന്നാണ് വായന ആരംഭിച്ചത്. വായനക്ക് ശേഷം ഒരു അത്ഭുതമാണ് തോന്നുന്നത്.ഇക്കിളിയുടെ ഒരു രസ കൂട്ടും ഒരു വരിയിൽ പോലും വായിച്ചെടുക്കാൻ ഇല്ലെന്ന് മാത്രമല്ല വൈകാരിക പ്രശ്നങ്ങളെ അതി ഗംഭീരമായി തന്നെ വരച്ച് വെച്ചിരിക്കുന്നു. ഓരോ അധ്യായത്തിലും: ജോയ് മാത്യുവിന്റെ അവതാരികയിൽ പറഞ്ഞ പോലെ ഈ നോവലിന് ഒരു നല്ല ആഖ്യാനത്തിന്റെ ഇലഞ്ഞി പൂമണം ഉണ്ട്... ലെസ്ബിയൻ ചതുരത്തിൽ നിന്ന് വർണ വിവേചനത്തിന്റെയും ദളിത് പീഡനങ്ങളുടെയും കഥയാണ് കഥാകാരി സമർത്ഥിക്കുന്നത്.പ്രത്യേകിച്ച് 24-ആം അധ്യായം _ പ്രിയപെട്ട സിയന്നാ ... നിന്നോട് പറയാനുള്ളത് - നോവലിന്റെ ആകെ കഥാതന്തു ഈ അധ്യായത്തിലേക്ക് ആവാഹിച്ചത് പോലെ..... ഇവിടെ താരയും ആഗ്നസും വീണയും ദിലീപും കഥയിൽ നിന്ന് അപ്രത്യക്ഷമാകുന്നു.: തുടർന്ന് വരുന്ന അധ്യായങ്ങൾ വായിക്കുമ്പോൾ ആധുനിക ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിഛേദം കൃത്യമായി കാണാൻ കഴിയുന്നുണ്ട്... എന്തായാലും ഈ കൊച്ചു നോവലിൽ ചിന്തിക്കു തോറും ഗാഢത കൂടുന്ന ഒരു കാടും കടലും കാണാം... ഒപ്പം വായന സുഖത്തിന്റെ ഒരു ഇലഞ്ഞി പൂമണവും..... ശ്രീ പാർവതി ... നിങ്ങൾക്ക് അഭിനന്ദനങ്ങൾ

പുസ്തകവിചാരം : ഉടൽ രാഷ്ട്രീയം

 

പുസ്തകം : ഉടൽ രാഷ്ട്രീയം 

എഴുതിയത്: ഹണി ഭാസ്കരൻ 

പ്രസാധനം: ഗ്രീൻ ബുക്ക്സ് 




നാദിയ മുറാദ് ചർച്ചകളിലും  ആനുകാലിക വായനകളിലും തെളിഞ്ഞ് നിൽക്കുന്ന ഒരു സാഹചര്യത്തിലാണ് എന്റെ കയ്യിൽ ശ്രീമതി ഹണി ഭാസ്കരൻ എഴുതിയ ഉടൽ രാഷ്ട്രീയം എന്ന നോവൽ കയ്യിൽ കിട്ടുന്നത്.

   സാധാരണ പശ്ചാത്തലത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് കൃത്യമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നുണ്ട്. സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം , ദ്വന്ദ വികാരമുള്ള മകളായും(അച്ഛനോടുള്ള വെറുപ്പും അമ്മയോടുള്ള അടുപ്പവും) , ഭാര്യയായും ഈ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. സത്രീ എന്ന സൃഷ്ടിയെ കേവല ശരീരമായി കാണുന്ന, അതിലുള്ള ആത്മാവിനെ തിരസ്കരിക്കുന്ന പരിഷ്കൃതമെന്ന് നമ്മളവകാശപ്പെടുന്ന ഒരു സാമൂഹ്യ പരിതസ്ഥിതിയിലേക്കുള്ള ഒരെത്തിനോട്ടം കൂടി ആണ്‌ നോവലിലൂടെ കഥാകാരി നടത്തുന്നത്.

      വേദ എന്ന ഉന്നതകുലജ്യാതയായ പെൺകുട്ടിയുടെ കഥയാണ് ഉടൽ രാഷ്ട്രീയം പ്രതിപാദിക്കുന്നത്. കുലമഹിമയുടെ കൊട്ടാര പർവത്തിൽ അകപ്പെട്ട ഒരു പെൺകുട്ടി., ജാതി മേൽകോയ്മയിൽ അഹങ്കരിക്കുന്ന ഒരച്ഛൻ, ആ അച്ഛൻ ചെയ്ത് കൂട്ടുന്ന നെറികേട്കൾക്ക്  ,മുകസാക്ഷിയാകേണ്ടി വരുന്ന 'ഒരമ്മയും മകളും.സമ്പത്തിന്റെ കൂനയിൽ ജീവിച്ചിട്ടും മനസ്സമാധാനം എന്തെന്നറിയാത്ത പെൺ ജീവിതങ്ങൾ.. ജോലിക്കാരിക്ക് പിറന്നത് തന്റെ അനുജനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വേദക്കുണ്ടായ വികാരം നിർവികാരത എന്ന പദത്തെ കൃത്യമായി വരച്ച് വെക്കുന്നുണ്ട്.'സ്വന്തം അച്ഛന്റെ മരണവാർത്ത അറിയുമ്പോഴും അതേ വികാരം പിന്നീടും കാണാം.

       അമ്മയുടെ മരണ ശേഷം ( സ്വാഭാവിക മരണമല്ലെന്ന് വേദക്ക് അവസാനമാണ് മനസ്സിലാവുന്നത്.) സ്വപ്രയ്തനത്താൽ കാനഡയിലേക്ക് ഉന്നത പഠനത്തിന് വേണ്ടി യാത്ര തിരിക്കുന്നത് മുതൽ കഥയുടെ അടുത്ത ഭാഗം തുടങ്ങുന്നു .പഠനം കഴിയുന്നത് വരെ വേദ അനുഭവിച്ച സ്വാതന്ത്ര്യം എന്തെന്ന് വരികളിലൂടെ കൃത്യമായി വായിക്കാൻ കഴിയുന്നുണ്ട്.

പിന്നീട് വേദ ,നന്ദൻ എന്ന ബിസിനസ്സുകാരനുമായി ദാമ്പത്യം ആരംഭിക്കുന്നു. ശരിക്കും അതിന് ശേഷമാണ് വേദ ഒരു ഉപകരണമായി മാറുന്നത്. മുമ്പ് സ്വന്തം. വീട്ടിൽ മാനസിക പീഡനം മാത്രമായിരുന്നെങ്കിൽ ഇവിടെ ശാരീരിക പീഡനവും ഒരു ദിനചര്യയാകുന്നു. ഉടലിന്റെ ഉടമ വകാശം പോലും നഷ്ടപെട്ട് വേദ', തുണിയുരിയാതെ നഗനയാക്കപെടുന്ന സ്ത്രീകളുടെ ഒരു രൂപകമായി  മാറുന്നു കഥയിലുടനീളം

     അവസാനം ആ 'ചങ്ങല കെട്ടകൾ പൊട്ടിച്ചെറിയാൻ തീരുമാനിക്കുന്നിടത്താണ് വേദ സ്വയം തിരിച്ചറിയുന്നത്.ഇക്കിളി സങ്കല്പങ്ങൾക്കായോ അതല്ലെങ്കിൽ സദാചാരമെന്ന വ്യാജ അതിർവരമ്പുകൾ ലംഘിക്കുന്നവരെന്ന പേരിനോ വേണ്ടി ലൈംഗീകത ഉപയോഗിക്കുന്നവർക്കിടയിൽ, അതിനെ ഒരു ചൂഷണത്തിന്റെ ബിംബമായി പ്രതിഷ്ഠിക്കാൻ കഥാകാരിക്കു കഴിഞ്ഞു എന്നത്    പ്രശംസനീയമാണ്..പ്രത്യേകിച്ചു എഴുത്തുകാരിയുടെ ആദ്യ നോവൽ ആണ് ഉടൽ രാഷ്ട്രീയം എന്നറിഞ്ഞപ്പോൾ ഇനിയും തുറന്നു വെച്ച കണ്ണുകളിലോടെ കാണുന്ന തെളിച്ചമാർന്ന കാഴ്ചകൾ എഴുതത്തായി പുറത്തു വരുമെന്ന പ്രതീക്ഷയോടെ..

 പിൻകുറിപ്പ്: നോബൽ ജേതാവ് നാദിയ മുറാദിനെ പരാമർശിക്കാൻ കാരണം കഥക്കിടയിൽ വരുന്ന മാർഗരറ്റ് എന്ന ഒരു കഥാപാത്രമുണ്ട്..അവർ അവരുടെ അമ്മയെ കുറിച്ചു പറയുന്നുണ്ട്..രണ്ടാം മഹായുദ്ധകാലത്തു പട്ടാളക്കാരാൽ വലിച്ചു ചീന്തിയ അവരുടെ അമ്മയുടെ ശരീരത്തെ കുറിച്ച്, അവരേറ്റ മാനസിക പീഢനങ്ങളെ കുറിച്ച്.. ഒപ്പം ഏതോ പേരറിയാത്ത പട്ടാളക്കാരൻ തന്ന ബീജമാണ് മർഗരറ്റെന്ന കഥാപാത്രമെന്നും വായിച്ചപ്പോൾ നാദിയ മുറാദ് മനസ്സിൽ വന്നുപോയി..നന്ദനെ പോലെ, വേദയുടെ അച്ഛനെപോലുള്ളവർ നമുക്കിടയിൽ ജീവിക്കുന്ന ഏകാങ്ക ഭീകരപ്രസ്ഥാനങ്ങൾ തന്നെയാണ്...തിരിച്ചറിയത്തിടത്തോളം കാലം നമ്മുടെ അമ്മമാരും പെങ്ങൾമാരും അടിമകളായി തന്നെ തുടരും..സ്ത്രീ ഒരു ഉടലെന്ന ബോധ്യത്തിൽ നിന്നും മനുഷ്യപാതിയാണെന്നും എല്ലാ സ്വാതന്ത്ര്യത്തിനും ഉടമകളാണെന്നുമുളള അവബോധം നമ്മുടെ സമൂഹത്തിൽ  ഉണരട്ടെ ..

