Wednesday, September 23, 2026

ഉൾനോവ് : കവിത


                                       ഉൾനോവ്..

പേരില്ലാത്തൊരു നോവിതു പെയ്യാതുള്ളിൽത്തങ്ങി നിൽപ്പതെന്തേ?      കാലം കടന്നുപോയെങ്കിലും, ആ ഓർമ്മകൾ മാഞ്ഞുപോവാത്തതെന്തേ?
 
എല്ലാമുണ്ടെന്നിരിക്കിലും, എൻ മിഴികൾ എന്തോ തിരഞ്ഞു തേങ്ങുവതെന്തേ? സന്ധ്യ മയങ്ങിയിട്ടും, എൻ കാൽകൾ  വീടിൻ പടി കടന്നെത്താത്തതെന്തേ? 
 
ഈ ഉലകിൽ വേറെയുമെത്രയോ
മുഖങ്ങൾ വിരിഞ്ഞു നിൽപ്പു... 
എന്നിട്ടും അകലെയുള്ളൊരാ രൂപമെൻ      നെഞ്ചിൽ മായാതെ നിൽപ്പതെന്തേ?
 
എൻ കുരുക്കഴിയാത്ത വഴികളുടെ  കാഴ്ച കണ്ടുനിൽപ്പൂ ഞാൻ തനിയെ... 
എല്ലാവരും പോകും നേർവഴിയേ        
എൻ മനമോടാത്തതെന്തേ?
 
വർഷങ്ങളായി രൂപവുമില്ലാതെ, 
കൂടെ നിഴലായ് പടരുന്നൊരാ വെറും പേര്... അതൊരു വെറും കനവു മാത്രമെങ്കിൽ, ഉടഞ്ഞു ചിതറിപ്പോവാത്തതെന്തേ?.. 
 
മാറുമീ കാഴ്ചകൾ, മായും നിഴലുകൾ, കാലത്തിൻ കയ്യിലെത്ര ലീലകൾ... തേടലൊടുങ്ങുമൊരവസാനനിമിഷത്തിൽ, ഞാനുമീ നോവുമൊന്നായ് മാറും.

മറവിയല്ലോ കാലം തൻ വരദാനം,                മനമേ നീ വിഫലമായ്‌ തേങ്ങരുതേ...            വന്ന വഴികളും മാഞ്ഞ നിഴലുകളും വഴികാട്ടിയാം വെളിച്ചമായ്‌ മാറീടണം.

​തോൽവിയല്ലിത്‌, ജീവിതസഞ്ചാരം,            ഓരോ നോവും പതറാത്ത പാഠങ്ങൾ!പെയ്തൊഴിഞ്ഞ കാറ്റിനുമപ്പുറം,            ഉണരാൻ കാത്തിരിപ്പൂ ഒരു പ്രഭാതം. 

                      

                             കണക്കൻ 

                             24/09/2026

 

കടപ്പാട് : നിദ ഫാസിലി ( ബെനാമ്  സാ യെ ദർദ്..)


Friday, September 11, 2026

സീതാറാം യെച്ചൂരി:ജനാധിപത്യത്തിന്റെയും മാനവികതയുടെയും പ്രതീകം

 


സീതാറാം യെച്ചൂരി:

                       ജനാധിപത്യത്തിന്റെയും മാനവികതയുടെയും പ്രതീകം

                   ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ശബ്ദം മാത്രമായിരുന്നില്ല സീതാറാം യെച്ചൂരി; ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും സാമൂഹികനീതിക്കും വേണ്ടി ഉറച്ചുനിന്ന ഒരു നേതാവായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് രാജ്യത്തിന്റെ ദേശീയ രാഷ്ട്രീയ വേദിയിലേക്ക് വളർന്ന യെച്ചൂരി, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടിയ നേതാവായി ശ്രദ്ധേയനായി. അധികാരത്തിനു മുന്നിൽ തലകുനിക്കാത്ത രാഷ്ട്രീയ നിലപാടിന്റെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതം.

ജെഎൻയുവും അടിയന്തരാവസ്ഥയും: പോരാട്ടത്തിന്റെ വേരുകൾ

1974-ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥിയായിരിക്കെ യെച്ചൂരി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്എഫ്ഐ) അംഗമായി. അതേ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിദ്യാർഥി രാഷ്ട്രീയത്തിലെ സജീവ ഇടപെടലുകൾ ശക്തമായത്. 1975-ൽ അദ്ദേഹം സിപിഐ(എം) അംഗത്വം സ്വീകരിച്ചു.

1975 ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ജനാധിപത്യ അവകാശങ്ങൾ കടുത്ത നിയന്ത്രണത്തിന് വിധേയമായി. ജെഎൻയുവിലെ വിദ്യാർഥി പ്രവർത്തനങ്ങളിലും യെച്ചൂരി സജീവമായി തുടർന്നു. അടിയന്തരാവസ്ഥക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം ഒളിവിൽ കഴിയേണ്ടിവന്നു. ഭൂഗർഭ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി; ‘Resistance’ എന്ന പേരിൽ നടന്നിരുന്ന രഹസ്യ പ്രതിരോധ പ്രവർത്തനങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.

ഒടുവിൽ അദ്ദേഹം അറസ്റ്റിലായി. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ഈ രാഷ്ട്രീയ പ്രവർത്തനങ്ങളും അറസ്റ്റും അദ്ദേഹത്തിന്റെ ഡോക്ടറൽ പഠനം പൂർത്തിയാകാതെ പോകുന്നതിനും കാരണമായി. വിദ്യാർഥി രാഷ്ട്രീയത്തിലെ ഈ അനുഭവങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രധാന അടിത്തറകളിലൊന്നായി മാറിയത്.

ഇന്ദിരാഗാന്ധിക്കു മുന്നിൽ നിവർന്നുനിന്ന നിമിഷം

അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷം 1977-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. എന്നാൽ അവർ ജെഎൻയു ചാൻസലർ സ്ഥാനത്ത് തുടരുന്നതിനെതിരെ സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. 1977 സെപ്റ്റംബർ 5-ന് നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രതിഷേധത്തിൽ യെച്ചൂരി വിദ്യാർഥികളെ നയിച്ചു. വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. അവിടെ എത്തിയ വിദ്യാർഥി പ്രതിനിധികൾ അവരുമായി കൂടിക്കാഴ്ച നടത്തി. അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട നടപടികളെ വിമർശിച്ചുകൊണ്ടുള്ള ഒരു കുറ്റപത്രം യെച്ചൂരി വായിച്ചുകേൾപ്പിക്കുകയും, ജെഎൻയു ചാൻസലർ സ്ഥാനത്ത് നിന്ന് ഇന്ദിരാഗാന്ധി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശ ലംഘനങ്ങളും ഭരണകൂട നടപടികളും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. തുടർന്ന് ഇന്ദിരാഗാന്ധി ജെഎൻയു ചാൻസലർ സ്ഥാനം രാജിവച്ചു.

അധികാരത്തിന്റെ ഉന്നതിയിലെത്തിയ ഒരു മുൻ പ്രധാനമന്ത്രിക്കു മുന്നിൽ ഒരു വിദ്യാർഥി നേതാവ് നേരിട്ട് തന്റെ രാഷ്ട്രീയ നിലപാട് അവതരിപ്പിച്ച ഈ സംഭവം, ഇന്ത്യൻ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി മാറി.

ഒന്നാം യുപിഎ സർക്കാരും ജനകീയ നിയമങ്ങളും

     2004-ൽ ഇടതുപക്ഷത്തിന്റെ നിർണായക പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ, സർക്കാരും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏകോപനത്തിൽ സീതാറാം യെച്ചൂരി പ്രധാന പങ്കുവഹിച്ചു. കോൺഗ്രസിലെ ജയറാം രമേശിനൊപ്പം ചേർന്ന് യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടി (Common Minimum Programme) തയ്യാറാക്കുന്നതിൽ യെച്ചൂരി പ്രധാന പങ്കുവഹിച്ചതായി വിവിധ സ്രോതസ്സുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടി സാമൂഹിക ക്ഷേമത്തിനും ഗ്രാമീണ തൊഴിലിനും ഭക്ഷ്യസുരക്ഷയ്ക്കും മറ്റ് ജനക്ഷേമ നടപടികൾക്കും പ്രാധാന്യം നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) 2005-ൽ നിലവിൽ വന്നു. നിയമത്തിന്റെ രൂപീകരണവും പാസാക്കലും ഒരു വ്യക്തിയുടെ മാത്രം ഇടപെടലിന്റെ ഫലമായിരുന്നില്ലെങ്കിലും, യുപിഎ സർക്കാരിനുമേൽ ഇടതുപക്ഷം ചെലുത്തിയ ശക്തമായ രാഷ്ട്രീയ സമ്മർദത്തിലും നയചർച്ചകളിലും യെച്ചൂരി സജീവ പങ്കാളിയായിരുന്നു. ഗ്രാമീണ ദരിദ്രർക്ക് തൊഴിൽ ഉറപ്പാക്കുന്നതിൽ പിന്നീട് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹികസുരക്ഷാ പദ്ധതികളിലൊന്നായി MGNREGA മാറി. അതുപോലെ, ആദിവാസി-വനാവകാശ പ്രസ്ഥാനങ്ങളുടെ ദീർഘകാല പോരാട്ടവും വിവിധ രാഷ്ട്രീയ ഇടപെടലുകളും ഇടതുപക്ഷത്തിന്റെ സമ്മർദവും ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് 2006-ൽ വനാവകാശ നിയമം (Forest Rights Act) നിലവിൽ വന്നത്. ഈ നിയമം വനപ്രദേശങ്ങളിൽ തലമുറകളായി ജീവിച്ചുവരുന്ന ആദിവാസി സമൂഹങ്ങളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും അവകാശങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകി.

കോവിഡ് കാലം: മകന്റെ വിയോഗവും ജനങ്ങൾക്കുവേണ്ടിയുള്ള ശബ്ദവും

2021-ലെ കോവിഡ് രണ്ടാം തരംഗം രാജ്യത്തെ നടുക്കിയപ്പോൾ, യെച്ചൂരിയുടെ കുടുംബത്തെയും ആ ദുരന്തം ബാധിച്ചു. 2021 ഏപ്രിൽ 22-ന് അദ്ദേഹത്തിന്റെ മൂത്തമകൻ ആശിഷ് യെച്ചൂരി, 34, കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ അന്തരിച്ചു. ജൂൺ 9-ന് 35-ാം പിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു അദ്ദേഹം.ആശിഷ് ഒരു മാധ്യമപ്രവർത്തകനായിരുന്നു. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ, NewsLaundry തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. മകന്റെ വിയോഗം അറിയിച്ചുകൊണ്ട് യെച്ചൂരി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ഹൃദയസ്പർശിയായിരുന്നു. മകനെ ചികിത്സിച്ച ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിഗത ദുഃഖങ്ങളിലൊന്നിനെ അഭിമുഖീകരിച്ചിരുന്ന ആ സമയത്തും പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിലച്ചില്ല. കോവിഡ് കാലത്ത് തൊഴിൽ നിയമങ്ങളിൽ വരുത്തിയ ഇളവുകളെയും തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കുന്ന നടപടികളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് അടിയന്തര സർക്കാർ സഹായം നൽകണമെന്നും ദരിദ്രർക്ക് നേരിട്ടുള്ള പണസഹായവും സൗജന്യ ഭക്ഷ്യധാന്യവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2020 ജൂൺ 16-ന് സിപിഐ(എം) രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ദരിദ്രർക്ക് അടിയന്തര ക്യാഷ് ട്രാൻസ്ഫറും സൗജന്യ ഭക്ഷ്യധാന്യവും ആവശ്യപ്പെടുകയും ചെയ്തു. 2021 ഏപ്രിലിൽ, കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യെച്ചൂരി കത്തെഴുതി. രാജ്യത്ത് തടസ്സമില്ലാത്ത ഓക്സിജൻ വിതരണം ഉറപ്പാക്കണമെന്നും എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ കോവിഡ് വാക്സിനേഷൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ അധികാര കേന്ദ്രീകരണവും ഫെഡറൽ തത്വങ്ങളുടെ ദുർബലപ്പെടുത്തലും നടക്കുകയാണെന്ന് അദ്ദേഹം രാഷ്ട്രീയമായി വിമർശിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തെ തന്നെ തകർത്ത മഹാദുരന്തത്തിനിടയിലും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറിയില്ലെന്നത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ശ്രദ്ധേയമായ ഒരു വശമായിരുന്നു.

വിയോഗം: ഒരു യുഗത്തിന്റെ അവസാനം

2024 ഓഗസ്റ്റ് 19-ന് ന്യൂമോണിയയെ തുടർന്ന് സീതാറാം യെച്ചൂരിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2024 സെപ്റ്റംബർ 12-ന്, 72-ാം വയസ്സിൽ, അദ്ദേഹം അന്തരിച്ചു. എയിംസ് അധികൃതർ സ്ഥിരീകരിച്ചതനുസരിച്ച് ഉച്ചകഴിഞ്ഞ് 3:05-നായിരുന്നു അന്ത്യം.

അദ്ദേഹത്തിന്റെ മരണവാർത്ത ഇന്ത്യൻ രാഷ്ട്രീയരംഗത്ത് വലിയ ദുഃഖം സൃഷ്ടിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവെന്ന നിലയിൽ മാത്രമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായി സംവദിക്കാനും ആശയവ്യത്യാസങ്ങൾക്കിടയിലും രാഷ്ട്രീയ സംഭാഷണം നിലനിർത്താനും കഴിവുള്ള നേതാവെന്ന നിലയിലും യെച്ചൂരി അംഗീകരിക്കപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം കുടുംബം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി എയിംസിന് കൈമാറി. ജീവിതകാലത്ത് സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് ശേഷം സ്വന്തം ശരീരം പോലും വൈദ്യശാസ്ത്ര പഠനത്തിനായി സമർപ്പിച്ച തീരുമാനം അദ്ദേഹത്തിന്റെ ജീവിതദർശനത്തിന്റെ മറ്റൊരു പ്രതിഫലനമായി കാണാം.

ഒരു വലിയ മനുഷ്യൻ

സീതാറാം യെച്ചൂരിയുടെ ജീവിതം അധികാരത്തിന്റെയോ പദവിയുടെയോ പിന്നാലെയുള്ള ഒരു രാഷ്ട്രീയ യാത്ര മാത്രമായിരുന്നില്ല. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ജനാധിപത്യ മൂല്യങ്ങളോടും സാമൂഹികനീതിയോടും ജനങ്ങളോടുമുള്ള രാഷ്ട്രീയ പ്രതിബദ്ധതയുടെ യാത്രയായിരുന്നു. അടിയന്തരാവസ്ഥയിലെ ഒളിവുജീവിതവും അറസ്റ്റും, ജെഎൻയുവിലെ വിദ്യാർഥി സമരങ്ങളും, ഇന്ദിരാഗാന്ധിക്കു മുന്നിൽ തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ ധൈര്യവും, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ നയചർച്ചകളിലെ ഇടപെടലുകളും, കോവിഡ് മഹാമാരിക്കാലത്തെ ജനകീയ ആവശ്യങ്ങൾക്കായുള്ള ശബ്ദവും—അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ വ്യത്യസ്ത അധ്യായങ്ങളാണ്. സ്വന്തം മൂത്തമകനെ കോവിഡ് ബാധിച്ച് നഷ്ടപ്പെട്ട വ്യക്തിഗത ദുഃഖത്തിനിടയിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ അദ്ദേഹം തുടർന്നു. അവസാനമായി, സ്വന്തം ശരീരം പോലും വൈദ്യശാസ്ത്ര പഠനത്തിനായി സമർപ്പിച്ചു. അതുകൊണ്ടുതന്നെ സീതാറാം യെച്ചൂരിയെ ഒരു രാഷ്ട്രീയ നേതാവെന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കുക പ്രയാസമാണ്. ജനാധിപത്യത്തിനും സാമൂഹികനീതിക്കും മാനവികതയ്ക്കും വേണ്ടി ശബ്ദമുയർത്തിയ ഒരു രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അധികാരത്തിനു മുന്നിൽ തലകുനിക്കാതെ തന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിന്ന ആ നേതാവിന്റെ ജീവിതം ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി തുടരും.

