മഗ്‌രിബ്
പള്ളിയകം....
നീണ്ട ഇടനാഴിയുടെ നെഞ്ചകത്ത്,
തച്ചുശാസ്ത്രത്തിൻ ജ്യാമിതികൂട്ടില്‍,
കിളിക്കൂടിൻ കവാടം
പോലെയീ കിളിവാതിലുകൾ.
കിളിവാതിൽപ്പുറം,
അസ്തമയം കുടഞ്ഞിട്ട
സുവർണ്ണരക്തത്തിൽ,
മുങ്ങിനിൽക്കുന്നു കടൽ,
ചോരച്ചിചിന്തി വീണുകിടക്കും
പടയാളിയുടെ നിവരാനുള്ള
പ്രയത്നം പോലെയാ
തിരമാലകൾ...
കടൽപ്പാലം......
ദൂരെ .....
ദൂരെയാ കടൽപ്പാലം,
ആഴിയിലേക്ക് നീളുന്ന
പുല്ലാങ്കുഴൽ പോല്‍,
തലകീഴായി നിൽക്കും
തംബുരുവിൻ പ്രതിബിംബം,
തന്ത്രികൾ അറ്റുപോയ
ഖുണ്ടികൾ പോലെയാ
തൂണുകൾ...
പാതയോരം…
പാതയോരത്ത് വിളക്കുകൾ,
കണ്ണുതുറന്നിരുന്ന്,
ഇരുട്ടിനെ ചുംബിക്കാൻ
കാത്തുനിൽക്കുന്നു.
അലയടിക്കും തിരകൾക്കൊപ്പം
ആളുകൾ—ജീവിതകഥകൾ തിരയുന്നു.
നാളെയുടെ നീറ്റലുകളൊന്നുമില്ലാതെ,
കുട്ടികൾ, ചിരിയുടെ പട്ടം പറത്തുന്നു.
കണ്ണിലെല്ലാം
സഹർഷം ഹർഷം...
ഞാൻ…
ജീവിതത്തിന്‍റെയീ
ലഹരിതൻ നടുവിൽ,
ഒരു തംബുരുവിൻ
പൊട്ടിയ തന്ത്രി പോൽ ഞാൻ...
നെഞ്ചിൽ വിഷാദം,
ഒരു കടൽപോലെ വളരുന്നു.
ആഴിയെക്കാൾ ആഴം
തീർക്കുന്നൊരഴലുകൾ,
ചിന്തകള്‍ തന്‍
തോരാമഴയുള്ളില്‍
ചുറ്റും
ശാന്തിമന്ത്രം പോൽ
മഗ്‌രിബിൻ നിശബ്ദത...
കരളിലൊരുറവ പോൽ
പള്ളിയകത്തിൻ കുളിർമ.
എന്നിട്ടും,
ഉള്ളിലൊരു വിഷാദം
കനലായെരിയുന്നു...
സന്ധ്യയുടെ ആലിംഗനത്തിൽ,
ഒരു ഹിമപാളി പോലെ,
നിശബ്ദമായി ഞാൻ...
ഒന്ന് തൊട്ടാൽ
മിഴിയിലൊരു പ്രളയം തീർക്കാൻ
ഹേതുവാമൊരു
ഹിമപാതമാകുമത്രയും
ലോലമായി പോയിരിക്കുന്നെൻ മനം...
മനസ്സ്...
മനസ്സ് ഒരു കടലാണ്.
ആഴം അളക്കാവുന്നതിലും
വലിയ കടൽ...
ആശകളാം മണൽശില്പങ്ങളെ
ഇമചിമ്മും വേഗത്തിൽ
തൂത്തെറിയും
അഴലിൻ തിരമാലകൾ
നിറഞ്ഞ വലിയ കടൽ!
മഗ്‌രിബ്....
ഓരോ അസ്തമയവും,
ഓർമ്മയുടെ ശവക്കുഴിയിലേക്ക്
വീഴുന്ന ഒരു നക്ഷത്രത്തിൻറെ
നിശബ്ദമായ പ്രാർത്ഥനയാണ്...
ഓരോ പ്രാർത്ഥനയും
ഓരോ ജീവൻറെ വേദനയാണ്.
ഓരോ വേദനയും
മനുഷ്യൻറെ തിരിച്ചറിവാണ്.
ഓരോ തിരിച്ചറിവും
മനുഷ്യൻറെ അഹംബോധത്തിന്
മേലേൽക്കുന്ന പ്രഹരങ്ങൾ.
പ്രഹരവുമേൽക്കുന്നതോ—
ഞാനെന്ന ബോധത്തിൻ
ഭാരമേറും നെറുകയിൽ...
ഭാരമില്ലാബോധത്തിൻറെ
വെളിച്ചമല്ലോ
ഉദയമാം ഫന:
തിരിച്ചറിവ്...
അസ്തമയത്തിൻ വാതിൽപ്പടിയിൽ,
തിരശീലതൻ ചലനം നോക്കി
നിൽക്കുമീ ജീവിതം...
ശാശ്വതമാമൊരു പുലരി
കൊതിക്കും ആദിത്യൻ
കണക്കെ മനോരഥം.
ആസ്വസ്ഥമാകാതെയീ
അസ്തമയത്തെ ആസ്വദിക്കാൻ,
മാത്രം ഞാൻ,
ഇനിയുമെത്ര
പ്രഹരമേൽക്കണം?
ഇനിയുമെത്ര
ഭാരമില്ലാത്തവനാവണം?
ബഖാവിൻ ബാബിലേക്ക്
ഇനിയുമെത്ര ദൂരം താണ്ടണം,
ഞാനെന്ന വലിയ ഭാരം
പേറി മൺകൂടാമീയുടൽ??..
കണക്കൻ
01/09/2026
• ഖൂണ്ടി : തമ്പുരുവിൻറെ ട്യൂണിംഗ് പെഗ്ഗുകൾ
• ഫന: : അഹങ്കാരവും സ്വന്തം അസ്തിത്വവും പൂർണ്ണമായി ഇല്ലാതാക്കി
ദൈവത്തിൽ ലയിച്ചുചേരുക (സൂഫിസം)
• ബഖ: : ദൈവസാന്നിധ്യത്തിൽ ശാശ്വതമായ ജീവിതം കണ്ടെത്തുക.'ഫന'(Fana) എന്ന അവസ്ഥയിലൂടെ സ്വന്തം അഹങ്കാരവും അസ്തിത്വവും പൂർണ്ണമായി ഇല്ലാതാക്കിയ ഒരു ആത്മീയ പര്യവേക്ഷകൻ എത്തിച്ചേരുന്ന അടുത്ത ഘട്ടമാണ് ബഖ:

No comments:
Post a Comment