പുസ്തകം: മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ
എഴുതിയത് : ഷംസുദ്ദിൻ മുബാറക്
പ്രസാധകർ : ഡിസി ബുക്ക്സ്
കുറെ നാളുകളായുള്ള തിരക്കുകൾ എല്ലാം ഒഴിഞ്ഞ് ഒന്ന് സ്വസ്ഥമായപ്പോൾ വായിക്കാനെടുത്തത് ശംസുദ്ദീൻ മുബാറക് എഴുതിയ 'മരണ പര്യന്തം , റൂഹിന്റെ നാൾ മൊഴികൾ ' എന്ന നോവലാണ് .
ഇസ്ലാം മത വിശ്വാസത്തിലെ മരണാനന്തര ജീവിതത്തെ കാൽപനിക ചട്ടകൂട്ടിലേക്ക് കൊണ്ടുവന്ന രചന മനസ്സിൽ വല്ലാത്ത തിരയിളക്കങ്ങൾ സൃഷ്ടിച്ചു.മരിച്ച ഒരു വ്യക്തിയുടെ ആത്മാവ് എഴുതുന്ന ഡയറി കുറിപ്പുകൾ പോലെയാണ് കഥയുടെ രചനാരീതി.
പ്രവാസിയായ ബഷീർ പ്രവാസം അവസാനിപ്പിച്ച് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങുന്നതിനിടെയാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി വന്ന് ബഷീറിന്റെ ജീവിതനാടകത്തിന്റെ യവനിക താഴ്ത്തുന്നത്...
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ മരണാസന്ന സമയത്തെ 'സക്കറാത്തുൽ മൗത്ത് ' എന്നാണ് പറയുക. ഒരാളുടെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്താൻ അസ്റാഈൽ എന്ന മാലാഖയുടെ ആഗമനവും പിന്നീട് ശരീരത്തിൽ ആത്മാവ് വേർപെട്ട് ശരീരം മൃതമായി പോകുന്നത് വരെയുള്ള സമയമാണ് സക്കറാത്തുൽ മൗത്ത്. ഒരു മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പോൽ ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുമ്പോൾ ഉണ്ടാകുക.... ഒരു കടൽ മുഴുവൻ കുടിച്ചാലും തീരാത്ത അത്രയു ദാഹമാണ് പോൽ ആ സമയം ഉണ്ടാകുക....
വിശ്വാസ പ്രകാരം കാലിന്റെ പെരുവിരൽ മുതലാണ് ആത്മാവ് ഊരിയെടുക്കാൻ തുടങ്ങുക. പിന്നിട് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും ആത്മാവ് വേർപെടുത്തി കണ്ണുകളിലൂടെ ആത്മാവിനെ പുറത്തേക്കെടുക്കും .ആത്മാവ് മുകളിലേക്ക് പോകുന്നത് , കാഴ്ച കൊണ്ട് പിന്തുടരാൻ ശ്രമിക്കുന്നത് മൂലമാണ് കണ്ണുകൾ മുകളിലേക് മറിഞ്ഞ് പോകുന്നത് എന്നാണ് വിശ്വാസം..അത്മാവ് ശരീരത്തിൽ നിന്ന് പുറത്ത് പോയാൽ പിന്നെ ശരീരം നിശ്ചേതനമാകും.പക്ഷെ ബോധവും കേൾവിയും നഷ്ടമാകില്ല പോൽ.. ചുറ്റും നടക്കുന്ന മുഴുവൻ കാര്യങ്ങളും മയ്യിത്തിന് കേൾക്കാമെത്രെ.. പ്രതികരിക്കാൻ ശ്രമിക്കുമെത്രെ .. പക്ഷെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരി്ല്ല. കൈകാലുകൾ ഇളക്കാൻ കഴിയില്ല. ശരിക്കും ബോധം ഭീതിയിൽ അകപ്പെടുന്ന സമയം. ഈ രംഗങ്ങൾ തല്ലാം വിശ്വാസം അവലംബമാക്കി കഥാകരൻ വിവരിച്ചിട്ടുണ്ട്.
മരണശേഷം ഖബറടക്കുന്നത് വരെയുള്ള കർമങ്ങൾ നിശ്ചേതനമായ ശരീരം ഭീതിയോടെ അറിയുമെന്ന വിശ്വാസം വരികളിലൂടെ വായിച്ചെടുക്കാം.
ഖബറടക്കിയാൽ പിന്നീടുള്ള ലോകത്തെ ഇസ്ലാമിക വിശ്വാസ പ്രകാരം ' ബർസക്കിയായ ലോകം ' എന്നാണ് വിളിക്കുക. ജീവിതത്തിൽ നന്മ കൂടുതൽ ചെയ്തവർക്ക് ആ ലോകത്ത് സൗഖ്യവും തിന്മ കൂടുതൽ ചെയ്തവർക്ക് പ്രയാസവുമാണ് അവിടെ ഉണ്ടാക്കുക എന്ന വിശ്വാസം അവലംബിച്ചാണ് പിന്നിടുള്ള ഭാഗങ്ങൾ വിവരിക്കുന്നത്. ഖബറടക്കി മൂന്നാം ദിവസം ബഷീറിന്റെ ആത്മാവ് ഖബറിൽ നിന്നും ഇറങ്ങി തന്റെ സ്വഗൃഹം കാണാൻ പോകുന്നതിന്റെ ഒരു വിവരണമുണ്ട്. മക്കളെയും ഭാര്യയെയും മറ്റു കുടുംബക്കാരെയും കുറിച്ച് ആവലാതി പൂണ്ട് അവരുടെ വിശേഷം നോക്കി കാണാൻ വീട്ടിലെത്തിയ ആത്മാവ് അവിടെ സ്വത്ത് വീതം വെക്കുന്ന ചർച്ചകൾ കണ്ട് അസ്വസ്ഥമായി തിരിച്ച് പോരുകയാണ്..
