പുസ്തകം : കലാപം
എഴുതിയത് : ശശി തരൂർ
തിരക്കുകൾക്കിടയിൽ നിന്നു പോയ വായന വീണ്ടും തുടങ്ങിയത് ശശി തരൂർ എഴുതിയ riot (കലാപം) എന്ന നോവൽ വായിച്ചു കൊണ്ടാണ്..
ഉത്തർപ്രദേശിലെ സലിൽഘട്ട് എന്ന പട്ടണത്തിൽ 1989 ഒക്ടോബറിൽ ഉണ്ടായ ഒരു വർഗീയ കലാപത്തിനിടെ കൊല്ലപ്പെട്ട പ്രസില ഹാർട്ട് എന്ന അമേരിക്കകാരിയുടെ ഇൻഡ്യയിലെ ജീവിതവും പ്രണയവും ആണ് നോവലിന്റെ കഥാതന്തു.. പ്രസില ഹെർട്ടിന്റെ മാതാപിതാക്കൾ മകളുടെ മരണത്തെ കുറിച്ചു അന്വേഷിക്കാൻ ഇന്ത്യയിലേക്ക് തിരിക്കുന്ന വാർത്തയുടെ ന്യൂസ് പേപ്പർ കട്ടിങ്ങുമായി ആണ് നോവൽ തുടങ്ങുന്നത്..അവരുടെ അന്വേഷണങ്ങളിലൂടെ ഇന്ത്യ എന്ന ബഹുസ്വരതയുടെ ഇടയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വർഗീയ ചേരിതിരിവിന്റെ ചിത്രം വായനകാരന്റെ മുമ്പിൽ വ്യക്തമായി തെളിഞ്ഞു വരുന്നുണ്ട്.ഇടയിൽ ഇന്ദിരാഗാന്ധിയുടെ വധവും തുടർന്നുണ്ടായ സിഖ് കൂട്ടകൊലയെ കുറിച്ചും പരാമർശമുണ്ട്.. വായന കഴിയുമ്പോൾ പ്രസില കൊല്ലപ്പെട്ടത് വർഗീയ കലാപത്തിലെ ഇരു ചേരികളിൽ ആരുടെ കയ്യാലാണെന്നു വായനക്കാരന് അവന്റെ മനോഗതി അനുസരിച്ചു അനുമാനിക്കാവുന്ന രീതിയിൽ ആണ് നോവൽ അവസാനിക്കുന്നത് ..
വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് ചില ചിന്തകൾ ആണ് .. (തീർച്ചയായും എന്റെ ബോധ്യങ്ങളുമായി അതിനെ ബന്ധിപ്പിക്കാൻ കാരണം നോവലിസ്റ്റിന്റെ രാഷ്ട്രീയം തന്നെ ആണ്. ഇടയിൽ ജോർജ് ഫെർണാണ്ടസും ഇന്ദിരാഗാന്ധിയും ഭുട്ടാസിങ്ങും ഭിന്ദ്രൻവാലയും എല്ലാം പരാമര്ശിക്കപ്പെടുമ്പോൾ നോവലിലെ രാഷ്ട്രീയത്തിന് ഒരു കല്പിത കഥയുടെ വേലി കൊണ്ട് അതിരിടാൻ കഴിയില്ല എന്ന ബോധ്യം തന്നെയാണ് മേൽപറഞ്ഞ ചിന്തകൾക്ക് നിദാനം).
