മനുഷ്യൻ തന്റെ ആത്മാവിനെ ഒളിപ്പിച്ചുവെക്കുന്ന ചില മാളങ്ങളുണ്ട്. പുറമേ ശാന്തമെന്ന് തോന്നുമ്പോഴും ഉള്ളിൽ കനലുകളെരിയുന്ന ചില ജീവിതങ്ങൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ആനവാരിയും പൊൻകുരിശും' എന്ന നോവലിൽ കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെ പച്ചിലപ്പടർപ്പുകൾക്കിടയിൽ, ആനകളുടെയും പെരുന്നാളുകളുടെയും നാട്ടുവിശ്വാസങ്ങളുടെയും പശ്ചാത്തലത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥയാണ് നോവലിസ്റ്റ് പറയുന്നത്. അവരുടെ വൈകാരികലോകത്തെ ഹാസ്യാത്മകവും കാവ്യാത്മകവുമായ ഭാഷയിൽ ഈ നോവലിൽ അവതരിപ്പിക്കുന്നു.
നോവൽ ഒരു ദേശത്തിൻ്റെ കഥ പറയുമ്പോൾ ആ ദേശത്ത് ജീവിച്ച മനുഷ്യരുടെ ഓർമ്മകളും സ്വപ്നങ്ങളും സംഘർഷങ്ങളും അടയാളപ്പെടുന്നു. നോവലിൻ്റെ അനുഭവപരിസരത്തെ രൂപപ്പെടുത്തുന്ന സജീവസാന്നിധ്യമായാണ് ഈ നോവലിൽ ആനകൾ നിലകൊള്ളുന്നത്. കൊച്ചുനീലാണ്ടൻ എന്ന കൊമ്പനാനയും പാറുക്കുട്ടി എന്ന പിടിയാനയും—ഇവർ വെറും മൃഗങ്ങളല്ല; മനുഷ്യരുടെ ഭയത്തിന്റെയും സ്നേഹത്തിന്റെയും അധികാരത്തിന്റെയും പ്രതീകങ്ങളാണ്. ചാത്തങ്കേരി മനയുടെ ഉടമസ്ഥതയിലുള്ള ഈ ആനകൾ ദേശത്തിന്റെ സാമൂഹികഘടനയുടെയും വർഗ്ഗബന്ധങ്ങളുടെയും ചിഹ്നങ്ങളായി മാറുന്നു. കൊച്ചുനീലാണ്ടന്റെ സൂചിപോലെയുള്ള കൊമ്പുകളും പതിനൊന്ന് ആനക്കാരെ കൊന്ന ചരിത്രവും ഭയത്തിന്റെ മിത്തോളജി സൃഷ്ടിക്കുന്നു. പാറുക്കുട്ടിയുടെ സൗമ്യതയും വാലിലെ രോമം പിഴുതെടുത്താൽ മാത്രം വേദനിക്കുന്ന സ്വഭാവവും സഹനത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമാകുന്നു.
ഒരു ദേശവും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധം വിലയിരുത്തുന്ന രചനയാണിത്. ഒരു വ്യക്തിയുടെ ചരിത്രം പൂർണമായും അയാളുടെ ജീവിതമാകുന്നില്ല. അയാൾ ജീവിക്കുന്ന മണ്ണും കാലാവസ്ഥയും സാമൂഹികബന്ധങ്ങളും നാട്ടുവിശ്വാസങ്ങളും ഓർമ്മകളും അയാളുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു. ആനവാരി രാമൻനായരുടെയും പൊൻകുരിശു തോമയുടെയും ജീവിതങ്ങൾ അവർ ജീവിക്കുന്ന ദേശത്തിന്റെ സാമൂഹികവ്യവസ്ഥിതിയിൽ നിന്ന് വേർപെടുത്തി കാണാൻ കഴിയില്ല. സൈനബയുടെ വാതിൽപ്പലകയിലെ കടക്കണക്കുകൾ—തൊരപ്പൻ, ഡ്രൈവർ, എട്ടുകാലി, തോമ, രാമൻനായർ, മുത്തപ—ഈ ദേശത്തിന്റെ സാമ്പത്തികബന്ധങ്ങളുടെയും ആശ്രിതത്വത്തിന്റെയും ചിത്രം വരച്ചിടുന്നു. ആറണയുടെയും പതിനാലണയുടെയും കണക്കുകളിൽ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നു.