സീതാറാം യെച്ചൂരി - ജനാധിപത്യത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഓർമ്മ കൂടിയാണ്.

Wednesday, September 2, 2026

കവിത : മഗ്‌രിബ്


                                                         
 മഗ്‌രിബ് 

 

പള്ളിയകം.... 

നീണ്ട ഇടനാഴിയുടെ നെഞ്ചകത്ത്,  
തച്ചുശാസ്ത്രത്തിൻ ജ്യാമിതികൂട്ടില്‍, 
കിളിക്കൂടിൻ കവാടം 
പോലെയീ കിളിവാതിലുകൾ.
കിളിവാതിൽപ്പുറം,  
അസ്തമയം കുടഞ്ഞിട്ട
സുവർണ്ണരക്തത്തിൽ,
മുങ്ങിനിൽക്കുന്നു കടൽ, 
ചോരച്ചിചിന്തി വീണുകിടക്കും
പടയാളിയുടെ നിവരാനുള്ള
പ്രയത്നം പോലെയാ
തിരമാലകൾ...
 
കടൽപ്പാലം...... 

ദൂരെ .....
ദൂരെയാ കടൽപ്പാലം,
ആഴിയിലേക്ക് നീളുന്ന
പുല്ലാങ്കുഴൽ പോല്‍,
തലകീഴായി നിൽക്കും
തംബുരുവിൻ പ്രതിബിംബം,
തന്ത്രികൾ അറ്റുപോയ 
ഖുണ്ടികൾ പോലെയാ 
തൂണുകൾ...
 
പാതയോരം… 

പാതയോരത്ത് വിളക്കുകൾ,
കണ്ണുതുറന്നിരുന്ന്,
ഇരുട്ടിനെ ചുംബിക്കാൻ
കാത്തുനിൽക്കുന്നു.
അലയടിക്കും തിരകൾക്കൊപ്പം
ആളുകൾ—ജീവിതകഥകൾ തിരയുന്നു.
നാളെയുടെ നീറ്റലുകളൊന്നുമില്ലാതെ,
കുട്ടികൾ, ചിരിയുടെ പട്ടം പറത്തുന്നു.
കണ്ണിലെല്ലാം
സഹർഷം ഹർഷം...
 
ഞാൻ… 

ജീവിതത്തിന്‍റെയീ  
ലഹരിതൻ നടുവിൽ,
ഒരു തംബുരുവിൻ 
പൊട്ടിയ തന്ത്രി പോൽ ഞാൻ...
നെഞ്ചിൽ വിഷാദം,
ഒരു കടൽപോലെ വളരുന്നു.
ആഴിയെക്കാൾ ആഴം
തീർക്കുന്നൊരഴലുകൾ,
ചിന്തകള്‍ തന്‍ 
തോരാമഴയുള്ളില്‍ 
ചുറ്റും
ശാന്തിമന്ത്രം പോൽ
മഗ്‌രിബിൻ നിശബ്ദത...
കരളിലൊരുറവ പോൽ
പള്ളിയകത്തിൻ കുളിർമ.
എന്നിട്ടും,
ഉള്ളിലൊരു വിഷാദം
കനലായെരിയുന്നു...
സന്ധ്യയുടെ ആലിംഗനത്തിൽ,
ഒരു ഹിമപാളി പോലെ,
നിശബ്ദമായി ഞാൻ...
ഒന്ന് തൊട്ടാൽ
മിഴിയിലൊരു പ്രളയം തീർക്കാൻ
ഹേതുവാമൊരു
ഹിമപാതമാകുമത്രയും
ലോലമായി പോയിരിക്കുന്നെൻ മനം...
 
മനസ്സ്... 
 
മനസ്സ് ഒരു കടലാണ്.
ആഴം അളക്കാവുന്നതിലും
വലിയ കടൽ...
ആശകളാം മണൽശില്പങ്ങളെ
ഇമചിമ്മും വേഗത്തിൽ
തൂത്തെറിയും
അഴലിൻ തിരമാലകൾ 
നിറഞ്ഞ വലിയ കടൽ!

 

മഗ്‌രിബ്....  

ഓരോ അസ്തമയവും,
ഓർമ്മയുടെ ശവക്കുഴിയിലേക്ക്
വീഴുന്ന ഒരു നക്ഷത്രത്തിൻറെ
നിശബ്ദമായ പ്രാർത്ഥനയാണ്...
ഓരോ പ്രാർത്ഥനയും
ഓരോ ജീവൻറെ വേദനയാണ്.
ഓരോ വേദനയും
മനുഷ്യൻറെ തിരിച്ചറിവാണ്.
ഓരോ തിരിച്ചറിവും
മനുഷ്യൻറെ അഹംബോധത്തിന്
മേലേൽക്കുന്ന പ്രഹരങ്ങൾ.
പ്രഹരവുമേൽക്കുന്നതോ—
ഞാനെന്ന ബോധത്തിൻ
ഭാരമേറും നെറുകയിൽ...
ഭാരമില്ലാബോധത്തിൻറെ
വെളിച്ചമല്ലോ
ഉദയമാം ഫന:
 
തിരിച്ചറിവ്... 

അസ്തമയത്തിൻ വാതിൽപ്പടിയിൽ,
തിരശീലതൻ ചലനം നോക്കി
നിൽക്കുമീ ജീവിതം...
ശാശ്വതമാമൊരു പുലരി
കൊതിക്കും ആദിത്യൻ
കണക്കെ മനോരഥം.
ആസ്വസ്ഥമാകാതെയീ
അസ്തമയത്തെ ആസ്വദിക്കാൻ,
മാത്രം ഞാൻ,
ഇനിയുമെത്ര 
പ്രഹരമേൽക്കണം?
ഇനിയുമെത്ര
ഭാരമില്ലാത്തവനാവണം?
ബഖാവിൻ ബാബിലേക്ക്
ഇനിയുമെത്ര ദൂരം താണ്ടണം,
ഞാനെന്ന വലിയ ഭാരം
പേറി മൺകൂടാമീയുടൽ??..

                               

 

                            കണക്കൻ 

                             01/09/2026

ഖൂണ്ടി : തമ്പുരുവിൻറെ ട്യൂണിംഗ് പെഗ്ഗുകൾ
ഫന:    : അഹങ്കാരവും സ്വന്തം അസ്തിത്വവും പൂർണ്ണമായി ഇല്ലാതാക്കി   
 
             ദൈവത്തിൽ ലയിച്ചുചേരുക (സൂഫിസം)
ബഖ: : ദൈവസാന്നിധ്യത്തിൽ ശാശ്വതമായ            ജീവിതം കണ്ടെത്തുക.                                
                     'ഫന'(Fana) എന്ന അവസ്ഥയിലൂടെ സ്വന്തം അഹങ്കാരവും അസ്തിത്വവും പൂർണ്ണമായി ഇല്ലാതാക്കിയ ഒരു ആത്മീയ പര്യവേക്ഷകൻ എത്തിച്ചേരുന്ന അടുത്ത ഘട്ടമാണ്  ബഖ:



Friday, August 21, 2026

സഖാവ് കൃഷ്ണ പിള്ള : കനലെരിയും വിപ്ലവപർവം

 


കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് വലിയ സ്വാധീനം ചെലുത്തിയ നേതാക്കളിൽ ഒരാളാണ് സഖാവ് പി. കൃഷ്ണപിള്ള. 1906-ൽ വൈക്കത്ത് ജനിച്ച കൃഷ്ണപിള്ള 1948 ഓഗസ്റ്റ് 19-ന് ആലപ്പുഴയിലെ മുഹമ്മയ്ക്കടുത്ത് ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരിക്കുമ്പോൾ അദ്ദേഹത്തിന് 42 വയസ്സായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന ജീവിതത്തിനിടയിലാണ് അദ്ദേഹം ദേശീയ സ്വാതന്ത്ര്യസമരത്തിലും തൊഴിലാളി പ്രസ്ഥാനത്തിലും കർഷക പ്രസ്ഥാനത്തിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും നിർണായക പങ്കുവഹിച്ചത്.

                            വൈക്കത്ത് മണപ്പള്ളിനാരായണൻ  നായരുടെയും പറൂർ വീട്ടിൽ പാർവതി അമ്മയുടെയും മകനായാണ് കൃഷ്ണപിള്ള ജനിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പഠനം തുടരാൻ കഴിഞ്ഞില്ല. പതിനാറാം വയസ്സിൽ ആലപ്പുഴയിൽ കയർ തൊഴിലാളിയായി ജോലി ചെയ്തു. പിന്നീട് വിവിധ ജോലികളിൽ ഏർപ്പെട്ട അദ്ദേഹം 1927-ൽ ബനാറസിലെത്തി ഹിന്ദി പഠിച്ചു. തുടർന്ന് ഹിന്ദി പ്രചാരകനായി പ്രവർത്തിക്കുകയും ദേശീയ പ്രസ്ഥാനവുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു.

          1930-ലെ ഉപ്പുസത്യഗ്രഹമാണ് കൃഷ്ണപിള്ളയുടെ പൊതുരാഷ്ട്രീയ ജീവിതത്തിലെ പ്രധാന ആദ്യഘട്ടങ്ങളിലൊന്ന്. വടകരയിൽ നിന്ന് പയ്യന്നൂരിലേക്ക് സംഘടിപ്പിച്ച ജാഥയിലും കോഴിക്കോട് കടപ്പുറത്തെ ഉപ്പുസത്യഗ്രഹ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. കോഴിക്കോട് കടപ്പുറത്ത് ദേശീയപതാക കൈവിടാതെ നടത്തിയ ചെറുത്തുനിൽപ്പിനിടെ അദ്ദേഹത്തിന് ക്രൂരമായ മർദനം ഏൽക്കുകയും ബോധരഹിതനാകുകയും ചെയ്തു. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പുസത്യഗ്രഹത്തിൽ കൃഷ്ണപിള്ള വഹിച്ച പങ്ക് കേരളത്തിന്റെ ചരിത്രപാഠപുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.  ദേശീയ പ്രസ്ഥാനത്തിലെ പ്രവർത്തനത്തിനൊപ്പം സാമൂഹിക അസമത്വങ്ങൾക്കെതിരായ പ്രസ്ഥാനങ്ങളുമായും കൃഷ്ണപിള്ള ബന്ധപ്പെട്ടിരുന്നു. ഗുരുവായൂർ സത്യഗ്രഹത്തിന്റെ കാലത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചു. 1931-ൽ ആരംഭിച്ച ഗുരുവായൂർ സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനും അയിത്തനിർമാർജനത്തിനുമായി നടന്ന പ്രധാന സാമൂഹിക പ്രസ്ഥാനമായിരുന്നു. സത്യഗ്രഹത്തിന്റെ പ്രവർത്തനങ്ങൾക്കിടെ കൃഷ്ണപിള്ളയും എ. കെ. ഗോപാലനും ആക്രമിക്കപ്പെട്ടു. സത്യഗ്രഹത്തിന്റെ ഒരു ഘട്ടത്തിൽ കൃഷ്ണപിള്ള ഗുരുവായൂർ ക്ഷേത്രത്തിലെ മണി മുഴക്കിയ സംഭവവും ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

          1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ കൃഷ്ണപിള്ള അതിന്റെ കേരളത്തിലെ പ്രധാന സംഘാടകരിൽ ഒരാളായി. ഇ. എം. എസ്. നമ്പൂതിരിപ്പാട്, എ. കെ. ഗോപാലൻ, കെ. ദാമോദരൻ തുടങ്ങിയവരോടൊപ്പം അദ്ദേഹം കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിനും ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും വളർത്തുന്നതിനും ഈ കാലഘട്ടത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

                1937-ൽ കോഴിക്കോട്ട് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടപ്പോൾ പി. കൃഷ്ണപിള്ള, ഇ. എം. എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരൻ, എൻ. സി. ശേഖർ എന്നിവർ അതിലെ അംഗങ്ങളായിരുന്നു. കൃഷ്ണപിള്ള ആ ആദ്യ ഗ്രൂപ്പിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1939-ൽ പിണറായി പാറപ്രത്ത് നടന്ന രഹസ്യസമ്മേളനത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിക്കപ്പെട്ടപ്പോൾ കൃഷ്ണപിള്ള അതിന്റെ ആദ്യ സെക്രട്ടറിയായി. ഈ ഘട്ടം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘടനാപരമായ വളർച്ചയിലെ നിർണായക വഴിത്തിരിവായിരുന്നു.

                 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി കൃഷ്ണപിള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ആലപ്പുഴയിലെ കയർ തൊഴിലാളികളെയും കോഴിക്കോട്ടെ മിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി, നെയ്ത്ത് തൊഴിലാളികളെയും മറ്റ് വ്യവസായ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി. മലബാറിലെ കർഷക സമരങ്ങളുമായും അദ്ദേഹം അടുത്ത് പ്രവർത്തിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങളെ രാഷ്ട്രീയപ്രവർത്തനത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു

             ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമർത്തലും അറസ്റ്റും ജയിൽവാസവും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായിരുന്നു. 1940 സെപ്റ്റംബർ 15-ന് ഒളിവിലിരുന്ന് മലബാറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് അദ്ദേഹം അറസ്റ്റിലായി ശുചീന്ദ്രം ജയിലിൽ തടവിലാക്കപ്പെട്ടു. 1942 മാർച്ചിലാണ് അദ്ദേഹം മോചിതനായത്. മോചനത്തിനുശേഷവും അദ്ദേഹം രാഷ്ട്രീയപ്രവർത്തനം തുടർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടന കെട്ടിപ്പടുക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു.

             1946-ൽ കൃഷ്ണപിള്ളയുടെ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറി. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം പുന്നപ്ര–വയലാർ സമരത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സമരത്തിന് മുമ്പുള്ള തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും പണിമുടക്കിനുള്ള തയ്യാറെടുപ്പുകളിലും അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ടായിരുന്നു. ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായി.

1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട നിരോധനവും രാഷ്ട്രീയ അടിച്ചമർത്തലും കാരണം കൃഷ്ണപിള്ള വീണ്ടും ഒളിവിൽ പോകേണ്ടിവന്നു. ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചത്. 1948 ഓഗസ്റ്റ് 19-ന് ആലപ്പുഴയിലെ മുഹമ്മയ്ക്കടുത്തുള്ള കണ്ണാർകാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പാമ്പുകടിയേറ്റാണ് അദ്ദേഹം മരിച്ചത്. 42 വർഷം മാത്രം നീണ്ട ജീവിതത്തിനിടയിൽ ഏകദേശം ഇരുപത് വർഷത്തോളം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘടനാ അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചു.

         പി. കൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ഒരു സംഘടനാ പ്രവർത്തകനെന്ന നിലയിലുള്ള കഴിവാണ്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ നിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്ര കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചയുമായി ചേർന്നുനിൽക്കുന്നു. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുകയും അവരിലെ രാഷ്ട്രീയബോധം വളർത്തുകയും വിവിധ പ്രദേശങ്ങളിലെ പ്രവർത്തകരെ ഒരു സംഘടനാ സംവിധാനത്തിലേക്ക് കൊണ്ടുവരികയും ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പ്രധാന സവിശേഷത.

            കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യഘട്ട ചരിത്രം പഠിക്കുമ്പോൾ പി. കൃഷ്ണപിള്ളയുടെ പേര് ഒഴിവാക്കാനാകാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയപ്രാധാന്യം കൊണ്ടുമാത്രമല്ല. ഒരു ചെറിയ സംഘത്തിൽ നിന്ന് സംസ്ഥാനതലത്തിലുള്ള ഒരു സംഘടിത രാഷ്ട്രീയപ്രസ്ഥാനത്തിലേക്കുള്ള വളർച്ചയിൽ അദ്ദേഹം വഹിച്ച സംഘടനാപരമായ പങ്കാണ് അതിന് പ്രധാന കാരണം. 1937-ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൽ നിന്ന് 1939-ലെ പിണറായി–പാറപ്രം സമ്മേളനത്തിലേക്കും തുടർന്ന് തൊഴിലാളി-കർഷക സംഘടനകളുടെ വ്യാപനത്തിലേക്കുമുള്ള ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാം.

           42-ാം വയസ്സിൽ ജീവിതം അവസാനിച്ചെങ്കിലും കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ പി. കൃഷ്ണപിള്ളയുടെ പ്രവർത്തനങ്ങൾ ഒരു പ്രധാന അധ്യായമായി തുടരുന്നു. സ്വാതന്ത്ര്യസമരകാലത്തെ പ്രവർത്തനം, സാമൂഹിക അസമത്വങ്ങൾക്കെതിരായ ഇടപെടലുകൾ, തൊഴിലാളി-കർഷക സംഘടനകളുടെ വളർച്ച, കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പ്രവർത്തനം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലും സംഘടനാ വളർച്ചയിലും നൽകിയ നേതൃത്വം എന്നിവയെല്ലാം ചേർന്നാണ് അദ്ദേഹത്തിന്റെ ചരിത്രപരമായ സ്ഥാനത്തെ നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ പി. കൃഷ്ണപിള്ളയുടെ ജീവിതം കേരളത്തിലെ ആധുനിക രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പഠനവിഷയമാണ്..

"സഖാക്കളേ മുന്നോട്ട് " എന്ന അദ്ദേഹത്തിന്റെ അവസാന വാചകം ഇന്നും വിപ്ലവ മുദ്രാവാക്യമായി കേരളത്തിൽ അലയടിക്കുന്നുണ്ട്...


പിൻകുറിപ്പ് : സഖാവിന്റെ വിധവ തങ്കമ്മ പുനർവിവാഹം ചെയ്തതിനു ശേഷം ഉണ്ടായ മകനാണ് പ്രശസ്ത 


കവിത : ദ്വന്ദം

 


ഇന്ന്....

ഈ സന്ധ്യയിൽ ദ്വന്ദമാണെൻ ചിത്തം, 

ഒന്ന് കൈനീട്ടി മുകുളങ്ങൾ തൊടുന്നു,

ഒന്നോ ഇതളുകൾ ഉണരും മുൻപേ

ഞെരിച്ചു കളയുന്നു.


ജീവൻ്റെ ഞരമ്പിൽ 

ചോരയൊഴുകുമ്പോൾ

ഞാൻ ഓട്ടം തുടങ്ങുന്നു , 

ശ്വാസം വറ്റും വരെ തുടരാനായി;

അപ്പോഴും ഓരോ ചുവടും

  എന്റെ നിഴൽ  പിന്നിലേക്ക്

വലിച്ചുകൊണ്ടിരിക്കുന്നു.


കണ്ണുകൾ രണ്ടും 

വിടർന്നിരിക്കുന്നു-

ഒന്ന് പൂക്കളുടെ

 നിറങ്ങൾ കാണാൻ,

മറ്റേത് ആ നിറങ്ങൾ 

മങ്ങുന്ന നിമിഷത്തെ 

എണ്ണിപ്പിടിക്കാൻ.


ഈ ശ്വാസത്തോട് ഞാൻ പറയുന്നു:

 "നിൽക്കൂ"

ഉടനെ തിരുത്തുന്നു : 

"ഒഴുകൂ "..

എൻ്റെ വിരലുകൾ 

താളം തെറ്റാതെ

സന്തോഷവും സന്താപവും 

കോർത്തു കൊണ്ടേയിരിക്കുന്നു 


പകൽ എന്നെ ചുംബിക്കുമ്പോൾ

ഞാൻ രാത്രിയെ ഓർക്കുന്നു.

രാത്രി എന്നെ പുതപ്പിക്കുമ്പോൾ

പകലിലുതിർന്ന വിയർപ്പ്

നെഞ്ചിലേറ്റുന്നു.


ഒരു കൈയിൽ മണ്ണിൻ്റെ ഈർപ്പം,

മറുകൈയിൽ തീയുടെ നീലിമ.

ഈ രണ്ടും തമ്മിലുള്ള

അകലമാണ് ഞാൻ.


മുന്നിലൊരു കടൽ 

തിരപോലെ കുതിച്ചു കയറാൻ വെമ്പുന്നു 

അതെ നിമിഷം തന്നെ പിൻവലിയുന്നു 

കടൽ പോലെയാണെൻ മാനസം 


മുന്നിലൊരു ഇന്ദ്രജാലക്കാരൻ 

ശൂന്യതയിൽ നിന്നും പൂക്കളെടുക്കുന്നു 

നിറയെ പ്രതീക്ഷയുടെ നിറങ്ങൾ..

കയ്യൊന്നനക്കുമ്പോൾ പൂക്കളിരുന്നിടം 

കണ്ണീരൊപ്പാനുള്ളൊരു തൂവാല മാത്രം . 

ഇന്ദ്രജാലക്കാരൻ

 കണക്കെയാണെൻ മനം..


ഒരിടം പറയുന്നു: " ജീവിക്കണം"

മറു പുറം മൂളുന്നു "മരിക്കണം"

പക്ഷേ രണ്ടും പറഞ്ഞുകൊണ്ട്

ഞാൻ ജീവിതത്തെ അതിൻ്റെ

ഏറ്റവും മൂർച്ചയുള്ള അറ്റത്ത്

തഴുകിനിർത്തുന്നു ..


എല്ലാ വാതിലും തുറന്നിട്ടിട്ടും

ഞാൻ ഉമ്മറത്ത് നിൽക്കുന്നു..

അകവും പുറവും പങ്കിട്ടെടുത്ത 

മാന്ത്രികമായൊരാ അതിർത്തിയിൽ 

പ്രവേഗം ശൂന്യമായൊരു 

വസ്തുകണക്കെ..


ഒടുക്കം....

ആശയും വിരക്തിയും ഇടകലർന്ന 

ഇടുക്കം ചേർന്നൊരായിടനാഴിയിൽ 

ഏകനായി ഞാൻ ..

ആരുടെയും കാത്തുനിൽപ്പല്ല ഞാൻ.

ആ നിമിഷം തന്നെയാണിന്ന് ഞാൻ..


നിമിഷം, 

സ്വച്ഛന്ദ പരിവർത്തനം കണക്കെ 

ഘടികാരദിശയിലുണരും തുടിപ്പ് ..

തുടിക്കും നിമിഷങ്ങൾ 

 തുടികൊട്ടി ഉണർത്തുമായിരം 

ചിന്തകൾ  ബീജഗണിത 

സമവാക്യ രൂപകങ്ങളാം 

ആശ്രിത പരിവർത്തനങ്ങളായി

എന്നിലുറയുന്നു...

മനസ്സാം മാപിനി കൊണ്ട-

ളന്നെടുത്താലെല്ലാം 

ദ്വന്ദങ്ങൾ കൊണ്ടതിരിട്ട അനന്തമാം 

ചിന്തകൾ തൻ അനന്ത ഗണം ..

മരണത്തിനു മുമ്പേ മരിക്കാനായവർ**

 മാത്രം ചിന്തകൾ തൻ അതിരുകൾ

 ഭേദിക്കുമെന്ന സത്യം..

സത്യം പുണരാൻ 

ഇനിയുമെത്ര കാലം,

ഇനിയുമെത്ര കാതം

നടക്കണം ദ്വന്ദം പേറുമീ സന്ദേഹി...



                           ~കണക്കൻ ~

                             21/08/2026 


** " അൽ മൗതു ഖബ്ലൽ മൗത് " എന്ന സൂഫി വാക്യം 

Monday, August 17, 2026

അഹമ്മദുല്ലാ ഷാ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ധീര പോരാളി


വായനയിൽ ലഭിച്ച ഒരറിവ് ഒരു ചിന്തയായി പങ്കു വെക്കട്ടെ...
1857 ഒന്നാം സ്വതന്ത്ര സമരം.. ശിപായി ലഹള എന്നൊക്കെ ബ്രിടീഷുകാർ വിളിച്ച ആ പോരാട്ടം.1857ലെ ആ വിപ്ലവത്തിന്റെ ചരിത്രം പറയുമ്പോൾ, ചില പേരുകൾ മാത്രം പതിയെ മാഞ്ഞുപോയിട്ടുണ്ട് എന്ന ചിന്തയിൽ ആണ് ഈ എഴുത്ത് .. അത്തരം പേരിലൊന്നാണ് ലൊന്നാണ് അഹമ്മദുല്ലാ ഷാ എന്ന ഫൈസാബാദിലെ മൗലവി.
         
          അഹമ്മദുല്ലാ ഷാ (1787 - 5 ജൂൺ 1858). ഫൈസാബാദിലെ മൗലവി എന്ന് അറിയപ്പെട്ടിരുന്ന ഈ മഹാനായ വ്യക്തി, 1857ലെ ഇന്ത്യൻ വിപ്ലവത്തിന്റെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു. അവധ് പ്രദേശത്തെ (അവധ് ഉത്തർ പ്രദേശിലെ ഒരു പ്രവിശ്യ) വിപ്ലവത്തിന്റെ 'വിളക്കുമാടം' എന്നാണ് ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഫൈസാബാദിൽ 1787ൽ ജനിച്ച അഹമ്മദുല്ല, ഒരു പ്രതിഭാധനനായ കുടുംബത്തിൽ നിന്നായിരുന്നു. പിതാവ് ഗുലാം ഹുസൈൻ ഖാൻ, ഹൈദർ അലിയുടെ സൈന്യത്തിലെ ഒരു പ്രമുഖ സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഈ പാരമ്പര്യം അദ്ദേഹത്തിന് സൈനികവും രാഷ്ട്രീയവുമായ ഒരു പശ്ചാത്തലം നൽകി. അദ്ദേഹം ഖുറാൻ പഠിച്ചു, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടി, കൂടാതെ ഇംഗ്ലണ്ട്, റഷ്യ, ഇറാൻ, ഇറാഖ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും ഹജ്ജ് കർമ്മം നിർവ്വഹിക്കുകയും ചെയ്തു. ഈ അന്താരാഷ്ട്ര അനുഭവങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തെ വിശാലമാക്കി. അദ്ദേഹം ഹിന്ദു-മുസ്ലിം സാഹോദര്യത്തിൽ വിശ്വസിച്ചിരുന്നു, ഫൈസാബാദിലെ ഗംഗ-ജമുനി തഹ്സീബിന്റെ പ്രതീകമായിരുന്നു. അദ്ദേഹത്തോടൊപ്പം പോരാടിയത് ഗംഗാദിൻ സിംഹും ഉമ്രാവോ സിംഹും പോലുള്ള ഹിന്ദു സുബേദാർമാരായിരുന്നു എന്നത് ഈ മതേതര മനോഭാവത്തിന് ഉദാഹരണമാണ്.
          1857ലെ വിപ്ലവത്തിനു മുമ്പേ, അഹമ്മദുല്ല സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവനായിരുന്നു. ഡൽഹി, മീററ്റ്, പട്ന, കൊൽക്കത്ത എന്നിവിടങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. 'ചപ്പാത്തി പ്രസ്ഥാനം' എന്നറിയപ്പെടുന്ന രഹസ്യസന്ദേശ വിനിമയ രീതി അദ്ദേഹത്തിന്റെ സംഭാവനയായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ ആസൂത്രണം ഉൾക്കൊള്ളിച്ച 'ഫതേ ഇസ്ലാം' എന്ന ലഘുലേഖയും അദ്ദേഹം രചിച്ചു. ബ്രിട്ടീഷ് ചരിത്രകാരൻ G.B. മാളസൺ, 1857ലെ വിപ്ലവത്തിന്റെ പിന്നിലെ ഗൂഢാലോചനയിൽ അഹമ്മദുല്ലയുടെ ബുദ്ധിശക്തിയും പരിശ്രമവും നിർണായകമായിരുന്നുവെന്ന് രേഖപെടുത്തിയിട്ടുണ്ട്
      1857നു മുമ്പ്, ബ്രിട്ടീഷുകാർ അദ്ദേഹത്തെ പട്നയിൽ വച്ച് അറസ്റ്റ് ചെയ്യുകയും വിപ്ലവഗൂഢാലോചനയുടെ പേരിൽ മരണശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് ആ ശിക്ഷ ജീവപര്യന്തമായി കുറച്ചു. എന്നാൽ, 1857 മേയ് 10ന് മീററ്റിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവം പട്നയിലെത്തുകയും, ജൂൺ 7ന് ലഹളക്കാർ തടവറ തകർത്ത് അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം വിപ്ലവത്തിന്റെ മുഖ്യ സൈനിക നേതാക്കളിൽ ഒരാളായി മാറി.
      1857 ജൂൺ 30ന് നടന്ന ചിൻഹാട്ട് യുദ്ധത്തിൽ, ബർക്കത്ത് അഹമ്മദിനൊപ്പം അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടു. ഹെൻറി ലോറൻസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ലഹളക്കാർക്ക് ഈ യുദ്ധത്തിൽ വിജയം നേടാൻ കഴിഞ്ഞു. ഈ വിജയത്തിനുശേഷം ലക്നൗ ലഹളക്കാരുടെ നിയന്ത്രണത്തിലായി. വാജിദലി ഷായുടെ പത്തുവയസ്സുകാരൻ മകൻ ബിർജിസ് ഖദറിനെ രാജാവായി പ്രഖ്യാപിച്ചു. എന്നാൽ, അഹമ്മദുല്ല കൊട്ടാര രാഷ്ട്രീയത്തിൽ ചേരാതെ തന്റെ സൈനിക മുന്നേറ്റം തുടർന്നു.
1858 മാർച്ച് 6ന് സർ കോളിൻ കാംബെൽ ലക്നൗ തിരിച്ചുപിടിച്ചു. ഇതോടെ അഹമ്മദുല്ല ഷാജഹാൻപൂരിലേക്ക് പിൻവാങ്ങി. അവിടെ നാനാസാഹിബും ഖാൻ ബഹാദൂർ ഖാനും അദ്ദേഹത്തോടൊപ്പം ചേർന്നു. 1858 മേയ് 15ന് ഷാജഹാൻപൂരിൽ നടന്ന യുദ്ധത്തിൽ ബ്രിട്ടീഷ് ജനറൽ ജോൺസിനെ പിന്തള്ളാൻ അവർക്ക് കഴിഞ്ഞു. എന്നാൽ, മേയ് 20ന് കാംബെൽ തിരിച്ചെത്തുകയും രാത്രിമുഴുവൻ നീണ്ട പോരാട്ടത്തിനൊടുവിൽ അഹമ്മദുല്ലയെ പിൻവാങ്ങാൻ നിർബന്ധിതനാക്കുകയും ചെയ്തു. ഈ സമയത്താണ് ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ തലയ്ക്ക് 50,000 വെള്ളിനാണയം പ്രതിഫലം പ്രഖ്യാപിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തെ പിടികൂടാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല.
അഹമ്മദുല്ല പൗവയാൻ രാജാവ് ജഗന്നാഥ് സിംഗിനെ വിപ്ലവത്തിൽ ചേർക്കാൻ ശ്രമിച്ചു. എന്നാൽ, രാജാവ് അദ്ദേഹത്തെ സ്വീകരിച്ചില്ല. പകരം, രാജാവിന്റെ സഹോദരൻ കുൻവർ ബൽദേവ് സിംഗ്, ആനപ്പുറത്തേറി കൊട്ടാരത്തിലെത്തിയപ അഹ്‌മദ്‌ള്ളയെവെടിവച്ചു. അഹമ്മദുല്ല ആനപ്പുറത്തു നിന്ന് താഴെ വീണു. അദ്ദേഹത്തിന്റെ തല വെട്ടി ബ്രിട്ടീഷ് മജിസ്ട്രേറ്റിനു കൈമാറി. പ്രതിഫലമായി 50,000 വെള്ളിനാണയം അവർക്ക് ലഭിച്ചു. അടുത്ത ദിവസം ആ തല കോട്വാലിയിൽ പ്രദർശിപ്പിച്ചു.

