Friday, September 18, 2020

പുസ്തകവിചാരം : മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ

 



പുസ്തകം: മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ

എഴുതിയത് : ഷംസുദ്ദിൻ മുബാറക് 

പ്രസാധകർ : ഡിസി ബുക്ക്സ് 

കുറെ നാളുകളായുള്ള തിരക്കുകൾ എല്ലാം ഒഴിഞ്ഞ് ഒന്ന് സ്വസ്ഥമായപ്പോൾ വായിക്കാനെടുത്തത്  ശംസുദ്ദീൻ മുബാറക് എഴുതിയ 'മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ ' എന്ന നോവലാണ് .

ഇസ്ലാം മത വിശ്വാസത്തിലെ മരണാനന്തര ജീവിതത്തെ കാൽപനിക ചട്ടകൂട്ടിലേക്ക് കൊണ്ടുവന്ന രചന മനസ്സിൽ വല്ലാത്ത തിരയിളക്കങ്ങൾ സൃഷ്ടിച്ചു.മരിച്ച ഒരു വ്യക്തിയുടെ ആത്മാവ് എഴുതുന്ന ഡയറി കുറിപ്പുകൾ പോലെയാണ് കഥയുടെ രചനാരീതി.

         പ്രവാസിയായ ബഷീർ പ്രവാസം അവസാനിപ്പിച്ച് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങുന്നതിനിടെയാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി വന്ന് ബഷീറിന്റെ ജീവിതനാടകത്തിന്റെ യവനിക താഴ്ത്തുന്നത്...

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ മരണാസന്ന സമയത്തെ 'സക്കറാത്തുൽ മൗത്ത് ' എന്നാണ് പറയുക. ഒരാളുടെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്താൻ അസ്റാഈൽ എന്ന മാലാഖയുടെ ആഗമനവും പിന്നീട് ശരീരത്തിൽ ആത്മാവ് വേർപെട്ട് ശരീരം മൃതമായി പോകുന്നത് വരെയുള്ള സമയമാണ് സക്കറാത്തുൽ മൗത്ത്. ഒരു മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പോൽ ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുമ്പോൾ ഉണ്ടാകുക.... ഒരു കടൽ മുഴുവൻ കുടിച്ചാലും തീരാത്ത അത്രയു ദാഹമാണ് പോൽ ആ സമയം ഉണ്ടാകുക....

     വിശ്വാസ പ്രകാരം കാലിന്റെ പെരുവിരൽ മുതലാണ് ആത്മാവ് ഊരിയെടുക്കാൻ തുടങ്ങുക. പിന്നിട് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും ആത്മാവ് വേർപെടുത്തി കണ്ണുകളിലൂടെ ആത്മാവിനെ പുറത്തേക്കെടുക്കും .ആത്മാവ് മുകളിലേക്ക് പോകുന്നത് , കാഴ്ച കൊണ്ട് പിന്തുടരാൻ ശ്രമിക്കുന്നത് മൂലമാണ് കണ്ണുകൾ മുകളിലേക് മറിഞ്ഞ് പോകുന്നത് എന്നാണ് വിശ്വാസം..അത്മാവ് ശരീരത്തിൽ നിന്ന് പുറത്ത് പോയാൽ പിന്നെ ശരീരം നിശ്ചേതനമാകും.പക്ഷെ ബോധവും കേൾവിയും നഷ്ടമാകില്ല പോൽ.. ചുറ്റും നടക്കുന്ന മുഴുവൻ കാര്യങ്ങളും മയ്യിത്തിന് കേൾക്കാമെത്രെ.. പ്രതികരിക്കാൻ ശ്രമിക്കുമെത്രെ .. പക്ഷെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരി്ല്ല. കൈകാലുകൾ ഇളക്കാൻ കഴിയില്ല. ശരിക്കും ബോധം ഭീതിയിൽ അകപ്പെടുന്ന സമയം. ഈ രംഗങ്ങൾ തല്ലാം വിശ്വാസം അവലംബമാക്കി കഥാകരൻ വിവരിച്ചിട്ടുണ്ട്. 

