പുസ്തകം : ഉടൽ രാഷ്ട്രീയം
എഴുതിയത്: ഹണി ഭാസ്കരൻ
പ്രസാധനം: ഗ്രീൻ ബുക്ക്സ്
നാദിയ മുറാദ് ചർച്ചകളിലും ആനുകാലിക വായനകളിലും തെളിഞ്ഞ് നിൽക്കുന്ന ഒരു സാഹചര്യത്തിലാണ് എന്റെ കയ്യിൽ ശ്രീമതി ഹണി ഭാസ്കരൻ എഴുതിയ ഉടൽ രാഷ്ട്രീയം എന്ന നോവൽ കയ്യിൽ കിട്ടുന്നത്.
സാധാരണ പശ്ചാത്തലത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് കൃത്യമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നുണ്ട്. സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം , ദ്വന്ദ വികാരമുള്ള മകളായും(അച്ഛനോടുള്ള വെറുപ്പും അമ്മയോടുള്ള അടുപ്പവും) , ഭാര്യയായും ഈ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. സത്രീ എന്ന സൃഷ്ടിയെ കേവല ശരീരമായി കാണുന്ന, അതിലുള്ള ആത്മാവിനെ തിരസ്കരിക്കുന്ന പരിഷ്കൃതമെന്ന് നമ്മളവകാശപ്പെടുന്ന ഒരു സാമൂഹ്യ പരിതസ്ഥിതിയിലേക്കുള്ള ഒരെത്തിനോട്ടം കൂടി ആണ് നോവലിലൂടെ കഥാകാരി നടത്തുന്നത്.
വേദ എന്ന ഉന്നതകുലജ്യാതയായ പെൺകുട്ടിയുടെ കഥയാണ് ഉടൽ രാഷ്ട്രീയം പ്രതിപാദിക്കുന്നത്. കുലമഹിമയുടെ കൊട്ടാര പർവത്തിൽ അകപ്പെട്ട ഒരു പെൺകുട്ടി., ജാതി മേൽകോയ്മയിൽ അഹങ്കരിക്കുന്ന ഒരച്ഛൻ, ആ അച്ഛൻ ചെയ്ത് കൂട്ടുന്ന നെറികേട്കൾക്ക് ,മുകസാക്ഷിയാകേണ്ടി വരുന്ന 'ഒരമ്മയും മകളും.സമ്പത്തിന്റെ കൂനയിൽ ജീവിച്ചിട്ടും മനസ്സമാധാനം എന്തെന്നറിയാത്ത പെൺ ജീവിതങ്ങൾ.. ജോലിക്കാരിക്ക് പിറന്നത് തന്റെ അനുജനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വേദക്കുണ്ടായ വികാരം നിർവികാരത എന്ന പദത്തെ കൃത്യമായി വരച്ച് വെക്കുന്നുണ്ട്.'സ്വന്തം അച്ഛന്റെ മരണവാർത്ത അറിയുമ്പോഴും അതേ വികാരം പിന്നീടും കാണാം.
അമ്മയുടെ മരണ ശേഷം ( സ്വാഭാവിക മരണമല്ലെന്ന് വേദക്ക് അവസാനമാണ് മനസ്സിലാവുന്നത്.) സ്വപ്രയ്തനത്താൽ കാനഡയിലേക്ക് ഉന്നത പഠനത്തിന് വേണ്ടി യാത്ര തിരിക്കുന്നത് മുതൽ കഥയുടെ അടുത്ത ഭാഗം തുടങ്ങുന്നു .പഠനം കഴിയുന്നത് വരെ വേദ അനുഭവിച്ച സ്വാതന്ത്ര്യം എന്തെന്ന് വരികളിലൂടെ കൃത്യമായി വായിക്കാൻ കഴിയുന്നുണ്ട്.