ഒപ്പം ഒരു തമാശ കൂടി

ഇടയിൽ വരുന്ന രവി മാഷും ചേതനും ഇല്ലായിരുന്നെകിൽ പുരുഷനെന്ന മനുഷപാതി മുഴുവൻ ഈ ആഖ്യാനത്തിൽ ക്രൂശിക്കപ്പെടുമായിരുന്നു..

രവിമാഷും ചേതനും പോലെ ആയിരം പുരുഷ രൂപങ്ങൾ ഉണ്ടെന്ന സത്യം കഥാകാരിക്കു അറിയാമെന്നും കഥയിൽ സ്ഥാനമില്ലാത്തത് കൊണ്ടു ഉള്പെടുത്താതുമാണെന്നു  രവി മാഷേ പോലെ ആവാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന  നിലയിൽ ഞാൻ വിശ്വസിക്കുന്നു

യാസ്മിന ഖദ്ര യുടെ രചനകൾ

 






യാസ്മിന ഖദ്ര-
ഫ്രഞ്ച് ഭാഷയിൽ എഴുതുന്ന അൾജീരിയൻ എഴുത്തകാരൻ - വായനകൾക്കിടയിൽ എപ്പോഴോ പരിചയപെട്ട ഒരു പേര് - . പിന്നീട് മലയാളത്തിലേക്ക് തർജമ ചെയ്യപെട്ട അദ്ദേഹത്തിന്റെ കൃതികൾ അന്വേഷിച്ചപ്പോൾ ഗ്രീൻ ബുക്ക്സ് പ്രസീദ്ധീകരിച്ച മൂന്ന് തർജമകൾ കിട്ടി.
ശരിക്കും യാസ്മിന എന്നത് തൂലിക നാമമാണ് , യഥാർത്ഥ പേര് മുഹമ്മദ് മൗലെ സുഹൂർ എന്നാണ്. അൾജീരിയൻ സേനയിൽ അംഗമായിരുന്നപ്പോൾ 'സ്വന്തം പേരിൽ എഴുതാനുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം ഭാര്യയുടെ പേരിലാണ് എഴുതിയത്.ഭാര്യയുടെ പേരാണ് യാസ്മിന ഖദ്ര..
' ഫിക്ഷൻ ഫ്രെയിമിൽ നിന്ന് കൊണ്ട് ചരിത്രത്തിലെ ഇരകളെയും വേട്ടക്കാരെയും , മുൻവിധികളുടെ കൂട്ടി കെട്ടലുകൾക്ക് തെല്ലും അവസരം നൽകാതെ , അനുവാചകരുടെ മനസ്സിലേക്ക് കുടിയിരുത്തുന്ന അഭൂതമായ ഉള്ളടക്കമാണ് വായിക്കാൻ അവസരം ലഭിച്ച ആ പുസ്തകങ്ങളിൽ എല്ലാം കാണാൻ കഴിഞ്ഞത്.
ഒരോ വായനയിലും ലഭിക്കുന്ന അന്നുഭൂതി ,കേട്ടറിഞ്ഞ മെഡിറ്റേറിയൻ കറ്റിന്റെ കുളിർമ പോലെ തന്നെയാണെന്ന് എനിക്ക് തോന്നി. അതിലേറെ എനിക്ക് കൗതുകം തോന്നിയത് കഥകളിലെ ഭൂമി ശാസ്ത്രമാണ് - ലിബിയയും ഫലസ്തീനു അഫ്ഘാനിസ്ഥാനും എല്ലാം പശ്ചാത്തലമാക്കുന്ന രചനകൾ
ആദ്യമായി വായിച്ചത് 'ദി ലാസ്റ്റ് നൈറ്റ് ഓഫ് എ ഡിക്റ്റേക്റ്റർ - (ഏകാധിപതിയുടെ അവസാന രാത്രി ) ' എന്ന പുസ്തകമാണ് .ലിബിയൻ ഏകാധിപതി മുഅ: മ്മർ ഖദ്ദാഫിയുടെ മരണത്തിന് തൊട്ട മുമ്പുള്ള രാത്രിയെ യാഥാർത്യങ്ങളുടെ നിറങ്ങൾ കൊണ്ട് തന്നെ കാൽപനികമായി വരച്ച് വെച്ചിരിക്കുന്നു ... ലിബിയ , അൾജീരിയയുടെ അയൽ രാജ്യമായത് കൊണ്ടും ഖദ്രയെ ആദ്യമായി വായിക്കുന്നത് കൊണ്ടും ഈ പുസ്തകത്തിന്റെ പശ്ചാത്തലഭൂമിക അത്ര ശ്രദ്ധിക്കപെട്ടില്ല. ഉള്ളടക്കത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്.
രണ്ടാമത് വായിച്ചത് ' ദി അറ്റാക്ക് ' എന്ന നോവലാണ്. പശ്ചിമേഷ്യൻ മുറിവ് ഫലസ്തീനും ഇസ്രായേലും ... ഒരു സുയിസൈഡ് ബോംബിങിന് ശേഷം ഒരു നാടിന്റെ നെടുവീർപ്പ് ഒരു വാർത്താ ചിത്രം പോലെ വരികളിലൂടെ അനുഭവിക്കാൻ കഴിയും തുടക്കം മുതൽ ... അൾജീരിയയെ പോലെ. ഒരു മെഡിറ്റേറിയൻ തീരഭുമി എന്നതിനാൽ ഈ നോവലിന്റെ പശ്ചാത്തല ഭൂമികയും വായനക്കിടെ എന്റെ മനസ്സിൽ കാര്യമായി വന്നില്ല
മൂന്നാമതായി വായിച്ചതാണ് "The Swallowട of Kabul - കാബൂളിലെ നാരായണ പക്ഷികൾ "
ഇത് വായിച്ചപ്പോഴാണ് ഖദ്രയുടെ രചനകളിലെ പശ്ചാത്തല ഭൂമിക ഒരു കൗതുകമായി തോന്നിയത്. അൾജീരിയയിൽ നിന്നും മൈലുകൾക്കപ്പുറം ഉള്ള അഫ്ഘാനിസ്ഥാനും കാബൂളും കഥയിൽ നിറഞ്ഞ് നിൽക്കുന്നു. ഖദ്ര അഫ്ഘാനിസ്ഥാനിൽ സേവനമനുഷ്ടിച്ചിട്ടുണ്ടോ എന്ന് ഗൂഗ്ൾ ചെയ്ത് നോക്കി .കൃത്യമായ ഉത്തരം കിട്ടിയില്ല. നേരിട്ട് കണ്ട കാഴ്ചകൾ പോലെയാണ് ഇതിലെ വിവരണങ്ങൾ. വായനക്കാരനും ആ കുന്നുകളും ശ്മശാനഭുമി യും കാണുന്ന പോലെ.... ഇതിന് മുമ്പ് ഖാലിദ് ഹൊസൈനി യുടെ രചനകളിലാണ് അഫ്ഘാനിസ്ഥാൻ ഭംഗിയായി ചിത്രീകരിച്ച് കണ്ടത്.ഖാലിദ് ഹൊസൈനി ജന്മം കൊണ്ട് അഫ്ഘാനി ആയിരുന്നു... പിന്നീട് യശ്പാലിന്റെ 'രാജ്യദ്രോഹി ' എന്ന നോവലിൽ ചെറിയ രൂപത്തിൽ അഫ്ഘാൻ ഗ്രാമങ്ങളെ പറ്റി പറയുന്നുണ്ട്. അതേ പോലെ റോബർട്ട് ഹയ്യ് എന്ന അമേരിക്കകാരന്റെ 'Spy of heart ' എന്ന ആത്മകഥയിൽ അഫ്ഘാനിസ്ഥാന്റെ ദുർഘ്ടവും നിഗൂഢവുമായ ഭൂപ്രകൃതിയെ പറ്റി വിശദമായി പറയുന്നുണ്ട്... UN റെഡ് ക്രോസ് വളണ്ടിയർ ആയി അഫ്ഗാനിൽ സേവനം അനുഷ്ഠിച്ച ആളാണ് റോബർട് ഹയ്യ്. ഇത്രയും പറഞ്ഞത് യാസ്മിന ഖദ്ര തന്റെ രചനകളിൽ കോറിയിട്ട വിവിധ ഭൂമികളുടെ 'ഭൂമി ശാസത്ര പരമായ വിവരണങ്ങളുടെ ഭംഗിയാണ്.
ഇനി മൂന്നാമത് പറഞ്ഞ പുസ്തകത്തിലേക്ക് വരാം. താലിബാൻ ഭരണത്തിന്റെ കഠിനമായ വേലി കെട്ടുകൾ മുറിവേൽപിച്ച അഫ്ഘാനികളുടെ കഥയാണ് കാബൂളിലെ നാരായണ പക്ഷികൾ... കഥയിൽ വളരെ കുറച്ച് കഥാപാത്രങ്ങളെ ഒള്ളു... ആ പരിമിത കഥാ പാത്രങ്ങളിലൂടെ കൃത്യമായി നരകതുല്യമായ താലിബാനികളുടെ അഫ്ഘാനിസ്ഥാൻ ശരിക്കും തുറന്ന് കാട്ടുന്നുണ്ട്... അതീഖ് ഷൗക്കത്ത് എന്ന ജയിലർ ,അദ്ധേഹത്തിന്റെ ഭാര്യ മുസറാത്ത് ,മൊഹ്സിൻ റാമത്ത് എന്ന അഫ്ഘാൻ യുവാവും ഭാര്യ സുനൈറയും.' പിന്നെ കാസിം ജബാർ എന്ന ജയിൽ ഉദ്യോഗസ്ഥനും, 'മിർസാ ഷാ എന്ന ജയിലറു ടെ സ ഹപാഠിയും ആണ് ആകെയുള്ള കഥാ പാത്രങ്ങൾ.
ഒരു വിദ്വംസക ഭരണം മുൾ മഴ പോലെ ഒരു രാജ്യത്ത് പെയ്തിറങ്ങിയപ്പോൾ അതിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പോയ നിസഹായകരായ മനുഷ്യരുടെ കഥയാണ് ഖദ്ര പറഞ്ഞ് തീർത്തത്.
ഖദ്ര പറഞ്ഞിതിനേക്കാൾ ഭീകരമായിരുന്നു യാഥാർത്ഥ്യത്തിന്റെ മുഖമെന്നാണ് വായിച്ചറിവ്.
' അടിച്ചേൽ പിക്കുന്ന വിശ്വാസങ്ങളും ആൾകൂട്ട കൊലപാതകങ്ങളും വാർത്തകളായി നമ്മുക്ക് മുന്നിൽ വന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇന്ത്യൻ പ്രതലത്തിൽ നിന്നു ഈ പുസ്തകത്തിന്റെ വായനക്ക് കൂടുതൽ ആഴം ഉണ്ടെന്നാന്ന് എന്റെ തോന്നൽ.. കാരണം, ഇവിടുത്തെ ഇപ്പോഴുള്ള ആൾകൂട്ട കൊലവിളികൾക്ക് സമാനമാണ് കഥയിൽ പറയുന്ന ഭരണ കൂടശിക്ഷാവിധികൾ..
ഈ പുസ്തകങ്ങൾ മൂന്നും മലയാളത്തിലേക്ക് മൊഴിമാറ്റിയത് ഗ്രീൻ ബുക്ക്സ് ആണ് .. ഗ്രീൻ ബുക്ക്സിനും ഭംഗി ക്ക് കോട്ടം വരാതെ മൊഴിമാറ്റം നടത്തിയ പരിഭാഷകർക്കും നന്ദി.....
പിൻകുറിപ്പ്: ഖദ്രയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ 'അദ്ദേഹത്തിന്റെ നീരിക്ഷണങ്ങൾ കാലിക പ്രസക്തമാണ്.പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില് മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില് വാര്പ്പു മാതൃകകള് മാറ്റി വെക്കേണ്ടതുണ്ടെന്നും താന് കരുതുന്നതായി ഖദ്ര നിരീക്ഷിക്കുന്നു.
ഖദ്ര യുടെ മറ്റ് പുസ്തകങ്ങൾ
Wolf dream ,
What the day owes the night,
The siren of Bagdad
Double Blank,
The African Equation
In the name of God