മരണശേഷം ഖബറടക്കുന്നത് വരെയുള്ള കർമങ്ങൾ നിശ്ചേതനമായ ശരീരം ഭീതിയോടെ അറിയുമെന്ന വിശ്വാസം വരികളിലൂടെ വായിച്ചെടുക്കാം.

ഖബറടക്കിയാൽ പിന്നീടുള്ള ലോകത്തെ ഇസ്ലാമിക വിശ്വാസ പ്രകാരം ' ബർസക്കിയായ ലോകം ' എന്നാണ് വിളിക്കുക. ജീവിതത്തിൽ നന്മ കൂടുതൽ ചെയ്തവർക്ക് ആ ലോകത്ത് സൗഖ്യവും തിന്മ കൂടുതൽ ചെയ്തവർക്ക് പ്രയാസവുമാണ് അവിടെ ഉണ്ടാക്കുക എന്ന വിശ്വാസം അവലംബിച്ചാണ് പിന്നിടുള്ള ഭാഗങ്ങൾ വിവരിക്കുന്നത്. ഖബറടക്കി മൂന്നാം ദിവസം ബഷീറിന്റെ ആത്മാവ് ഖബറിൽ നിന്നും ഇറങ്ങി തന്റെ സ്വഗൃഹം കാണാൻ പോകുന്നതിന്റെ ഒരു വിവരണമുണ്ട്. മക്കളെയും ഭാര്യയെയും മറ്റു കുടുംബക്കാരെയും കുറിച്ച്  ആവലാതി പൂണ്ട് അവരുടെ വിശേഷം നോക്കി കാണാൻ  വീട്ടിലെത്തിയ ആത്മാവ് അവിടെ സ്വത്ത് വീതം വെക്കുന്ന ചർച്ചകൾ കണ്ട് അസ്വസ്ഥമായി തിരിച്ച് പോരുകയാണ്..

പിന്നീട് ദിവസങ്ങൾക്ക് ശേഷം ഒരു അപകടത്തിൽ മരണപെട്ട ബഷീറിന്റെ മകന്റെ ആത്മാവ് ബഷീറിന്റെ ഖബറിൽ വരുന്നതും ബഷീർ താൻ ജീവിതത്തിൽ രഹസ്യമായി ചെയ്ത തെറ്റുകളെ കുറിച്ച് മകനോട് തുറന്ന്  പറയുന്ന ഒരു രംഗം ഒരൽപം മനോവിഷമത്തോടെ ആണ് നമുക്ക് വായിച്ച് തീർക്കാനാവുക.

           പിന്നീട്   200- ളം  വർഷങ്ങൾക്ക് ശേഷമുള്ള നാൾ മൊഴികളുമായാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ലോകവസാനത്തെ കുറിച്ച് പ്രവാചകൻ പഠിപ്പിച്ച പാഠങ്ങൾ ബഷിറിന്റെ ആത്മാവ് നേരിൽ കാണുന്നതിന്റെ ഭാവനാത്മക വിവരണമാണ് പിന്നീടുള്ള ഭാഗങ്ങളിൽ.. ഖിയാമത്ത്'നാളിന്റെ രൗദ്രത ശരിക്കും വിവരിക്കുന്നുണ്ട് തുടർന്നുള്ള നാൾ മൊഴികളിൽ ...

മൂന്നാം ഭാഗത്തെ ഡയറി കുറിപ്പകൾ ലോകം അവസാനിച്ചതിന് ശേഷമുള്ള കാലത്തുള്ള താണ്. പുതിയ കാലക്രമത്തിന്റെ നിയതികൾക്കനുസരിച്ചാണ് പിന്നീടുള്ള നാൾ മെഴികൾ..... ഉയിർത്തെഴന്നേൽപ്പും വിചാരണയും സിറാത്ത് പാലവും സ്വർഗവും നരകവും എല്ലാം ഇന ഭാഗത്തെ വിവരണങ്ങളിൽ വരുന്നുണ്ട്.

