പുസ്തകം : അറ്റുപോകാത്ത ഓർമ്മകൾ
എഴുതിയത് : പ്രൊഫ. ടിജെ ജോസഫ്
2010 ലെ ഒരു ഓർമയാണ്..കോട്ടയത്ത് കാരനായ ഒരു സുഹൃത്തുമായിട്ട് ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സാന്ദർഭികമായി മുഹമ്മദ് എന്ന പേരിനെ പറ്റി എന്തറിയാം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി മുഹമ്മദ് എന്നാൽ സാർവ്വത്രികമായി ഉപയോഗിക്കുന്ന ഒരു മുസ്ലിം നാമധേയം ആണെന്നും സാധാരണഗതിയിൽ
മുസ്ലിം നാമധേയങ്ങളിൽ
ഒന്നാം പേരായിട്ട് മുഹമ്മദ് പൊതുവേ കാണാറുണ്ട് എന്നുമാണ്.. അവർക്കിടയിൽ ജോസഫ് എന്ന പേര് ഇതു പോലെ ആണെന്ന് പറഞ്ഞു ..
എന്നാൽ മുഹമ്മദ് എന്ന പേര് പ്രവാചകന്റെ പേര് എന്ന ബഹുമാനത്താൽ ആണ് കുട്ടികൾക്ക് രക്ഷിതാക്കൾ നാമകരണം ചെയ്യുന്നത് എന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു ചോദിച്ച ഒരു ചോദ്യം 'പ്രവാചകന്റെ പേര് മുഹമ്മദ് നബി എന്നല്ലേ , മുഹമ്മദ് എന്നത് സാധാരണ പോലെ ഉള്ള ഒരു ഒന്നാം പേര് അല്ലെ.. പ്രവാചകൻ എന്ന് കൃത്യമായി സൂചിപ്പിക്കണമെങ്കിൽ നബി എന്നു കൂടെ കൂട്ടേണ്ടേ എന്നായിരുന്നു മറുചോദ്യം . അങ്ങിനെ ആവശ്യമില്ലെന്നും മുഹമ്മദ് എന്ന് പേരിൽ ഉണ്ടെങ്കിൽ അതാണ് പ്രധാനപ്പെട്ട പേരെന്നും ഞാൻ പറഞ്ഞപ്പോൾ പിന്നെ എന്ത് കൊണ്ടു അല്ലാമാ മുഹമ്മദ് ഇക്ബാൽ എന്നതിൽ മുഹമ്മദ് എന്ന പേര് പറയാതെ അല്ലാമാ ഇക്ബാൽ മാത്രമായി എന്നു തിരിച്ചു ചോദിച്ചു . മാത്രമല്ല അന്ന് ബി.ടെക് പഠിക്കുന്ന കുട്ടികളിൽ മുഹമ്മദ് എന്നു ഒന്നാം പേരുള്ള കുട്ടികൾ എല്ലാം അറിയപ്പെടുന്നത് അവരുടെ രണ്ടാം പേരിൽ ആണെന്നും അദ്ദേഹം സൂചിപ്പിച്ചപ്പോൾ ആണ് പേര് കൊണ്ടു വിശ്വാസത്തോട് ഐക്യദാർഢ്യം കാണിക്കുന്നവരുടെ വിശ്വാസ മാനങ്ങൾ ആ വിശ്വാസികൾക്ക് മാത്രമാണ് സുപരിചിതമെന്നും മറ്റു വിശ്വാസക്കാർക്ക് കേവല പേര് എന്നതിൽ കവിഞ്ഞു അതിന്റെ വിശ്വാസപരമായ മാനങ്ങളെ കുറിച്ചു അറിവില്ലായ്മ ഉണ്ടെന്നുമുള്ളതാണ് യതാർത്ഥ വസ്തുത എന്നും ഞാൻ മനസ്സിലാക്കിയത്..
ജോസഫ് എന്ന പേരിന്റെ വിശ്വാസ മൂല്യങ്ങളും അതു പോലെ തന്നെ ആണ്..