പിന്നീട് വേദ ,നന്ദൻ എന്ന ബിസിനസ്സുകാരനുമായി ദാമ്പത്യം ആരംഭിക്കുന്നു. ശരിക്കും അതിന് ശേഷമാണ് വേദ ഒരു ഉപകരണമായി മാറുന്നത്. മുമ്പ് സ്വന്തം. വീട്ടിൽ മാനസിക പീഡനം മാത്രമായിരുന്നെങ്കിൽ ഇവിടെ ശാരീരിക പീഡനവും ഒരു ദിനചര്യയാകുന്നു. ഉടലിന്റെ ഉടമ വകാശം പോലും നഷ്ടപെട്ട് വേദ', തുണിയുരിയാതെ നഗനയാക്കപെടുന്ന സ്ത്രീകളുടെ ഒരു രൂപകമായി മാറുന്നു കഥയിലുടനീളം
അവസാനം ആ 'ചങ്ങല കെട്ടകൾ പൊട്ടിച്ചെറിയാൻ തീരുമാനിക്കുന്നിടത്താണ് വേദ സ്വയം തിരിച്ചറിയുന്നത്.ഇക്കിളി സങ്കല്പങ്ങൾക്കായോ അതല്ലെങ്കിൽ സദാചാരമെന്ന വ്യാജ അതിർവരമ്പുകൾ ലംഘിക്കുന്നവരെന്ന പേരിനോ വേണ്ടി ലൈംഗീകത ഉപയോഗിക്കുന്നവർക്കിടയിൽ, അതിനെ ഒരു ചൂഷണത്തിന്റെ ബിംബമായി പ്രതിഷ്ഠിക്കാൻ കഥാകാരിക്കു കഴിഞ്ഞു എന്നത് പ്രശംസനീയമാണ്..പ്രത്യേകിച്ചു എഴുത്തുകാരിയുടെ ആദ്യ നോവൽ ആണ് ഉടൽ രാഷ്ട്രീയം എന്നറിഞ്ഞപ്പോൾ ഇനിയും തുറന്നു വെച്ച കണ്ണുകളിലോടെ കാണുന്ന തെളിച്ചമാർന്ന കാഴ്ചകൾ എഴുതത്തായി പുറത്തു വരുമെന്ന പ്രതീക്ഷയോടെ..
പിൻകുറിപ്പ്: നോബൽ ജേതാവ് നാദിയ മുറാദിനെ പരാമർശിക്കാൻ കാരണം കഥക്കിടയിൽ വരുന്ന മാർഗരറ്റ് എന്ന ഒരു കഥാപാത്രമുണ്ട്..അവർ അവരുടെ അമ്മയെ കുറിച്ചു പറയുന്നുണ്ട്..രണ്ടാം മഹായുദ്ധകാലത്തു പട്ടാളക്കാരാൽ വലിച്ചു ചീന്തിയ അവരുടെ അമ്മയുടെ ശരീരത്തെ കുറിച്ച്, അവരേറ്റ മാനസിക പീഢനങ്ങളെ കുറിച്ച്.. ഒപ്പം ഏതോ പേരറിയാത്ത പട്ടാളക്കാരൻ തന്ന ബീജമാണ് മർഗരറ്റെന്ന കഥാപാത്രമെന്നും വായിച്ചപ്പോൾ നാദിയ മുറാദ് മനസ്സിൽ വന്നുപോയി..നന്ദനെ പോലെ, വേദയുടെ അച്ഛനെപോലുള്ളവർ നമുക്കിടയിൽ ജീവിക്കുന്ന ഏകാങ്ക ഭീകരപ്രസ്ഥാനങ്ങൾ തന്നെയാണ്...തിരിച്ചറിയത്തിടത്തോളം കാലം നമ്മുടെ അമ്മമാരും പെങ്ങൾമാരും അടിമകളായി തന്നെ തുടരും..സ്ത്രീ ഒരു ഉടലെന്ന ബോധ്യത്തിൽ നിന്നും മനുഷ്യപാതിയാണെന്നും എല്ലാ സ്വാതന്ത്ര്യത്തിനും ഉടമകളാണെന്നുമുളള അവബോധം നമ്മുടെ സമൂഹത്തിൽ ഉണരട്ടെ ..
ഒപ്പം ഒരു തമാശ കൂടി
ഇടയിൽ വരുന്ന രവി മാഷും ചേതനും ഇല്ലായിരുന്നെകിൽ പുരുഷനെന്ന മനുഷപാതി മുഴുവൻ ഈ ആഖ്യാനത്തിൽ ക്രൂശിക്കപ്പെടുമായിരുന്നു..
രവിമാഷും ചേതനും പോലെ ആയിരം പുരുഷ രൂപങ്ങൾ ഉണ്ടെന്ന സത്യം കഥാകാരിക്കു അറിയാമെന്നും കഥയിൽ സ്ഥാനമില്ലാത്തത് കൊണ്ടു ഉള്പെടുത്താതുമാണെന്നു രവി മാഷേ പോലെ ആവാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നു

No comments:
Post a Comment