കാതറീൻ കോൾമാൻ ജോൺസൺ
നാലാം സെമസ്റ്റർ ബി.എസ് സി ക്ലാസ്സിൽ അനലിറ്റിക് ജ്യോമട്രി പഠിപ്പിക്കുന്നതിനിടയിൽ ഒരു ദിനം ഞാൻ കുട്ടികളോട് കാതറീൻ കോൾമാൻ എന്ന ആളെ അറിയുമോ എന്നു ചോദിച്ചപ്പോൾ ഒരാൾക്കും കേട്ടു പരിചയം പോലുമില്ലായിരുന്നു ആ പേര്.. ഭൂരിഭാഗം കുട്ടികളും പെണ്കുട്ടികൾ ആയിരുന്നിട്ട് പോലും ആ പേര് അറിയാതെ പോയത് അത്ഭുതമായി എനിക്ക് തോന്നി..നഖം വെട്ടുന്നതും മുടി ഉണക്കുന്നതും വരെ ചർച്ച ചെയ്യുന്ന വനിതാ പ്രസിദ്ധീകരണങ്ങൾ ഒന്നും ഒരു പക്ഷേ കാതറീനെ പരിചയപെടുത്തി കാണില്ല..എന്തായാലും കാര്യത്തിലേക്ക് വരാം..
ആരാണ് കാതറിൻ കോൾമാൻ??
ഒറ്റവാക്കിൽ ഒരു കറുത്ത വർഗകാരി ആയ അമേരിക്കൻഗണിത പ്രതിഭ.ഗണിത ഭാഗത്ത് നിന്ന് നോക്കിയാൽ അനലറ്റിക് ജോമേട്രിയും കോണിക് സെക്ഷനും ഒക്കെ ശ്വാസം എടുക്കുന്ന ആയാസത്തിൽ കൈകാര്യം ചെയ്തവർ.. .മുമ്പ് പലപ്പോഴായി കേട്ട പേരാണെകിലും ശരിക്കും 2007 മുതൽ ആണ് അവരെ കുറിച്ചു കൂടുതൽ വായിച്ചത്..2007 ഇൽ കോഹൻ മിലൻ യൂണിവേഴ്സിറ്റിയിലെ റാണ്ടി പോഷ് എന്ന പ്രൊഫസറെ തിരക്കിയുളള ഗൂഗ്ൾ യാത്രകൾക്കിടയിൽ ആണ് കാതരീൻ എന്ന ഗണിത പ്രതിഭ വായനയുടെ പരിധിയിലേക്കു എത്തിയത്.. അങ്ങിനെ കിട്ടിയ വിവരങ്ങൾ ആണ് താഴെ കുറിക്കുന്നത്..
ഒന്നാം ലോക മഹായുദ്ധതത്തിന്റെ കെടുതികളിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന 1918 ഇൽ ആണ് ഒരു മരം വെട്ടുകാരന്റെ മകളായി അമേരിക്കയിൽ കാതെറിൻ കോൾമാൻ ജനിച്ചത്..അമ്മ ഒരു അധ്യാപിക ആയിരുന്നു. കറുത്ത വർഗകാരി ആയി ജനിച്ചതിന്റെ പേരിലുള്ള എല്ലാ സാമൂഹിക പ്രയാസങ്ങളും അവർ അനുഭവിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വെസ്റ്റ് വിര്ജീനിയ സ്റ്റേറ്റിൽ കറുത്തവർക്കു വേണ്ടി മാത്രമുള്ള ഒരു യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി ചേർന്നു..പതിനെട്ടാമത്തെ വയസ്സിൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടി..പിന്നീട് ഒരു സ്കൂൾ അധ്യാപിക ആയി ജോലി നോക്കാൻ തുടങ്ങി..21 -മത്തെ വയസ്സിൽ വിവാഹിത ആയി.. കുറച്ചു കാലങ്ങൾക്കു ശേഷം അധ്യാപനം നിറുത്തി തുടർന്ന് പഠിക്കാൻ തീരുമാനിച്ചു..അതിനിടെ ഗർഭിണി ആയി പഠനം ഉപേക്ഷിക്കേണ്ടി വന്നു..കുടുംബത്തിലേക്ക് ഒതുങ്ങി ജീവിച്ചു പോന്നു..