ഇസ്ലാം മത വിശാസിയായ എനിക്ക് യൂസഫ് നബിയെ അറിയുന്നത് കൊണ്ടും ആ അറിവ് ബൈബിളിലെ പഴയ നിയമത്തോട് ഏറെ കുറെ ചേർന്നു നിൽക്കുന്നത് കൊണ്ടും ആ പേരിന്റെ വിശ്വാസമൂല്യം ഞാൻ മനസ്സിലാക്കിയിരുന്നു. കാരണം വിശ്വാസ ധാരകൾ കിടയിൽ വന്ന ഒരു ഏകീകരണ രൂപം കൊണ്ടു മാത്രമാണ് ഈ ഒരു അറിവ് എന്റെ മനസ്സിൽ ഉണ്ടായത് എന്നു എനിക്കുറപ്പാണ്..അല്ലെങ്കിൽ എനിക്കും ജോസഫ് സാധാരണ കാണുന്ന ഒരു ക്രിസ്ത്യൻ നാമം എന്നതിൽ കവിഞ്ഞ ചിന്തകൾ ഉണ്ടാവില്ലായിരുന്നു..
ഈ സംഭാഷണത്തിന് നിദാനമായത് ആ കാലത്തു കേരളത്തിൽ കൊടുമ്പിരി കൊണ്ട ചോദ്യപേപ്പർ വിവാദം ആണ്. ചോദ്യ കർത്താവായ ടി ജെ ജോസഫ് ഒളിവിൽ ആയിരുന്ന സമയത്താണ് ഈ സംസാരം ഉണ്ടായത്. നേരത്തെ ഞാൻ സൂചിപ്പിച്ച സുഹൃത്തിന്റെ ചിന്തകളുടെ അതേ രീതിയിൽ തന്നെ ആണ് പ്രൊഫസർ ടി ജെ ജോസഫ് തന്റെ ഭാഗം പിന്നീട് വിശദീകരിച്ചത്. .അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം ആദ്യം തോന്നിയ മുഷിപ്പ് മാറ്റുകയും ചെയ്തു. പ്രവാചക നിന്ദ അദ്ദേഹതിന്റെ മനസ്സിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല എന്നത് ഞാനറിയാതെ തന്നെ എന്റെ ചിന്തയിലെ ബോധ്യമായി മാറി. എന്നാലും അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജാഗ്രത അല്പമല്ലാത്ത രീതിയിൽ ഇല്ലാതെ പോയി എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്..(അല്ലേലും ചിലതങ്ങനെ ആണ് .ഒരു കുഴിയിൽ വീഴണം എന്നു നമ്മുടെ തലവരയിൽ ചേർത്തിട്ടുണ്ടെങ്കിൽ കുഴിയുടെ വക്കിലെത്തിയാൽ എത്ര ബുദ്ധിമാനാണെങ്കിലും കുഴിയിൽ വീഴാണുള്ള വിഡ്ഢിത്തം ആ സമയത്ത് ചെയ്തിരിക്കും..).പിന്നീട് രണ്ടു മാസത്തിനു ശേഷമാണ് പ്രൊഫസർക്കെതിരെ ഉള്ള ആക്രമണവും അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിയതും എല്ലാം...സങ്കടത്തോടെ ആണ് ആ വാർത്തകൾ അന്ന് വായിച്ചത്...
കഴിഞ്ഞ ദിവസമാണ് പ്രൊഫെസ്ർ ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓർമകൾ വായിച്ചത്. 430 ഓളം പേജ് വരുന്ന ഒരു ആത്മകഥ ഞാൻ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർക്കുന്നത്..അവർക്ക് ശ്രദ്ധക്കുറവ് ഉണ്ടായി എന്നത് സത്യമാണെങ്കിലും (അതു ഓർമകുറിപ്പിൽ പലയിടത്തായി പ്രൊഫസർ തന്നെ സൂചിപ്പിക്കുന്നുണ്ട്.എന്നു മാത്രമേല്ല കോളേജിൽ മൂല്യ ശിക്ഷണ (value education)മേലധികാരി എന്ന നിലയിൽ അദ്ദേഹം നബിയുടെ മാനവികതയെ കുറിച്ചു എഴുതിയ ലേഖനത്തെ കുറിച്ചും പറയുന്നുണ്ട്. 11ആം നമ്പർ ചോദ്യം ഇടുമ്പോൾ പ്രൊഫെസ്സറുടെ മനസ്സിൽന്റെ വിദൂരതയിൽ പോലും പ്രവാചക നിന്ദ എന്ന ഒരു വികാരം ഉണ്ടായിരുന്നില്ലെന്ന് അതിൽ നിന്നും മനസ്സിലാകും) കേരളം ചർച്ച ചെയ്ത അത്രേം പ്രശ്നം ഒന്നും ഇലയിരുന്നു.പക്ഷെ കേരളത്തിലെ മീഡിയകളും രാഷ്ട്രീയക്കാരും അതു ഒരു സുവർണവസരമാക്കി. അവർ കിളച്ച വിഭാഗീയതയുടെ മണ്ണിൽ വിത്തെറിഞ്ഞു പ്രൊഫെസ്സറുടെ കൈവെട്ടി അതിന്റെ ഫലം കൊയ്ത തീവ്രവാദികൾ അതു വഴി അവർ ആഗ്രഹിച്ച ഒരു വർഗീയ ധ്രുവീകരണ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിച്ചു.. ഏറ്റവും അത്ഭുതകരമായി തോന്നിയത് കോളേജ് അധികൃതരുടെ ഇടപെടൽ ആണ്.. ടി ജെ ജോസഫിന്റെ ഓർക്ക്‌റിപ്പുകളിൽ പ്രതിപാദിക്കുന്ന പ്രകാരം ആണെങ്കിൽ, ഒരു പക്ഷെ കോളേജ് അധികൃതർ വിചാരിച്ചിരുന്നെങ്കിൽ ഈ പറഞ്ഞ ഏടാകൂടം ഒന്നുമില്ലാതെ പ്രശ്നം പരിഹരിക്കാമായിരുന്നു..