    G.B. മാളസൺ (ജോർജ് ബ്രൂയ്‌സ് മാളസെൻ ) അദ്ദേഹത്തെക്കുറിച്ച് എഴുതി: 

"ഒരു ദേശഭക്തൻ എന്നാൽ, അന്യായമായി നശിപ്പിക്കപ്പെട്ട തന്റെ രാജ്യത്തിനുവേണ്ടി പോരാടുകയും മരിക്കുകയും ചെയ്യുന്നവൻ. എങ്കിൽ, ഫൈസാബാദിലെ മൗലവി അഹമ്മദുല്ലാ ഷാ ഒരു യഥാർത്ഥ ദേശഭക്തനായിരുന്നു."

അദ്ദേഹത്തിന്റെ സൈനിക വൈഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ഓഫീസർ തോമസ് സീറ്റൺ പറഞ്ഞു: 

"മഹത്തായ കഴിവുകളും, അചഞ്ചലമായ ധൈര്യവും, ദൃഢനിശ്ചയവുമുള്ള, ലഹളക്കാരിൽ ഏറ്റവും മികച്ച സൈനികൻ."

അഹമ്മദുല്ലാ ഷാ, ഒരു മതനേതാവ് എന്നതിലുപരി, വ്യത്യസ്ത മതവിഭാഗങ്ങളെ ഒന്നിപ്പിച്ച ഒരു നേതാവായിരുന്നു. 1857ലെ വിപ്ലവത്തിൽ നാനാസാഹിബ്, ഖാൻ ബഹാദൂർ ഖാൻ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തോടൊപ്പം പോരാടി. 
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പല നായകന്മാരും അവഗണിക്കപ്പെട്ടിട്ടുണ്ട്. അഹമ്മദുല്ലാ ഷായും അതിൽ ഒരാളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവും ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള നിലപാടും ഇന്നും പ്രസക്തമാണ്.

Reference : https://archive.org/details/indianmutinyof00malliala/page/n9/mode/1up


Friday, August 7, 2026

നാഗസാക്കി, ഹിരോഷിമ മുതല്‍ ഗസ വരെ : മനുഷ്യകുരുതികളുടെ ചെകുത്താന്‍ രാഷ്ട്രീയം.



      1945 ഓഗസ്റ്റ് 6, 9. ലോകചരിത്രത്തിൽ ആദ്യവും അവസാനവുമായ ആണവായുധ ആക്രമണങ്ങൾ. ഹിരോഷിമ, നാഗസാക്കി. രണ്ട് ലക്ഷത്തിലധികം പേരുടെ തൽക്ഷണ മരണം, തലമുറകളോളം നീണ്ടുനിൽക്കുന്ന രോഗങ്ങളും വികലാംഗതകളും. ജപ്പാൻ അപ്പോഴേക്കും പരാജയത്തിന്റെ വക്കിലായിരുന്നു; അമേരിക്ക ആണവായുധത്തിന്റെ ഭീകരത ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ച്, സോവിയറ്റ് യൂണിയനെ ഭയപ്പെടുത്തി, തങ്ങളുടെ ആധിപത്യം ഉറപ്പിക്കുക മാത്രമായിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള നിർബന്ധിത നടപടിയായിരുന്നു അതെന്ന് അമേരിക്ക പറഞ്ഞു. എന്നാൽ ചരിത്രം തെളിയിക്കുന്നത്, ജപ്പാൻ അപ്പോഴേക്കും കീഴടങ്ങാറായിരുന്നു എന്നാണ്. അത്രയും ബലഹീനമയ ഒരു രാജ്യത്തിന്‍റെ മേല്‍ ആയുധത്തിന്റെ ശക്തി പ്രദർശിപ്പിച്ച് ലോകനിയന്ത്രണം ഉറപ്പിക്കാനുള്ള ഒരു രാഷ്ട്രീയ നീക്കം മാത്രമായിരുന്നു ഹിരോഷിമയും നാഗസാക്കിയും.              

                 ഇപ്പോൾ, 80 വർഷങ്ങൾക്കിപ്പുറം, ആ രക്തപാത ഗാസയിൽ തുടരുന്നു. എന്നാൽ ഇത്തവണ അത് ഒരു തൽക്ഷണ ആക്രമണമല്ല; മറിച്ച്, ചിട്ടയായതും ക്രമാനുഗതവുമായ ഒരു വംശഹത്യയാണ്. 2023 ഒക്ടോബർ മുതൽ, 2.3 ദശലക്ഷം പലസ്തീനികൾ — അവരിൽ പകുതിയിലധികവും കുട്ടികൾ — ഒരു തുറന്ന ജയിലിൽ കഴിയുന്നു. ഇസ്രായേൽ 20 മാസത്തിനുള്ളിൽ ഗാസയിൽ വർഷിച്ചത് 1,00,000 ടണ്ണിലധികം സ്ഫോടകവസ്തുക്കൾ. ഹിരോഷിമ-നാഗസാക്കി ആക്രമണങ്ങളുടെ ആറിരട്ടി. അഞ്ച് ആണവബോംബുകൾക്ക് തുല്യമായ നാശം. 61,000-ത്തിലധികം പേർ കൊല്ലപ്പെട്ടു; യഥാർത്ഥ കണക്ക് 1,00,000 കവിയുമെന്ന് റിപ്പോർട്ടുകൾ. മരിച്ചവരിൽ 70% സ്ത്രീകളും കുട്ടികളുമാണ്.

              ബുഷ് മുതൽ ട്രംപ് വരെ, അമേരിക്കൻ നയങ്ങൾ ഒരേ രക്തപാതയുടെ തുടർച്ചയാണ്. വ്യത്യസ്ത കക്ഷികളുടെ പ്രതിനിധികൾ എന്നതിനപ്പുറം, അവരുടെ നയങ്ങൾ ഒരേ അമേരിക്കൻ സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗങ്ങളാണ്. ഓരോ കാലത്തും അമേരിക്ക ഒരു "ശത്രു" സൃഷ്ടിക്കുന്നു — കമ്മ്യൂണിസം, ഭീകരത, "തിന്മയുടെ അച്ചുതണ്ട്", ഇറാൻ, ഹമാസ്. ഈ ശത്രു നിർമ്മിതി ജനങ്ങളെ ഭയപ്പെടുത്തി യുദ്ധത്തെ ന്യായീകരിക്കുന്നു. "ഹമാസിനെതിരായ യുദ്ധം" എന്ന പേരിൽ, ഒരു മുഴുവൻ ജനതയെയും ഉന്മൂലനം ചെയ്യുന്നു. ഹിരോഷിമയിൽ "ജപ്പാനെതിരായ യുദ്ധം" എന്ന പേരിൽ സാധാരണക്കാർ കൊല്ലപ്പെട്ടു; ഗാസയിൽ "ഹമാസിനെതിരായ യുദ്ധം" എന്ന പേരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു. രണ്ടിടത്തും ഒരേ ന്യായം: "ശത്രുവിനെ ഇല്ലാതാക്കുക." എന്നാൽ യാഥാർത്ഥ്യത്തിൽ, ശത്രു എന്ന പേരിൽ ഒരു മുഴുവൻ ജനതയെയാണ് ലക്ഷ്യമിടുന്നത്.

അമേരിക്കൻ സൈനിക-വ്യാവസായിക സമുച്ചയം യുദ്ധങ്ങളിൽ നിന്ന് ബില്യൺ കണക്കിന് ഡോളർ ലാഭമുണ്ടാക്കുന്നു. ലോക്ഹീഡ് മാർട്ടിൻ, റേത്തിയോൺ, ബോയിങ് — ഈ ആയുധ കമ്പനികളുടെ ഷെയർ വില ഗാസയിലെ ഓരോ ബോംബിനൊപ്പവും ഉയരുന്നു. രക്തത്തിൽ നിന്ന് ലാഭമുണ്ടാക്കുന്ന ഒരു വ്യവസ്ഥ. ഹിരോഷിമയിലെ ആണവബോംബ് ഒരു "ശാസ്ത്രീയ പരീക്ഷണം" കൂടിയായിരുന്നു; ഗാസയിലെ ആധുനിക ആയുധങ്ങളും അതേ പരീക്ഷണശാലയാണ്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടാർഗറ്റിംഗ് സംവിധാനങ്ങൾ, പുതിയ ബോംബുകൾ — ഇവയെല്ലാം ഗാസയിൽ പരീക്ഷിക്കപ്പെടുന്നു. ഹിരോഷിമയിൽ അമേരിക്ക പുതിയ ആയുധം പരീക്ഷിച്ചു; ഗാസയിൽ അമേരിക്കൻ ആയുധങ്ങൾ ഇസ്രായേൽ പരീക്ഷിക്കുന്നു.മിഡിൽ ഈസ്റ്റ് — എണ്ണ, ഗ്യാസ്, ഭൂമിശാസ്ത്രപരമായ പ്രാധാന്യം. ഇസ്രായേലിലൂടെ അമേരിക്ക ഈ പ്രദേശത്ത് തന്റെ സൈനിക സാന്നിധ്യം ഉറപ്പിക്കുന്നു. ഗാസയിലെ നാശം, അമേരിക്കയുടെ മിഡിൽ ഈസ്റ്റ് നയങ്ങളുടെ ഒരു ഉപോൽപ്പന്നം മാത്രം. 1945-ൽ ജപ്പാനിൽ അമേരിക്ക സ്ഥാപിച്ച സൈനിക താവളങ്ങൾ ഇന്നും ഏഷ്യയിലെ അമേരിക്കൻ ആധിപത്യത്തിന്റെ കേന്ദ്രങ്ങളാണ്. ഗാസയിലെ നാശം, മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ പങ്കാളിയായ ഇസ്രായേലിന്റെ ശക്തി പ്രദർശനം കൂടിയാണ്. രണ്ടിടത്തും, തന്ത്രപ്രധാനമായ നിയന്ത്രണത്തിന് വേണ്ടിയുള്ള രക്തപാത.

ഗാസയിൽ ഇന്ന് സംഭവിക്കുന്നത് യുദ്ധമല്ല; അത് വംശഹത്യയാണ്. ഇസ്രായേൽ മന്ത്രിമാർ തന്നെ ഇത് പരസ്യമായി വിളിച്ചുപറഞ്ഞിട്ടുണ്ട്: "ഞങ്ങൾ ഒരു മനുഷ്യശൂന്യമായ ഗാസ സൃഷ്ടിക്കും." ഗാസയിലെ 36 ആശുപത്രികളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാക്കപ്പെട്ടു. അൽ-ഷിഫ, അൽ-അഹ്ലി, ഇന്ദോനേഷ്യൻ ആശുപത്രികൾ — രോഗികൾ, ഡോക്ടർമാർ, അഭയാർത്ഥികൾ എല്ലാം ഒന്നിച്ച് കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സ്കൂളുകൾ പോലും ബോംബാക്രമണത്തിന് ഇരയായി. കുട്ടികൾ ക്ലാസ്സ് മുറികളിൽ വച്ച് കൊല്ലപ്പെട്ടു. ഇസ്രായേൽ ഭക്ഷണം, വെള്ളം, മരുന്നുകൾ എല്ലാം തടഞ്ഞു. കുട്ടികൾ പട്ടിണി കൊണ്ട് മരിക്കുന്നു — 21-ാം നൂറ്റാണ്ടിൽ, ലോകം കണ്മുന്നിൽ കാണുന്നു. 2.3 ദശലക്ഷം പേരിൽ 90% ത്തിലധികം പേർ സ്ഥാനഭ്രംശം സംഭവിച്ചവരാണ്. ഇസ്രായേൽ അവരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് തുരത്തിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ, ഗാസയിൽ യുദ്ധവിരാമം ആവശ്യപ്പെട്ട എല്ലാ പ്രമേയങ്ങളും അമേരിക്ക വെറ്റോ ചെയ്തു. ഓരോ വെറ്റോയും — ആയിരക്കണക്കിന് പലസ്തീനി ജീവൻ അപഹരിക്കപ്പെടാൻ അനുവദിക്കുന്ന ഒരു ഔദ്യോഗിക അംഗീകാരമാണ്. ലോകം യുദ്ധവിരാമം ആവശ്യപ്പെടുമ്പോൾ, അമേരിക്ക ബോംബുകൾ അയയ്ക്കുന്നു. 2025 ജൂണിൽ, പ്രസിഡന്റ് ട്രംപ് ഹിരോഷിമ-നാഗസാക്കി ആക്രമണങ്ങളുമായി തങ്ങളുടെ നടപടിയെ താരതമ്യപ്പെടുത്തി. "അത് ആ യുദ്ധം അവസാനിപ്പിച്ചു; ഇത് ഈ യുദ്ധം അവസാനിപ്പിച്ചു" — അദ്ദേഹം പറഞ്ഞു. 80 വർഷങ്ങൾക്കിപ്പുറം, ഒരു അമേരിക്കൻ പ്രസിഡന്റ് ആണവായുധ ആക്രമണത്തെ ന്യായീകരിക്കുന്ന അതേ വാദം ആവർത്തിക്കുകയാണ്. ഇത് യാദൃച്ഛികമല്ല; ഇത് അമേരിക്കൻ നയത്തിന്റെ അടിസ്ഥാന തത്ത്വത്തിന്റെ തുടർച്ചയാണ്: "അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വേണ്ടി, ഏത് രക്തച്ചൊരിച്ചിലും ന്യായീകരിക്കാം."

ഈ രക്തപാത ഒറ്റപ്പെട്ട നയങ്ങളുടെ ഫലമല്ല — മറിച്ച്, അമേരിക്കൻ മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ ഘടനാപരമായ സവിശേഷതയാണ്. യുദ്ധം മുതലാളിത്തത്തിന്റെ സ്വഭാവമാണ്. സമാധാനം ലാഭത്തെ തടസ്സപ്പെടുത്തുമ്പോൾ, യുദ്ധം ലാഭത്തെ വർദ്ധിപ്പിക്കുന്നു. ഹിരോഷിമ, വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഗാസ — എല്ലാം ഒരേ മുതലാളിത്ത വ്യവസ്ഥയുടെ ഉപോൽപ്പന്നങ്ങൾ. ഓരോ യുദ്ധവും ആയുധ കമ്പനികൾക്ക് ലാഭം, ഓരോ രക്തവും അമേരിക്കൻ ആധിപത്യത്തിന്റെ അടിത്തറ. 1945-ൽ അമേരിക്ക ജപ്പാനെ ആക്രമിച്ചു — അതിനെ "യുദ്ധം അവസാനിപ്പിക്കൽ" എന്ന് വിളിച്ചു. 2025-ൽ, അമേരിക്ക ഗാസയിലെ വംശഹത്യക്ക് ആയുധങ്ങൾ നൽകുന്നു — അതിനെ "അമേരിക്കൻ താൽപ്പര്യങ്ങൾ" എന്ന് വിളിക്കുന്നു. "ഹിരോഷിമ ആവർത്തിക്കരുത്" എന്ന ആഹ്വാനം, ഗാസയിൽ ഇന്ന് സംഭവിക്കുന്നതിനെതിരെ ഉയരുന്നില്ലെങ്കിൽ അർത്ഥശൂന്യമാണ്. ഹിരോഷിമയുടെ ഓർമ്മകൾ ഔപചാരിക ചടങ്ങുകളായി മാറുമ്പോൾ, ഗാസയിൽ ആ ഓർമ്മകൾ ഇന്ന് നടക്കുന്ന യാഥാർത്ഥ്യമാണ്. യഥാർത്ഥ സമാധാനം എന്നത് രക്തത്താൽ മാത്രമല്ല, നീതിയാലും സ്ഥാപിക്കപ്പെടുന്നു. ആ നീതി എല്ലാ ജനങ്ങൾക്കും — ജാപ്പനീസ്, പലസ്തീനി, ഇറാഖി, യമനി, എല്ലാവർക്കും — ഒരുപോലെ ലഭിക്കണം. അല്ലെങ്കിൽ, ഹിരോഷിമയുടെ 80-ാം വാർഷികം ആഘോഷിക്കുമ്പോൾ, നാം ആ രക്തപാതയുടെ പങ്കാളികളായിരിക്കും.