അങ്ങിനെ ഇരിക്കുമ്പോഴാണ് 1938 -ൽ അമേരിക്കൻ സുപ്രീം കോടതിയുടെ പ്രമാദമായ ഒരു വിധി വന്നത്.വെളുത്ത വർഗക്കാർ അനുഭവിക്കുന്ന എല്ല വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കും കറുത്ത വർഗകാർക്ക് കൂടി അവകാശമുണ്ടെന്നും വെളുത്തവർക്കു മാത്രമായി ഉള്ള കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഇനി മുതൽ കറുത്ത വർഗക്കാർക്കും പ്രവേശനം നേടാം എന്നായിരുന്നു വിധിയുടെ ഉള്ളടക്കം.. ആ വിധിയുടെ ആനുകൂല്യത്തിൽ കാതറീൻ ഗവേഷണത്തിലേക്കിറങ്ങി തന്റെ ഗണിതശാസ്ത്ര വൈഭവം മൂർച്ച കൂട്ടി..
1952 ഇൽ NACA ( നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയർനോട്ടിക്‌സ്) ഗണിത ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവരെ ജോലിക്കു നിയമിക്കുന്നു എന്ന വാർത്ത കേട്ടു കാതറിൻ അപേക്ഷ നൽകി..1953-ഇൽ ആ ജോലി ലഭിച്ചു..
1953 മുതൽ 1958 വരെയുള്ള അഞ്ചു വർഷം കണക്കു കൂട്ടാനുള്ള ഒരു കാൽക്കുലേറ്റർ ജോലി മാത്രമായിരുന്നു അവർക്ക് NACA യിൽ ഉണ്ടായിരുന്നത്..വ്യക്തമായി പറഞ്ഞാൽ ഉയർന്ന തസ്തികയിൽ ഉള്ളവർ എഴുതിവെച്ച കാൽക്കുലാഷൻസിൽ എന്തേലും പിഴവുണ്ടോ എന്നു പരിശോധിക്കൽ മാത്രം..ഇതേ ജോലി ചെയ്യാൻ കൂടെ കുറച്ചു കറുത്ത വർഗക്കാർ കൂടെ ഉണ്ടായിരുന്നു..അവരെ NACA ഓഫീസിൽ വിളിച്ചിരുന്നത് 'കളേർഡ് കംപ്യൂട്ടേർസ് 'എന്നായിരുന്നു പോൽ !!!
കാൽക്കുലേഷനിലെ ചില പിഴവുകൾ കണ്ടെത്തുന്നതും ചില കാൽകുലേഷനുകൾ കുറച്ചു കൂടി വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞതും ഉയർന്ന ഉദ്യോഗസ്ഥർക്ക് അതു വരെ കണക്കു കൂട്ടി നിർണ്ണയിക്കാൻ കഴിയാത്ത ചില ട്രാജക്ടറികൾ വ്യക്തമായി നിർണയിക്കാൻ കാതറീന് കഴിഞ്ഞതും കാരണം അവരുടെ ജോലിക്കു 1958 -ഇൽ അല്പം ഉയർച്ച ഉണ്ടായി ..ആ വർഷം ആണ് NACA രൂപം മാറി ഇന്നത്തെ നാസ (NASA)ആയത്.അതോടെ എയറോസ്പേസ് ടെക്നോളജിസ്റ് എന്ന തസ്തികയിലേക്ക് ആയിരുന്നു ആ ഉയർച്ച..