       വിശ്വാസങ്ങളും പ്രവാചക പാഠങ്ങളും  പ്രവചനങ്ങളും ഒരു ഭാവൽമക അച്ചിലേക്കു  ഒതുക്കി ഭംഗിയായി അണി യിച്ചൊരുക്കുന്നതിൽ ശ്രീ ശംസുദ്ധീൻ മുബാറക് വിജയിച്ചിരിക്കുന്നു എന്നാണ് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.  

വായനക്കാരൻ  ഒരു ഇസ്ലാം മത വിശ്വാസം ഉൾക്കൊണ്ട ആളാണെങ്കിൽ വിശ്വാസവും ഭാവനയും പരസ്പരം വേര്പിരിയാതെ കഥാന്ത്യം വരെ ആസ്വദിക്കാൻ ( ആകുലപ്പെടുക എന്നതാവും ആസ്വദിക്കുക എന്നതിനേക്കാൾ ഉചിതം) സാധിക്കും.. 

മറ്റുള്ളവർക്ക് ആയിരത്തൊന്നുരാവുകളിലെ ഒരു ഫാന്റസി കഥ പോലെ ആസ്വാദിക്കാം(നോവലിന്റെ തുടക്കത്തിൽ തന്നെ പദാവലികളെ കുറിച്ച് കൃത്യമായ വിവരണം വളരെ സഹായകമാണ്)

പിൻകുറിപ്പ്:

ഇസ്ലാം മത വിശ്വാസം ഉൾക്കൊണ്ട ഒരാളെന്ന നിലയിൽ എന്റെ വിശ്വാസത്തിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ഭാഗം ഉണ്ട്.. അത് 2232 ജൂൺ 4 ലെ നാൾ മൊഴി ആണ്..അതിൽ മഹ്ദിയുടെ മരണശേഷമാണ് ഈസ നബി (യേശു) വാനിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് എന്നാണ് പറയുന്നത്.. എന്നാൽ ഞാൻ മനസ്സിലാക്കിയത് പ്രകാരം ഈസ പ്രവാചകൻ ഭൂമിയിൽ വീണ്ടും അവതരിക്കുമ്പോൾ സ്വീകരിക്കാൻ മഹ്ദി ഉണ്ടാകുമെന്നാണ്.. ഒരു പക്ഷെ എന്റെ ധാരണ തെറ്റാവാം.. കൃത്യമായി അറിയുന്നവരിൽ നിന്നും വ്യക്തമായ തിരുത്ത് പ്രതീക്ഷിക്കുന്നു..

ഓര്‍മ്മ: കാതറീൻ കോൾമാൻ ജോൺസൺ



കാതറീൻ കോൾമാൻ ജോൺസൺ

ഡോക്ടർ പൽപ്പു - ചില ചിന്തകൾ



 ഡോക്ടർ പൽപ്പു - ചില ചിന്തകൾ 

 

1957ന് ശേഷം കേരളം ആര്ജിച്ചെടുത്ത ആരോഗ്യരംഗത്തെ മികവ് തിരുവിതാംകൂർ രാജാക്കന്മാർക്ക് തീരെഴുതി കൊടുത്ത വാർത്തകൾ വായിച്ചപ്പോൾ ചില ചിന്തകൾ മനസ്സിലേക്ക് വന്നു.എന്റെ ഓർമകളിൽ വന്ന കാര്യങ്ങൾ കൃത്യമായിരുന്നോ എന്ന സന്ദേഹം ഉണ്ടായത് കൊണ്ടാണ് ഇതു പങ്കു വെക്കാൻ വൈകിയത്..