       "ചരിത്രം ആവർത്തിക്കുന്നു — ആദ്യം ദുരന്തമായി, പിന്നെ പ്രഹസനമായി." കാൾ മാർക്സിന്റെ ആ വാക്കുകൾ ഇന്ന് ഗാസയിൽ അക്ഷരാർത്ഥത്തിൽ സംഭവിക്കുകയാണ്. നമ്മൾ അതിനെ മൗനം പാലിച്ച് കാണുകയാണോ, അതോ ചരിത്രത്തിന്റെ ഈ അധ്യായം അവസാനിപ്പിക്കാൻ ശബ്ദമുയർത്തുകയാണോ? തിരഞ്ഞെടുപ്പ് നമ്മുടേതാണ്. ഗാസയിൽ ഇന്ന് സംഭവിക്കുന്നത്, നാളെ എവിടെയും സംഭവിക്കാം — നമ്മൾ മൗനം പാലിക്കുന്നിടത്തോളം.


Saturday, August 1, 2026

ഹർകിഷൻ സിംഗ് സുർജിത് : മതേതര ഇന്ത്യയുടെ കാവൽക്കരൻ

 ഹർകിഷൻ സിംഗ് സുർജിത് : 

മതേതര ഇന്ത്യയുടെ കാവൽക്കരൻ 

      1916 മാർച്ച് 23-ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച ഹർകിഷൻ സിംഗ് സുർജിത്തിന്റെ ജീവിതം, ഒരു വിപ്ലവകാരിയിൽ നിന്ന് ദേശീയ തലത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനിലേക്കുള്ള അതുല്യമായ പരിണാമമായിരുന്നു. 2008 ഓഗസ്റ്റ് 1-ന് അന്തരിക്കും വരെ 75 വർഷത്തിലധികം സജീവമായ രാഷ്ട്രീയ സാന്നിധ്യമായിരുന്ന അദ്ദേഹം, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിന്നുകൊണ്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ ആഴങ്ങൾ കൈകാര്യം ചെയ്ത ദീർഘദർശിയായിരുന്നു.

ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വത്താൽ ആകൃഷ്ടനായ അദ്ദേഹം 14-ആം വയസ്സിൽ 'നൗജവാൻ ഭാരത് സഭ'യിൽ ചേർന്നു. 1932-ൽ വെറും 16-ആം വയസ്സിൽ ഹോഷിയാർപൂർ കോടതി കെട്ടിടത്തിൽ കയറി യൂണിയൻ ജാക്ക് പതാക പറിച്ചെറിഞ്ഞ് ത്രിവർണ്ണ പതാക ഉയർത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ബാലതടവുകാരുടെ പരിഷ്കരണ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. 1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം കർഷക പ്രസ്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചു. 1964-ലെ ചരിത്രപരമായ പിളർപ്പിൽ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു എന്നിവർക്കൊപ്പം സി.പി.ഐ. (എം) രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, 1992 മുതൽ 2005 വരെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ ശാശ്വതമായി പ്രതിഷ്ഠിച്ചത് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്ശേ ഷമുള്ള സംഭവവികാസങ്ങളാണ്. ഒരു തൂക്കുപാർലമെന്റ്  ആയിരുന്നു ഫലം. ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ.ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, 61 സീറ്റുകളുമായി ഇടതുപക്ഷം 'കിംഗ് മേക്കർ' ആയി. അന്ന് സി.പി.ഐ. (എം) ജനറൽ സെക്രട്ടറിയായിരുന്ന സുർജിത്തിന്റെ '8, തീൻ മൂർത്തി ലെയിൻ' വസതി രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങൾ തീരുമാനിക്കപ്പെട്ട യുദ്ധമുറിയായി. വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ, കോൺഗ്രസ്, എൻ.സി.പി., ആർ.ജെ.ഡി.,

എന്നീ കക്ഷികളെ ഒരുമിപ്പിച്ച് യു.പി.എ. (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) രൂപീകരിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്താൻ സോണിയാ ഗാന്ധിക്കുപോലും സുർജിത്തിന്റെ അനുഗ്രഹവും ഇടപെടലും അനിവാര്യമായിരുന്നു.

ഈ മുന്നണിയുടെ അടിത്തറയായിരുന്നു പൊതുമിനിമം പരിപാടി (Common Minimum Programme - CMP). 2004 മെയ് 27-ന് പുറത്തിറക്കിയ ഈ രേഖ, ഇടതുപക്ഷത്തിന്റെ സ്വാധീനത്തിൽ തയ്യാറാക്കപ്പെട്ട ഒരു നയപ്രഖ്യാപനമായിരുന്നു. അതിലെ പ്രധാന വാഗ്ദാനങ്ങൾ ഇവയായിരുന്നു: വിവാദപരമായ പോട്ട (POTA) നിയമം റദ്ദാക്കുക; ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ലെന്ന് ഉറപ്പുനൽകുക; തൊഴിലാളികളുടെ നിയമന-പിരിച്ചുവിടൽ നയത്തിൽ മാറ്റം വരുത്താതിരിക്കുക; ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ.) ഉടൻ നടപ്പാക്കുക; ജി.ഡി.പി.യുടെ 6% വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുക; അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകരിക്കുക എന്നിവയായിരുന്നു അവ. സി.പി.ഐ. (എം) സർക്കാരിൽ പങ്കാളിയാകാതെ 'പുറമെ നിന്നുള്ള പിന്തുണ' നൽകാൻ തീരുമാനിച്ചു, കൂടാതെ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ആദ്യകാലങ്ങളിൽ വിജയകരമായിരുന്ന ഈ സഖ്യം, 2007-ലെ ഇന്ത്യ-അമേരിക്ക ആണവ കരാർ വിവാദത്തിൽ പ്രതിസന്ധിയിലായി. 2008 ജൂലൈയിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചു. ആ സമയം സുർജിത് അസുഖ ബാധിതൻ ആയി തീവ്ര പരിചരണ വിഭാഗത്തിലാണ്.. ഒരു പക്ഷെ ആ സമയം അദ്ദേഹം സജീവമായിരുന്നെങ്കിൽ ആണവ കരാർ പ്രശ്നം മറ്റൊരു ദിശയിലേക്ക് മാറുമായിരുന്നു. (ആ കാരാറ് കൊണ്ട് ഉണ്ടായ നേട്ടം എന്ത് എന്ന് ചോദിച്ചാൽ 2 പതിറ്റാൻഡിനു ശേഷം എടുത്തു പറയാൻ ഒന്നുമില്ലെന്ന് പറയേണ്ടി വരും.. ഊർജ്യോത്പാദത്തിനായി അത് വഴി ചിലവിട്ടതിനേക്കാൾ എത്രയോ തുച്ഛം ചെലവ് കൊണ്ട് ഇന്ന് സോളാർ വഴി നമ്മുടേതായ രീതിയിൽ ഊർജം ഉൽപാദിപ്പിക്കുന്നുണ്ട്. എന്ന് മാത്രമല്ല അടിസ്ഥാന പരമായി സാധാരക്കാരന്റെ ഒരു അനേകായിരം പ്രശ്നങ്ങളിൽ ഒരു പ്രശ്നത്തിനും പരിഹാരം ആയിരുന്നില്ല ആ കരാർ. )

പ്രധാനമന്ത്രി മൻമോഹൻ സിങ് സഖാവിനെ 'യു.പി.എ.യുടെ ശില്പി' എന്ന് വിശേഷിപ്പിച്ചു. മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാനേതാവ്, 2008 ഓഗസ്റ്റിൽ വിടവാങ്ങിയെങ്കിലും, സഖാവിന്റെ ഓർമ്മകൾ ഇന്ത്യൻ പാർലമെന്റിന്റെ ചരിത്ര താളുകളിൽ എന്നും ജ്വലിച്ചുനിൽക്കും. മതേതര മൂല്യങ്ങളുടെ കാവൽക്കരൻ എന്ന ലേബലിൽ ആ നാമം പ്രകാശിച്ചു കൊണ്ടേ നിൽക്കും....


Friday, July 31, 2026

റഫി സാബ് : നിലക്കാത്ത മധുര സംഗീതം

 

റഫി സാബ് : നിലക്കാത്ത മധുര സംഗീതം



ഇന്ത്യയുടെ വിഭജനത്തിന്റെ കനത്ത നിഴലിൽ, രക്തവും തീജ്വാലകളും ഇടംപിടിച്ച ആ ചരിത്ര നാഴികക്കല്ലിൽ, ഒരു യുവ ശബ്ദം പാകിസ്താനിലെ ലാഹോറിൽ നിന്ന് ഇന്ത്യയുടെ മുംബൈയിലേക്ക് ദേശാന്തരം ചെയ്തു. അമൃതസറിന്റെ മണ്ണിൽ വേരുകളുള്ള ആ യുവാവിന്, വിഭജനത്തിന്റെ വേദന സ്വന്തം ജീവിതത്തിന്റെ ഭാഗമായിരുന്നു. കുടുംബവും സ്വപ്നങ്ങളും തിരികെ വിട്ട്, പുതിയൊരു ജന്മഭൂമിയിൽ കാലുകുത്തിയ ആ സംഗീതജ്ഞൻ തന്റെ ഹൃദയത്തിലെ ആ വിങ്ങലിനെയും പ്രവാസത്തിന്റെ ഏകാന്തതയെയും തന്റെ ഗാനങ്ങളുടെ ഈണത്തിൽ അലിയിച്ചു. 

ആ യുവാവാണ് മുഹമ്മദ് റഫി. ഒരു ശബ്ദത്തിന് എങ്ങനെ ഇത്രയധികം വികാരങ്ങളെ തഴുകാനാകും എന്ന് അത്ഭുതപ്പെടുത്തുന്ന, ആത്മാവിന്റെ തന്ത്രികൾ മീട്ടുന്ന ആ ദിവ്യസ്വരത്തിന് മുന്നിൽ നമ്മൾ ഇന്നും നിശബ്ദരാകുന്നു.

ഒരിക്കൽ പഞ്ചാബിലെ ലാഹോറിൽ, ഉച്ചഭാഷിണി തകരാറിലായ ഒരു സംഗീത പരിപാടിയിൽ, മൈക്കില്ലാതെ താൻ പാടണമെന്ന് നിർബന്ധം പിടിച്ച ആ പതിനഞ്ചുകാരൻ, സദസ്സിനെ അമ്പരപ്പിച്ചുകൊണ്ട് ശബ്ദം വിടർത്തി. ആ മാന്ത്രിക നിമിഷത്തിന് സാക്ഷിയായിരുന്നു സ്വയം ഇതിഹാസമായ കുന്ദൻലാൽ സൈഗാൾ. എന്നാൽ ചരിത്രത്തിന്റെ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ, ആ പ്രതിഭയെ അതിന്റെ അഗ്നിപരീക്ഷയ്ക്ക് വിധേയനാക്കി. രണ്ടു രാജ്യങ്ങൾക്കിടയിൽ പിളർന്നുപോയ മണ്ണിൽ, റഫി തന്റെ പഴയ ഓർമ്മകളെയും ആദ്യകാല സ്വപ്നങ്ങളെയും പാകിസ്താനിൽ ഉപേക്ഷിച്ച്, ഇന്ത്യൻ സിനിമയുടെ തിരക്കേറിയ നഗരിയായ ബോംബെയിൽ തന്റെ പുതിയ പാത തീർത്തു. ആ ദുരന്തത്തിന്റെ ആഴങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ ശബ്ദത്തിന് അതീതമായ ഉരുക്കുബലം ലഭിച്ചത്. ദേശവിഭജനത്തിന്റെ വേദന തന്റെ രക്തത്തിൽ അറിഞ്ഞ ആ ശബ്ദത്തിന്, പിന്നീട് പാടിയ ഓരോ വിരഹഗാനത്തിലും ആ അനുഭവത്തിന്റെ സ്പർശമുണ്ടായിരുന്നു.

ഇന്ത്യ-പാക് അതിർത്തികൾ രക്തത്തിന്റെയും വിദ്വേഷത്തിന്റെയും വരകൾ വരച്ചപ്പോഴും, റഫിയുടെ ശബ്ദം ആ അതിർത്തികൾക്കപ്പുറത്തേക്ക് പറന്നു. ഹിന്ദിയിലും ഉർദുവിലും പാടിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ രണ്ടു രാജ്യങ്ങളിലും ഒരുപോലെ പ്രിയങ്കരങ്ങളായി. പ്രണാമത്തിന്റെ ഊഷ്മളത മുതൽ പ്രണയത്തിന്റെ തീവ്രത വരെ, വൈരാഗ്യത്തിന്റെ ആഴങ്ങൾ മുതൽ ആനന്ദത്തിന്റെ മധുരം വരെ, ഓരോ ഭാവത്തെയും മനുഷ്യസഹജമായി ഉൾക്കൊണ്ട റഫി, രണ്ടു രാജ്യങ്ങളുടെയും ഹൃദയങ്ങളിൽ ഇടംനേടി. 'ചൗദ്വീം കാ ചാന്ദ്' പോലുള്ള ഗാനങ്ങളിലെ അലൗകികതയോ, 'ലിഖേ ജോ ഖത് തുഝെ' പോലുള്ള ഗാനങ്ങളിലെ ദ്രവിപ്പിക്കുന്ന സംഗീതമോ, 'ആജ് മോസം ബഡാ ബേയ്മാൻ ഹേ' എന്ന ഗാനത്തിലെ വിഷാദമോ, എല്ലാം ആ വിഭജനത്തിന്റെ വേദനയാൽ കൂടുതൽ തീക്ഷ്ണമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പാരമ്പര്യവും ഉർദു ഗസലുകളുടെ തനിമയും തന്റെ ശബ്ദത്തിൽ സംയോജിപ്പിച്ച അദ്ദേഹം, രണ്ടു രാജ്യങ്ങളുടെയും വേർപിരിഞ്ഞ സംസ്കാരത്തെ പാലമിട്ടു ബന്ധിപ്പിക്കുന്ന പ്രതീകമായി മാറി.