പുസ്തക വിചാരം :ഇരട്ട മുഖമുള്ള നഗരം

 പുസ്തകം:ഇരട്ട മുഖമുള്ള നഗരം 

എഴുതിയത് : ബിന്യാമിൻ 


ബിന്യാമിന്റെ ഇരട്ടമുഖമുള്ള നഗരം എന്ന പുസ്തകം കഴിയുമെങ്കിൽ ഒന്നു വായിക്കാൻ ശ്രമിക്കുക.. കറാച്ചി സാഹിത്യോത്സവത്തിന് പങ്കെടുക്കാൻ വേണ്ടി പാകിസ്താനിൽ പോയതിന്റെ യാത്രാ വിവരണമാണ് ആ പുസ്തകത്തിൽ.. വളരെ രസകരമായി ആ യാത്ര നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു ബെന്യാമിൻ സർ...ആമുഖത്തിൽ തന്നെ അദ്ദേഹം ഒരു വരി കുറിച്ചു വെച്ചിട്ടുണ്ട്.. "കാഴ്ചകൾ കൊണ്ടു സാമ്പന്നമല്ല (ഈ യാത്ര).അതിലുപരി ഇതു നമ്മുടെ മതിലിനപ്പുറത്ത് മറഞ്ഞിരിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള എത്തിനോട്ടമാണ് ". ഓരോ അനുഭവങ്ങളും തന്റെ മുൻവിധികളെ എത്രമാത്രം തിരുത്തലുകൾക്ക് വിധേയമാക്കുന്നുണ്ടെന്നു കൃത്യമായി സമർത്ഥി ക്കുന്നുണ്ട് അദ്ദേഹം .ഒപ്പം വായക്കാരന്റെ മുൻവിധി കളെയും മാറ്റുന്നുണ്ട് ചില അനുഭവസാക്ഷ്യങ്ങൾ.(.മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഗാബോയുടെ വേരുകൾ തേടിയുള്ള ലാറ്റിനമേരിക്കൻ യാത്രയെപറ്റി ബിന്യാമിന് ഏഴുതിയത് വായിച്ചപ്പോൾ തോന്നിയതാണ് യാത്രാവിവരണം ഒരു നോവൽ പോലെ ആ തൂലികക്കു എഴുതാൻ കഴിയുമെന്ന്)..ഈ പുസ്‌തകത്തിൽ ഒരു യാത്ര വിവരണം എന്ന ചട്ടക്കൂടിൽ നിന്നു കൊണ്ടു ഒരു രാഷ്ട്രീയം കൂടി നമ്മുടെ മുന്നിൽ അനാവൃതമാക്കുന്നുണ്ട്..ഒരു സാധാരണ പാകിസ്ഥാനിയുടെ ഇന്ത്യയെ കുറിചും എന്തിനേറെ നമ്മുടെ കൊച്ചു കേരളത്തെ കുറിച്ചുമുള്ള അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട് . നമ്മുടെ വൈക്കം മുഹമ്മദ് ബഷീറും ഒ വി വിജയനും സേതുവും എല്ലാം അവർക്ക് സുപരിചിതരാണെന്നറിയുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെ ഒക്കെ തർജമകളിലോടെ അവർ വായിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ലേഖകന് തോന്നുന്ന അതേ ഹര്ഷം വായനക്കാരനിലും പെയ്തിറങ്ങുന്നുണ്ട്.. പിന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില കൈവഴികളെ കുറിച്ചു അവർ അവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.. തെക്കോട്ടും വടക്കോട്ടും കൃത്യമായ ദിശയിൽ, എതിര്ദിശയിലേക്കു തെല്ലും തിരിയാതെ ഒഴുകുന്ന രണ്ടു നദികൾ ഒരിടത്ത് ഒന്നിച്ചൊഴുകുന്നു എന്ന ഹാസ്യാൽമക സത്യം ഒരു വിരോധാഭാസം പോലെ അവർ കേട്ടിരിക്കുന്നുണ്ട്... ആ രണ്ടു നദികൾ, ഒഴുകുന്ന ദിശകൾ അതിനു മാത്രം സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ ഉയിർ കൊണ്ട പ്രളയത്തിൽ ആണ് അവർക്ക് അവരുടെ നാടും വീടും കുടുംബവും പ്രിയപെട്ടവരുടെ ജീവനും നഷ്ടപെട്ടതെന്ന ഓര്മപ്പെടുത്തലുണ്ട് അവരുടെ വാക്കുകളിൽ..(രാഷ്ട്രീയം ഭരണം മരണം എന്ന അധ്യായത്തിൽ ബിബിസി ലണ്ടനിൽ വർക് ചെയ്യുന്ന പാകിസ്താനി എഴുത്തുകാരൻ അൻവർ സെൻ റോയിയുമായി ഉള്ള സംഭാഷണത്തിലാണ് ഈ ചർച്ചകൾ വരുന്നത്)

മത മൗലിക സംഘടനകൾ എങ്ങിനെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ അഖണ്ഡതക്കു മുറിവേല്പിക്കും എന്നു അവർ ഉദാഹരണങ്ങൾ സഹിതം വെളിപ്പെടുതുണ്ട് ..

ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയ ചിന്തകൾ മതംമൗലികവാദം ഹൈജാക്ക് ചെയ്തതിന്റെ പരിണിതിയാണ് ഇന്ന് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മുഖം വികൃതമാക്കിയതെന്നു അവർ വ്യക്തമായി മനസ്സിലാക്കി പറയുന്നുണ്ട്.. ഒപ്പം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി അവരുടെ കാഴ്ചപ്പാട് -ഇപ്പോഴത്തെ പോലെ ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ടു പോയാൽ വൈകാതെ ഇന്ത്യയും മറ്റൊരു പാകിസ്ഥാൻ ആകും- എന്നതാണ് . ഇതേ ചിന്ത ഇവിടെ പലരും പങ്കു വെക്കുന്നുണ്ടെന്നു എനിക്ക് തോന്നി..

അവസാനം മനസ്സിനെ നോവിക്കുന്ന ചില കഥാപാത്രങ്ങൾ വരുന്നുണ്ട്.. വിഭജനത്തിന്റെ മുറിവുകളിൽ കൂടുങ്ങിപോയി പാകിസ്ഥാൻ മണ്ണിൽ തുന്നിക്കൂട്ടപെട്ട മലയാളിജീവിതങ്ങളെ കുറിച്ചാണ് അത്‌.. കറാച്ചിയിൽ മലബാർ ചായക്കട നടത്തുന്ന മലബറികളായ അബ്ദുൽ റഹൂഫും യൂസുഫും .. അതിൽ യൂസഫിന്റെ ഭാര്യയും കുട്ടികളും കേരളത്തിൽ പാനൂരിനടുത്തതാണെത്രെ..നിയമങ്ങളുടെ ഊരാകുടുക്കുകളും മറ്റുമായ എല്ലാ പ്രയാസങ്ങളും കഷ്ടപ്പെട്ടു തരണം ചെയ്തു കേരളത്തിൽ വന്നു കുടുംബത്തെ കാണാറുണ്ട് യൂസഫ്..ഒരർത്ഥത്തിൽ ഏറ്റവും ദയനീയമായ പ്രവാസം...


വായിച്ചു കഴിഞ്ഞപ്പോൾ ഓർമ വന്നത് എവിടെയോ വായിച്ച ഒരു വാചകം ഓർമ വരുന്നു

"നമ്മള്‍ ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു"

മതിൽ കെട്ടുകളില്ലാത്ത ലോകം പുലരുമെന്നു പ്രതീക്ഷിക്കാം....

പിൻകുറിപ്പ്: ബുക്കിന്റെ അവസാനം അഹ്മദ് ഫറസിന്റെ വരികൾ ചേർത്തിട്ടുണ്ട്..കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാൻ പൗരനായ സുഹൃത് ആഗ സഫര് ബിന്യാമിന് പുസ്തകത്തിൽ ചേർക്കാൻ വേണ്ടി അയച്ചു കൊടുത്തതായിരുന്നു ആവ..