   ബഹുമാനപ്പെട്ട മുൻ കേന്ദ്ര പ്രതിരോധമന്ത്രി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ആദ്യത്തെ വനിത അധ്യക്ഷ ശ്രീമതി സരോജിനി നായിഡു 'നിശബ്ദനായ വിപ്ലവകാരി' എന്നു വിശേഷിപ്പിച്ച ഒരു മലയാളി ഉണ്ടായിരുന്നു...പേര് പത്മനാഭൻ പൽപ്പു.. തൊഴിൽ ഭിഷഗ്വരൻ...നാട്ടു വൈദ്യമോ കാട്ടു വൈദ്യമോ പാരമ്പര്യ ചികിത്സകളോ ഒന്നുമല്ല.. അസ്സൽ അലോപ്പതി.. മെഡിക്കൽ ബിരുദം നേടിയത് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന്.. പിന്നീട് ലണ്ടനിൽ നിന്നും ഉപരിപഠനം.. ബാക്ടീരിയോളജിയിൽ വിദഗ്ധൻ .. വസൂരിക്കു എതിരെ പ്രയോഗിക്കാവുന്ന ഗോവസൂരി വാക്സിനേഷൻ  വിജയകരമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പ്രതിഭ..പക്ഷെ  ജനിച്ചത് ഈഴവ ജാതിയിൽ ആയിപ്പോയി.അന്നത്തെ സ്ഥിതി വെച്ചു അവർ ചെയ്യേണ്ടിയിരുന്നത് കള്ളു ചെത്തൽ ആയിരുന്നു...ഇന്നുള്ള ചില തംബ്രാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ഏതോ ചെത്തുകാരൻ കോരന്റെ മകനായി ജനിച്ച കീഴാളൻ...
       പറഞ്ഞു വരുന്ന ചരിത്രം നടക്കുന്നത് 1875 ന് ശേഷമുള്ള കാലത്താണ്..ഭരിക്കുന്നത് മുൻ പ്രതിരോധമന്ത്രി പറഞ്ഞ തിരുവിതാംകൂർ രാജവംശം.. (സംഭവ കാലം ഭരിക്കുന്നത് ആയില്യം തിരുന്നാളോ വിശാഖം തിരുന്നാളോ ശ്രീമൂലം തിരുന്നാളോ എന്നു കൃത്യമായിട്ടു എനിക്കറിയില്ല..).മെട്രിക്കുലേഷൻ പാസ്സായ പൽപൂവിനു കോളേജിൽ പഠിക്കാൻ സാമ്പത്തികം പ്രശ്നമായി.. അതിനാൽ മേട്രികുലാഷൻ യോഗ്യത വെച്ചു അദ്ദേഹം പലയിടത്തും ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി . അതു വഴി കിട്ടിയ സമ്പാദ്യം കൊണ്ടു കോളേജ് പഠനം പൂർത്തിയാക്കി..പിന്നീട് വൈദ്യപഠനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷ എഴുതി.. അതിൽ നാലാമൻ ആയി പൽപ്പു വിജയിച്ചു..പക്ഷെ തിരുവിതകൂർ മെഡിക്കൽ കോളേജിൽ സർക്കാർ പല്പുവിന് പ്രവേശനം നൽകിയില്ല..നാലാമത്തെ റാങ്ക് കാരൻ ആയിട്ടുപോലും.. കാരണം ആ റാങ്കുകരൻ ഈഴവൻ ആയി പോയി..പക്ഷെ ആ മിടുക്കൻ പ്രതീക്ഷ കൈവിട്ടില്ല..അദ്ദേഹത്തിന് മദ്രാസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചു..സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും 4 വർഷം കൊണ്ടു പൽപ്പു മെഡിക്കൽ ബിരുദം ഉയർന്ന മാർക്കോടെ കരസ്ഥമാക്കി..