1980 ജൂലൈ 31-ന്, ഹൃദയാഘാതത്തെത്തുടർന്ന് ആ ജീവൻപറ്റുന്ന ശബ്ദം നിശബ്ദമായപ്പോൾ, ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ദുഃഖത്തിലാണ്ടു. ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്. എന്നാൽ അദ്ദേഹം തീർത്ത ആ അനശ്വര രചനകൾ ചരിത്രത്തിന്റെ ഓരോ ഏടിലും ഇന്നും ജീവിക്കുന്നു. രാഷ്ട്രീയ അതിർത്തികൾ മനുഷ്യരെ പിരിച്ചുവിട്ടപ്പോൾ, മുഹമ്മദ് റഫി എന്ന കലാകാരൻ തന്റെ ശബ്ദംകൊണ്ട് ആ വിടവുകൾ നികത്തി. 1967-ൽ അദ്ദേഹത്തിന് ലഭിച്ച പത്മശ്രീ പോലുള്ള ബഹുമതികൾ ആ പ്രതിഭയുടെ നിസ്സാര തെളിവുകൾ മാത്രം. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോഴെല്ലാം, ഭൂമിശാസ്ത്രത്തിന്റെ കണ്ണികൾ ലയിച്ചുപോകുന്ന ഒരു ലോകത്തിലേക്കാണ് നമ്മൾ യാത്ര ചെയ്യുന്നത്. വിഭജനത്തിന്റെ മുറിവേറ്റ ആത്മാക്കൾക്ക് സാന്ത്വനമേകാൻ ആ ശബ്ദത്തിനു കഴിഞ്ഞു - അതാണ് മുഹമ്മദ് റഫി സാബിന്റെ ഏറ്റവും വലിയ പൈതൃകം. അദ്ദേഹം മറഞ്ഞിട്ട് നാലു പതിറ്റാണ്ടുകൾക്കു ശേഷവും, ഓരോ പാട്ടും നമ്മെ ആശ്ലേഷിക്കുമ്പോൾ, ആ ശബ്ദം ഒരിക്കലും വിഭജിക്കപ്പെട്ടിട്ടില്ലെന്നും, അത് മുഴുവൻ മനുഷ്യകുലത്തിന്റേതുമാണെന്നും നമുക്ക് ബോധ്യമാകുന്നു. ഓരോ ജൂലൈ 31-നും, ആ അനശ്വര ഗായകനെ ഓർത്തുകൊണ്ട്, നമ്മുടെ ഹൃദയങ്ങൾ അദ്ദേഹത്തിന്റെ ഈണത്തിൽ മിടിക്കുന്നു.

ലാൽജി പാണ്ടെ ( അഞ്ചാൻ ) എഴുതി ലക്ഷ്മിക്കാന്ത് പ്യാരേലാൽ സംഗീതം നൽകി 
അസീസ് സാബ് പാടിയ ക്രോധ് എന്ന ചലച്ചരത്തിലെ ഗാനം  



Saturday, July 25, 2026

ഇങ്ക്വിലാബ് സിന്ദാബാദ്

 ഇങ്ക്വിലാബ് സിന്ദാബാദ്..


അഭിജിത് ദീപ്കെ യോട്  ഒരു റിപ്പോട്ടർ നിങ്ങളെന്തിനാണ് ചില പ്രത്യേക മുദ്രാവാക്യങ്ങൾ മുഴക്കുന്നത് എന്ന് കുറ്റപെടുത്തുമ്പോൾ,  ദീപ്കെ തിരിച്ചു ഏതു മുദ്രാവാക്യം എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ആ റിപ്പോട്ടർ പറയുന്നത്  'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആണെന്ന്... അത് കേട്ട് ദീപ്കെ  കൗതുകത്തോടെ ചിരിക്കുന്നുണ്ട്..ചരിത്രം അറിയുന്നവർ ആ ചിരിയുടെ അർത്ഥം  കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാകും ....


പറയാൻ പോകുന്നത് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തെ കുറിച്ച് തന്നെയാണ് ...


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രതാപകരവും വികാരനിർഭരവുമായ മുദ്രാവാക്യങ്ങളിലൊന്നാണ് 'ഇങ്കുലാബ് സിന്ദാബാദ്'  ഉറുദു-ഹിന്ദി ഭാഷയിൽ 'വിപ്ലവം ജയിക്കട്ടെ' (Long Live the Revolution) എന്നർത്ഥമുള്ള ഈ മുദ്രാവാക്യം, കേവലമൊരു രാഷ്ട്രീയ ആഹ്വാനമായിരുന്നില്ല, മറിച്ച് ഒരു പുതിയ സാമൂഹിക വ്യവസ്ഥയുടെ സ്വപ്നം കൂടിയായിരുന്നു. 1921-ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വച്ച്, പ്രശസ്ത ഉറുദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ ഹസ്രത്ത് മൊഹാനി (Maulana Hasrat Mohani) ആണ് ഈ മുദ്രാവാക്യം ആദ്യമായി മുന്നോട്ട് വച്ചത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ സ്വരാജ്യം  ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹം ഇത് ഉയർത്തിയത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) സ്ഥാപക അംഗങ്ങളിൽ ഒരാളും 1925-ലെ കാൺപൂർ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായിരുന്നു മൊഹാനി. 'ഇഷ്തിരാകി മോമിൻ' (Communist Muslim) എന്ന് സ്വയം വിളിച്ച അദ്ദേഹം, 1917-ലെ റഷ്യൻ ബോൾഷെവിക് വിപ്ലവത്തിൽ ആകൃഷ്ടനായിരുന്നു. അതിനാൽ, ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് തന്നെ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു എന്നത് ചരിത്രസത്യമാണ്.

ഈ മുദ്രാവാക്യത്തെ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമാക്കി മാറ്റിയത് ഭഗത് സിംഗും സഖാക്കളുമാണ്. 1929 ഏപ്രിൽ 8-ന് ഡൽഹി സെൻട്രൽ അസംബ്ലിയിൽ ഭഗത് സിങ്ങും ബടുകേശ്വർ ദത്തും  ബോംബെറിഞ്ഞപ്പോൾ അവർ ആദ്യമായി ഈ മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കി. തുടർന്ന് 1929 ജൂണിൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന വിചാരണയ്ക്കിടെ അവർ ഇത് ആവർത്തിച്ചു. ഇതോടെ കോടതിമുറ്റത്ത് ഉയർന്ന ആദ്യ വിപ്ലവ മുദ്രാവാക്യം എന്ന ഖ്യാതിയും ഇതിന് ലഭിച്ചു. ഭഗത് സിങ്ങിനെ സംബന്ധിച്ചിടത്തോളം വിപ്ലവം  ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് മുതലാളിത്തവും ജന്മി സമ്പ്രദായവും  സാമൂഹിക അസമത്വവും ഇല്ലാത്ത ഒരു പുതിയ സോഷ്യലിസ്റ്റ് സമൂഹം  സ്ഥാപിക്കുക കൂടിയായിരുന്നു. ലെനിൻ, മാർക്സ്, ട്രോട്സ്കി എന്നിവരുടെ ആശയങ്ങളിൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട അവർ, ഈ മുദ്രാവാക്യത്തെ വർഗ്ഗസമരത്തിന്റെ ആഹ്വാനമായി കണ്ടു.

'ഇങ്ക്വിലാബ് സിന്ദാബാദ്' കേവലം ചരിത്രത്തിന്റെ ഭാഗമല്ല; വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും അതീതമായ, ഏത് വിപ്ലവകരമായ മാറ്റത്തെയും  അംഗീകരിക്കുന്ന ഒരു ജീവനുള്ള പൈതൃകമാണ്. എങ്കിലും, ഇന്ത്യയിൽ ഈ മുദ്രാവാക്യത്തിന് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി ഏറ്റവും ശക്തമായ രക്തബന്ധമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ സൃഷ്ടിയായി ആരംഭിച്ച്, ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ഈ മുദ്രാവാക്യം, സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിന്റെ  പ്രതീകമായി ഇന്നും നിലകൊള്ളുന്നു.

പിൻകുറിപ്പ് : 

ഒരു മനുഷ്യനെ അടയാളപ്പെടുത്തേണ്ടത് ആ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.. സ്വവിചിന്തനത്താൽ ആർജിച്ചെടുത്ത ഒരു മനുഷ്യന്റെ ബോധ്യങ്ങൾ,  സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടുന്ന രീതികൾ അടിസ്ഥാനപ്പെടുത്തിയാണ് അയാളുടെ പ്രസക്തി.. 

1905 ബംഗാൾ വിഭജന ശേഷം,  ആ വിഭജനത്തെ അനുകൂലിച്ച് (ദേശീയ രാഷ്ട്രീയതിന്റെ  ചാലക ശക്തി ആയിരുന്ന 'അന്നത്തെ' കോൺഗ്രസ്‌ വിഭജനത്തെ എതിർത്തിരുന്നു ) 1906 ഇന്റെ അവസാന മണിക്കൂറുകളിൽ രൂപം കൊണ്ട ഒരു പ്രസ്ഥാനം , പിന്നീട്ടുള്ള  നാലു പതിറ്റാണ്ട് പാടിപറഞ്ഞിരുന്ന മുഴുവൻ സമുദായ സ്നേഹ പ്രദർശനകളും ആദർശങ്ങളും അധികാരത്തിനായി റാഡിക്ലിഫ്ഫിന്റെ പേനത്തുമ്പിൽ പണയം വെച്ചപ്പോൾ മൊഹാനി അത്യുച്ചത്തിൽ അതിനെതിരെ നിലകൊണ്ടു. മറ്റുള്ളവരെല്ലാം അതിർത്തി കടന്നു അധികാരകസേരകളിലേക്ക് കയറി പോയപ്പോൾ അതിർത്തിക്കിപ്പുറം രാജ്യത്തോട് കൂറ് കാണിച്ച പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു മൊഹാനി...

രാജ്യത്തിന്റെ ഭരണഘടനാ രൂപീകരണ സമയം അതിൽ നിരന്തരം ഇടപ്പെട്ട് ബാക്കിയായവരുടെ അസ്തിത്വത്തിനായി  പോരാടുകയയായിരുന്നു ആ മനുഷ്യൻ.

സ്വാതന്ത്ര്യം ലഭിച്ചു നാല് വർഷം കഴിഞ്ഞപ്പോൾ സ്വന്തമായി ഒന്നും സംമ്പാദിക്കാതെ ഒരു ഫക്കീറായാണ് ആ മനുഷ്യൻ ഈ ലോകത്തോട് വിടപറഞ്ഞത്...


ഒരു ഓർമ കൂടി 

ഈ അടുത്ത് ചില സ്വതവാദികൾ ആ മനുഷ്യന്റെ ചിത്രം അവരുടെ ആളെന്നപോൽ അടയാളപ്പെടുത്തിയപ്പോൾ  ദീപ്കെ ചിരിച്ച അതെ ചിരിയാണ് മനസ്സിൽ വന്നത്..


ഒപ്പം..

ചുപ്കെ ചുപ്കെ രാത് ദിൻ 

ആംസൂ ബഹാനാ യാദ് ഹേ.. 

എന്ന മനോഹര ഗസൽ ഹസ്രത് മൊഹാനി യുടെ തൂലികയിൽ നിന്നാണ് പിറന്നത്.

ഗുലാം അലി സാബിന്റെ ശബ്ദത്തോടൊപ്പം ആ പ്രണയ നൊമ്പരം  ലോകം അവസാനിക്കുവോളം ഇവിടെ ഈ അന്തരീക്ഷത്തിൽ ഉണ്ടാകും..

Friday, July 24, 2026

Feild medal 2026

 ഫീൽഡ് മെഡൽ 2026



ഗണിതശാസ്ത്രലോകത്തെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ് ഫീൽഡ്സ് മെഡൽ (Fields Medal). ഇതിനെ പലപ്പോഴും ഗണിതത്തിന്റെ നോബൽ സമ്മാനം (Nobel Prize of Mathematics) എന്നു വിളിക്കാറുണ്ട്. 2026 ലെ ജേതാക്കളെക്കുറിച്ചറിയുന്നതിന് മുമ്പ്, ഈ പുരസ്കാരത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് കടന്നുപോകാം.

കനേഡിയൻ ഗണിതശാസ്ത്രജ്ഞനായ ജോൺ ചാൾസ് ഫീൽഡ്സിന്റെ സ്മരണാർത്ഥമാണ് ഫീൽഡ്സ് മെഡൽ ഏർപ്പെടുത്തിയത്. 1924 ലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് മാത്തമറ്റീഷ്യൻസിൽ (International Congress of Mathematicians - ICM) അദ്ദേഹം സമാഹരിച്ച ഫണ്ടിൽ നിന്നാണ് ഇത് സ്ഥാപിതമായത്. ആദ്യ ഫീൽഡ്സ് മെഡൽ 1936 ലാണ് നൽകിയത്. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഇത് നിർത്തിവച്ചെങ്കിലും 1950 മുതൽ ഓരോ നാലു വർഷത്തിലും, ഐസിഎമ്മിന് അനുസൃതമായി ഈ പുരസ്കാരം നൽകിത്തുടങ്ങി.

ഈ പുരസ്കാരത്തിന് ചില പ്രത്യേക നിബന്ധനകളുണ്ട്. പുരസ്കാര ലഭിക്കുന്ന വർഷത്തെ ജനുവരി ഒന്നിന് നാൽപ്പത് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ. ഓരോ തവണയും രണ്ടു മുതൽ നാലു വരെ ഗണിതശാസ്ത്രജ്ഞർക്കാണ് ഇത് നൽകാറുള്ളത്. സ്വർണ്ണം കൊണ്ടുള്ള മെഡലിൽ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ആർക്കിമിഡീസിന്റെ മുഖവും അദ്ദേഹത്തിന്റെ ഒരു ഉദ്ധരണിയും ആലേഖനം ചെയ്തിട്ടുണ്ട്. 2006 മുതൽ പതിനയ്യായിരം കനേഡിയൻ ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്. 2014 ൽ മറിയം മിർസാഖാനി (Maryam Mirzakhani) ആദ്യ വനിതയായും 2022 ൽ മറീന വ്യാസോവ്സ്ക (Maryna Viazovska) രണ്ടാമത്തെ വനിതയായും ഫീൽഡ്സ് മെഡൽ നേടി.

2026 ജൂലൈ 23 ന് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ വച്ച് നടന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് മാത്തമറ്റീഷ്യൻസിലാണ് ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചത്. ഷിക്കാഗോ സർവകലാശാലയിലെ യു ഡെങ് (Yu Deng), ന്യൂയോർക്ക് സർവകലാശാലയിലെയും ഫ്രാൻസിലെ ഐഎച്ച്ഇഎസിലെയും ഹോങ് വാങ് (Hong Wang) എന്നിവർ 1982 ന് ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ചൈനീസ് പൗരന്മാരായി മാറി. ഭൗതികശാസ്ത്രത്തിലെ സൂക്ഷ്മതല (microscopic) സിദ്ധാന്തങ്ങളെ സ്ഥൂലതല (macroscopic) പ്രതിഭാസങ്ങളുമായി ബന്ധിപ്പിക്കുന്ന ബോൾട്ട്സ്മാൻ സമവാക്യം (Boltzmann equation) കർശനമായി ഉരുത്തിരിച്ചെടുത്തതിനാണ് യു ഡെങ് അംഗീകരിക്കപ്പെട്ടത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കക്കയ ഊഹം (Kakeya conjecture) പരിഹരിച്ച ഹോങ് വാങ്, ഫീൽഡ്സ് മെഡലിന്റെ ചരിത്രത്തിൽ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയും 2026 ലെ ജേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുമാണ്.

സ്റ്റോണി ബ്രൂക്ക് സർവകലാശാലയിലെ ജോൺ പാർഡൻ (John Pardon), ടൊറന്റോ സർവകലാശാലയിലെ ജേക്കബ് സൈമർമാൻ (Jacob Tsimerman) എന്നിവരാണ് മറ്റു രണ്ട് ജേതാക്കൾ. ടോപ്പോളജി (Topology), ജ്യാമിതി (Geometry) മേഖലകളിലെ ദശാബ്ദങ്ങൾ പഴക്കമുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിനും കെട്ടുകളുടെ വികൃതത (knot distortion) എങ്ങനെ അവയുടെ സങ്കീർണ്ണതയെ നിയന്ത്രിക്കുന്നുവെന്നുള്ള പഠനത്തിനുമാണ് ജോൺ പാർഡൻ അംഗീകരിക്കപ്പെട്ടത്. ബീജഗണിത ജ്യാമിതിയിൽ (algebraic geometry) ശക്തമായ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തതിനാണ് ജേക്കബ് സൈമർമാന് ഈ ബഹുമതി ലഭിച്ചത്. 2026 ലെ ഫീൽഡ്സ് മെഡൽ ചരിത്രപരമായി പ്രധാനപ്പെട്ടതാകുന്നത് രണ്ട് ചൈനീസ് പൗരന്മാരും മൂന്നാമതൊരു വനിതയും ഇതിൽ ഉൾപ്പെട്ടതിനാലാണ്..