നോവലിൽ പറയുന്ന up യിലെ സലിംഘട്ട് കലാപം എന്ന കല്പിത കലാപ കഥയേക്കാൾ (പിൻകുറിപ്പിൽ ബിഹാറിലെ കൊറേഗോണ് കലാപത്തെ കുറിച്ചു ഹർഷ മന്ദർ IAS എഴുതിയ അന്വേഷണ കുറിപ്പുകൾ അവലംബിച്ചു എന്നു ശശി തരൂർ തന്നെ പറയുന്നുണ്ട്) ഭീകരമായ കലാപം നോവലിൽ പറയുന്ന അതേ തീയതികളിൽ ബീഹാറിലെ ഭഗൽപ്പൂർ എന്ന സ്ഥലത്തു നടന്നിരുന്നു .. വിഭജന ശേഷം ഏറ്റവും കൂടുതൽ മനുഷ്യ കബന്ധങ്ങൾ നിരന്നു കിടന്ന കലാപമായിരുന്നു പോൽ അത് .. ഏകദേശം 1000 ഓളം ആളുകൾ കൊല ചെയ്യപ്പെട്ട അതി ഭീകര വർഗീയ കലാപം.. കുട്ടികളുടെ ശിരച്ഛേദം ചെയ്യുന്ന ദൃശ്യങ്ങളെ പറ്റിയുള്ള കുറിപ്പുകൾ വായിച്ചാൽ മതം മദം പിടിപ്പിക്കാത്തവരുടെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെടും.. രാമശിലാന്യാസത്തിനായുള്ള ഘോഷയാത്ര എന്ന പേരിൽ അതിവൈകാരിക പ്രകടനവും പിന്നീട് അതുമായി ബന്ധപ്പെട്ടു രണ്ടു മാസത്തോളം നീണ്ട് നിന്ന കൂട്ടക്കുരുതി ആണ് ഭഗൽപൂർ കലാപം.. റാഫേൽ അഴിമതി , ഷാഹ് ബാനു കേസ് തുടങ്ങിയ പ്രശ്നങ്ങളുമായി രാജീവ് ഗാന്ധി മന്ത്രിസഭ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആ പ്രതിസന്ധി മുതലെടുക്കാൻ ഇറങ്ങിയ ഫാസിസ്റ് കൂട്ടങ്ങൾ നെയ്തെടുത്ത ചേരിതിരിവിന്റെ മാർഗമാണ് രാമശിലാന്യാസ ഘോഷയാത്ര.. രാജ്യത്തു പല സ്ഥലങ്ങളിലും ആ ദുഷ്ട ചേരിയുടെ ഘോഷയാത്രകൾ അഭംഗുരം നടത്തുമ്പോൾ അതിനെ കൃത്യമായി പ്രതിരോധിച്ചു നിഷ്ഫലമാക്കി കളഞ്ഞത് ബംഗാൾ (പണ്ട് കഴ്‌സൻ പ്രഭു ബംഗാൾ വിഭജനം എന്നപേരിൽ ഇന്ത്യൻ ചരിത്രത്തിൽ വർഗീയ ധ്രുവീകരണതിന്റെ ആദ്യത്തെ പരീക്ഷണ ശാല ആക്കിയ അതേ ബംഗാൾ )ഭരിച്ചിരുന്ന ജ്യോതി ബസുവിന് മാത്രമാണെന്ന ചരിത്ര സത്യം നോവലിലെ പ്രധാന കഥാപാത്രം പറയുന്നത് നോവലിസ്റ്റിന്റെ ബോധ്യത്തിൽ നിന്നു തന്നെ ആയിരിക്കുമെന്നു വിശ്വസിക്കുന്നു.. ബോധ്യങ്ങളെക്കാൾ വലുത് അധികാരത്തിന്റെ ശീതളിമ തന്നെയാണെന്ന് ഒത്തിരി പ്രാവശ്യം തെളിയിച്ചവരാണ് നോവലിസ്റ്റിന്റെ രാഷ്ട്രീയ കൂട്ടുകാർ ..ഭഗൽപൂർ കലാപത്തിൽ മറ്റൊരു സങ്കടകരമായ സംഭവം കൂടി ഓർമയിൽ വരുന്നു.. കലാപത്തെ കുറിച്ചുള്ള റിപോർട്ടിൽ പൊലീസുകാർ വിശിഷ്യാ പോലീസ് സുപ്രണ്ടായിരുന്ന ആൾ തന്നെ ആണ് കൂട്ടക്കൊലകൾക്ക് കൂട്ടായതെന്നറിഞ്ഞപ്പോൾ അന്നത്തെ ബീഹാർ മുഖ്യമന്ത്രി (കോൺഗ്രസ് തന്നെയാണ് ബീഹാർ ഭരിക്കുന്നത്) ആ സൂപ്രണ്ടിനെ പിരിച്ചു വിട്ടു.. എന്നാൽ കലാപ സ്ഥലം കാണാൻ എത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാപം നടത്തിയവരുടെ എതിർപ്പ് കാരണം സൂപ്രണ്ടിനെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യുകയാണ് ചെയ്തത്..