 പിനീട് തിരുവിതാം ഭരണത്തിനു കീഴിൽ ജോലിക്കായി പൽപ്പു അപേക്ഷിച്ചു.. താഴ്ന്ന ജാതിക്കാർക്ക് ജോലി കൊടുക്ക്കില്ലെന്നു തിരുവിതാംകൂർ ഭരണാധികാരി അറിയിച്ചു..പക്ഷെ പല്പുവിന് മൈസൂർ സർക്കാർ (ടിപ്പുവിനെ വധിച്ചതിനു ശേഷം മൈസൂർ ബ്രിട്ടീഷ്കാർ ഏറ്റെടുത്തു..ബ്രിട്ടീഷുകാർ തീരുമാനിച്ചത് പ്രകാരം  അവരുടെ ആശ്രിതർ പോലെ പഴയ മൈസൂർ രാജാക്കന്മാർ ആയിരുന്നു ആ സമയം മൈസൂർ ഭരിച്ചിരുന്നത്)മാസം 100 രൂപ ശമ്പളത്തിൽ (ഇതു 1880 കളിലെ വലിയ സാലറി ആണ് ..കൃത്യം 100 വർഷത്തിന് ശേഷം 1980 കളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 100 രൂപയുടെ വലിപ്പം ഈയിടെ കേരളം ചർച്ച ചെയ്തതാണ് )  ഭിഷഗ്വരനായി നിയമിച്ചു..ആ സമയത്താണ് വസൂരികെതിരെ പ്രവർത്തിക്കുന്ന ഒരു വാക്‌സിൻ പല്പുവും ടീമും വികസിപ്പിച്ചെടുത്തത്.ആ വാക്‌സിൻ മൈസൂർ സർക്കാർ വിദേശത്തേക്ക് കയറ്റി അയച്ചിരുന്നുപോൽ..ഇതിനെല്ലാം ഇടയിൽ താനുൾപ്പെടുന്ന താഴ്ന്ന ജാതിക്കാരുടെ യോഗ്യതയും പ്രാപ്തിയും അനുസരിച്ചു അവരിൽ പലർക്കും മൈസൂർ സർക്കാരിന്റെ കീഴിൽ ജോലി നേടിക്കൊടുത്തു അവരെ സ്വയം അഭിമാനികളാക്കി തീർക്കുന്ന  ഒരു നിശബ്ദ വിപ്ലവം കൂടി അദ്ദേഹം നടത്തുന്നുണ്ടായിരുന്നു..(തിരുവിതാംകൂറിൽ അതിനു സാധ്യത ഇല്ലെന്നു സ്വന്തം അനുഭവം തന്നെ ഉണ്ട്)
  പൽപ്പു വികസിപ്പിച്ച വാക്‌സിനെ അന്താരാഷ്ട്ര നിലവാരമുള്ള വാക്സിനാക്കി മാറ്റിയെടുക്കാൻ മൈസൂർ സർക്കാർ പല്പുവിനെ ചുമതലപെടുത്തിയപ്പോൾ ചില ഉയർന്ന ജാതിക്കാർ അവിടെയും ഇടപെട്ടത് കാരണം ആ അവസരം അദ്ദേഹത്തിന് നഷ്ടപ്പെട്ടു..
1890 കളുടെ അവസാനം ബാംഗ്ലൂരിൽ പടർന്ന പ്ളേഗ് രോഗത്തെ പ്രതിരോധിക്കാൻ സ്വന്തം ആരോഗ്യം പോലും ഗൗനിക്കാതെ പടക്കിറങ്ങിയത് താഴ്ന്ന ജാതിക്കാരൻ എന്നു പറഞ്ഞു തിരുവിതാംകൂർ ഭരണാധികാരികൾ ഇറക്കി വിട്ട ഈ പൽപ്പു തന്നെ ആണ്..അന്നത്തെ പ്രതിരോധ പ്രവർത്തനം ബ്രിട്ടീഷ്‌കരുടെ ഇടയിൽ വലിയ മതിപ്പുണ്ടാക്കി.. (ഇന്നത്തെ പോലെ അരയും തലയും മുറുക്കി പരിശ്രമിക്കുന്നവരെ പരിഹസിക്കുന്നവരും പാരപണിയുന്നവരും അന്നും ഉണ്ടായിരുന്നു).