"രഞ്ജിശ് ഹീ സഹീ ദില്‍ ഹീ ദുഖാനേ കെലിയേ ആ

ആ ഫിര്‍ സെ മുഝേ ഛോഡ് കെ ജാനേ കെ ലിയേ ആ


(എന്റെ ഹൃദയത്തെ മുറിവേല്‍പിക്കാന്‍ വേണ്ടിയെങ്കിലും, അതെത്ര വലിയ മുറിവാണെങ്കിലും , നീ വരിക....

ഇനിയുമൊരു വിരഹമെനിക്ക് സമ്മാനിക്കാന്‍ വേണ്ടിയെങ്കിലും ഒരിക്കല്‍ക്കൂടി നീ വരിക)

മെഹ്ദി ഹസ്സൻ ശബ്‌ദം നൽകി അനശ്വരമാക്കിയ വരികൾ...പിന്നീട് ഹരിഹരനും പാടിയിട്ടുണ്ട്

പുസ്തക വിചാരം :പഞ്ചകല്യാണി


പുസ്തക വിചാരം :പഞ്ചകല്യാണി 

എഴുതിയത് : ബാബു ഭരദ്വാജ്


 
പഞ്ചകല്യാണി.. 
കുട്ടിക്കാലത്തു ബാലരമ അമർ ചിത്രകഥയിൽ ആണ് ആദ്യമായി ആ പേര് വായിച്ചത്..റാണാ പ്രതാപ് സിംഗിന്റെ കുതിര..

               ഇപ്പോൾ പറയാനുദ്ദേശിക്കുന്നത് പഞ്ചകല്യാണി എന്ന ചെറിയ നോവലിനെ കുറിച്ചാണ് .പ്രവാസത്തിന്റെ കഥാകാരൻ  ബാബു ഭരദ്വാജ് എഴുതിയ നോവൽ... ബിരുദപഠന കാലത്തു കൈരളി ചാനലിൽ അശ്വമേധം പരിപാടിയിലെ ജഡ്ജിങ് പാനൽ മെമ്പർ ആയി ആണ് ബാബു ഭരവദ്വാജിനെ ആദ്യം അറിയുന്നത്. പിന്നീട് മാധ്യമം അഴ്ചപതിപ്പിലൂടെ  കൂടുതൽ സുപരിചിതനായി.. മരിക്കുന്നത് വരെ ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയിരുന്നത് അവസരം കിട്ടുമ്പോൾ വായിക്കാറുണ്ടായിരുന്നു.. 
ഒലീവ് പബ്ലിക്കേഷൻ  പ്രസിദ്ധീകരിച്ച ഈ നോവൽ കോഴിക്കോട് പട്ടണത്തിന്റെ പശ്ചാത്തലത്തിൽ ഹാംലെറ്റ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.. പ്രണയം തകർന്നു പോയതിനാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരു ചെറുപ്പക്കാരൻ ആണ് ഹാംലെറ്റ് .. ആത്മഹത്യ ചെയ്യാൻ കോഴിക്കോട് ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ഹാംലെറ്റ് അവസാനം ആയി പട്ടണം കാണാൻ ഇറങ്ങുമ്പോൾ ഒരു ലോട്ടറി കച്ചവടക്കാരനെ കാണുന്നു.. കച്ചവടക്കാരന്റെ പ്രലോഭനത്തിൽ വീണു ഒരു ടിക്കറ്റ് എടുക്കുന്നു.. ആ പ്രലോഭനം നാറു്ക്കെടുക്കുന്ന ദിവസം വരെ ആത്മഹത്യ നീട്ടി വെക്കുന്നു.. ലോട്ടറി അടിച്ചാൽ ആ പണം തന്നെ വിട്ട് പോയ കാമുകിക്കു കൈമാറി തന്റെ പ്രണയം പവിത്രമായിരുന്നെന്നു ബോധ്യപ്പെടുത്തി  ആത്മഹത്യ ചെയ്യാം എന്ന ചിന്തയാണ് ആ തീരുമാനത്തിന് കാരണം..നറുക്കെടുപ്പ് വരെയുള്ള ദിവസങ്ങളിലെ രാത്രികളിൽ ഹാംലെറ്റ് അലഞ്ഞു തിരിയുന്ന വഴികളിൽ വെച്ച് കണ്ടുമുട്ടുന്ന സ്ത്രീകളിലൂടെ ആണ് പിന്നീട് കഥ പുരോഗമിക്കുന്നത്.. കാമുകി എന്ന ഏക അസ്തിത്വം മാത്രമായിരുന്നു ഹാംലെറ്റിന്റെ അത് വരെയുള്ള സ്ത്രീ സങ്കൽപം .. എന്നാൽ പിനീട് പരിചയപ്പെടുന്ന സ്ത്രീകളിലൂടെ ഹാംലെറ്റ് പല ജീവിത സത്യങ്ങളും തിരിച്ചറിയുകയാണ്.. 
കോഴിക്കോട് നഗരത്തിന്റെ രാത്രിജീവിതം ഒരു പരസ്യപലക പോലെ കഥയിലുടനീളം വായനക്കാരന് കാണാൻ പറ്റും.. ഏതൊരു നഗരവും അതിന്റെ പളപളപ്പിന്റെ മറുഭാഗത്തു ഒരു അനാരോഗ്യമായ അനിശ്ചിതത്തിന്റെ ചേരി സൃഷ്ടിക്കുന്നുണ്ട് എന്ന ഓര്മപ്പെടുത്തലും ഒപ്പമുണ്ട്....
പിൻകുറിപ്: കഥാകാരന്റെ പേരിനോളം പെരുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു നോവൽ ആണെന്നാണ് എന്റെ അഭിപ്രായം. ഒരു നോവേലെഴുതുക എന്ന പ്രലോഭനത്തിൽ പരിണിതി പോലെ തോന്നുന്നു..



കവിത :മീസാൻ കല്ലുകൾ








മീസാൻ കല്ലുകൾ
*****************
സാമൂഹികാകലത്തിന്റെ പാഠങ്ങൾ 
പണ്ടേ പഠിപ്പിച്ചവർരണ്ടും,
ആറടിയകലത്തിൽ രണ്ടുപേരും ഇരിക്കുന്നുണ്ടെൻ
ഓര്മവെച്ച നാൾ മുതൽ തന്നെ ..
നിശ്ചേഷ്ടമാണവ, 
നിർവികാരമാമെങ്കിലും
തലയുയർത്തി തന്നെ 
നിൽക്കുമവരെപ്പോഴും.

നിഷ്ചേതനമെങ്കിലുമവരെ
സൂക്ഷിച്ചു നോക്കിയാൽ കാണാം
ചിലരിലൊരുരൗദ്രം..ചിലരിൽ വാത്സല്യം
ചിലരിൽ ദൈന്യത .. ചിലരിലോ സന്തോഷം..
അഹം ബോധാഹങ്കാരത്തിന്റെ 
മാറാലപേറി ഭൂമിക്ക് ഭാരമായി 
മാറിയ എത്രപേരെയവർ 
കാലിനടിയിൽ ചവിട്ടിതേച്ചിരിക്കുന്നു..

കള്ള പണവും ഹുണ്ടിപണവും കൊണ്ട്
അധികാരത്തിൻ അഹങ്കാരകൊട്ടാരങ്ങൾ 
പണിത സാഹിബുമാരുടെ മണ്ണറയ്ക്കു മുകളിൽ
പാറാവു കാരനെ പോൽ നിൽക്കുന്നു .
ദുനിയാവിന് പിന്നാലെയോടിയവസാനം 
തന്റെ കാൽച്ചുവട്ടിൽ നിരാലംബനായി 
തീർന്നൊരാ ജന്മത്തോടുള്ള പുച്ഛവും പേറി
നിവർന്നു നിൽക്കുകയാണവർ...
മുഖത്താകെ രൗദ്രത....

നെറികേടുകളുടെ നേരിപോടുകളിൽ
പാലയനങ്ങളുടെ മഹാപ്രളയങ്ങളിൽ
വംശഹത്യകളുടെ വന്യമാം വിഷമഴകളിൽ
കലാപങ്ങൾ വിതച്ച കൊടുങ്കാറ്റുകളിൽ
ജീവനറ്റുപോയ അയ്‌ലാൻ കുർദിമാർതൻ
നിഷ്കളങ്കതകൾക്കു മുകളിൽ അവർ
നിൽക്കുന്നു നിശബ്ദമായി, 
താരാട്ടു പാടി തൊട്ടിലാട്ടും മാതൃത്വത്തിൻ മൂർത്തി പോൽ സ്നേഹത്തോടെ
നിവർന്നു നിൽക്കുകയാണവർ...
മുഖത്താകെ വാത്സല്യം..

പേരു വന്ന ഭാഷയുടെ പേരിൽ,
വിശ്വാസങ്ങൾ ചമച്ച ചിഹ്നങ്ങളുടെ പേരിൽ
ഭക്ഷിച്ചു പോന്നൊരാഹാരത്തിന്റെ പേരിൽ 
ശീലിച്ചു പോന്ന ചേലതൻ ചേലിന്റെ പേരിൽ ,
വെറുപ്പ് തിന്നു കൊഴുത്ത സഹജരാം ചില
ആൾകൂട്ടങ്ങളുടെ തല്ലു കൊണ്ടു മൃതിപൂണ്ടവർ, 
വൈകൃതമാനസങ്ങൾ പടച്ചെടുത്ത
ബോംബിങ്ങിൽ ജീവനറ്റവർ,
കർമഭാണ്ഡം വഴിയിലുപേക്ഷിച്ചു 
രോഗങ്ങളാൽ ജീവനെടുക്കപ്പെട്ടവർ.
ഈ ഹതഭാഗ്യർക്ക് മുകളിൽ 
വ്യഥ പേറും മഞ്ഞു മലപോൽ
നിവർന്നു നിൽക്കുകയാണവർ.
മുഖത്തതാകെ ദൈന്യത.. 