കഥക്കിടയിൽ ഇൻഡ്യയിലെ വർഗീയ ചേരിതിരിവിന്റെ ഒരു കൈവഴി ആയി 1966 ഇൽ രൂപീകൃതമായ ശിവസേനയെ കുറിച്ചും അവരുടെ മറത്താവാദവും അതു വേണ്ട രീതിയിൽ ഏശാതെ വന്നപ്പോൾ പിന്നീട് മത വർഗീയതയും അധികാരത്തിലേക്കുള്ള വഴികളാക്കിയതിന്റെ വിവരണങ്ങൾ കഥാപത്രങ്ങളുടെ ബോധ്യങ്ങളായി നോവലിൽ വരുമ്പോൾ അതിനെ ഖണ്ഡിക്കാൻ മറ്റൊരു കഥാപാത്രവും നോവലിൽ ഇല്ലാത്തതിനാൽ ആ ബോധ്യങ്ങൾ എല്ലാം നോവലിസ്റ്റിന്റെ ബോധ്യങ്ങൾ തന്നെ ആണെന്ന് മനസ്സിലാകുന്നു..എന്നാൽ ഗുലാം അലിയുടെ ഗസലുകൾ പോലും വർഗീയതയുടെ പേരിൽ മാറ്റിനിർത്തിയ ഈ കൂട്ടർക്കൊപ്പം ഇന്ന് ഒരു സംസ്ഥാനം തന്നെ ഭരിക്കുകയാണ് നോവലിസ്റ്റിന്റെ സഹപ്രപ്രവർത്തകർ എന്നത് ഒരു വൈരുദ്ധ്യാത്മക യാഥാർഥ്യമാണ്...
നോവലിൽ രാം ചരൻ ഗുപ്ത എന്ന പേരിൽ പറയത്തക്ക ജോലി ഒന്നും ഇല്ലാത്ത ഒരു കഥാപത്രമുണ്ട്.. ചിന്തകളിൽ മുഴുവൻ വർഗീയത നിറച്ച , വർഗീയത മാത്രം സംസാരിക്കുന്ന, അതിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്ന , അക്രമങ്ങൾക്കായി അനുയായികളെ പ്രേരിപ്പിക്കുന്ന കഥാപാത്രം .. എന്നാൽ ഈ രാംചരൻ ഗുപ്ത ഓസ്കാർ വൈൽഡിനെയും ഷെല്ലിയെയും വേറെകുറെ അധികം ബ്രിട്ടീഷ് ചരിത്രകാരന്മാരെയും വിമര്ശിക്കാനായി മാർക്സിനെയും ഉദ്ദരിക്കുന്നുണ്ട് .. അതായത് വർഗീയത പറയുന്നുവെങ്കിലും വിദ്യസമ്പന്നൻ എന്ന പ്രതീതി വായനക്കാരനിലേക്കു എറിയിന്നുണ്ട്.. എന്നാൽ അതേ സമയം അലി എന്ന ഗവേർണ്മെന്റ് ജോലിക്കാരൻ ഭാര്യയെ നിരന്തരം ഗര്ഭിണിയാക്കുന്ന, അവസരം കിട്ടിയാൽ ഭാര്യയെ മർദ്ദിക്കുന്ന , ഗവേർണമെന്റ് ജോലിക്കാരണങ്കിലും കേവലം അപരിഷ്കൃതന് തന്നെ ആണ് എന്ന ചിന്തയും വായനക്കരന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമം കൂടി കാണുമ്പോൾ ഒരു അപരവൽകരണത്തിന്റെ കന്നുകാലി ക്‌ളാസ് ചിന്തകൾ എവിടെക്കൊയോ തട്ടികളിക്കുന്ന പോലെ.. തന്റെ ഭർത്താവിനോട് പ്രണയത്തിലായ പ്രസിലയെ അവരുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി തരാൻ ലക്ഷ്മണിന്റെ ഭാര്യ അവരുടെ ആരാധ്യനായ സ്വാമിജിയോടവശ്യപ്പെടുമ്പോൾ എല്ലാം ശരിയാക്കാം എന്നു പറഞ്ഞു സ്വാമി അവരെ മടക്കി അയക്കുന്നുണ്ട്.. പിന്നീട് ഒരാൾ ആയുധവുമായി പ്രസിലയെ തേടി ക്വട്ട്ലാ യിലേക്ക് പോയതും എല്ലാം വക്തമാകുമ്പോഴും അവസാനം കറങ്ങി തിരിഞ്ഞു പ്രസിലയെ വധിച്ച ആൾ എന്ന ലേബൽ വീഴുന്നത് ഈ അലി എന്ന കഥാപാത്രത്തിന് തന്നെ ആണ്..അറസ്റ്റ് ചെയ്യപ്പെടുന്നതും അലി തന്നെയാണ്..
പിൻകുറിപ്പ്: വായനക്കരന് രാഷ്ട്രീയ ബോധ്യങ്ങൾ ഒന്നും ഇല്ലെങ്കിൽ വളരെ രസകരമായി ആസ്വദിക്കാൻ പറ്റുന്ന ഒരു നല്ല ഫിക്ഷൻ വർക് തന്നെ ആണ് ശ്രീ ശശി തരൂരിന്റെ riot (കലാപം) എന്ന ഈ നോവൽ..


No comments:
Post a Comment