Monday, July 20, 2026

വി.എസ്. അച്യുതാനന്ദൻ: പോരാട്ടത്തിൻ്റെ നൂറ്റാണ്ട്

 



ഒരു പട്ടിണിക്കുട്ടി, ജാതിവെറിക്കു മുന്നിൽ ഇരുമ്പു ചങ്ങല കെട്ടി നിന്ന കൗമാരക്കാരൻ, എഴുത്തറിവില്ലാത്ത പാവങ്ങളെ ഉണർത്തിയ വിപ്ലവകാരി, മർദ്ദനത്തിനിടയിൽ ബയണറ്റ് കുത്തേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന യോദ്ധാവ്, 83-ാം വയസ്സിൽ മുഖ്യമന്ത്രിയായ കർമ്മയോഗി – അതാണ് വി.എസ്. അച്യുതാനന്ദൻ. നൂറ്റാണ്ടു കണ്ട കേരളം, അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെയാണ് ആത്മാഭിമാനത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പാഠങ്ങൾ ഉൾക്കൊണ്ടത്.

1923-ൽ ആലപ്പുഴ പറവൂരിലെ കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അച്യുതാനന്ദൻ്റെ ബാല്യം ദുരിതത്തിൻ്റെ നരകമായിരുന്നു. അമ്മ വസൂരിക്ക് മരിച്ചു, അച്ഛൻ മരിച്ചു, നാലു മക്കളും അനാഥരായി. എന്നിട്ടും ആ പാവപ്പെട്ട കുട്ടി വിദ്യാഭ്യാസത്തിനായി കൊതിച്ചു. എന്നാൽ സവർണ കുട്ടികൾ അവനെ തടഞ്ഞു: "താണ ജാതിക്കാർക്ക് പഠിക്കാനല്ല." അപ്പോഴാണ് അച്ഛൻ്റെ ഉപദേശം – അരഞ്ഞാണം കെട്ടി, തടുക്കാൻ വരുന്നവരെ നേരിടാൻ പറഞ്ഞു. ആ അരഞ്ഞാണം അച്യുതാനന്ദൻ്റെ ആദ്യ ആയുധമായി. അതു തന്നെയായിരുന്നു തുടക്കം – ജാതിക്കും അധികാരത്തിനും എതിരെയുള്ള ആജീവനാന്ത സമരത്തിൻ്റെ.

വിദ്യാഭ്യാസം ഏഴാം ക്ലാസിൽ നിലച്ചു. പണിസംഘടിപ്പിക്കാൻ വേണ്ടി തയ്യൽതൊഴിലാളിയായി. അവിടെയാണ് സ്വാതന്ത്ര്യസമരചർച്ചകൾ കേട്ട് രാഷ്ട്രീയം ഹൃദയത്തിലേറ്റിയത്. സഖാവ് പി. കൃഷ്ണപിള്ള അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൊണ്ടുവന്നു. പ്രായം തടസ്സമായില്ല. 1940-കളിൽ ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചു. കൂട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ അവൻ എത്തി, അവിടുത്തെ അടിമകളെ ബോധവൽക്കരിച്ചു. "താങ്കൾക്കും അവകാശമുണ്ട്" എന്ന ആദ്യത്തെ സന്ദേശം അവർക്ക് കിട്ടിയത് അച്യുതാനന്ദൻ്റെ ചുണ്ടിൽ നിന്നാണ്.

1946-ലെ പുന്നപ്ര-വയലാർ സമരം ചരിത്രമായി. ദിവാൻ്റെ പട്ടാളം നടത്തിയ കൂട്ടക്കൊലയ്ക്കിടെ, അച്യുതാനന്ദൻ ഒളിവിലായിരുന്നു. പിടിയിലായപ്പോൾ, പോലീസ് അദ്ദേഹത്തെ ബയണറ്റ് കൊണ്ട് കാലിൽ കുത്തി, ക്രൂരമായി മർദ്ദിച്ചു. രക്തം വാർന്നു, ബോധം നഷ്ടപ്പെട്ടു. മരിച്ചുവെന്ന് കരുതി അവർ അദ്ദേഹത്തെ ഉപേക്ഷിച്ചു. എന്നാൽ ഒരു കള്ളൻ കോവാലൻ അദ്ദേഹത്തെ രക്ഷിച്ചു, ആശുപത്രിയിൽ എത്തിച്ചു. അത് രണ്ടാം ജന്മം. അവിടെ നിന്ന് അദ്ദേഹം തിരിച്ചുവന്നത് മരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ്.

പിന്നീടുള്ള ദശകങ്ങൾ പാർട്ടിയ്ക്കുള്ളിലും പുറത്തും നിരന്തര പോരാട്ടം. തിരുവിതാംകൂർ ട്രേഡ് യൂണിയൻ സമരങ്ങളുടെ മുഖ്യ ശില്പി. 1958-ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ സംഘാടനവിരുത് കോൺഗ്രസിൻ്റെ കാമരാജ്, ഇന്ദിരാഗാന്ധി തുടങ്ങിയവരെപ്പോലും അമ്പരപ്പിച്ചു. അത് പാർട്ടിയുടെ നിലനിൽപ്പിന് നിർണായകമായി. 1964-ൽ പാർട്ടി പിളർന്നപ്പോൾ അച്യുതാനന്ദൻ സിപിഐഎമ്മിൽ ഉറച്ചുനിന്നു.1980-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി.

 2001-ൽ, 78-ാം വയസ്സിൽ പ്രതിപക്ഷ നേതാവായപ്പോൾ. മിക്കവരും അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതം അവസാനിച്ചുവെന്നു കരുതി. എന്നാൽ അച്യുതാനന്ദൻ ഒരു പുതിയ പോരാട്ടത്തിന് ഒരുങ്ങി. അഴിമതിക്കെതിരെ, പാരിസ്ഥിതിക വിനാശത്തിനെതിരെ, ഭൂമിയേറ്റങ്ങൾക്കെതിരെ അദ്ദേഹം ജനങ്ങൾക്കിടയിൽ ഇറങ്ങി. മണ്ണും മനുഷ്യനും രക്ഷപ്പെടുത്താനുള്ള അദ്ദേഹത്തിൻ്റെ ആർത്തനാദം കേരളത്തിലെ തെരുവുകളിൽ മുഴങ്ങി. "കേരളത്തിന് വേണ്ടി വി.എസ്." എന്ന മുദ്രാവാക്യം ഉയർന്നു. ആ ജനസമ്മർദ്ദത്തിനു മുന്നിൽ പാർട്ടി തലവനാകേണ്ടിവന്നു. 2006-ൽ, 83-ാം വയസ്സിൽ, വി.എസ്. അച്യുതാനന്ദൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി.ആ ഭരണം പണത്തിനും അധികാരത്തിനും വഴങ്ങാത്ത ധാർമ്മികതയുടെ മാതൃകയായി. അഴിമതിരഹിതമായ ഭരണം, സുതാര്യത, പരിസ്ഥിതി സംരക്ഷണം – അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രിപദം അതിനായി നിലകൊണ്ടു. 2011-ൽ വീണ്ടും മത്സരിച്ച് ജയിച്ചു. 2015-ൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിൻ്റെ നിർദ്ദേശം ലംഘിച്ച് ടി.പി. ചന്ദ്രശേഖരൻ്റെ വീട്ടിലെത്തി, അക്രമത്തിനെതിരെ നിലപാടെടുത്തു.

2016-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം എൽഡിഎഫിൻ്റെ പ്രചാരണ മുഖമായിരുന്നു. 93-ാം വയസ്സിലും അദ്ദേഹം ഓട്ടോറിക്ഷയിൽ കയറി വോട്ട് തേടി. കേരളത്തിലെ ജനത അദ്ദേഹത്തെ ആരാധിച്ചു. 2025 ഇൽ , 102-ാം വയസ്സിൽ, അദ്ദേഹം യാത്രയായി. അന്ന് കേരളമാസകലം "കണ്ണൂര് കരളേ വി.എസ്." എന്ന മുദ്രാവാക്യം ഉയർന്നു – കണ്ണീരിലും ആവേശത്തിലും.

വി.എസ്. അച്യുതാനന്ദൻ ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല; അദ്ദേഹം കേരളത്തിൻ്റെ മനസ്സാക്ഷിയായിരുന്നു. പട്ടിണിയും ജാതിവെറിയും അഴിമതിയും അക്രമവും എല്ലാറ്റിനെയും നേരിട്ട യോദ്ധാവ്. അദ്ദേഹത്തിൻ്റെ ജീവിതം പഠിപ്പിക്കുന്നു: വയസ്സ് ഒരു പരിധിയല്ല, തോൽവി ഒടുക്കമല്ല, ധാർമ്മികതയുടെ ശക്തിയിൽ അധികാരവും കീഴടങ്ങും. നൂറ്റാണ്ട് നീണ്ട ആ പോരാട്ടം – അതാണ് സഖാവ് അച്യുതാനന്ദൻ്റെ അമരത്വം.

Tuesday, July 7, 2026

ലുമുമ്പ : ചരിത്രത്തിലെ ചെന്താരകം


നിങ്ങൾ എത്ര പേർക്ക് ലുമുംബയെ അറിയാം??...


നിങ്ങൾ എത്ര പേർക്ക് ലുമുംബയെ അറിയാം??...

അറിയുന്നവർ എത്ര പേർ ഓർക്കുന്നു അദ്ദേഹത്തെ?...

ആരായിരുന്നു അദ്ദേഹം?"

               അഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ, ഒരു നക്ഷത്രം പോലെ ഉദിച്ചുയർന്ന്, ഏതാനും മാസങ്ങൾ കൊണ്ട് ക്രൂരമായി അണച്ചുകളയപ്പെട്ട ഒരു പേരാണ് പാട്രിസ് ലുമുംബ. കോംഗോ റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രധാനമന്ത്രിയും പാൻ-ആഫ്രിക്കൻ പ്രസ്ഥാനത്തിൻ്റെ പ്രതീകവുമായിരുന്നു അദ്ദേഹം. ബെൽജിയൻ കൊളോണിയൽ ഭരണത്തിനെതിരായ അദ്ദേഹത്തിൻ്റെ നിലപാടും, സ്വതന്ത്രവും ഐക്യവുമുള്ള ഒരു കോംഗോയ്ക്ക് വേണ്ടിയുള്ള പോരാട്ടവും, ശീതയുദ്ധകാലത്തെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൻ്റെ ഇരുണ്ട രാഷ്ട്രീയ ഗൂഢാലോചനകൾക്ക് ഇരയാക്കുകയായിരുന്നു. ലുമുംബയുടെ ജീവിതവും മരണവും, കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൻ്റെ ധീരതയും, നവ-കൊളോണിയലിസത്തിൻ്റെ നിഷ്ഠൂരതയും ഒരുപോലെ വിളിച്ചോതുന്നു.

              1925-ൽ ബെൽജിയൻ കോംഗോയിലെ കസായ് പ്രവിശ്യയിൽ ജനിച്ച പാട്രിസ് ലുമുംബ, ആദ്യകാലത്ത് 'ഇവോലുവേ' (പാശ്ചാത്യ വിദ്യാഭ്യാസം നേടിയ കറുത്തവർഗ്ഗക്കാരനായ മധ്യവർഗ്ഗക്കാരൻ) എന്ന നിലയിൽ, ബെൽജിയൻ-കോംഗോ സഹവർത്തിത്വത്തിന് വാദിച്ചിരുന്നു. 1956 അദ്ദേഹം ജോലി ചെയ്തിരുന്ന പോസ്റ്റൾ ഡിപ്പാർട്മെൻറിൽ ഉണ്ടായ ഒരു മോഷണത്തിൽ അദ്ദേഹത്തെ കള്ള സാക്ഷികൾ വെച്ച് പ്രതി ചേർത്ത് ഒരു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നു ആ ആ കാലയളവു അദ്ദേഹത്തിന് പുതിയ ചിന്തകൾ നൽകി..അത് വരെ ബെൽജിയം അനുകൂലമായി ജീവിച്ചതിൽ നിന്നും വിഭിന്നമായി ചിന്തകൾ വഴിമാറി..പിന്നീട് 1958-ൽ, തൊട്ടു മുൻവശം സ്വാതന്ത്ര്യം നേടിയ ഘാനയിലെ അക്രയിൽ നടന്ന ഓൾ-ആഫ്രിക്കൻ പീപ്പിൾസ് കോൺഫറൻസ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവായി. ക്വാമെ എൻക്രുമ, സെക്കു ടൂറെ, ഫ്രാൻ്റ്സ് ഫാനോൺ തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യ സമര നേതാക്കളുമായുള്ള സമ്പർക്കം അദ്ദേഹത്തെ സമൂലവൽക്കരിച്ചു. അദ്ദേഹത്തിൻ്റെ മുൻനിര പങ്ക് മാത്രമല്ല, ആഫ്രിക്കൻ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ പ്രചോദനാത്മകമായ പ്രസംഗങ്ങളും അദ്ദേഹത്തെ ദേശീയ പ്രസ്ഥാനത്തിൻ്റെ മുഖമാക്കി. "കോളനിവാദികൾ നമ്മെ വിഭജിക്കാൻ ശ്രമിക്കുന്നത് അവർക്ക് നമ്മെ ഭരിക്കാൻ കഴിയുന്നതിനാണ്. നമുക്ക് നമ്മുടെ പക്വത തെളിയിക്കാം. നമുക്ക് സഹോദരങ്ങളെപ്പോലെ ജീവിക്കാം. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്." ഇത്തരത്തിലുള്ള ആഹ്വാനങ്ങൾ ജനങ്ങളെ ഉണർത്തി.

         1960 ജൂൺ 30-ന്, സംഭവം ബഹുലമായ ഇലക്ഷനിലൂടെ അദ്ദേഹം കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.ബെൽജിയം അധികാരികളും കോംഗോ യിലെ ബെൽജിയം അനുകൂലികളും പിന്നെ സി ഐ എ യും എം ഐ 5 ഉം എല്ലാം കൂടി പരിശ്രമിച്ചിട്ടും ലുമുമ്പെയുടെ എം ൻ സി ( മൂവ്മെന്റ്സ് ഓഫ് നാഷണൽ കോംഗോളീസ് ) പാർട്ടി വൻ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു..

     സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ, ബെൽജിയൻ രാജാവിൻ്റെ പരിഷ്കരണവാദ പ്രസംഗത്തെ ഖണ്ഡിച്ചുകൊണ്ട്, "നാം അഭിമാനിക്കുന്നു ഈ പോരാട്ടത്തെ, കണ്ണീരിൻ്റെയും തീയുടെയും രക്തത്തിൻ്റെയും പോരാട്ടത്തെ... അത് കൊളോണിയൽ ഭരണത്തിൻ്റെ അപമാനകരമായ അടിമത്തം അവസാനിപ്പിക്കാനുള്ള ഉദാത്തമായ പോരാട്ടമായിരുന്നു." എന്ന് പറഞ്ഞു. എന്നാൽ ഈ ധീരമായ നിലപാട് പാശ്ചാത്യ ശക്തികളെ ഭയപ്പെടുത്തി. അധികം താമസിയാതെ, സമ്പന്നമായ കറ്റംഗ പ്രവിശ്യ ബെൽജിയൻ പിന്തുണയോടെ വിഘടിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ ഫലപ്രദമല്ലാതായപ്പോൾ, സോവിയറ്റ് യൂണിയനിൽ നിന്ന് സഹായം തേടാൻ ലുമുംബ തീരുമാനിച്ചു. ശീതയുദ്ധത്തിൻ്റെ ഉച്ചസ്ഥായിയിൽ ഈ നീക്കം വാഷിംഗ്ടണിൽ ആശങ്ക സൃഷ്ടിച്ചു.