സോർബ പറയും പോലെ "ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട്. പക്ഷേ, നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. (സോർബ തലയിൽ കയറിയത് ബിന്യാമിന്റെ മൾബറീ, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ എന്ന നോവൽ വായിച്ചതിനു ശേഷം ആണ്) എല്ലാ ഗന്ധങ്ങളും കൂടിക്കുഴഞ്ഞ് ആകെപ്പാടെ മനുഷ്യത്വം എന്നൊരു ഗന്ധം മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ. കസ്തൂരി പോലെ പ്രിയപ്പെട്ട ഒന്നാണ് മനുഷ്യത്വം." ബഷീറിന്റെ കഥാപാത്രങ്ങളിൽ ഈ മനുഷ്യത്വത്തിന്റെ ഗന്ധം തീവ്രമാണ്. കള്ളന്മാരും കബളിപ്പിക്കുന്നവരും പോലീസുകാരെ മൂരാച്ചികൾ എന്ന് വിളിക്കുന്നവരും ആയ ഈ കഥാപാത്രങ്ങൾ ഒരിക്കലും നമുക്ക് വെറുപ്പുളവാക്കുന്നില്ല. കാരണം അവരുടെ കുറ്റങ്ങൾക്കിടയിലും ഒരു നിഷ്കളങ്കതയും ജീവിതത്തോടുള്ള പ്രണയവും ഒളിഞ്ഞിരിക്കുന്നു. പൊൻകുരിശു തോമ പള്ളിയിലെ സ്വർണക്കുരിശ് മോഷ്ടിക്കുന്നത് വെറും മോഷണമല്ല—"കർത്താവായ യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചതു മരക്കുരിശിലല്ലേ? പള്ളിക്കെന്തിനാ പൊൻകുരിശ്?" എന്ന ദൈവശാസ്ത്രപരമായ ചോദ്യമാണ്. ഈ ചോദ്യത്തിൽ വിശ്വാസത്തിന്റെയും സ്ഥാപനത്തിന്റെയും ഇടയിലെ സംഘർഷം അടയാളപ്പെടുന്നു. മോഷണം ന്യായീകരിക്കാനല്ല, മറിച്ച് സ്ഥാപനവത്കൃതമായ ആത്മീയതയോടുള്ള ചോദ്യമാണിത്. (മനjസ്സിൽ വന്നത് ജീൻവാൽജിയെ ചേർത്തുപിടിച്ച വൈദികന്റെ രൂപമാണ് )
ഓരോ പുതിയ രഹസ്യങ്ങളിലേക്ക് വാതിൽ തുറക്കുന്ന അധ്യായങ്ങളാണ് ഈ നോവലിലുള്ളത്. ഒരു ദേശം ആ അധ്യായങ്ങളിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു. ആനവാരി രാമൻനായരുടെ പേരിന്റെ ഉത്ഭവം—കൊച്ചുനീലാണ്ടൻ പോലീസുകാരെ ഓടിച്ചപ്പോൾ ജനങ്ങൾക്ക് നേതൃത്വം കൊടുത്ത സംഭവം—ഒരു ദേശത്തിന്റെ ജനകീയചരിത്രമാണ്. പോലീസുമൂരാച്ചിഭരണം നശിക്കട്ടെ! കൊച്ചുനീലാണ്ടൻ സിന്ദാബാദ്! എന്ന മുദ്രാവാക്യങ്ങൾ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയാവബോധത്തിന്റെ സൂചകങ്ങളാണ്. ബഷീർ ഈ സംഭവത്തെ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോഴും അതിൽ സ്വാതന്ത്ര്യസമരകാലത്തെ ജനകീയപ്രതിരോധത്തിന്റെ പ്രതിധ്വനികൾ കേൾക്കാം.
