പരേതന്റെ മനസ്സ്
മരണത്തിന് ഒറ്റ വാക്കേ ഒള്ളു
"വരൂ, പോകാം"
പണ്ടെപ്പോഴോ ചൊല്ലിത്തഴമ്പിച്ച
അയ്യപ്പൻ കവിത.
ആ ശബ്ദം ഇപ്പോൾ എന്നെയും തേടി വന്നിരിക്കുന്നു.
മറുത്തൊന്നും പറയും മുമ്പേ തന്നെ ആ
അശരീരി എന്നെ ബന്ധനസ്ഥാനാക്കിക്കളഞ്ഞു.
ഇന്നലെ രാത്രിയെന്നു നിങ്ങളൊക്കെ
പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.
ഇന്നലെയല്ല! ഇന്നലെയല്ല!!
ഇന്ന് പുലർച്ചെയാണെന്നു
തിരുത്താൻ എത്ര ശ്രമിച്ചിട്ടും
എന്റെ നാവുകൾ അനങ്ങുന്നില്ലല്ലോ..
നിങ്ങളെ തിരുത്തുന്നതിനെക്കാളുമപ്പുറം
ഇന്നലെ മുഴുവനായും എന്റേതു
കൂടിയായിരുന്നെന്നു എന്നെ തന്നെ
ബോധ്യപ്പെടുത്താൻ ശ്രമിക്കയാണ് ഞാൻ..
അപ്പോഴും ഉള്ളിലെവിടെയോ
അത്ഭുതപ്പെടുന്നുണ്ടെൻ ബോധം..
അപ്പോഴും ഉള്ളിലെവിടെയോ
അത്ഭുതപ്പെടുന്നുണ്ടെൻ ബോധം..
" ചേതനയറ്റിട്ടും എന്റേതെന്ന
അഹങ്കാരത്തിന് ഇനിയും
അറുതി വന്നില്ലെന്നോ.."
ഇന്ന് പുലർച്ചെ വരെ ഞാനൊരു
ജീവനുള്ള മനുഷ്യൻ ആയിരുന്നല്ലോ..
ഓർമ വെച്ച നാൾ മുതൽ
എന്റേതെന്റെതെന്ന ഒരൊറ്റ ചിന്തയിൽ
ജീവിച്ച എന്റെയീ ചിത്തത്തിൽ
നിന്നും അത്ര പെട്ടെന്നൊന്നും
പോവില്ലാല്ലോ ആ സ്വന്തമെന്നു ബോധം ..!!
ഹോ!!
മൃത്യു തീർത്തൊരീ ബന്ധനമെത്ര കഠിനം!!.
ഒന്നനങ്ങാൻ പോലും കഴിയാത്തയത്ര
ശക്തിയിൽതന്നെ എന്നെയത്
ബന്ധിച്ചിരിക്കുന്നു!!!
ദൂരെ .. ദൂരെ മൗനത്തിൽ വാല്മീകമേറി
മാറി നിൽക്കുകയാണ് അവൻ ..
ഇന്നലെ ഒത്തിരി സമയം മിണ്ടിപറഞ്ഞവൻ
അടുത്ത വാരാന്ത്യത്തിൽ കടൽതീരത്തു
പോയി അല്പനേരമിരുന്നു
കാറ്റു കൊള്ളണമെന്നും
തിരയടിച്ചു തിരയടിച്ചു
മൃദുലലമായ മണൽ തിട്ടയിലൂടെ
നഗനപാദരായി നടന്നു കുളിർ
കൊള്ളണമെന്നും മോഹമായി
പറഞ്ഞ എന്റെ പ്രിയ കൂട്ടുകാരൻ..
ഇന്ന്
കണ്ണിലൊരു സങ്കടത്തിൻ കടലൊളിപ്പിച്ചു
വാക്കുകളില്ലാതെ അങ്ങു ദൂരെ
നിൽക്കയാണവൻ..
കേൾക്കാമെനിക്ക് ,
അവന്റെ മനസ്സിൽ
അലയടിക്കുന്ന ഓർമകളുടെ
തിരയടികൾ..
അവസാനമായി എന്റെ മേലേക്ക്
നീ മൂന്നു പിടി മണ്ണ് വാരിയിടുമ്പോൾ
നിശ്ചയം ഞാൻ
നിന്റെ മുഖത്തേക്ക് നോക്കില്ല..
മണ്ണിൽ നിന്നും നിന്നെ പടച്ചു
മണ്ണിലേക്ക് തന്നെ നിന്നെ മടക്കി
നാളെ ഈ മണ്ണിൽ നിന്ന് തന്നെ നിന്നെ
ഉയിര്തെഴുന്നേല്പിക്കുമെന്നു നീ
ഉച്ചത്തിൽ ചൊല്ലരുതേ എന്നാണിപ്പോ
ഞാൻ ആശിക്കുന്നത്..
മരിച്ചെന്ന് നിങ്ങൾ വിധിയെഴുതിയെങ്കിലും
എന്റെ വികാരങ്ങൾ ഇനിയും
മരിക്കാതെ എന്നെ വേദനിപ്പിക്കായി
ജീവിച്ചിരിപ്പുണ്ട് സുഹൃത്തേ..'
ഞാൻ...
ഞാൻ, എത്ര ധനികനായിരുന്നു..കണ്ണിലൊരു കാരുണ്യത്തിൻ കടലൊളിപ്പിച്ചും
കരളിളിലൊരു കടപ്പാടിൻ കാടോളിപ്പിച്ചും
ഹൃത്തിലൊരു പ്രണയത്തിന് പറുദീസയൊളിപ്പിച്ചും
തലയിൽ തിരിച്ചറിവുകൾ തൻ തീരമൊളിപ്പിച്ചും,
ജീവിച്ചവൻ..
ആ സമ്പത്തൊന്നും തിരിച്ചറിയാതെ
അല്പം പോലുമുപയോഗിക്കാതെ
പുറത്തുള്ള കടലും കരയും കാടും
തീരവും തേടി, അതിനെ സ്വന്തമാക്കാൻ
എത്ര കാതങ്ങൾ ,
എത്ര കാലങ്ങൾ ,
ഞാൻ വൃഥാ നടന്നു ?!!
സുഹൃത്തേ...
ഇന്ന് ഞാൻ ദരിദ്രനായി പോയി..
അർത്ഥശൂന്യമായൊരോട്ടം
മാത്രമാണ് പാരിൽ നമ്മുടെയീ
ജീവിതമെന്നൊന്നുറക്കെ
നിന്നോടെങ്കിലുമൊന്നുപറയാനുള്ള
വാക്കുകൾ പോലും നഷ്ടപ്പെട്ട
പരമ ദരിദ്രൻ...........

No comments:
Post a Comment