             1960 സെപ്റ്റംബറിൽ, സിഐഎയുടെ പിന്തുണയോടെ, കേണൽ ജോസഫ് മൊബുട്ടു അധികാരം പിടിച്ചെടുത്തു. ഗൃഹബന്ധനത്തിലായ ലുമുംബ, 1960 നവംബറിൽ സ്റ്റാൻലിവില്ലിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. കടുത്ത മർദ്ദനത്തിനും പീഡനത്തിനും ശേഷം, 1961 ജനുവരി 17-ന്, ബെൽജിയൻ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു വെടിക്കെട്ട് സംഘം അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ രണ്ട് സഖാക്കളെയും വധിച്ചു. ലുമുംബയുടെ മൃതദേഹം, അദ്ദേഹത്തിൻ്റെ ഓർമ്മ പോലും ഇല്ലാതാക്കാനുള്ള ഒരു അധമമായ ശ്രമത്തിൽ, കുഴിച്ചെടുത്ത് കഷണങ്ങളാക്കി സൾഫ്യൂറിക് ആസിഡിൽ ലയിപ്പിച്ചു. ചരിത്രത്തിൽ നിന്ന് ആ മനുഷ്യനെയും അവൻ്റെ ആശയങ്ങളെയും തുടച്ചുമാറ്റാനുള്ള നിഷ്ഠൂരമായ ശ്രമമായിരുന്നു അത്. മാർക്സിയൻ വീക്ഷണത്തിൽ, ഇത് ഒരു വ്യക്തിയുടെ കൊല മാത്രമായിരുന്നില്ല; ജനങ്ങളുടെ ആത്മനിർണ്ണയാവകാശത്തിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനും എതിരായുള്ള ഒരു വർഗ്ഗീയ അടിച്ചമർത്തലായിരുന്നു. മുതലാളിത്ത വിപണികൾക്കും അസംസ്കൃത വസ്തുക്കൾക്കും വേണ്ടിയുള്ള പട്ടിണി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിച്ചു.

    കൊലയാളികള്‍ ഉപയോഗിച്ച ആസിഡിൽ പോലും അലിഞ്ഞുപോകാത്ത സ്വർണ്ണത്തൊപ്പിയുള്ള ലുമുമ്പയുടെ പല്ല് , ആ ക്രൂരതയുടെ ഏക തെളിവുകളായി ബാക്കിയായി. ആ പല്ല് ബെൽജിയൻ പോലീസ് കമ്മീഷണർ ജെറാർഡ് സോട്ടെ ഒരു "വേട്ട ട്രോഫി" ആയി സ്വന്തമാക്കി. പതിറ്റാണ്ടുകൾക്ക് ശേഷം, 2016-ൽ ഈ പല്ല് സോട്ടെയുടെ മകളിൽ നിന്ന് ബെൽജിയൻ അധികൃതർ പിടിച്ചെടുത്തു. 2022 ജൂൺ 20-ന്, ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രോ, ലുമുംബയുടെ കുടുംബത്തോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞു, തൻ്റെ രാജ്യത്തിൻ്റെ "ധാർമ്മിക ഉത്തരവാദിത്തം" അംഗീകരിച്ചു. തുടർന്ന്, ആ പല്ല് കിൻഷാസയിൽ ഒരു ഔദ്യോഗിക ശവകുടീരത്തിൽ സംസ്കരിക്കുകയും മൂന്ന് ദിവസത്തെ ദേശീയ വിലാപം പ്രഖ്യാപിക്കുകയും ചെയ്തു. മരണശേഷം 61 വർഷങ്ങൾക്ക് ശേഷം, കോംഗോയുടെ വിമോചന നായകന് ഒരു ശവകുടീരം ലഭിക്കുകയായിരുന്നു. 2024-ൽ ഈ മൗസോളിയത്തിൽ അതിക്രമിച്ചു കയറിയ സംഭവം, ലുമുംബയുടെ ഓർമ്മ ഇപ്പോഴും പ്രതിരോധത്തിൻ്റെ ശക്തമായ പ്രതീകമാണെന്ന് കാണിക്കുന്നു.

ലുമുംബയുടെ മരണം ആഗോള പ്രതിഷേധത്തിന് കാരണമായി. തൻ്റെ ഭാര്യക്ക് എഴുതിയ അവസാന കത്തിൽ അദ്ദേഹം പറഞ്ഞു: "ചരിത്രത്തിന് ഒരു ദിവസം സ്വന്തം വാക്കുണ്ടാകും. എന്നാൽ അത് ബ്രസൽസിലോ പാരീസിലോ വാഷിംഗ്ടണിലോ ഐക്യരാഷ്ട്രസഭയിലോ പഠിപ്പിക്കുന്ന ചരിത്രമായിരിക്കില്ല... ആഫ്രിക്ക അതിൻ്റെ സ്വന്തം ചരിത്രം എഴുതും, അത് മഹത്വത്തിൻ്റെയും അന്തസ്സിൻ്റെയും ചരിത്രമായിരിക്കും." ഈ വാക്കുകൾ ഇന്നും പ്രസക്തമാണ്. കോംഗോയുടെ നിലവിലെ അസ്ഥിരതയും പാശ്ചാത്യ രാജ്യങ്ങളുടെ വിഭവ ശോഷണവും ലുമുംബയുടെ ആദർശങ്ങൾ ഇതുവരെ പൂർണ്ണമായി നേടിയിട്ടില്ല എന്ന് കാണിക്കുന്നു. എങ്കിലും, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ പ്രതീകമായി അദ്ദേഹം ജീവിക്കുന്നു; ന്യായമായ ലോകത്തിനായുള്ള പോരാട്ടത്തിൽ അദ്ദേഹം ഒരു പ്രചോദനമായി തുടരുന്നു.


Thursday, June 25, 2026

അടിയന്തിരാവസ്ഥ : ഓർമപ്പെടുത്തൽ


 അടിയന്തിരാവസ്ഥ : ചരിത്രത്തിലെ മുറിപ്പാട് 





1975 ജൂൺ 25-ന് ഇന്ദിരാ ഗാന്ധിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ, 1977 മാർച്ച് വരെ നീണ്ടുനിന്നു. ആഭ്യന്തര അസ്ഥിരത എന്ന ന്യായീകരണത്തിൽ അടിസ്ഥാന അവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുകയും പത്രസ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്ത ആ കാലത്ത്, ഭരണകൂടത്തിന് വിമർശനാത്മകമായ ഏത് ശബ്ദത്തെയും നിയമപരമായി അടിച്ചമർത്താനുള്ള അധികാരം ലഭിച്ചു. കേരളത്തിൽ, കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്ര നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുകയും, പ്രതിരോധ തടങ്കൽ നിയമമായ MISA കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു.

ആ കാലത്ത് കേരളത്തിൽ പോലീസ് പീഡനത്തെ തുടർന്ന് 28 പേർ മരിക്കുകയും, 2 പേർ ലോക്കപ്പിൽ വച്ച് മരണമടയുകയും, 4 പേർ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഏകദേശം 8,000 പേരെ അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ അറസ്റ്റ് ചെയ്യുകയും പോലീസ് ക്രൂരതകൾക്ക് വിധേയരാക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികൾക്കെതിരെ മാത്രമല്ല, സാധാരണ പൗരന്മാർക്കെതിരെ പോലും പോലീസ് യന്ത്രം ആയുധമാക്കപ്പെട്ടു.

അടിയന്തിരാവസ്ഥയുടെ ഏറ്റവും ഞെട്ടിക്കുന്ന രക്തസാക്ഷിത്വങ്ങളിലൊന്നാണ് പി. രാജന്റേത്. 1976 മാർച്ച് 1-ന്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ (ഇന്നത്തെ എൻ.ഐ.ടി) വിദ്യാർത്ഥിയായിരുന്ന പി. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. കക്കയം പോലീസ് ക്യാമ്പിൽ വച്ച് നടന്ന പീഡനത്തെത്തുടർന്ന് 1976 മാർച്ച് 2-ന് അദ്ദേഹം മരിച്ചു. 'ഉരുട്ടൽ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന, കനത്ത തടികൊണ്ട് ശരീരത്തിനു മുകളിലൂടെ ഉരുട്ടുന്ന ക്രൂരമായ പീഡനമായിരുന്നു അദ്ദേഹത്തിന് നൽകപ്പെട്ടത്. രാജന്റെ മൃതദേഹം ഇന്നും കണ്ടെത്തിയിട്ടില്ല; അത് നശിപ്പിച്ചു എന്നാണ് കരുതപ്പെടുന്നത്.

രാജന്റെ പിതാവ് ഈച്ചര വാരിയർ നടത്തിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ, രാജനെ പോലീസ് കസ്റ്റഡിയിൽ വച്ച് കൊലപ്പെടുത്തിയതായി കേരള ഹൈക്കോടതി കണ്ടെത്തി. എന്നാൽ കുറ്റക്കാർക്കെതിരെ തെളിവില്ലായിരുന്നതിനാൽ ശിക്ഷ ഒഴിവാക്കപ്പെട്ടു. രാജൻ പോലീസ് കസ്റ്റഡിയിലില്ലെന്ന് വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന് മന്ത്രിസഭ ഒഴിയേണ്ടി വന്നു. ഒരു മന്ത്രി നടത്തിയ ആ നുണ, സത്യാന്വേഷണത്തെ എത്രത്തോളം വൈകിപ്പിക്കാമെന്നും അധികാരം എങ്ങനെ നീതിയുടെ ഗതിയെ വളച്ചൊടിക്കാമെന്നും കാണിക്കുന്നു.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ പത്ത് പ്രതിപക്ഷ എംഎൽഎമാരിൽ ഒരാളായിരുന്നു അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി വിജയൻ. 1975 സെപ്റ്റംബർ 28-ന് അർദ്ധരാത്രിയിൽ MISA നിയമപ്രകാരം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് മാത്രമായിരുന്നില്ല ദുരന്തം; കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ വച്ച്, പ്രത്യേകം കൊണ്ടുവന്ന രണ്ടു പേരടക്കം ആകെ അഞ്ച് പോലീസുകാരാണ് അദ്ദേഹത്തെ മർദ്ദിച്ചത്. അദ്ദേഹം തന്നെ പിന്നീട് നിയമസഭയിൽ വിവരിച്ചത് ഇങ്ങനെ: "ലോക്കപ്പിന്റെ വാതിൽ തുറന്ന് അവർ അകത്തേക്ക് വന്നു. ഞാൻ എഴുന്നേറ്റു. 'നിന്റെ പേരെന്ത്?' 'വിജയൻ.' 'ഏതു വിജയൻ?' 'പിണറായി വിജയൻ.' അവരിലൊരാൾ 'ഓ... പിണറായി വിജയനോ?' എന്ന് ആവർത്തിച്ചു. അങ്ങനെ പറഞ്ഞപ്പോൾ തന്നെ ആദ്യത്തെ അടി വീണു". ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ നീണ്ട ആ മർദ്ദനത്തിൽ അദ്ദേഹം പലതവണ വീണു, എഴുന്നേറ്റു, ഒടുവിൽ എഴുന്നേൽക്കാൻ പോലും കഴിയാതെ തകർന്നു. "അപ്പോൾ നീ ഉദ്യോഗസ്ഥർക്കെതിരെയും മന്ത്രിമാർക്കെതിരെയും സംസാരിക്കുകയാണോ?" എന്ന് ആവർത്തിച്ചു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു മർദ്ദനം. അവസാനം അദ്ദേഹത്തെ ബൂട്ടിട്ട കാലുകൾ കൊണ്ട് നിലത്തിട്ട് ചവിട്ടിമെതിച്ചു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ ഷർട്ടും വേഷ്ടിയും നഷ്ടപ്പെട്ടു; അവശേഷിച്ചത് അടിവസ്ത്രം മാത്രം. നടക്കാൻ കഴിയാത്തതിനാൽ എടുത്താണ് അദ്ദേഹത്തെ ജീപ്പിൽ കയറ്റി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. 18 മാസത്തെ ജയിൽവാസത്തിനിടെ അദ്ദേഹത്തിന് കാലിന് പ്ലാസ്റ്ററിടേണ്ടി വന്നു. മാധ്യമ സെൻസറിങ്ങ് കാരണം ഈ വാർത്ത അന്ന് പുറം ലോകം അറിഞ്ഞില്ല; പ്രതിപക്ഷ നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉൾപ്പെടെ നിയമസഭയിൽ പലവട്ടം ഈ വിഷയം ഉന്നയിച്ചിട്ടും അത് അടിച്ചമർത്തപ്പെട്ടു.

1977 മാർച്ച് 30-ന്, അടിയന്തിരാവസ്ഥ പിൻവലിച്ചതിന് ശേഷം നടന്ന നിയമസഭാ സമ്മേളനത്തിൽ, പിണറായി വിജയൻ ആ ദാരുണാനുഭവങ്ങൾ വിശദമായി അവതരിപ്പിച്ചു. "ഒരാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണോ? ഇതാണോ രാഷ്ട്രീയ ധാർമ്മികത?" എന്ന് അദ്ദേഹം സഭയോട് ചോദിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരനെ ലക്ഷ്യമാക്കി അദ്ദേഹം കൂട്ടിച്ചേർത്തു: "അടിച്ചമർത്തലിലൂടെ ഞങ്ങളെ തോൽപ്പിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ തെറ്റി. ഒരു നിമിഷം ഞങ്ങൾ താഴേക്ക് പോയേക്കാം, പക്ഷേ ഉടൻ തന്നെ കൂടുതൽ ശക്തിയോടെ തിരിച്ചുവരും". ഒരു ജനപ്രതിനിധി പോലും ഭരണകൂടത്തിന്റെ ക്രൂരതയിൽ നിന്ന് ഒഴിവായിരുന്നില്ല എന്നതിന്റെയും, എങ്കിലും ആ ക്രൂരതയ്ക്ക് മുന്നിൽ അദ്ദേഹം കീഴടങ്ങിയില്ല എന്നതിന്റെയും രേഖയാണ് ആ പ്രസംഗം.

കക്കയം ക്യാമ്പിൽ തടവിലായിരുന്ന ടി.പി. രാമകൃഷ്ണൻ, 'ഉരുട്ടൽ' പോലുള്ള ക്രൂരമായ പീഡനരീതികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അബ്രഹാം ബെൻഹൂർ എന്ന ഗവേഷണ വിദ്യാർത്ഥിയെയും പോലീസ് ഈ ക്യാമ്പിലെത്തിച്ചു; മർദ്ദനത്തിൽ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇവരുൾപ്പെടെ നിരവധി പേരുടെ വേദനകൾ ഔദ്യോഗിക ചരിത്രത്തിൽ ഇടം നേടാതെ പോയി. അടിയന്തിരാവസ്ഥ കേരളത്തിൽ സൃഷ്ടിച്ച മുറിവുകൾ ആഴമേറിയതാണ്. പി. രാജന്റെ രക്തസാക്ഷിത്വവും അദ്ദേഹത്തിന്റെ പിതാവ് ഈച്ചര വാരിയറുടെ നീതിക്കായുള്ള പോരാട്ടവും, ഒരു എംഎൽഎ എന്ന നിലയിൽ പിണറായി വിജയൻ നേരിട്ട പീഡനവും, കക്കയത്തെ ഭീകരതയും - ഇവയെല്ലാം നിയമവാഴ്ചയുടെ ബാഹ്യരൂപത്തിനുള്ളിൽ ഭരണകൂടം എങ്ങനെ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് കാണിക്കുന്നു. ജനാധിപത്യം സ്വയം സുരക്ഷിതമല്ലെന്നും, അതിക്രമങ്ങളെ ചോദ്യം ചെയ്യാനും നീതിക്കുവേണ്ടി ശബ്ദമുയർത്താനും നാം എപ്പോഴും ഉണർന്നിരിക്കണമെന്നും ആ ഓർമ്മകൾ നമ്മെ ഓർമ്മിപ്പിക്കുന്നു..