നന്മയുടെ നിലനിൽപിനായ്
നേരിന്റെ തുടർച്ചക്കായ്‌.
നാടിന്റെ മോചനത്തിനായ്
തൂക്കുമരത്തിലേക്ക് നടന്നകയറിയവർ,
വിരിമാറ് കൊണ്ടു അനീതിയുടെ വെടിയുണ്ടകളെ തടുത്തവർ..
സഹജീവികളുടെ നന്മക്കായി
ജീവിതം ബലികൊടുത്തവർ .
രക്തസാക്ഷികൾളുറങ്ങും ഖബറുകൾക്ക് മുകളിൽ ആഹ്ലാദപൂർവം തലയുയർത്തി
അഭിമാനത്തിന്റെ സൗധം പോൽ
നിവർന്നു നിൽക്കുകയാണവർ..
മുഖത്താകെ സന്തോഷം..

ഭാവങ്ങൾ അനവധിയെങ്കിലും 
വെയിലിലും മഴയിലും ഒരുപോലെ  ആറടിയകലത്തിൽ നിന്നവർ 
പ്രണയിക്കുന്നത് കണ്ടുവോ നീ..
തണലായി കൂടെനിൽക്കും മൈലാഞ്ചി
ചെടികൾ കാറ്റിൽ അവരുടെ മുത്തങ്ങൾ 
കൈമാറും പ്രണയഗാഥകൾ കണ്ടു 
സ്വസ്ഥമായുറങ്ങട്ടെ പൂർവികർ..
ഓർക്കുക !!!
നാളെ നമ്മുക്ക് കാവലിരിക്കാൻ 
എവിടെയോ ഒരുങ്ങുന്നുണ്ട് 
ശാന്തമായി രണ്ടു മീസാൻ കല്ലുകൾ..
അവയുടെ വികാരങ്ങൾ നിര്ണയിക്കുന്നതിന്നത്തെ 
നമ്മുടെ ചെയ്തികൾ..
നിവർനിൽക്കാനാവട്ടെയവയ്ക്ക്
ആഹ്ലാദചിത്തരായി....
കാണുന്നവർ പറയട്ടെ
മുഖത്തതാകെ സന്തോഷം...


ഐജിബി
02/05/2020

കവിത :സഖാവിന്...


സഖാവിന്.....

                        

നീ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും 

കവിത: പരേതന്റെ മനസ്സ്


പരേതന്റെ മനസ്സ്


 

മരണത്തിന് ഒറ്റ വാക്കേ ഒള്ളു

"വരൂ, പോകാം"

പണ്ടെപ്പോഴോ ചൊല്ലിത്തഴമ്പിച്ച 

അയ്യപ്പൻ കവിത.

ആ ശബ്ദം ഇപ്പോൾ എന്നെയും തേടി വന്നിരിക്കുന്നു.

മറുത്തൊന്നും പറയും മുമ്പേ തന്നെ ആ

അശരീരി എന്നെ ബന്ധനസ്ഥാനാക്കിക്കളഞ്ഞു.

ഇന്നലെ രാത്രിയെന്നു നിങ്ങളൊക്കെ 

പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.

ഇന്നലെയല്ല! ഇന്നലെയല്ല!!

ഇന്ന് പുലർച്ചെയാണെന്നു 

തിരുത്താൻ എത്ര ശ്രമിച്ചിട്ടും

എന്റെ നാവുകൾ അനങ്ങുന്നില്ലല്ലോ..

നിങ്ങളെ തിരുത്തുന്നതിനെക്കാളുമപ്പുറം

ഇന്നലെ മുഴുവനായും എന്റേതു

കൂടിയായിരുന്നെന്നു  എന്നെ തന്നെ

ബോധ്യപ്പെടുത്താൻ ശ്രമിക്കയാണ് ഞാൻ..

അപ്പോഴും  ഉള്ളിലെവിടെയോ

അത്ഭുതപ്പെടുന്നുണ്ടെൻ ബോധം..

അപ്പോഴും  ഉള്ളിലെവിടെയോ 

അത്ഭുതപ്പെടുന്നുണ്ടെൻ ബോധം..

" ചേതനയറ്റിട്ടും എന്റേതെന്ന 

അഹങ്കാരത്തിന് ഇനിയും 

അറുതി വന്നില്ലെന്നോ.."

ഇന്ന് പുലർച്ചെ വരെ ഞാനൊരു 

ജീവനുള്ള മനുഷ്യൻ ആയിരുന്നല്ലോ..

ഓർമ വെച്ച നാൾ മുതൽ 

എന്റേതെന്റെതെന്ന ഒരൊറ്റ ചിന്തയിൽ 

ജീവിച്ച എന്റെയീ ചിത്തത്തിൽ 

നിന്നും അത്ര പെട്ടെന്നൊന്നും  

പോവില്ലാല്ലോ ആ സ്വന്തമെന്നു ബോധം ..!!

                              

                              ഹോ!! 

മൃത്യു തീർത്തൊരീ ബന്ധനമെത്ര കഠിനം!!.

ഒന്നനങ്ങാൻ പോലും കഴിയാത്തയത്ര

ശക്തിയിൽതന്നെ എന്നെയത് 

ബന്ധിച്ചിരിക്കുന്നു!!!

ദൂരെ .. ദൂരെ  മൗനത്തിൽ വാല്മീകമേറി 

മാറി നിൽക്കുകയാണ് അവൻ ..

ഇന്നലെ ഒത്തിരി സമയം മിണ്ടിപറഞ്ഞവൻ

അടുത്ത വാരാന്ത്യത്തിൽ കടൽതീരത്തു

പോയി അല്പനേരമിരുന്നു 

കാറ്റു കൊള്ളണമെന്നും 

തിരയടിച്ചു തിരയടിച്ചു 

മൃദുലലമായ മണൽ തിട്ടയിലൂടെ 

നഗനപാദരായി നടന്നു കുളിർ 

കൊള്ളണമെന്നും മോഹമായി 

പറഞ്ഞ എന്റെ പ്രിയ കൂട്ടുകാരൻ..

 

ഇന്ന്

കണ്ണിലൊരു സങ്കടത്തിൻ കടലൊളിപ്പിച്ചു

വാക്കുകളില്ലാതെ അങ്ങു ദൂരെ 

നിൽക്കയാണവൻ..

കേൾക്കാമെനിക്ക് , 

അവന്റെ മനസ്സിൽ 

അലയടിക്കുന്ന ഓർമകളുടെ 

തിരയടികൾ..

അവസാനമായി എന്റെ മേലേക്ക് 

നീ മൂന്നു പിടി മണ്ണ് വാരിയിടുമ്പോൾ  

നിശ്ചയം ഞാൻ 

നിന്റെ മുഖത്തേക്ക് നോക്കില്ല..

മണ്ണിൽ നിന്നും നിന്നെ പടച്ചു

മണ്ണിലേക്ക് തന്നെ നിന്നെ മടക്കി

നാളെ ഈ മണ്ണിൽ നിന്ന് തന്നെ നിന്നെ 

ഉയിര്തെഴുന്നേല്പിക്കുമെന്നു നീ 

ഉച്ചത്തിൽ ചൊല്ലരുതേ എന്നാണിപ്പോ  

ഞാൻ ആശിക്കുന്നത്..

മരിച്ചെന്ന് നിങ്ങൾ വിധിയെഴുതിയെങ്കിലും

എന്റെ വികാരങ്ങൾ ഇനിയും 

മരിക്കാതെ എന്നെ വേദനിപ്പിക്കായി  

ജീവിച്ചിരിപ്പുണ്ട് സുഹൃത്തേ..'

 

ഞാൻ...

ഞാൻ, എത്ര ധനികനായിരുന്നു..

കണ്ണിലൊരു കാരുണ്യത്തിൻ കടലൊളിപ്പിച്ചും

കരളിളിലൊരു കടപ്പാടിൻ കാടോളിപ്പിച്ചും

ഹൃത്തിലൊരു പ്രണയത്തിന് പറുദീസയൊളിപ്പിച്ചും

തലയിൽ തിരിച്ചറിവുകൾ തൻ തീരമൊളിപ്പിച്ചും,

ജീവിച്ചവൻ..

ആ സമ്പത്തൊന്നും തിരിച്ചറിയാതെ

അല്പം പോലുമുപയോഗിക്കാതെ

പുറത്തുള്ള കടലും കരയും കാടും 

തീരവും തേടി,   അതിനെ സ്വന്തമാക്കാൻ 

എത്ര കാതങ്ങൾ ,

എത്ര കാലങ്ങൾ ,

ഞാൻ വൃഥാ നടന്നു  ?!!

 

സുഹൃത്തേ...

ഇന്ന് ഞാൻ  ദരിദ്രനായി പോയി..

അർത്ഥശൂന്യമായൊരോട്ടം 

മാത്രമാണ് പാരിൽ നമ്മുടെയീ 

ജീവിതമെന്നൊന്നുറക്കെ 

നിന്നോടെങ്കിലുമൊന്നുപറയാനുള്ള

വാക്കുകൾ പോലും നഷ്ടപ്പെട്ട 

പരമ ദരിദ്രൻ...........

                                                                                    ഐ ജി ബി

Friday, September 18, 2020

പുസ്തകവിചാരം : മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ

 



പുസ്തകം: മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ

എഴുതിയത് : ഷംസുദ്ദിൻ മുബാറക് 

പ്രസാധകർ : ഡിസി ബുക്ക്സ് 

കുറെ നാളുകളായുള്ള തിരക്കുകൾ എല്ലാം ഒഴിഞ്ഞ് ഒന്ന് സ്വസ്ഥമായപ്പോൾ വായിക്കാനെടുത്തത്  ശംസുദ്ദീൻ മുബാറക് എഴുതിയ 'മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ ' എന്ന നോവലാണ് .

ഇസ്ലാം മത വിശ്വാസത്തിലെ മരണാനന്തര ജീവിതത്തെ കാൽപനിക ചട്ടകൂട്ടിലേക്ക് കൊണ്ടുവന്ന രചന മനസ്സിൽ വല്ലാത്ത തിരയിളക്കങ്ങൾ സൃഷ്ടിച്ചു.മരിച്ച ഒരു വ്യക്തിയുടെ ആത്മാവ് എഴുതുന്ന ഡയറി കുറിപ്പുകൾ പോലെയാണ് കഥയുടെ രചനാരീതി.