ബ്രിട്ടീഷ് രാജ്ഞി നേരിട്ടു വന്നു വിദേശത്തു നല്ല ജോലി പല്പുവിന് വഗദാനം ചെയ്തപ്പോൾ അതു വിനയപൂർവ്വം നിരസിച്ചു മൈസൂർ സർക്കാരിന്റെ കൂടെ നിന്നു അദ്ദേഹം. അങ്ങനെ തന്റെ കഴിവിനെ ജാതി കൊണ്ട് വിലയിട്ട തിരുവിതാംകൂർ സർക്കാരിനോട് കാവ്യാൽമകമായി പകരം വീട്ടി. ലണ്ടനിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ഉന്നതപഠനം കഴിഞ്ഞ പൽപ്പു പിന്നീട് ബറോഡക്കും ബാംഗ്ലൂരിനും മൈസൂറിനും പ്രിയപെട്ട വൈദ്യൻ ആയി മാറി..അതിനിടയിൽ തിരുവിതാംകൂർ ഭരണത്തിൻ കീഴിലെ താഴ്ന്ന ജാതിക്കാരുടെ അവസ്ഥയെ കുറിച്ചു അദ്ദേഹം നിരന്തരം എഴുതിയിരുന്നു..ആവരെ സങ്കടിപ്പിച്ചിരുന്നു.. അവർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു..
    മുൻ പ്രതിരോധമന്ത്രിക്ക് എന്തായാലും അറിയാമായിരിക്കും, ഇന്ത്യ റിപ്പബ്ലിക് ആകുന്നതിനു തലേന്നാൾ ഈ ലോകത്തോട്  വിട പറഞ്ഞ ഡോക്ടർ പലപ്പുവിനെയും അവരുടെ പ്രതിഭയോട് തിരുവിതാംകൂർ ഭരണാധികാരികൾ ചെയ്ത നെറികേടിനെയും  അതു വഴി വൈദ്യരംഗത്തോട് കാണിച്ച അനീതിയെയും....പ്രതേകിച്ചു SNDP എന്ന സംഘടന രൂപീകരിച്ച  ഡോക്ടർ പൽപ്പുവിനെ..  എന്നിട്ടും... 
ചരിത്രത്തിനു മ്യൂട്ടേഷൻ സംഭവിക്കാറില്ല.. ചില വക്രമനസ്സുള്ളവർ വക്രീകരിക്കാറുണ്ടെന്നതു മാത്രമാണ് ചരിത്രത്തിനു ഉണ്ടാകുന്ന കോട്ടം.
 എന്തൊക്കെ ആയാലും ചരിത്രം അവസാനം ചരിത്രമായി തന്നെ നിലനിൽക്കും.. അതിൽ പൽപ്പുമാരെ മാരെ പോലുള്ളവർ നായകരാകും ..
തനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരുടെ മനസ്സിൽ പോലും നിന്ദിക്കപ്പെട്ടവരായി ഈ വക്രമനസിനുടമകൾ ചരിത്രത്തിന്റെ ഓവുചാലിൽ കിടന്നു നാറും..
ഓർക്കുക ..
പണ്ട് അധികാരം മൂത്തപ്പോൾ ഒരു കൂട്ടരേ പരിഹസിച്ചില്ലേ.. നാടിന്റെയും നാട്ടുകാരുടെയും പുരോഗതിക്കായി പേർഷ്യയുടെ ചൂടിൽ പോയി ജീവിതവും ആരോഗ്യവും സന്തോഷവും ബലികൊടുക്കുന്ന പാവങ്ങളെ ആക്രമം പ്രോത്സാഹിപ്പിക്കുന്നവർ എന്ന ലേബലടിച്ചില്ലേ..പേർഷ്യൻ പണം കൊണ്ട് ആയുധം വാങ്ങി അഹങ്കരിക്കുന്നവർ എന്നു അന്ന് പരിഹസിക്കപ്പെട്ട ആ മനുഷ്യർ ആ ഓവുചാലിലേക്കു കാർക്കിച്ചു തുപ്പും...വീണ്ടും വീണ്ടും തുപ്പും..