ആനമോഷണം എന്ന കലാപരിപാടിയുടെ വിവരണം ബഷീറിയൻ ഹാസ്യത്തിന്റെ ഉത്തമോദാഹരണമാണ്. "ചങ്കൂറ്റം! അതു സുലഭമായിത്തന്നെ ഉണ്ടായിരിക്കണം. ഡയലോഗ്. തീരെ കുറഞ്ഞതു മൂന്നെണ്ണമെങ്കിലും കൈയിൽ കരുതുന്നതു നന്ന്. സംഭവം മൂക്കിൽക്കൂടി മുഴക്കത്തോടെ: നടയാനെ...! സെറ്റിയാനെ...! ടത്തിയാനെ...!"—ഇവിടെ മോഷണം ഒരു കലയായി ഉയർത്തപ്പെടുന്നു. എന്നാൽ ഈ കലയുടെ പരീക്ഷണം പരാജയപ്പെടുമ്പോൾ—കൊച്ചുനീലാണ്ടനെ പാറുക്കുട്ടിയെന്ന് തെറ്റിദ്ധരിച്ച്—ആനവാരിയും പൊൻകുരിശും നദിയിലേക്ക് ചാടി രക്ഷപ്പെടുന്നതും പിന്നീട് ദിവസങ്ങളോളം വയറിളക്കത്താൽ കിടപ്പിലാകുന്നതും ബഷീറിയൻ ഹാസ്യത്തിന്റെ ഉച്ചസ്ഥായിയാണ്. ഭയവും ധൈര്യവും തമ്മിലുള്ള അതിർവരമ്പ് എത്ര നേർത്തതാണെന്ന് ഈ രംഗം കാണിച്ചുതരുന്നു.
നോവലിലെ സ്ത്രീകഥാപാത്രങ്ങൾ—പാറുക്കുട്ടി, സൈനബ, കൊച്ചുത്രേസ്യ—പുരുഷന്മാരുടെ ലോകത്തിൽ അവരുടേതായ ഇടം കണ്ടെത്തുന്നു. പാറുക്കുട്ടിയെ ആനവാരി മർദ്ദിക്കുമ്പോൾ അവൾ ഉച്ചത്തിൽ നിലവിളിക്കുന്നു—"പെണ്ണല്ലേ..." എന്ന ബഷീറിയൻ പരിഹാസം സ്ത്രീകളുടെ സാമൂഹികസ്ഥാനത്തെയും അവരുടെ പ്രതിരോധത്തെയും ഒരുപോലെ അടയാളപ്പെടുത്തുന്നു. സൈനബയുടെ കടക്കണക്കുകൾ പുരുഷന്മാരുടെ സാമ്പത്തികാശ്രിതത്വത്തിന്റെ രേഖയാണ്. കൊച്ചുത്രേസ്യയുടെ പ്രണയം പൊൻകുരിശു തോമയോട്—ഒരു മോഷ്ടാവും ജയിൽപ്പുള്ളിയുമായ മനുഷ്യനോട്—സമൂഹത്തിന്റെ ധാർമ്മികവ്യവസ്ഥയെ വെല്ലുവിളിക്കുന്നു.
ബഷീറിന്റെ ദേശം ആനകളുടെയും പെരുന്നാളുകളുടെയും കടക്കണക്കുകളുടെയും ലോകമാണ്. ഇവിടെ മിത്തുകൾ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. പൊൻകുരിശു തോമയുടെ കഥ ഒരു വിശുദ്ധന്റെ കഥയല്ല; ഒരു സാധാരണക്കാരന്റെ ദൈവശാസ്ത്രമാണ്. ആനവാരിയുടെ കഥ ഒരു വീരന്റെ കഥയല്ല; ഒരു പരാജിതന്റെ ഹാസ്യാത്മകജീവിതമാണ്. "അങ്ങനെ എല്ലാം സന്തോഷമായി, സമാധാനമായി കലാശിച്ചു"—ഈ വാക്യം നോവലിന്റെ അവസാനത്തോടടുത്ത് ആവർത്തിക്കുന്നു. ബഷീറിയൻ ആഖ്യാനത്തിന്റെ സവിശേഷതയാണിത്—എല്ലാ സംഘർഷങ്ങളും അവസാനിക്കുന്നത് ഒരു പുഞ്ചിരിയിലാണ്. ആനവാരിയുടെ അവസാനത്തെ ചിന്ത—"നമ്മൾ മോഷ്ടിച്ചതു വൃത്തികെട്ട ആ പാറുക്കുട്ടിയെ ആയിരുന്നെങ്കിൽ, പിന്നെ ജീവിച്ചിരുന്നിട്ട് വല്ല കാര്യവുമുണ്ടോ? ആന ആയാലും എന്തായാലും—പെണ്ണല്ലേ? വലിയ കുറച്ചിലായിരുന്നേനെ!"—ആനവാരിയുടെ സ്ത്രീവിരുദ്ധതയുടെ തുടർച്ചയാണെങ്കിലും അതിൽ ഒരു സ്വയംപരിഹാസവും ഒളിഞ്ഞിരിക്കുന്നു. ബഷീർ തന്റെ കഥാപാത്രങ്ങളെ ശിക്ഷിക്കുന്നില്ല; അവരെ അവരുടെ വൈകല്യങ്ങളോടെ സ്നേഹിക്കുന്നു.