എഴുതാനുള്ള ശേഷി വലതു കയ്യിന് നഷ്ടപ്പെട്ട ശേഷം ഇടതു കൈ കൊണ്ട് എഴുത്തു ശീലിച്ചു എഴുതിയ ഓർമ്മക്കുറിപ്പുകൾ ആണ് അറ്റുപോകാത്ത ഓർമകൾ..
ഉള്ളടക്കത്തിലേക്കു വന്നാൽ ഈ പുസ്തകം നിങ്ങൾക്ക് നല്ല വായനാനുഭവം നൽകും..എഴുതിയത് ഒരു മലയാള അധ്യാപകൻ ആയതിനാലാവും വാക്കുകൾക്കും പ്രയോഗങ്ങൾക്കും അഖ്യാനരീതിക്കും അതിന്റെതായ ഭംഗി..അതിൽ പറയുന്ന പല കാര്യങ്ങൾ വായിക്കുമ്പോഴും ഒരു പക്ഷെ എല്ലാ കോളേജ് അധ്യാപകനും ഒരേ അനുഭവങ്ങൾ ആണെന്ന് തോന്നിപ്പോകും.. വിവരിക്കുന്ന ഓരോ ഘട്ടങ്ങളിലൂടെയൊക്കെ ഒരിക്കലെങ്കിലും ഓരോ അധ്യാപരും കടന്നു പോയിക്കാണും.
ഒരു തിരക്കഥ പോലെ ,ഒരു മുഷിപ്പും തോന്നാതെ സമ്മിശ്ര വികാരങ്ങളോട് കൂടി ആണ് വായിച്ചത്..എന്നാൽ ആധ്യായം മുപ്പത്തിനാല് കഴിയുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി .എന്തോ മനസ്സിൽ ഒരു ഭാരം കയറിയപോലെ... തന്റെ പാതി വെള്ള പുതച്ചു ശവമാഞ്ചത്തിൽ കിടക്കുമ്പോൾ , ആ നിർജീവമായ നെറ്റിയിൽ അന്ത്യ ചുംബനം നൽകുമ്പോൾ ആ മനുഷ്യൻ അനുഭവിച്ച വേദന ഒറ്റ വരിയിൽ അദ്ദേഹം എഴുതി നിര്ത്തിയെങ്കിലും ആ വരി കൊണ്ടു അനുവാചകരുടെ മനസ്സിൽ നൊമ്പരത്തിന്റെ ഒരു അണക്കെട്ടാണ് തീർത്തത്.. പിന്നീട് ദി ഹസ്ബൻഡ് ഓഫ് ലേറ്റ് സലോമി എന്ന ആധ്യായം കൂടി വായിച്ചപ്പോൾ , ഏതോ ടെലിവിഷൻ ചാനലിൽ വന്ന ടി ജെ ജോസഫിന്റെ ഒരു അഭിമുഖത്തിൽ അദ്ദേഹം താൻ അനുഭവിച്ച ഓരോ പ്രയാസങ്ങളും എണ്ണി എണ്ണി പറഞ്ഞു അതിലൊന്നും ഞാൻ കരഞ്ഞിട്ടില്ലെന്നും എന്നാൽ തന്റെ സലോമി എന്നെ വിട്ടുപോയ ദിവസം താൻ കരഞ്ഞു പോയി എന്നും പറഞ്ഞു വിതുമ്പുന്ന ആ മുഖമാണ് ഓർമയിൽ വന്നത് .. അവസാനം താൻ നിരപരാധി ആണെന്ന് കേസ് വിധി വന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ യുദ്ധം ജയിച്ചു.. പക്ഷെ എനിക്കെന്റെ രാജ്യം നഷ്ടപ്പെട്ടു എന്നാണ് ..