         പ്രവാസിയായ ബഷീർ പ്രവാസം അവസാനിപ്പിച്ച് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങുന്നതിനിടെയാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി വന്ന് ബഷീറിന്റെ ജീവിതനാടകത്തിന്റെ യവനിക താഴ്ത്തുന്നത്...

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ മരണാസന്ന സമയത്തെ 'സക്കറാത്തുൽ മൗത്ത് ' എന്നാണ് പറയുക. ഒരാളുടെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്താൻ അസ്റാഈൽ എന്ന മാലാഖയുടെ ആഗമനവും പിന്നീട് ശരീരത്തിൽ ആത്മാവ് വേർപെട്ട് ശരീരം മൃതമായി പോകുന്നത് വരെയുള്ള സമയമാണ് സക്കറാത്തുൽ മൗത്ത്. ഒരു മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പോൽ ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുമ്പോൾ ഉണ്ടാകുക.... ഒരു കടൽ മുഴുവൻ കുടിച്ചാലും തീരാത്ത അത്രയു ദാഹമാണ് പോൽ ആ സമയം ഉണ്ടാകുക....

     വിശ്വാസ പ്രകാരം കാലിന്റെ പെരുവിരൽ മുതലാണ് ആത്മാവ് ഊരിയെടുക്കാൻ തുടങ്ങുക. പിന്നിട് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും ആത്മാവ് വേർപെടുത്തി കണ്ണുകളിലൂടെ ആത്മാവിനെ പുറത്തേക്കെടുക്കും .ആത്മാവ് മുകളിലേക്ക് പോകുന്നത് , കാഴ്ച കൊണ്ട് പിന്തുടരാൻ ശ്രമിക്കുന്നത് മൂലമാണ് കണ്ണുകൾ മുകളിലേക് മറിഞ്ഞ് പോകുന്നത് എന്നാണ് വിശ്വാസം..അത്മാവ് ശരീരത്തിൽ നിന്ന് പുറത്ത് പോയാൽ പിന്നെ ശരീരം നിശ്ചേതനമാകും.പക്ഷെ ബോധവും കേൾവിയും നഷ്ടമാകില്ല പോൽ.. ചുറ്റും നടക്കുന്ന മുഴുവൻ കാര്യങ്ങളും മയ്യിത്തിന് കേൾക്കാമെത്രെ.. പ്രതികരിക്കാൻ ശ്രമിക്കുമെത്രെ .. പക്ഷെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരി്ല്ല. കൈകാലുകൾ ഇളക്കാൻ കഴിയില്ല. ശരിക്കും ബോധം ഭീതിയിൽ അകപ്പെടുന്ന സമയം. ഈ രംഗങ്ങൾ തല്ലാം വിശ്വാസം അവലംബമാക്കി കഥാകരൻ വിവരിച്ചിട്ടുണ്ട്. 

മരണശേഷം ഖബറടക്കുന്നത് വരെയുള്ള കർമങ്ങൾ നിശ്ചേതനമായ ശരീരം ഭീതിയോടെ അറിയുമെന്ന വിശ്വാസം വരികളിലൂടെ വായിച്ചെടുക്കാം.

ഖബറടക്കിയാൽ പിന്നീടുള്ള ലോകത്തെ ഇസ്ലാമിക വിശ്വാസ പ്രകാരം ' ബർസക്കിയായ ലോകം ' എന്നാണ് വിളിക്കുക. ജീവിതത്തിൽ നന്മ കൂടുതൽ ചെയ്തവർക്ക് ആ ലോകത്ത് സൗഖ്യവും തിന്മ കൂടുതൽ ചെയ്തവർക്ക് പ്രയാസവുമാണ് അവിടെ ഉണ്ടാക്കുക എന്ന വിശ്വാസം അവലംബിച്ചാണ് പിന്നിടുള്ള ഭാഗങ്ങൾ വിവരിക്കുന്നത്. ഖബറടക്കി മൂന്നാം ദിവസം ബഷീറിന്റെ ആത്മാവ് ഖബറിൽ നിന്നും ഇറങ്ങി തന്റെ സ്വഗൃഹം കാണാൻ പോകുന്നതിന്റെ ഒരു വിവരണമുണ്ട്. മക്കളെയും ഭാര്യയെയും മറ്റു കുടുംബക്കാരെയും കുറിച്ച്  ആവലാതി പൂണ്ട് അവരുടെ വിശേഷം നോക്കി കാണാൻ  വീട്ടിലെത്തിയ ആത്മാവ് അവിടെ സ്വത്ത് വീതം വെക്കുന്ന ചർച്ചകൾ കണ്ട് അസ്വസ്ഥമായി തിരിച്ച് പോരുകയാണ്..

പിന്നീട് ദിവസങ്ങൾക്ക് ശേഷം ഒരു അപകടത്തിൽ മരണപെട്ട ബഷീറിന്റെ മകന്റെ ആത്മാവ് ബഷീറിന്റെ ഖബറിൽ വരുന്നതും ബഷീർ താൻ ജീവിതത്തിൽ രഹസ്യമായി ചെയ്ത തെറ്റുകളെ കുറിച്ച് മകനോട് തുറന്ന്  പറയുന്ന ഒരു രംഗം ഒരൽപം മനോവിഷമത്തോടെ ആണ് നമുക്ക് വായിച്ച് തീർക്കാനാവുക.

           പിന്നീട്   200- ളം  വർഷങ്ങൾക്ക് ശേഷമുള്ള നാൾ മൊഴികളുമായാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ലോകവസാനത്തെ കുറിച്ച് പ്രവാചകൻ പഠിപ്പിച്ച പാഠങ്ങൾ ബഷിറിന്റെ ആത്മാവ് നേരിൽ കാണുന്നതിന്റെ ഭാവനാത്മക വിവരണമാണ് പിന്നീടുള്ള ഭാഗങ്ങളിൽ.. ഖിയാമത്ത്'നാളിന്റെ രൗദ്രത ശരിക്കും വിവരിക്കുന്നുണ്ട് തുടർന്നുള്ള നാൾ മൊഴികളിൽ ...

മൂന്നാം ഭാഗത്തെ ഡയറി കുറിപ്പകൾ ലോകം അവസാനിച്ചതിന് ശേഷമുള്ള കാലത്തുള്ള താണ്. പുതിയ കാലക്രമത്തിന്റെ നിയതികൾക്കനുസരിച്ചാണ് പിന്നീടുള്ള നാൾ മെഴികൾ..... ഉയിർത്തെഴന്നേൽപ്പും വിചാരണയും സിറാത്ത് പാലവും സ്വർഗവും നരകവും എല്ലാം ഇന ഭാഗത്തെ വിവരണങ്ങളിൽ വരുന്നുണ്ട്.

       വിശ്വാസങ്ങളും പ്രവാചക പാഠങ്ങളും  പ്രവചനങ്ങളും ഒരു ഭാവൽമക അച്ചിലേക്കു  ഒതുക്കി ഭംഗിയായി അണി യിച്ചൊരുക്കുന്നതിൽ ശ്രീ ശംസുദ്ധീൻ മുബാറക് വിജയിച്ചിരിക്കുന്നു എന്നാണ് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.  

വായനക്കാരൻ  ഒരു ഇസ്ലാം മത വിശ്വാസം ഉൾക്കൊണ്ട ആളാണെങ്കിൽ വിശ്വാസവും ഭാവനയും പരസ്പരം വേര്പിരിയാതെ കഥാന്ത്യം വരെ ആസ്വദിക്കാൻ ( ആകുലപ്പെടുക എന്നതാവും ആസ്വദിക്കുക എന്നതിനേക്കാൾ ഉചിതം) സാധിക്കും.. 

മറ്റുള്ളവർക്ക് ആയിരത്തൊന്നുരാവുകളിലെ ഒരു ഫാന്റസി കഥ പോലെ ആസ്വാദിക്കാം(നോവലിന്റെ തുടക്കത്തിൽ തന്നെ പദാവലികളെ കുറിച്ച് കൃത്യമായ വിവരണം വളരെ സഹായകമാണ്)

പിൻകുറിപ്പ്:

ഇസ്ലാം മത വിശ്വാസം ഉൾക്കൊണ്ട ഒരാളെന്ന നിലയിൽ എന്റെ വിശ്വാസത്തിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ഭാഗം ഉണ്ട്.. അത് 2232 ജൂൺ 4 ലെ നാൾ മൊഴി ആണ്..അതിൽ മഹ്ദിയുടെ മരണശേഷമാണ് ഈസ നബി (യേശു) വാനിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് എന്നാണ് പറയുന്നത്.. എന്നാൽ ഞാൻ മനസ്സിലാക്കിയത് പ്രകാരം ഈസ പ്രവാചകൻ ഭൂമിയിൽ വീണ്ടും അവതരിക്കുമ്പോൾ സ്വീകരിക്കാൻ മഹ്ദി ഉണ്ടാകുമെന്നാണ്.. ഒരു പക്ഷെ എന്റെ ധാരണ തെറ്റാവാം.. കൃത്യമായി അറിയുന്നവരിൽ നിന്നും വ്യക്തമായ തിരുത്ത് പ്രതീക്ഷിക്കുന്നു..

ഓര്‍മ്മ: കാതറീൻ കോൾമാൻ ജോൺസൺ



കാതറീൻ കോൾമാൻ ജോൺസൺ

ഡോക്ടർ പൽപ്പു - ചില ചിന്തകൾ



 ഡോക്ടർ പൽപ്പു - ചില ചിന്തകൾ 

 

1957ന് ശേഷം കേരളം ആര്ജിച്ചെടുത്ത ആരോഗ്യരംഗത്തെ മികവ് തിരുവിതാംകൂർ രാജാക്കന്മാർക്ക് തീരെഴുതി കൊടുത്ത വാർത്തകൾ വായിച്ചപ്പോൾ ചില ചിന്തകൾ മനസ്സിലേക്ക് വന്നു.എന്റെ ഓർമകളിൽ വന്ന കാര്യങ്ങൾ കൃത്യമായിരുന്നോ എന്ന സന്ദേഹം ഉണ്ടായത് കൊണ്ടാണ് ഇതു പങ്കു വെക്കാൻ വൈകിയത്..

