പുസ്തകവിചാരം:സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
പുസ്തകവിചാരം
പുസ്തകം :സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
എഴുതിയത് : റ്റി ഡി രാമകൃഷ്ണൻ
പ്രസാധകർ :ഡി സി
ഫ്രാൻസിസ് ഇട്ടിക്കൊര എന്ന നോവലിലൂടെയാണ് ടി ഡി രാമകൃഷ്ണൻ എന്ന നോവലിസ്റ്റിനെ പരിചയപ്പെടുത്തുന്നത്.മിത്തുകളെ ചരിത്രവുമായി കൂട്ടി ഇണക്കാനുള്ള കഴിവ് ആ നോവലിലൂടെ അന്നേ അസ്വദിച്ചതാണ്.പ്രത്യേകിച്ച് ഗണിതശാസ്ത്രപരമായ നിയമങ്ങൾ പോലും മിത്തുകളുമായി കൂട്ടി ഇണക്കിയപ്പോൾ ഗണിതം പഠിപ്പിക്കുന്ന ഞാൻ കഥാകാരനെ ശരിക്കും നമിച്ചു പോയി.
ഇപ്പോൾ പറഞ്ഞു വരുന്നത് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനെ കുറിച്ചാണ്..ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ‘Women behind The Fall of Tigers’ എന്ന സിനിമയ്ക്കു തിരക്കഥ തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട പീറ്റര്‍ ജീവാനന്ദനിലൂടെയാണ് കഥയുടെ താളുകൾ മറിയുന്നത് . ഈ സിനിമ പ്രവർത്തകരിലൂടെ ശ്രീലങ്കന്‍ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും പിന്നിട്ട് പ്രസിഡണ്ട് ഭരണത്തില്‍ എത്തിനില്‍ക്കുന്ന ശ്രീലങ്കയുടെ അകംപുകയുന്ന വര്‍ത്തമാനാവസ്ഥയിലേക്ക് എതിനോക്കുകയാണ് കഥാകാരൻ. ഇയക്കത്തിനുവേണ്ടി രക്തസാക്ഷിയായ ഡോ. രാജനിതിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ജീവിതത്തേയും കൊലപാതകത്തെയും കുറിച്ച് ഒരു സിനിമചെയ്യാന്‍ പീറ്റര്‍ ജീവാനന്ദം ശ്രീലങ്കയില്‍ എത്തുന്നുണ്ട്. രജനിയുടെ കൊലപാതകത്തെക്കുറിച്ച് പുലികള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന ആരോപണം മറികടക്കുക എന്ന പുലികളുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെയായിരുന്നു അത്. ഇയക്കത്തിലെ പെണ്‍ പൊരാളി സുഗന്ധിയുമായി പീറ്റര്‍ പ്രണയത്തിലാവുന്നത് അവിടെ വെച്ചാണ്. നടക്കാതെപോയ ആ സിനിമ ഇന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യാനാണ് പീറ്ററും സംഘവും എത്തിയിരിക്കുന്നത്. വെള്ളിത്തിരയുടെ മായിക വെളിച്ചത്തിന്റെ നിഴൽ കൊണ്ട് മനുഷ്യാവകാശ ദാംശനങ്ങളെ മറച്ചു വെക്കാം എന്ന വ്യാമോഹമാണ് സർക്കാരിനെ കൊണ്ട് സിനിമ എടുപ്പിക്കുന്നത്.