പിന്നീട് ദിവസങ്ങൾക്ക് ശേഷം ഒരു അപകടത്തിൽ മരണപെട്ട ബഷീറിന്റെ മകന്റെ ആത്മാവ് ബഷീറിന്റെ ഖബറിൽ വരുന്നതും ബഷീർ താൻ ജീവിതത്തിൽ രഹസ്യമായി ചെയ്ത തെറ്റുകളെ കുറിച്ച് മകനോട് തുറന്ന് പറയുന്ന ഒരു രംഗം ഒരൽപം മനോവിഷമത്തോടെ ആണ് നമുക്ക് വായിച്ച് തീർക്കാനാവുക.
പിന്നീട് 200- ളം വർഷങ്ങൾക്ക് ശേഷമുള്ള നാൾ മൊഴികളുമായാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ലോകവസാനത്തെ കുറിച്ച് പ്രവാചകൻ പഠിപ്പിച്ച പാഠങ്ങൾ ബഷിറിന്റെ ആത്മാവ് നേരിൽ കാണുന്നതിന്റെ ഭാവനാത്മക വിവരണമാണ് പിന്നീടുള്ള ഭാഗങ്ങളിൽ.. ഖിയാമത്ത്'നാളിന്റെ രൗദ്രത ശരിക്കും വിവരിക്കുന്നുണ്ട് തുടർന്നുള്ള നാൾ മൊഴികളിൽ ...
മൂന്നാം ഭാഗത്തെ ഡയറി കുറിപ്പകൾ ലോകം അവസാനിച്ചതിന് ശേഷമുള്ള കാലത്തുള്ള താണ്. പുതിയ കാലക്രമത്തിന്റെ നിയതികൾക്കനുസരിച്ചാണ് പിന്നീടുള്ള നാൾ മെഴികൾ..... ഉയിർത്തെഴന്നേൽപ്പും വിചാരണയും സിറാത്ത് പാലവും സ്വർഗവും നരകവും എല്ലാം ഇന ഭാഗത്തെ വിവരണങ്ങളിൽ വരുന്നുണ്ട്.
വിശ്വാസങ്ങളും പ്രവാചക പാഠങ്ങളും പ്രവചനങ്ങളും ഒരു ഭാവൽമക അച്ചിലേക്കു ഒതുക്കി ഭംഗിയായി അണി യിച്ചൊരുക്കുന്നതിൽ ശ്രീ ശംസുദ്ധീൻ മുബാറക് വിജയിച്ചിരിക്കുന്നു എന്നാണ് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.
വായനക്കാരൻ ഒരു ഇസ്ലാം മത വിശ്വാസം ഉൾക്കൊണ്ട ആളാണെങ്കിൽ വിശ്വാസവും ഭാവനയും പരസ്പരം വേര്പിരിയാതെ കഥാന്ത്യം വരെ ആസ്വദിക്കാൻ ( ആകുലപ്പെടുക എന്നതാവും ആസ്വദിക്കുക എന്നതിനേക്കാൾ ഉചിതം) സാധിക്കും..
മറ്റുള്ളവർക്ക് ആയിരത്തൊന്നുരാവുകളിലെ ഒരു ഫാന്റസി കഥ പോലെ ആസ്വാദിക്കാം(നോവലിന്റെ തുടക്കത്തിൽ തന്നെ പദാവലികളെ കുറിച്ച് കൃത്യമായ വിവരണം വളരെ സഹായകമാണ്)
പിൻകുറിപ്പ്:
ഇസ്ലാം മത വിശ്വാസം ഉൾക്കൊണ്ട ഒരാളെന്ന നിലയിൽ എന്റെ വിശ്വാസത്തിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ഭാഗം ഉണ്ട്.. അത് 2232 ജൂൺ 4 ലെ നാൾ മൊഴി ആണ്..അതിൽ മഹ്ദിയുടെ മരണശേഷമാണ് ഈസ നബി (യേശു) വാനിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് എന്നാണ് പറയുന്നത്.. എന്നാൽ ഞാൻ മനസ്സിലാക്കിയത് പ്രകാരം ഈസ പ്രവാചകൻ ഭൂമിയിൽ വീണ്ടും അവതരിക്കുമ്പോൾ സ്വീകരിക്കാൻ മഹ്ദി ഉണ്ടാകുമെന്നാണ്.. ഒരു പക്ഷെ എന്റെ ധാരണ തെറ്റാവാം.. കൃത്യമായി അറിയുന്നവരിൽ നിന്നും വ്യക്തമായ തിരുത്ത് പ്രതീക്ഷിക്കുന്നു..

No comments:
Post a Comment