പുതിയ തസ്തികയിൽ അവരുടെ ജോലി വെള്ളക്കാർക്ക് ഒപ്പമായിരുന്നു..ഓഫിസിലെ പലരും അവരോട് പുച്ഛത്തോടെ ആയിരുന്നു പെരുമാറിയത്. ഒഫീസിൽ പൊതുവായി ഉപയോഗിക്കുന്ന കോഫീ മെഷീനിൽ അവർക്ക് കോഫി എടുക്കാൻ കഴിഞ്ഞിരുന്നില്ല..എന്തിനേറെ ടോയ്‌ലറ്റിൽ പോവണമെങ്കിൽ അര കിലോമീറ്റർ അകലെ ഉള്ള ബില്ഡിങ്ങിൽ കറുത്തവർക്കു വേണ്ടി ഉള്ള ടോയ്ലറ്റിലേക്കു ഓടി പോവണമായിരുന്നു..അക്കങ്ങളുടെ ലോകത്തു മാത്രമായിരുന്നു അവരുടെ ചിന്ത എന്നതിനാൽ ഇത്തരം മോശം വ്യവഹാരങ്ങൾ അവരെ സങ്കടപെടുത്തിയെങ്കിലും അവരുടെ ജോലിയോടുള്ള ആത്മാര്ഥതയെ ബാധിച്ചതേ ഇല്ല..രണ്ടാം ലോക മഹായുദ്ധതിനു ശേഷം രൂപപ്പെട്ട രണ്ടു ശക്ത ചേരികളിൽ ഒന്നായ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ 1958 ഇലെ അവസ്ഥയാണ് ഈ പറഞ്ഞത്. ( അതേ സമയം ഭ്രാന്തലയമെന്നു പണ്ട് പഴികേട്ട നമ്മുടെ കൊച്ചുകേരളത്തിൽ ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിലൂടെ ഒരു സർക്കാർ അധികാരത്തിൽ വന്നു വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്കരണവും സാർവത്രിക വിദ്യാഭ്യാസവും ചർച്ച ചെയ്തുകയായിരുന്നു.. ഭൗതിക മുന്നേറ്റവും ബൗദ്ധിക മുന്നേറ്റവും രണ്ടാണെന്നു ഓര്മപ്പെടുത്താൻ സൂചിപ്പിച്ചതാണ്).
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ശീതസമരം കൊടുമ്പിരി കൊള്ളുന്ന സമയം.അതിന്റെ ഭാഗമായി ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ടു സ്പേസ് വാർ എന്ന പേരിൽ രണ്ടു ചേരികൾ പരസ്പരം പക രൂപത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്ന സാഹചര്യം ഉണ്ടായിരുന്നു..ഒരു ബഹിരാകാശ ദൗത്യം ആദ്യം ആര് വിജയകരമായി പൂർത്തിയാക്കും എന്നതായിരുന്നു പക പുരണ്ട ആ മത്സരത്തിനു ഹേതു..
എന്നാൽ 1961 ഏപ്രിൽ 12 ന് അമേരിക്കൻ അഹങ്കാരത്തിൽ ആണി അടിച്ചു USSR , ചരിത്രത്തിൽ ആദ്യമായി യൂറി ഗഗറിൻ എന്ന കോസ്മോനേറ്റിനെ ബഹിരാകാശതത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു..അങ്ങിനെ ബഹിരാകാശ ദൗത്യം ആദ്യം വിജയകരമായി പൂർത്തിയാക്കിയ പട്ടം സോവിയറ്റ് യൂണിയൻ നേടി സ്പേസ് വാറിൽ ഒരടി മുന്നിലായി..അതു അമേരിക്കന് ചേരിക്കേറ്റ വലിയ അടി ആയിരുന്നു.. അതിനു ശേഷം നാസക്കകത്തു വൻ തീരുമാനങ്ങൾ ആണ് അധികൃതർ കൈക്കൊണ്ടത്.. ഇനി അമേരിക്കയുടെ പേടകം സ്പേസിൽ എത്തിയ ശേഷമേ നാസ ഉദ്യോഗസ്ഥർ വീട്ടിൽ പോലും പോകാൻ പാടുള്ളൂ എന്ന കണിശമായ തീരുമാനം അവരെടുത്തു...