ശ്രീലങ്കന്‍ വര്‍ത്തമാന രാഷ്ട്രീയവും ആണ്ടാള്‍ ദേവനായകി എന്ന ഭൂതകാല മിത്തും നോവെലിലുടനീളം ഇഴുകി ചേർന്ന് കിടക്കുന്നുണ്ട്. ആണ്ടാള്‍ ദേവനായകി മധ്യകാലത്ത് ജീവിച്ചിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രത്തിന്‍റെതാണ്. സംഗീതവും നൃത്തവും മുതല്‍ അര്‍ഥശാസ്ത്രവും രാജശാസ്ത്രവും കാമശാസ്ത്രവും വരെ സമസ്തകലകളിലും ശാസ്ത്രത്തിലും നിപുണയായിരുന്ന അപ്സരകുലത്തില്‍ പിറന്ന ആണ്ടാള്‍ ദേവനായകി കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്‍റെ ഏഴാമത്തെ റാണിയായിരുന്നു. കാന്തള്ളൂര്‍ യുദ്ധത്തിനുശേഷം ദേവനായകിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് അവള്‍ ശ്രീപത്മനാഭനില്‍ ലയിച്ചുവെന്നും ജ്ഞാനസരസ്വതിയായി മാറിയെന്നും യുദ്ധത്തില്‍ തോറ്റ മഹേന്ദ്രവര്‍മ്മന്‍റെ മുന്നില്‍വെച്ചു ചോളപ്പടയാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട അവര്‍ യക്ഷിയായി രൂപാന്തരം പ്രാപിച്ചെന്നും അതല്ല സ്ഥാണു മുനി എന്ന സന്യാസിയുടെ ഭാര്യയായി കുറെക്കാലം ജീവിച്ചുവെന്നും രാജരാജ ചോളന്‍റെ റാണിയായി അയാളുടെ കുഞ്ഞിനു ജന്മം നല്‍കിയെന്നും പിന്നീട് രാജരാജ ചോളന്‍റെ മകന്റെ കാമുകിയായി എന്നും തന്റെ മകൾ കൂവേണിയെ ക്രൂരമായി കൊലപ്പെടുത്തിയ സിംഹള രാജാവു മഹിന്ദനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ച് നിശാങ്ക വിജ്രന്‍ എന്ന ബുദ്ധസന്യാസിയില്‍ നിന്നു കര്‍മ്മ മുദ്ര അഭ്യസിച്ചു പരമാനന്ദത്തിലെത്തിയെന്നും മഹിന്ദമന്നനാല്‍ ഇരുമുലകളും ഛേദിക്കപ്പെട്ടു ജ്ഞാനസരസ്വതിയായി മാറിയെന്നുമുള്ള കഥകള്‍ പലകാലങ്ങളിലും ദേശങ്ങളിലുമായി പ്രചരിച്ചിരുന്നു. കറുപ്പ് എന്ന മാസികയുടെ വെബ്സൈറ്റില്‍ നിന്നാണ് പീറ്ററിന് ദേവനായകിയെ കുറിച്ചുള്ള കഥകളുടെ ചിലഭാഗങ്ങള്‍ കിട്ടുന്നത്. എന്നാല്‍ 2001 ല്‍ ശ്രീലങ്കയിലെ സിഗിരിയയില്‍ നിന്നു കണ്ടെടുത്ത തൊള്ളായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പാലിഭാഷയില്‍ എഴുതിയ ‘സുസാന സുപിന (സ്വപനങ്ങളുടെ ശ്മശാനം)’എന്ന കൃതിയിലുള്ള ദേവനായകിയുടെ കഥ ദേവനായകിയുടെ പ്രതികാരത്തിന്റെ കഥയാണ്.
ഈ മിത്തുകൾകൾക്കു ശേഷമാണ് കഥാകാരൻ വീണ്ടും ശ്രീലങ്കൻ രാഷ്്ട്രീയത്തിന്റെ ഇരുളിലേക്കു വീണ്ടും മടങ്ങി വരുന്നത് .പീറ്ററും സുഗന്ധിയും ജൂലി യും പിയർ മുഹമ്മദും ഗായത്രിയും...ശരിക്കും ജീവിക്കുന്ന രക്തസാക്ഷി ആയിരുന്നു സുഗന്ധി...അവസാനം ഇരുകയ്കളുമില്ലാതെ പ്രെസിഡന്റിന് നേരെ വണ്ടിയോടിച്ചു പൊട്ടിത്തെറിച്ചു രക്തസാക്ഷി ആയി മാറി..
എന്തായാലും വായനക്കാർക്കു ഒരു സ്വർഗീയയാത്ര (സിരിഗിരിയുടെ അത്രയില്ലെങ്കിലും) നൽകുന്നതാണ് ഇട്ടിക്കൊര പോലെ ഈ നോവലും...ഒപ്പം തിളച്ചു മറിയുന്ന ശ്രീലങ്കൻ രാഷ്്ട്രീയത്തിലേക്കു ഒരെത്തിനോട്ടവും
പിൻകുറിപ്പ്: 2017 വയലാർ അവാർഡ് ടി ഡി സാറിനു..ശരിക്കും അര്ഹതക്കുള്ള അംഗീകാരം
ⓒGafoorbabu
No comments:
Post a Comment