Saturday, October 3, 2020

കവിത :മീസാൻ കല്ലുകൾ








മീസാൻ കല്ലുകൾ
*****************
സാമൂഹികാകലത്തിന്റെ പാഠങ്ങൾ 
പണ്ടേ പഠിപ്പിച്ചവർരണ്ടും,
ആറടിയകലത്തിൽ രണ്ടുപേരും ഇരിക്കുന്നുണ്ടെൻ
ഓര്മവെച്ച നാൾ മുതൽ തന്നെ ..
നിശ്ചേഷ്ടമാണവ, 
നിർവികാരമാമെങ്കിലും
തലയുയർത്തി തന്നെ 
നിൽക്കുമവരെപ്പോഴും.

നിഷ്ചേതനമെങ്കിലുമവരെ
സൂക്ഷിച്ചു നോക്കിയാൽ കാണാം
ചിലരിലൊരുരൗദ്രം..ചിലരിൽ വാത്സല്യം
ചിലരിൽ ദൈന്യത .. ചിലരിലോ സന്തോഷം..
അഹം ബോധാഹങ്കാരത്തിന്റെ 
മാറാലപേറി ഭൂമിക്ക് ഭാരമായി 
മാറിയ എത്രപേരെയവർ 
കാലിനടിയിൽ ചവിട്ടിതേച്ചിരിക്കുന്നു..

കള്ള പണവും ഹുണ്ടിപണവും കൊണ്ട്
അധികാരത്തിൻ അഹങ്കാരകൊട്ടാരങ്ങൾ 
പണിത സാഹിബുമാരുടെ മണ്ണറയ്ക്കു മുകളിൽ
പാറാവു കാരനെ പോൽ നിൽക്കുന്നു .
ദുനിയാവിന് പിന്നാലെയോടിയവസാനം 
തന്റെ കാൽച്ചുവട്ടിൽ നിരാലംബനായി 
തീർന്നൊരാ ജന്മത്തോടുള്ള പുച്ഛവും പേറി
നിവർന്നു നിൽക്കുകയാണവർ...
മുഖത്താകെ രൗദ്രത....

നെറികേടുകളുടെ നേരിപോടുകളിൽ
പാലയനങ്ങളുടെ മഹാപ്രളയങ്ങളിൽ
വംശഹത്യകളുടെ വന്യമാം വിഷമഴകളിൽ
കലാപങ്ങൾ വിതച്ച കൊടുങ്കാറ്റുകളിൽ
ജീവനറ്റുപോയ അയ്‌ലാൻ കുർദിമാർതൻ
നിഷ്കളങ്കതകൾക്കു മുകളിൽ അവർ
നിൽക്കുന്നു നിശബ്ദമായി, 
താരാട്ടു പാടി തൊട്ടിലാട്ടും മാതൃത്വത്തിൻ മൂർത്തി പോൽ സ്നേഹത്തോടെ
നിവർന്നു നിൽക്കുകയാണവർ...
മുഖത്താകെ വാത്സല്യം..

പേരു വന്ന ഭാഷയുടെ പേരിൽ,
വിശ്വാസങ്ങൾ ചമച്ച ചിഹ്നങ്ങളുടെ പേരിൽ
ഭക്ഷിച്ചു പോന്നൊരാഹാരത്തിന്റെ പേരിൽ 
ശീലിച്ചു പോന്ന ചേലതൻ ചേലിന്റെ പേരിൽ ,
വെറുപ്പ് തിന്നു കൊഴുത്ത സഹജരാം ചില
ആൾകൂട്ടങ്ങളുടെ തല്ലു കൊണ്ടു മൃതിപൂണ്ടവർ, 
വൈകൃതമാനസങ്ങൾ പടച്ചെടുത്ത
ബോംബിങ്ങിൽ ജീവനറ്റവർ,
കർമഭാണ്ഡം വഴിയിലുപേക്ഷിച്ചു 
രോഗങ്ങളാൽ ജീവനെടുക്കപ്പെട്ടവർ.
ഈ ഹതഭാഗ്യർക്ക് മുകളിൽ 
വ്യഥ പേറും മഞ്ഞു മലപോൽ
നിവർന്നു നിൽക്കുകയാണവർ.
മുഖത്തതാകെ ദൈന്യത.. 

നന്മയുടെ നിലനിൽപിനായ്
നേരിന്റെ തുടർച്ചക്കായ്‌.
നാടിന്റെ മോചനത്തിനായ്
തൂക്കുമരത്തിലേക്ക് നടന്നകയറിയവർ,
വിരിമാറ് കൊണ്ടു അനീതിയുടെ വെടിയുണ്ടകളെ തടുത്തവർ..
സഹജീവികളുടെ നന്മക്കായി
ജീവിതം ബലികൊടുത്തവർ .
രക്തസാക്ഷികൾളുറങ്ങും ഖബറുകൾക്ക് മുകളിൽ ആഹ്ലാദപൂർവം തലയുയർത്തി
അഭിമാനത്തിന്റെ സൗധം പോൽ
നിവർന്നു നിൽക്കുകയാണവർ..
മുഖത്താകെ സന്തോഷം..

ഭാവങ്ങൾ അനവധിയെങ്കിലും 
വെയിലിലും മഴയിലും ഒരുപോലെ  ആറടിയകലത്തിൽ നിന്നവർ 
പ്രണയിക്കുന്നത് കണ്ടുവോ നീ..
തണലായി കൂടെനിൽക്കും മൈലാഞ്ചി
ചെടികൾ കാറ്റിൽ അവരുടെ മുത്തങ്ങൾ 
കൈമാറും പ്രണയഗാഥകൾ കണ്ടു 
സ്വസ്ഥമായുറങ്ങട്ടെ പൂർവികർ..
ഓർക്കുക !!!
നാളെ നമ്മുക്ക് കാവലിരിക്കാൻ 
എവിടെയോ ഒരുങ്ങുന്നുണ്ട് 
ശാന്തമായി രണ്ടു മീസാൻ കല്ലുകൾ..
അവയുടെ വികാരങ്ങൾ നിര്ണയിക്കുന്നതിന്നത്തെ 
നമ്മുടെ ചെയ്തികൾ..
നിവർനിൽക്കാനാവട്ടെയവയ്ക്ക്
ആഹ്ലാദചിത്തരായി....
കാണുന്നവർ പറയട്ടെ
മുഖത്തതാകെ സന്തോഷം...


ഐജിബി
02/05/2020

No comments:

Post a Comment