   ബഹുമാനപ്പെട്ട മുൻ കേന്ദ്ര പ്രതിരോധമന്ത്രി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ആദ്യത്തെ വനിത അധ്യക്ഷ ശ്രീമതി സരോജിനി നായിഡു 'നിശബ്ദനായ വിപ്ലവകാരി' എന്നു വിശേഷിപ്പിച്ച ഒരു മലയാളി ഉണ്ടായിരുന്നു...പേര് പത്മനാഭൻ പൽപ്പു.. തൊഴിൽ ഭിഷഗ്വരൻ...നാട്ടു വൈദ്യമോ കാട്ടു വൈദ്യമോ പാരമ്പര്യ ചികിത്സകളോ ഒന്നുമല്ല.. അസ്സൽ അലോപ്പതി.. മെഡിക്കൽ ബിരുദം നേടിയത് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന്.. പിന്നീട് ലണ്ടനിൽ നിന്നും ഉപരിപഠനം.. ബാക്ടീരിയോളജിയിൽ വിദഗ്ധൻ .. വസൂരിക്കു എതിരെ പ്രയോഗിക്കാവുന്ന ഗോവസൂരി വാക്സിനേഷൻ  വിജയകരമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പ്രതിഭ..പക്ഷെ  ജനിച്ചത് ഈഴവ ജാതിയിൽ ആയിപ്പോയി.അന്നത്തെ സ്ഥിതി വെച്ചു അവർ ചെയ്യേണ്ടിയിരുന്നത് കള്ളു ചെത്തൽ ആയിരുന്നു...ഇന്നുള്ള ചില തംബ്രാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ഏതോ ചെത്തുകാരൻ കോരന്റെ മകനായി ജനിച്ച കീഴാളൻ...
       പറഞ്ഞു വരുന്ന ചരിത്രം നടക്കുന്നത് 1875 ന് ശേഷമുള്ള കാലത്താണ്..ഭരിക്കുന്നത് മുൻ പ്രതിരോധമന്ത്രി പറഞ്ഞ തിരുവിതാംകൂർ രാജവംശം.. (സംഭവ കാലം ഭരിക്കുന്നത് ആയില്യം തിരുന്നാളോ വിശാഖം തിരുന്നാളോ ശ്രീമൂലം തിരുന്നാളോ എന്നു കൃത്യമായിട്ടു എനിക്കറിയില്ല..).മെട്രിക്കുലേഷൻ പാസ്സായ പൽപൂവിനു കോളേജിൽ പഠിക്കാൻ സാമ്പത്തികം പ്രശ്നമായി.. അതിനാൽ മേട്രികുലാഷൻ യോഗ്യത വെച്ചു അദ്ദേഹം പലയിടത്തും ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി . അതു വഴി കിട്ടിയ സമ്പാദ്യം കൊണ്ടു കോളേജ് പഠനം പൂർത്തിയാക്കി..പിന്നീട് വൈദ്യപഠനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷ എഴുതി.. അതിൽ നാലാമൻ ആയി പൽപ്പു വിജയിച്ചു..പക്ഷെ തിരുവിതകൂർ മെഡിക്കൽ കോളേജിൽ സർക്കാർ പല്പുവിന് പ്രവേശനം നൽകിയില്ല..നാലാമത്തെ റാങ്ക് കാരൻ ആയിട്ടുപോലും.. കാരണം ആ റാങ്കുകരൻ ഈഴവൻ ആയി പോയി..പക്ഷെ ആ മിടുക്കൻ പ്രതീക്ഷ കൈവിട്ടില്ല..അദ്ദേഹത്തിന് മദ്രാസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചു..സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും 4 വർഷം കൊണ്ടു പൽപ്പു മെഡിക്കൽ ബിരുദം ഉയർന്ന മാർക്കോടെ കരസ്ഥമാക്കി..
 പിനീട് തിരുവിതാം ഭരണത്തിനു കീഴിൽ ജോലിക്കായി പൽപ്പു അപേക്ഷിച്ചു.. താഴ്ന്ന ജാതിക്കാർക്ക് ജോലി കൊടുക്ക്കില്ലെന്നു തിരുവിതാംകൂർ ഭരണാധികാരി അറിയിച്ചു..പക്ഷെ പല്പുവിന് മൈസൂർ സർക്കാർ (ടിപ്പുവിനെ വധിച്ചതിനു ശേഷം മൈസൂർ ബ്രിട്ടീഷ്കാർ ഏറ്റെടുത്തു..ബ്രിട്ടീഷുകാർ തീരുമാനിച്ചത് പ്രകാരം  അവരുടെ ആശ്രിതർ പോലെ പഴയ മൈസൂർ രാജാക്കന്മാർ ആയിരുന്നു ആ സമയം മൈസൂർ ഭരിച്ചിരുന്നത്)മാസം 100 രൂപ ശമ്പളത്തിൽ (ഇതു 1880 കളിലെ വലിയ സാലറി ആണ് ..കൃത്യം 100 വർഷത്തിന് ശേഷം 1980 കളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 100 രൂപയുടെ വലിപ്പം ഈയിടെ കേരളം ചർച്ച ചെയ്തതാണ് )  ഭിഷഗ്വരനായി നിയമിച്ചു..ആ സമയത്താണ് വസൂരികെതിരെ പ്രവർത്തിക്കുന്ന ഒരു വാക്‌സിൻ പല്പുവും ടീമും വികസിപ്പിച്ചെടുത്തത്.ആ വാക്‌സിൻ മൈസൂർ സർക്കാർ വിദേശത്തേക്ക് കയറ്റി അയച്ചിരുന്നുപോൽ..ഇതിനെല്ലാം ഇടയിൽ താനുൾപ്പെടുന്ന താഴ്ന്ന ജാതിക്കാരുടെ യോഗ്യതയും പ്രാപ്തിയും അനുസരിച്ചു അവരിൽ പലർക്കും മൈസൂർ സർക്കാരിന്റെ കീഴിൽ ജോലി നേടിക്കൊടുത്തു അവരെ സ്വയം അഭിമാനികളാക്കി തീർക്കുന്ന  ഒരു നിശബ്ദ വിപ്ലവം കൂടി അദ്ദേഹം നടത്തുന്നുണ്ടായിരുന്നു..(തിരുവിതാംകൂറിൽ അതിനു സാധ്യത ഇല്ലെന്നു സ്വന്തം അനുഭവം തന്നെ ഉണ്ട്)
  പൽപ്പു വികസിപ്പിച്ച വാക്‌സിനെ അന്താരാഷ്ട്ര നിലവാരമുള്ള വാക്സിനാക്കി മാറ്റിയെടുക്കാൻ മൈസൂർ സർക്കാർ പല്പുവിനെ ചുമതലപെടുത്തിയപ്പോൾ ചില ഉയർന്ന ജാതിക്കാർ അവിടെയും ഇടപെട്ടത് കാരണം ആ അവസരം അദ്ദേഹത്തിന് നഷ്ടപ്പെട്ടു..
1890 കളുടെ അവസാനം ബാംഗ്ലൂരിൽ പടർന്ന പ്ളേഗ് രോഗത്തെ പ്രതിരോധിക്കാൻ സ്വന്തം ആരോഗ്യം പോലും ഗൗനിക്കാതെ പടക്കിറങ്ങിയത് താഴ്ന്ന ജാതിക്കാരൻ എന്നു പറഞ്ഞു തിരുവിതാംകൂർ ഭരണാധികാരികൾ ഇറക്കി വിട്ട ഈ പൽപ്പു തന്നെ ആണ്..അന്നത്തെ പ്രതിരോധ പ്രവർത്തനം ബ്രിട്ടീഷ്‌കരുടെ ഇടയിൽ വലിയ മതിപ്പുണ്ടാക്കി.. (ഇന്നത്തെ പോലെ അരയും തലയും മുറുക്കി പരിശ്രമിക്കുന്നവരെ പരിഹസിക്കുന്നവരും പാരപണിയുന്നവരും അന്നും ഉണ്ടായിരുന്നു).ബ്രിട്ടീഷ് രാജ്ഞി നേരിട്ടു വന്നു വിദേശത്തു നല്ല ജോലി പല്പുവിന് വഗദാനം ചെയ്തപ്പോൾ അതു വിനയപൂർവ്വം നിരസിച്ചു മൈസൂർ സർക്കാരിന്റെ കൂടെ നിന്നു അദ്ദേഹം. അങ്ങനെ തന്റെ കഴിവിനെ ജാതി കൊണ്ട് വിലയിട്ട തിരുവിതാംകൂർ സർക്കാരിനോട് കാവ്യാൽമകമായി പകരം വീട്ടി. ലണ്ടനിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ഉന്നതപഠനം കഴിഞ്ഞ പൽപ്പു പിന്നീട് ബറോഡക്കും ബാംഗ്ലൂരിനും മൈസൂറിനും പ്രിയപെട്ട വൈദ്യൻ ആയി മാറി..അതിനിടയിൽ തിരുവിതാംകൂർ ഭരണത്തിൻ കീഴിലെ താഴ്ന്ന ജാതിക്കാരുടെ അവസ്ഥയെ കുറിച്ചു അദ്ദേഹം നിരന്തരം എഴുതിയിരുന്നു..ആവരെ സങ്കടിപ്പിച്ചിരുന്നു.. അവർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു..
    മുൻ പ്രതിരോധമന്ത്രിക്ക് എന്തായാലും അറിയാമായിരിക്കും, ഇന്ത്യ റിപ്പബ്ലിക് ആകുന്നതിനു തലേന്നാൾ ഈ ലോകത്തോട്  വിട പറഞ്ഞ ഡോക്ടർ പലപ്പുവിനെയും അവരുടെ പ്രതിഭയോട് തിരുവിതാംകൂർ ഭരണാധികാരികൾ ചെയ്ത നെറികേടിനെയും  അതു വഴി വൈദ്യരംഗത്തോട് കാണിച്ച അനീതിയെയും....പ്രതേകിച്ചു SNDP എന്ന സംഘടന രൂപീകരിച്ച  ഡോക്ടർ പൽപ്പുവിനെ..  എന്നിട്ടും... 
ചരിത്രത്തിനു മ്യൂട്ടേഷൻ സംഭവിക്കാറില്ല.. ചില വക്രമനസ്സുള്ളവർ വക്രീകരിക്കാറുണ്ടെന്നതു മാത്രമാണ് ചരിത്രത്തിനു ഉണ്ടാകുന്ന കോട്ടം.
 എന്തൊക്കെ ആയാലും ചരിത്രം അവസാനം ചരിത്രമായി തന്നെ നിലനിൽക്കും.. അതിൽ പൽപ്പുമാരെ മാരെ പോലുള്ളവർ നായകരാകും ..
തനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരുടെ മനസ്സിൽ പോലും നിന്ദിക്കപ്പെട്ടവരായി ഈ വക്രമനസിനുടമകൾ ചരിത്രത്തിന്റെ ഓവുചാലിൽ കിടന്നു നാറും..
ഓർക്കുക ..
പണ്ട് അധികാരം മൂത്തപ്പോൾ ഒരു കൂട്ടരേ പരിഹസിച്ചില്ലേ.. നാടിന്റെയും നാട്ടുകാരുടെയും പുരോഗതിക്കായി പേർഷ്യയുടെ ചൂടിൽ പോയി ജീവിതവും ആരോഗ്യവും സന്തോഷവും ബലികൊടുക്കുന്ന പാവങ്ങളെ ആക്രമം പ്രോത്സാഹിപ്പിക്കുന്നവർ എന്ന ലേബലടിച്ചില്ലേ..പേർഷ്യൻ പണം കൊണ്ട് ആയുധം വാങ്ങി അഹങ്കരിക്കുന്നവർ എന്നു അന്ന് പരിഹസിക്കപ്പെട്ട ആ മനുഷ്യർ ആ ഓവുചാലിലേക്കു കാർക്കിച്ചു തുപ്പും...വീണ്ടും വീണ്ടും തുപ്പും..