പുസ്തകവിചാരം:സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

 

പുസ്തകവിചാരം

പുസ്തകം :സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
എഴുതിയത് : റ്റി ഡി രാമകൃഷ്ണൻ 
പ്രസാധകർ :ഡി സി

 


                            ഫ്രാൻസിസ് ഇട്ടിക്കൊര എന്ന നോവലിലൂടെയാണ് ടി ഡി രാമകൃഷ്ണൻ എന്ന നോവലിസ്റ്റിനെ പരിചയപ്പെടുത്തുന്നത്.മിത്തുകളെ ചരിത്രവുമായി കൂട്ടി ഇണക്കാനുള്ള കഴിവ് ആ നോവലിലൂടെ അന്നേ അസ്വദിച്ചതാണ്.പ്രത്യേകിച്ച് ഗണിതശാസ്ത്രപരമായ നിയമങ്ങൾ പോലും മിത്തുകളുമായി കൂട്ടി ഇണക്കിയപ്പോൾ ഗണിതം പഠിപ്പിക്കുന്ന ഞാൻ  കഥാകാരനെ ശരിക്കും നമിച്ചു പോയി.
ഇപ്പോൾ പറഞ്ഞു വരുന്നത് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനെ കുറിച്ചാണ്..ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ‘Women behind The Fall of Tigers’ എന്ന സിനിമയ്ക്കു തിരക്കഥ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പീറ്റര്‍ ജീവാനന്ദനിലൂടെയാണ് കഥയുടെ താളുകൾ മറിയുന്നത് . ഈ സിനിമ പ്രവർത്തകരിലൂടെ ശ്രീലങ്കന്‍ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും പിന്നിട്ട്  പ്രസിഡണ്ട് ഭരണത്തില്‍ എത്തിനില്‍ക്കുന്ന ശ്രീലങ്കയുടെ അകംപുകയുന്ന വര്‍ത്തമാനാവസ്ഥയിലേക്ക് എതിനോക്കുകയാണ് കഥാകാരൻ. ഇയക്കത്തിനുവേണ്ടി രക്തസാക്ഷിയായ ഡോ. രാജനിതിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ജീവിതത്തേയും കൊലപാതകത്തെയും കുറിച്ച് ഒരു സിനിമചെയ്യാന്‍ പീറ്റര്‍ ജീവാനന്ദം ശ്രീലങ്കയില്‍ എത്തുന്നുണ്ട്. രജനിയുടെ കൊലപാതകത്തെക്കുറിച്ച് പുലികള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന ആരോപണം മറികടക്കുക എന്ന പുലികളുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെയായിരുന്നു അത്. ഇയക്കത്തിലെ പെണ്‍ പൊരാളി സുഗന്ധിയുമായി പീറ്റര്‍ പ്രണയത്തിലാവുന്നത് അവിടെ വെച്ചാണ്. നടക്കാതെപോയ ആ സിനിമ ഇന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യാനാണ് പീറ്ററും സംഘവും എത്തിയിരിക്കുന്നത്. വെള്ളിത്തിരയുടെ മായിക വെളിച്ചത്തിന്റെ നിഴൽ കൊണ്ട് മനുഷ്യാവകാശ ദാംശനങ്ങളെ മറച്ചു വെക്കാം എന്ന വ്യാമോഹമാണ് സർക്കാരിനെ കൊണ്ട് സിനിമ എടുപ്പിക്കുന്നത്.
