Sunday, May 3, 2026

വിചിന്തനം:മണ്ണിലേക്ക്...

 


(കണ്ണം പറമ്പ് പള്ളിയും പള്ളിക്കാടും)


എത്ര വെയിലത്തായാലും കിളച്ചു മറിച്ച പച്ചമണ്ണിനു ഒരു തണുപ്പുണ്ട്.. കയ്യിലെടുക്കുമ്പോൾ  നിമിഷ നേരെത്തേക്ക്  ഒരു കുളിർ....

മണ്ണിൽ നിന്നും നിന്നെ പടച്ചു , മണ്ണിലേക്ക് തന്നെ മടക്കി ,ഇനി ഈ മണ്ണിൽ നിന്നും വീണ്ടും നീ പുനർജനിക്കും എന്നു പറഞ്ഞു 
അതു പ്രിയപ്പെട്ടവരുടെ ദേഹത്തേക്ക് വാരിയിടുമ്പോൾ തലച്ചോറിൽ ഒരു മിന്നൽ ഉണ്ട് .. 

ഇന്ന് നീ നാളെ ഞാൻ എന്ന ഒരു ഇടിനാദം തലച്ചോറിൽ ...
കണ്ണിൽ നിന്നും ഒരു വേദനയുടെ മഴ..
നാളെ എന്റെ ശരീരത്തെ മുഴുവൻ കീഴ്പ്പെടുത്തുന്ന ആ തണുപ്പിനെ ഓർത്ത്.....

ഓർമ വരുന്നത് ഗാലിബിന്റെ ഈരടികൾ ആണ്. 
'"ലാസിം ധാ കി ദേഖോ മേരാ രാസ്‌ത്താ കൊഈ ദിൻ ഓർ
തൻഹ ഗയാ  ക്യോം?..അബ്‌ രഹോ തൻഹാ കൊഈ ദിൻ ഓർ"
" നിശ്ചയം ഞാൻവരുന്ന വഴിലേക്കു നീ കുറച്ചു ദിവസം നോക്കി നിൽക്കേണ്ടി വരും...
എന്തിനാണ് നീ തനിച്ചു യാത്രയായത്?
ഇനി കുറച്ചു കാലം (ഞാൻ വരുന്നത് വരെ) നീ ഒറ്റക്ക് കഴിയേണ്ടി വരും .."

പിൻകുറിപ്പ്:തന്റെ ഏറ്റവും അടുത്ത ബന്ധു ആരിഫ് ചെറുപ്പത്തിൽ മരണമടഞ്ഞപ്പോൾ അവരുടെ ഖബറിനരികെ നിന്നു ഗാലിബ് പാടിയ വരികളാണ് മേൽപറഞ്ഞത്.

No comments:

Post a Comment