തലത് മഹ്മൂദ്: ഓർമ്മകളുടെ
സുഗന്ധം വീശും പാട്ടുകാരൻ
മേയ് 9 -
പാട്ടുകളെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും ഹൃദയത്തിലേക്ക്, വേദനയുടെയും പ്രണയത്തിന്റെയും മധുരമുള്ളൊരു ഇളംകാറ്റായി വന്ന് തൊട്ടു പോകുന്ന ഒരു ശബ്ദമുണ്ട്. തലത് മഹ്മൂദ് എന്ന ആ മഹാപ്രതിഭ തന്റെ ശബ്ദം കൊണ്ട് സൃഷ്ടിച്ച മാന്ത്രികതയ്ക്ക് മുന്നിൽ പലപ്പോഴും നമ്മൾ നിശബ്ദരാകും. വെൽവെറ്റ് പോലെ മൃദുവും, ഏത് വികാരത്തെയും തൊട്ടുണർത്താൻ ശേഷിയുള്ളതുമായ ആ ശബ്ദം ഇന്നും അനശ്വരമാണ്.
1924 ൽ ലഖ്നൗവിൽ ജനിച്ച തലത് മഹ്മൂദ്. തുടക്കത്തിൽ ഗസലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് . ഹിന്ദി സിനിമയിൽ 'ആയേ മേരേ ദിൽ കഹീം ഔർ ചൽ', 'തസ്വീർ തേരാ ദിൽ മേരാ' തുടങ്ങിയ മധുരഗാനങ്ങൾ പാടി ഹിന്ദുസ്ഥാനി സംഗീതത്തിൽ അദ്ദേഹം ഇടം നേടി . എന്നാൽ ഒരു മലയാളിയെന്ന നിലയിൽ, ആ ശബ്ദത്തിന്റെ മറ്റൊരു മുഖം നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യൻ സംഗീതത്തിലെ താരങ്ങൾ പലപ്പോഴും മലയാളത്തിൽ പാടാറുണ്ട്. പക്ഷെ തലത് മഹ്മൂദ് പാടിയ ആ ഒറ്റപ്പാട്ട്... അതൊരു അപൂർവ പ്രതിഭാസമായിരുന്നു. കടലേ നീലക്കടലേ….നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ........
1960 കളിലെ അതിമനോഹരമായ മലയാള ചിത്രമായ *ദ്വീപ് - ൽ എം.എസ്. ബാബുരാജ് മാഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം, മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. ബാബുരാജ് മാഷിന്റെ അതുല്യമായ സംഗീതസംവിധാനത്തിൽ, യൂസഫലി കേച്ചേരി സാറിന്റെ അതി സുന്ദരമായ വരികൾക്ക് ജീവൻ വെച്ചത് തലത് സാഹിബിന്റെ വേദന നിറഞ്ഞ ശബ്ദമായിരുന്നു.
"കടലേ നീലക്കടലേ... നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ…. എന്ന് തുടങ്ങുന്ന ഈ ഗാനം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത്? ഒരുപക്ഷേ, ഏറ്റവും ഏകാന്തമായ നിമിഷത്തിലേക്ക്, ഓര്‍മകളിലേക്ക്...
*കടലേ...* എന്ന് വിളിക്കുമ്പോഴുള്ള ആ ആദ്യത്തെ ഈർപ്പം നിറഞ്ഞ സ്വരം.. പിന്നെ ഒരു കടല്‍ പോലെ വിഷാദവും വിരഹവും എല്ലാം കൂടി
മനസ്സിലൊരു വേലിയേറ്റം. പിന്നീടുള്ള വരികള് ഒരുപാട് സമ്മിശ്ര വികാരങളുടേ ആഴമേറിയ ഒരാഴിയിലേക്ക് ശ്രോതാവിനെ എടുത്തെറിയുന്നു. യമന്‍ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം കാലങള്‍ക്ക് ശേഷവും സുഗന്ധം പേറി കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു.
തലത് മഹ്മൂദ് ഹിന്ദിയിലും ഉർദുവിലും മാത്രം ഒതുങ്ങിയിരുന്നില്ല. ഈയൊരു മലയാളം ഗാനം പാടിക്കൊണ്ട്, ഭാഷയ്ക്കതീതമായ ഒരു സത്യം അദ്ദേഹം ഉറക്കെ പറഞ്ഞു: 'സംഗീതത്തിന് ഭാഷയില്ല, വികാരങ്ങൾക്ക് അതിർത്തിയില്ല'.
തലത് മഹ്മൂദ് എന്നാൽ ഓർമ്മകൾ തന്നെയാണ്. അത് കേവലം ഒരു ശബ്ദത്തിന്റെ ഓർമയല്ല, മറിച്ച് ഒരു ഗന്ധം (Scent) ആണ്. നനുത്ത മഴയുള്ള ഒരു വൈകുന്നേരത്തെ തണുത്ത കാറ്റിൽ എവിടെ നിന്നോ വരുന്ന " കടലേ നീലക്കടലേ..." എന്ന ഈണം. രാഗത്തിന്റെ ലയനത്തിൽ, വിരഹത്തിന്റെ തീരത്ത്, തലത് മഹ്മൂദ് എന്ന ആ മനുഷ്യൻ ഇന്നും ജീവിച്ചിരിക്കുന്നു.
1998 മേയ് 9-നു ലോകം അദ്ദേഹത്തോട് വിടപറഞ്ഞു.
പിന്‍കുറിപ്പ്-
വേദനക്കും ഒരു ഭംഗിയുണ്ട്.അത് കണ്ടെത്തണമെങ്കിൽ, തലത് മഹ്മൂദിനെ കേട്ടാല്‍ മതി

No comments:
Post a Comment