  ശ്രീലങ്കന്‍ വര്‍ത്തമാന രാഷ്ട്രീയവും ആണ്ടാള്‍ ദേവനായകി എന്ന ഭൂതകാല മിത്തും നോവെലിലുടനീളം ഇഴുകി ചേർന്ന് കിടക്കുന്നുണ്ട്. ആണ്ടാള്‍ ദേവനായകി മധ്യകാലത്ത് ജീവിച്ചിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രത്തിന്‍റെതാണ്. സംഗീതവും നൃത്തവും മുതല്‍ അര്‍ഥശാസ്ത്രവും രാജശാസ്ത്രവും കാമശാസ്ത്രവും വരെ സമസ്തകലകളിലും ശാസ്ത്രത്തിലും നിപുണയായിരുന്ന അപ്സരകുലത്തില്‍ പിറന്ന ആണ്ടാള്‍ ദേവനായകി കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്‍റെ ഏഴാമത്തെ റാണിയായിരുന്നു. കാന്തള്ളൂര്‍ യുദ്ധത്തിനുശേഷം ദേവനായകിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് അവള്‍ ശ്രീപത്മനാഭനില്‍ ലയിച്ചുവെന്നും ജ്ഞാനസരസ്വതിയായി മാറിയെന്നും യുദ്ധത്തില്‍ തോറ്റ മഹേന്ദ്രവര്‍മ്മന്‍റെ മുന്നില്‍വെച്ചു ചോളപ്പടയാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട അവര്‍ യക്ഷിയായി രൂപാന്തരം പ്രാപിച്ചെന്നും അതല്ല സ്ഥാണു മുനി എന്ന സന്യാസിയുടെ ഭാര്യയായി കുറെക്കാലം ജീവിച്ചുവെന്നും രാജരാജ ചോളന്‍റെ റാണിയായി അയാളുടെ കുഞ്ഞിനു ജന്മം നല്‍കിയെന്നും പിന്നീട് രാജരാജ ചോളന്‍റെ മകന്റെ കാമുകിയായി എന്നും തന്റെ മകൾ കൂവേണിയെ ക്രൂരമായി കൊലപ്പെടുത്തിയ സിംഹള രാജാവു മഹിന്ദനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ച് നിശാങ്ക വി‌ജ്രന്‍ എന്ന ബുദ്ധസന്യാസിയില്‍ നിന്നു കര്‍മ്മ മുദ്ര അഭ്യസിച്ചു പരമാനന്ദത്തിലെത്തിയെന്നും മഹിന്ദമന്നനാല്‍ ഇരുമുലകളും ഛേദിക്കപ്പെട്ടു ജ്ഞാനസരസ്വതിയായി മാറിയെന്നുമുള്ള  കഥകള്‍  പലകാലങ്ങളിലും ദേശങ്ങളിലുമായി  പ്രചരിച്ചിരുന്നു. കറുപ്പ് എന്ന മാസികയുടെ വെബ്സൈറ്റില്‍ നിന്നാണ് പീറ്ററിന് ദേവനായകിയെ കുറിച്ചുള്ള കഥകളുടെ ചിലഭാഗങ്ങള്‍ കിട്ടുന്നത്.  എന്നാല്‍ 2001 ല്‍ ശ്രീലങ്കയിലെ സിഗിരിയയില്‍ നിന്നു കണ്ടെടുത്ത തൊള്ളായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പാലിഭാഷയില്‍ എഴുതിയ ‘സുസാന സുപിന (സ്വപനങ്ങളുടെ ശ്മശാനം)’എന്ന കൃതിയിലുള്ള ദേവനായകിയുടെ കഥ ദേവനായകിയുടെ പ്രതികാരത്തിന്റെ കഥയാണ്.
ഈ മിത്തുകൾകൾക്കു ശേഷമാണ് കഥാകാരൻ വീണ്ടും ശ്രീലങ്കൻ രാഷ്്ട്രീയത്തിന്റെ ഇരുളിലേക്കു വീണ്ടും മടങ്ങി വരുന്നത് .പീറ്ററും സുഗന്ധിയും ജൂലി യും പിയർ മുഹമ്മദും ഗായത്രിയും...ശരിക്കും ജീവിക്കുന്ന രക്തസാക്ഷി ആയിരുന്നു സുഗന്ധി...അവസാനം ഇരുകയ്കളുമില്ലാതെ പ്രെസിഡന്റിന്‌ നേരെ വണ്ടിയോടിച്ചു പൊട്ടിത്തെറിച്ചു രക്തസാക്ഷി ആയി മാറി..
                      എന്തായാലും വായനക്കാർക്കു ഒരു സ്വർഗീയയാത്ര (സിരിഗിരിയുടെ അത്രയില്ലെങ്കിലും) നൽകുന്നതാണ് ഇട്ടിക്കൊര പോലെ ഈ നോവലും...ഒപ്പം തിളച്ചു മറിയുന്ന ശ്രീലങ്കൻ രാഷ്്ട്രീയത്തിലേക്കു ഒരെത്തിനോട്ടവും
പിൻകുറിപ്പ്: 2017 വയലാർ അവാർഡ് ടി ഡി  സാറിനു..ശരിക്കും അര്ഹതക്കുള്ള അംഗീകാരം

ⓒGafoorbabu