രാപകൽ ഭേദമില്ലാതെ അതി കഠിനമായ പ്രവർത്തനങ്ങൾ.. എത്ര പരിശ്രമിച്ചിട്ടും നാസയിലെ വെറ്ററൻ എന്ജിനീര്മാര്ക്കു പേടകത്തിന്റെ ട്രാജക്ടറി കൃത്യമായി കണക്കാൻ കഴിഞ്ഞില്ല.അതു പോലെ പേടകത്തിന്റെ ലോഞ്ച് വിന്ഡോ(Launch window - പേടകം കൃത്യമായി അന്തരീക്ഷ വ്യതിയാനങ്ങളെ അതിജീവിച്ചു ലക്ഷ്യസ്ഥാനത്തു എത്തണമെങ്കിൽ ഏതു സമയത്തു (മില്ലി സെക്കന്റുകൾക്കു പോലും വലിയ വിലയുണ്ട് ഈ കാൽകുലെഷനിൽ) അതിനെ വിക്ഷേപിക്കണം എന്നതാണ് ലോഞ്ച് വിന്ഡോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്)നിർണയിക്കുന്നതിൽ ചില അവ്യക്തതകൾ. ..ഇലക്ട്രിക്ക് കണക്ടിവിറ്റി നഷ്ടപ്പെട്ടാൽ പേടകതിനു സഞ്ചരിക്കേണ്ട ട്രാജക്ടറി എന്താണ് തുടങ്ങിയ സൂക്ഷ്മ കണക്കുകൾ കൃത്യമായി നിർണയിക്കാൻ കഴിയാത്ത സാഹചര്യം ..ഇവയൊക്കെ നാസയുടെ ശ്രമങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കൊണ്ടിരുന്നു.. അലൻ ശഫെർഡ് എന്ന ആസ്ട്രോനെറ് യാത്രക്ക് തയാറായിട്ടും ഈ കണകൂട്ടലുകളുടെ കൃത്യതയിൽ ഉണ്ടാകുന്ന എററുകൾ(errors) ശരിപ്പെടുത്തുന്നതിൽ അവിടുത്തെ സീനിയർ ആളുകൾ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരുന്നു..ആ സമയത്താണ് ആരും ഗൗനിക്കാതിരുന്ന കാതറിൻ തന്റെ കണക്കുകൾ അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചത്.. അത്ഭുതം തന്നെ ആയിരുന്നു ആ ആ കണക്ക് കൂട്ടലുകൾ ..ട്രജക്ടറികളും ലോഞ്ച് വിന്ഡോയും അതിസൂക്ഷ്മ തലത്തിൽ പോലും കിറുകൃത്യം... അങ്ങിനെ കാതെറീനിന്റെ കണക്കുകളുടെ ചിറകിലേറി അലൻ ഷെഫെർഡ് ആദ്യ അമേരിക്കൽ ബഹിരാകാശ സഞ്ചാരി ആയി..അതോടെ നാസയുടെ 'മെർക്കുറി റെഡ്സ്റ്റോൻ 3' അഥവാ 'ഫ്രീഡം 7' എന്ന ദൗത്യം 1961 മേയ് 5 ന് ( USSR ദൗത്യത്തിന് കൃത്യം 22 ദിവസത്തിനു ശേഷം) വിജയകരമായി കലാശിച്ചു..ഒരുപക്ഷേ, കാതറിന്റെ കണക്കു കൂട്ടലുകൾക്കു ആദ്യമേ അല്പം ഗൗരവം നാസയിലെ ഉദ്യോഗസ്ഥർ കൊടുത്തിരുന്നുവെങ്കിൽ ഗഗാറിനും മുന്നേ അലൻ ഷെഫിർഡ് ബഹിരാകാശത്തു എത്തുമായിരുന്നു..
1961 ലെ വിജയകരമായ ദൗത്യത്തിന് ശേഷം നാസ കണക്കു കൂട്ടാൻ സൂപ്പർ കമ്പ്യൂട്ടറുകൾ വികസിപ്പുച്ചു.. അതിസൂക്ഷ്മമായ കണക്കൂട്ടലുകൾ കൃത്യമായി നിർണയിക്കാൻ ആ കംപ്യൂട്ടറുകൾക്കു കഴിഞ്ഞു..അങ്ങിനെ ആദ്യമായി കമ്പ്യൂട്ടർ കണക്കുകൾ ആധാരമാക്കി നാസ ഒരു പുതിയ ദൗത്യം തുടങ്ങി .ദൗത്യത്തിന്റെ പേര് "ഫ്രണ്ട്ഷിപ് 7" എന്നായിരുന്നു..ഭൂമിയെ വലയം വെക്കുക എന്നതായിരുന്നു ദൗത്യം .. ദൗത്യം നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട അസ്ട്രോനെറ് ജോണ് ഗ്ലെൻ (ഭൂമിയെ വലയം ചെയ്ത ആദ്യ അമേരിക്കൻ ആസ്ട്രോനെറ്)..