ആകെത്തുകയിൽ, 'ആനവാരിയും പൊൻകുരിശും' ഒരു ദേശത്തിന്റെയും അതിൽ ജീവിക്കുന്ന മനുഷ്യരുടെയും കഥയാണ്. ആനകൾ, പെരുന്നാളുകൾ, പോലീസ് സ്റ്റേഷനുകൾ, പള്ളികൾ, കടക്കണക്കുകൾ, ജയിലുകൾ, നദികൾ—ഇവയെല്ലാം ചേർന്ന് ഒരു ലോകം രൂപപ്പെടുന്നു. ഈ ലോകത്തിൽ കുറ്റവും ശിക്ഷയും ധർമ്മവും അധർമ്മവും തമ്മിലുള്ള അതിരുകൾ അവ്യക്തമാണ്. ഒരു മോഷ്ടാവ് വീരനായകനായി മാറുന്നു; ഒരു പോലീസുകാരൻ കള്ളനെ സഹായിക്കുന്നു; ഒരു ആന മോഷണം ഒരു തമാശയായി അവസാനിക്കുന്നു. ഇതാണ് ബഷീറിയൻ ലോകം—മനുഷ്യത്വത്തിന്റെ കസ്തൂരിഗന്ധം നിറഞ്ഞ, ഹാസ്യവും കരുണയും ഒരുപോലെ നിറഞ്ഞ ഒരു ലോകം.
"മംഗളം. ശുഭം."—ഈ വാക്കുകളോടെ നോവൽ അവസാനിക്കുമ്പോൾ വായനക്കാരൻ ഒരു ദേശത്തിന്റെയും അതിലെ മനുഷ്യരുടെയും ഓർമ്മകളുമായി പിരിയുന്നു. ആനവാരിയുടെയും പൊൻകുരിശിന്റെയും ലോകത്തിലെ ഹാസ്യവും കരുണയും വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു. ഒരു ദേശം ഒരു നോവലിലൂടെ ജീവിക്കുന്നു; ഒരു നോവൽ ഒരു ദേശത്തിന്റെ ആത്മാവാകുന്നു.
പിൻകുറിപ്പ്:
ബഷീറിന്റെ ലോകത്തിൽ കള്ളനും പോലീസുകാരനും ആനയും പെണ്ണും ഒരുപോലെ മനുഷ്യരാണ്; കുറ്റവും കരുണയും തമ്മിലുള്ള അതിർവരമ്പ് ചിരിയിൽ അലിഞ്ഞുപോകുന്നു. ആനവാരിയുടെയും പൊൻകുരിശിന്റെയും കഥ വായിച്ചുതീരുമ്പോൾ ഓർമ്മ വരുന്നത് ഒരു കാര്യം മാത്രം—മനുഷ്യത്വം എന്നത് വീരത്വത്തിലല്ല, മറിച്ച് പരാജയങ്ങളിലും പരിഹാസങ്ങളിലും പോലും പരസ്പരം കൈപിടിച്ചുയരുന്ന ഒരു ചെറിയ സ്നേഹത്തിലാണ് എന്ന്.

No comments:
Post a Comment