പുസ്തകം : ഇരട്ട മുഖമുള്ള നഗരം
എഴുതിയത് : ബിന്യാമിൻ
ബിന്യാമിന്റെ ഇരട്ടമുഖമുള്ള നഗരം എന്ന പുസ്തകം കഴിയുമെങ്കിൽ ഒന്നു വായിക്കാൻ ശ്രമിക്കുക.. കറാച്ചി സാഹിത്യോത്സവത്തിന് പങ്കെടുക്കാൻ വേണ്ടി പാകിസ്താനിൽ പോയതിന്റെ യാത്രാ വിവരണമാണ് ആ പുസ്തകത്തിൽ.. വളരെ രസകരമായി ആ യാത്ര നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു ബെന്യാമിൻ സർ...ആമുഖത്തിൽ തന്നെ അദ്ദേഹം ഒരു വരി കുറിച്ചു വെച്ചിട്ടുണ്ട്.. "കാഴ്ചകൾ കൊണ്ടു സാമ്പന്നമല്ല (ഈ യാത്ര).അതിലുപരി ഇതു നമ്മുടെ മതിലിനപ്പുറത്ത് മറഞ്ഞിരിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള എത്തിനോട്ടമാണ് ". ഓരോ അനുഭവങ്ങളും തന്റെ മുൻവിധികളെ എത്രമാത്രം തിരുത്തലുകൾക്ക് വിധേയമാക്കുന്നുണ്ടെന്നു കൃത്യമായി സമർത്ഥി ക്കുന്നുണ്ട് അദ്ദേഹം .ഒപ്പം വായക്കാരന്റെ മുൻവിധി കളെയും മാറ്റുന്നുണ്ട് ചില അനുഭവസാക്ഷ്യങ്ങൾ.(.മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഗാബോയുടെ വേരുകൾ തേടിയുള്ള ലാറ്റിനമേരിക്കൻ യാത്രയെപറ്റി ബിന്യാമിന് ഏഴുതിയത് വായിച്ചപ്പോൾ തോന്നിയതാണ് യാത്രാവിവരണം ഒരു നോവൽ പോലെ ആ തൂലികക്കു എഴുതാൻ കഴിയുമെന്ന്)..ഈ പുസ്‌തകത്തിൽ ഒരു യാത്ര വിവരണം എന്ന ചട്ടക്കൂടിൽ നിന്നു കൊണ്ടു ഒരു രാഷ്ട്രീയം കൂടി നമ്മുടെ മുന്നിൽ അനാവൃതമാക്കുന്നുണ്ട്..ഒരു സാധാരണ പാകിസ്ഥാനിയുടെ ഇന്ത്യയെ കുറിചും എന്തിനേറെ നമ്മുടെ കൊച്ചു കേരളത്തെ കുറിച്ചുമുള്ള അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട് . നമ്മുടെ വൈക്കം മുഹമ്മദ് ബഷീറും ഒ വി വിജയനും സേതുവും എല്ലാം അവർക്ക് സുപരിചിതരാണെന്നറിയുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെ ഒക്കെ തർജമകളിലോടെ അവർ വായിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ലേഖകന് തോന്നുന്ന അതേ ഹര്ഷം വായനക്കാരനിലും പെയ്തിറങ്ങുന്നുണ്ട്.. പിന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില കൈവഴികളെ കുറിച്ചു അവർ അവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.. തെക്കോട്ടും വടക്കോട്ടും കൃത്യമായ ദിശയിൽ, എതിര്ദിശയിലേക്കു തെല്ലും തിരിയാതെ ഒഴുകുന്ന രണ്ടു നദികൾ ഒരിടത്ത് ഒന്നിച്ചൊഴുകുന്നു എന്ന ഹാസ്യാൽമക സത്യം ഒരു വിരോധാഭാസം പോലെ അവർ കേട്ടിരിക്കുന്നുണ്ട്... ആ രണ്ടു നദികൾ, ഒഴുകുന്ന ദിശകൾ അതിനു മാത്രം സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ ഉയിർ കൊണ്ട പ്രളയത്തിൽ ആണ് അവർക്ക് അവരുടെ നാടും വീടും കുടുംബവും പ്രിയപെട്ടവരുടെ ജീവനും നഷ്ടപെട്ടതെന്ന ഓര്മപ്പെടുത്തലുണ്ട് അവരുടെ വാക്കുകളിൽ..(രാഷ്ട്രീയം ഭരണം മരണം എന്ന അധ്യായത്തിൽ ബിബിസി ലണ്ടനിൽ വർക് ചെയ്യുന്ന പാകിസ്താനി എഴുത്തുകാരൻ അൻവർ സെൻ റോയിയുമായി ഉള്ള സംഭാഷണത്തിലാണ് ഈ ചർച്ചകൾ വരുന്നത്)
മത മൗലിക സംഘടനകൾ എങ്ങിനെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ അഖണ്ഡതക്കു മുറിവേല്പിക്കും എന്നു അവർ ഉദാഹരണങ്ങൾ സഹിതം വെളിപ്പെടുതുണ്ട് ..
ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയ ചിന്തകൾ മതംമൗലികവാദം ഹൈജാക്ക് ചെയ്തതിന്റെ പരിണിതിയാണ് ഇന്ന് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മുഖം വികൃതമാക്കിയതെന്നു അവർ വ്യക്തമായി മനസ്സിലാക്കി പറയുന്നുണ്ട്.. ഒപ്പം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി അവരുടെ കാഴ്ചപ്പാട് -ഇപ്പോഴത്തെ പോലെ ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ടു പോയാൽ വൈകാതെ ഇന്ത്യയും മറ്റൊരു പാകിസ്ഥാൻ ആകും- എന്നതാണ് . ഇതേ ചിന്ത ഇവിടെ പലരും പങ്കു വെക്കുന്നുണ്ടെന്നു എനിക്ക് തോന്നി..
അവസാനം മനസ്സിനെ നോവിക്കുന്ന ചില കഥാപാത്രങ്ങൾ വരുന്നുണ്ട്.. വിഭജനത്തിന്റെ മുറിവുകളിൽ കൂടുങ്ങിപോയി പാകിസ്ഥാൻ മണ്ണിൽ തുന്നിക്കൂട്ടപെട്ട മലയാളിജീവിതങ്ങളെ കുറിച്ചാണ് അത്.. കറാച്ചിയിൽ മലബാർ ചായക്കട നടത്തുന്ന മലബറികളായ അബ്ദുൽ റഹൂഫും യൂസുഫും .. അതിൽ യൂസഫിന്റെ ഭാര്യയും കുട്ടികളും കേരളത്തിൽ പാനൂരിനടുത്തതാണെത്രെ..നിയമങ്ങളുടെ ഊരാകുടുക്കുകളും മറ്റുമായ എല്ലാ പ്രയാസങ്ങളും കഷ്ടപ്പെട്ടു തരണം ചെയ്തു കേരളത്തിൽ വന്നു കുടുംബത്തെ കാണാറുണ്ട് യൂസഫ്..ഒരർത്ഥത്തിൽ ഏറ്റവും ദയനീയമായ പ്രവാസം...
വായിച്ചു കഴിഞ്ഞപ്പോൾ ഓർമ വന്നത് എവിടെയോ വായിച്ച ഒരു വാചകം ഓർമ വരുന്നു
""നമ്മള്‍ ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു"
മതിൽ കെട്ടുകളില്ലാത്ത ലോകം .. പുലരുമെന്നു പ്രതീക്ഷിക്കാം...
പിൻകുറിപ്പ്: ബുക്കിന്റെ അവസാനം അഹ്മദ് ഫറസിന്റെ വരികൾ ചേർത്തിട്ടുണ്ട്..കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാൻ പൗരനായ സുഹൃത് ആഗ സഫര് ബിന്യാമിന് പുസ്തകത്തിൽ ചേർക്കാൻ വേണ്ടി അയച്ചു കൊടുത്തതായിരുന്നു ആവ..
"രഞ്ജിശ് ഹീ സഹീ ദില്‍ ഹീ ദുഖാനേ കെലിയേ ആ
ആ ഫിര്‍ സെ മുഝേ ഛോഡ് കെ ജാനേ കെ ലിയേ ആ
(എന്റെ ഹൃദയത്തെ മുറിവേല്‍പിക്കാന്‍ വേണ്ടിയെങ്കിലും, അതെത്ര വലിയ മുറിവാണെങ്കിലും , നീ വരിക....
ഇനിയുമൊരു വിരഹമെനിക്ക് സമ്മാനിക്കാന്‍ വേണ്ടിയെങ്കിലും ഒരിക്കല്‍ക്കൂടി നീ വരിക)
മെഹ്ദി ഹസ്സൻ ശബ്‌ദം നൽകി അനശ്വരമാക്കിയ വരികൾ...പിന്നീട് ഹരിഹരനും പാടിയിട്ടുണ്ട്

No comments:
Post a Comment