ദൗത്യത്തിന്റെ എല്ലാ മിനുക്ക് പണികളും അവസാന ഘട്ടത്തിൽ.. വിക്ഷേപണ സമയം വരെ കമ്പ്യൂട്ടർ സഹായത്തോടെ നിർണയിക്കപ്പെട്ടു.. എന്നാൽ കംപ്യൂട്ടർ കണക്കുകൾ കാതറീൻ പരിശോധിച്ചു ഉറപ്പു വരുത്തിയാൽ മാത്രമേ താൻ പേടകത്തിൽ കയറുകയുള്ളൂ എന്നു ജോണ് ഗ്ലെൻ..അവസാനം കാതറീൻ വന്നു കണക്കുകളുടെ കൃത്യത ഉറപ്പിച്ചു .അങ്ങിനെ ജോണ് ഗ്ലെൻ, കാതറിൻ നൽകിയ ഉറപ്പിൽ ദൗത്യം ആരംഭിച്ചു മൂന്നു പ്രാവശ്യം ഭൂമിയെ ചുറ്റി വിജയകരമായി ദൗത്യം പര്യവസാനിപ്പിച്ചു..പിന്നീട് 1969 ഇൽ അപ്പോളോ 11 ന്റെയും സഞ്ചാരപദം നിർണയിച്ചത് കാതറീനിന്റെ കണക്കു കൂട്ടലുകളാണ്
കാതറിൻ കോൾമാന്റെ ചരിത്രം മാറ്റി നിര്ത്തിയാല് ഒരു പക്ഷെ നാസക്കു ഇന്ന് നമ്മൾ കാണുന്ന വലിയ വലിയ ചരിത്രം കെട്ടിപ്പടുക്കാൻ കഴിയില്ലായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു..കാതെറീനിന്റെ ജീവിത കഥ പറയുന്ന പുസ്തകമാണ് ഹിഡൻ ഫിഗർസ് (Hidden Figures) .മാർഗരറ്റ് ലീ എന്ന ആളാണ് ഈ പുസ്തകത്തിന്റെ രചയിതാവ്..പിന്നീട് ഈ പുസ്തകം അവലംബിച്ചു അതേ പേരിൽ ഒരു സിനിമയും ഹോളിവുഡിൽ വന്നിരുന്നു.. ഒരുപാട് അവാർഡുകൾ നേടിയതാണ് ആ സിനിമ..
ഈ കഴിഞ്ഞ ഫെബ്രുവരി 24 ന് (2020) കാതെറീൻ തന്റെ 101 മത്തെ വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു..
ആ വലിയ പ്രതിഭയുടെ ഓര്മക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു....(കാതേറീനിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ 27/02/2020 ന് ഞാൻ എന്റെ ബുക്കിൽ എഴുതിവെച്ച ഒരു ഓർമകുറിപ്പാണ് .. ടൈപ്പ് ചെയ്യാനുള്ള മടി കാരണം ഞാൻ എവിടെയും ചേർത്തിരുന്നില്ല ഈ കുറിപ്പ്.. കഴിഞ്ഞ ദിവസം ഞങ്ങളുടെ കോളേജിലെ ഇംഗ്ലീഷ് ഡിപാർട്മെന്റിന്റെ ' എ ഫിലിം എ ഡേ ചലൻച്' എന്ന വാട്സാപ്പ് കൂട്ടായ്മയിൽ ഹിഡൻ ഫിഗർ വന്നു കണ്ടപ്പോഴാണ് ഈ എഴുത്തു ഓർമ വന്നത് .)


No comments:
Post a Comment