പുസ്തകവിചാരം:സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

 

പുസ്തകവിചാരം

പുസ്തകം :സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
എഴുതിയത് : റ്റി ഡി രാമകൃഷ്ണൻ 
പ്രസാധകർ :ഡി സി

 


                            ഫ്രാൻസിസ് ഇട്ടിക്കൊര എന്ന നോവലിലൂടെയാണ് ടി ഡി രാമകൃഷ്ണൻ എന്ന നോവലിസ്റ്റിനെ പരിചയപ്പെടുത്തുന്നത്.മിത്തുകളെ ചരിത്രവുമായി കൂട്ടി ഇണക്കാനുള്ള കഴിവ് ആ നോവലിലൂടെ അന്നേ അസ്വദിച്ചതാണ്.പ്രത്യേകിച്ച് ഗണിതശാസ്ത്രപരമായ നിയമങ്ങൾ പോലും മിത്തുകളുമായി കൂട്ടി ഇണക്കിയപ്പോൾ ഗണിതം പഠിപ്പിക്കുന്ന ഞാൻ  കഥാകാരനെ ശരിക്കും നമിച്ചു പോയി.
ഇപ്പോൾ പറഞ്ഞു വരുന്നത് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനെ കുറിച്ചാണ്..ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ‘Women behind The Fall of Tigers’ എന്ന സിനിമയ്ക്കു തിരക്കഥ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പീറ്റര്‍ ജീവാനന്ദനിലൂടെയാണ് കഥയുടെ താളുകൾ മറിയുന്നത് . ഈ സിനിമ പ്രവർത്തകരിലൂടെ ശ്രീലങ്കന്‍ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും പിന്നിട്ട്  പ്രസിഡണ്ട് ഭരണത്തില്‍ എത്തിനില്‍ക്കുന്ന ശ്രീലങ്കയുടെ അകംപുകയുന്ന വര്‍ത്തമാനാവസ്ഥയിലേക്ക് എതിനോക്കുകയാണ് കഥാകാരൻ. ഇയക്കത്തിനുവേണ്ടി രക്തസാക്ഷിയായ ഡോ. രാജനിതിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ജീവിതത്തേയും കൊലപാതകത്തെയും കുറിച്ച് ഒരു സിനിമചെയ്യാന്‍ പീറ്റര്‍ ജീവാനന്ദം ശ്രീലങ്കയില്‍ എത്തുന്നുണ്ട്. രജനിയുടെ കൊലപാതകത്തെക്കുറിച്ച് പുലികള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന ആരോപണം മറികടക്കുക എന്ന പുലികളുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെയായിരുന്നു അത്. ഇയക്കത്തിലെ പെണ്‍ പൊരാളി സുഗന്ധിയുമായി പീറ്റര്‍ പ്രണയത്തിലാവുന്നത് അവിടെ വെച്ചാണ്. നടക്കാതെപോയ ആ സിനിമ ഇന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യാനാണ് പീറ്ററും സംഘവും എത്തിയിരിക്കുന്നത്. വെള്ളിത്തിരയുടെ മായിക വെളിച്ചത്തിന്റെ നിഴൽ കൊണ്ട് മനുഷ്യാവകാശ ദാംശനങ്ങളെ മറച്ചു വെക്കാം എന്ന വ്യാമോഹമാണ് സർക്കാരിനെ കൊണ്ട് സിനിമ എടുപ്പിക്കുന്നത്.
  ശ്രീലങ്കന്‍ വര്‍ത്തമാന രാഷ്ട്രീയവും ആണ്ടാള്‍ ദേവനായകി എന്ന ഭൂതകാല മിത്തും നോവെലിലുടനീളം ഇഴുകി ചേർന്ന് കിടക്കുന്നുണ്ട്. ആണ്ടാള്‍ ദേവനായകി മധ്യകാലത്ത് ജീവിച്ചിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രത്തിന്‍റെതാണ്. സംഗീതവും നൃത്തവും മുതല്‍ അര്‍ഥശാസ്ത്രവും രാജശാസ്ത്രവും കാമശാസ്ത്രവും വരെ സമസ്തകലകളിലും ശാസ്ത്രത്തിലും നിപുണയായിരുന്ന അപ്സരകുലത്തില്‍ പിറന്ന ആണ്ടാള്‍ ദേവനായകി കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്‍റെ ഏഴാമത്തെ റാണിയായിരുന്നു. കാന്തള്ളൂര്‍ യുദ്ധത്തിനുശേഷം ദേവനായകിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് അവള്‍ ശ്രീപത്മനാഭനില്‍ ലയിച്ചുവെന്നും ജ്ഞാനസരസ്വതിയായി മാറിയെന്നും യുദ്ധത്തില്‍ തോറ്റ മഹേന്ദ്രവര്‍മ്മന്‍റെ മുന്നില്‍വെച്ചു ചോളപ്പടയാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട അവര്‍ യക്ഷിയായി രൂപാന്തരം പ്രാപിച്ചെന്നും അതല്ല സ്ഥാണു മുനി എന്ന സന്യാസിയുടെ ഭാര്യയായി കുറെക്കാലം ജീവിച്ചുവെന്നും രാജരാജ ചോളന്‍റെ റാണിയായി അയാളുടെ കുഞ്ഞിനു ജന്മം നല്‍കിയെന്നും പിന്നീട് രാജരാജ ചോളന്‍റെ മകന്റെ കാമുകിയായി എന്നും തന്റെ മകൾ കൂവേണിയെ ക്രൂരമായി കൊലപ്പെടുത്തിയ സിംഹള രാജാവു മഹിന്ദനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ച് നിശാങ്ക വി‌ജ്രന്‍ എന്ന ബുദ്ധസന്യാസിയില്‍ നിന്നു കര്‍മ്മ മുദ്ര അഭ്യസിച്ചു പരമാനന്ദത്തിലെത്തിയെന്നും മഹിന്ദമന്നനാല്‍ ഇരുമുലകളും ഛേദിക്കപ്പെട്ടു ജ്ഞാനസരസ്വതിയായി മാറിയെന്നുമുള്ള  കഥകള്‍  പലകാലങ്ങളിലും ദേശങ്ങളിലുമായി  പ്രചരിച്ചിരുന്നു. കറുപ്പ് എന്ന മാസികയുടെ വെബ്സൈറ്റില്‍ നിന്നാണ് പീറ്ററിന് ദേവനായകിയെ കുറിച്ചുള്ള കഥകളുടെ ചിലഭാഗങ്ങള്‍ കിട്ടുന്നത്.  എന്നാല്‍ 2001 ല്‍ ശ്രീലങ്കയിലെ സിഗിരിയയില്‍ നിന്നു കണ്ടെടുത്ത തൊള്ളായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പാലിഭാഷയില്‍ എഴുതിയ ‘സുസാന സുപിന (സ്വപനങ്ങളുടെ ശ്മശാനം)’എന്ന കൃതിയിലുള്ള ദേവനായകിയുടെ കഥ ദേവനായകിയുടെ പ്രതികാരത്തിന്റെ കഥയാണ്.
ഈ മിത്തുകൾകൾക്കു ശേഷമാണ് കഥാകാരൻ വീണ്ടും ശ്രീലങ്കൻ രാഷ്്ട്രീയത്തിന്റെ ഇരുളിലേക്കു വീണ്ടും മടങ്ങി വരുന്നത് .പീറ്ററും സുഗന്ധിയും ജൂലി യും പിയർ മുഹമ്മദും ഗായത്രിയും...ശരിക്കും ജീവിക്കുന്ന രക്തസാക്ഷി ആയിരുന്നു സുഗന്ധി...അവസാനം ഇരുകയ്കളുമില്ലാതെ പ്രെസിഡന്റിന്‌ നേരെ വണ്ടിയോടിച്ചു പൊട്ടിത്തെറിച്ചു രക്തസാക്ഷി ആയി മാറി..
                      എന്തായാലും വായനക്കാർക്കു ഒരു സ്വർഗീയയാത്ര (സിരിഗിരിയുടെ അത്രയില്ലെങ്കിലും) നൽകുന്നതാണ് ഇട്ടിക്കൊര പോലെ ഈ നോവലും...ഒപ്പം തിളച്ചു മറിയുന്ന ശ്രീലങ്കൻ രാഷ്്ട്രീയത്തിലേക്കു ഒരെത്തിനോട്ടവും
പിൻകുറിപ്പ്: 2017 വയലാർ അവാർഡ് ടി ഡി  സാറിനു..ശരിക്കും അര്ഹതക്കുള്ള അംഗീകാരം

ⓒGafoorbabu