പിൻകുറിപ്പ് : വായനക്ക് ശേഷം അറ്റുപോകാത്ത മുഴുവൻ ഓർമകളും ബോധ്യങ്ങളും എല്ലാം കൂടി കൂട്ടി വെക്കുമ്പോൾ കൈവെട്ടിയ ഭ്രാന്തന്മാരും അയലയുടെ മൂന്നു കഷ്ണങ്ങളിൽ പിതാവിനെയും പുത്രനേയും പരിശുദ്ധാത്മാവിനെയും പ്രതിഷ്ഠിച്ചു അപരവത്കരണത്തിന്റെ മറ്റൊരു പാത വെട്ടി തുറന്ന ഇടയന്മാരും എന്തു നേടി എന്ന ചോദ്യമാണ് ബാക്കി ആകുന്നത്..
ഒപ്പം മുമ്പ് ഞാൻ പഠിച്ച ഒരു പ്രവാചക ചരിത്രം കൂടി..
നാല്പത്തമത്തെ വയസ്സിലാണ് നബിതിരുമേനിക്ക് പ്രവാചകത്വം ലഭിച്ചത് . അതിനു ശേഷമാണ് മക്കയിലെ ജനങ്ങളിലേക്ക് പ്രബോധനവുമായി ഇറങ്ങിയത് .. അതു വരെ അൽ അമീൻ (സത്യസന്ധൻ)എന്നു വിളിച്ചിരുന്ന ജനങ്ങൾക്ക് ആന്ന് മുതൽ മുഹമ്മദ് (സ.അ)അനഭിമിതനായി.. കാരണം അവരുടെ വിശ്വാസങ്ങൾക്കെതിരായിരുന്നു പ്രവാചകരുടെ പ്രബോധനങ്ങൾ.. പ്രവചകർക്കെതിരെ ആക്ഷേപവും ആക്രമണങ്ങളും പതിവായി. പ്രവാചകരെ വധിക്കാൻ വരെ ആസൂത്രണങ്ങൾ ഉണ്ടായി .ആ കാലത്തു പ്രവാചകന്റെ വീട്ടിലേക്കുള്ള വഴിയരികരിൽ ഒരു വൃദ്ധയായ സ്ത്രീ ഒറ്റക്ക് താമസിച്ചിരുന്നു..എന്നും വൈകുന്നേരം വഴിയരികിൽ അവർ പ്രവാചകരെ കാത്തു നിൽക്കുമായിരുന്നു.. നിൽപ്പിന്റെ ഉദ്ദേശം പ്രവാചകരെ ചീത്ത പറയുക എന്നതായിരുന്നു.. ഒപ്പം തന്റെ വീട് വൃത്തിയാക്കിയ മാലിന്യങ്ങൾ പ്രവാചകരുടെ ദേഹത്തു വലിച്ചെറിയുമായിരുന്നു.. തുടർച്ചയായി ഇതു ചെയ്തിട്ടും പ്രവാചകർ അവരോടു തിരിച്ചെന്നും പറയറില്ലയിരുന്നു.. അങ്ങിനെ ഒരു ദിവസം അവരെ വഴി വക്കിൽ കാണാതായി .. ഉടനെ അവർക്കെന്തു പറ്റി എന്നു അന്വേഷിച്ചു പ്രവാചകൻ അവരുടെ വീട്ടിലേക്കു പോയി നോക്കി .. അസുഖം ബാധിച്ചു അവശയായ വൃദ്ധയെ ആണ് ആണ് അവിടെ കണ്ടത്. അവർക്ക് വേണ്ട എല്ലാ പരിചരണവും നൽകി അവരുടെ വീട് വൃത്തിയാക്കി ആണ് പ്രവാചകൻ തിരിച്ചു വീട്ടിലേക്കു പോയത്.. പിന്നീട് അവരുടെ അസുഖം ഭേദമാകുന്നത് വരെ പ്രവാചകരുടെ ദിനചര്യകളിൽ ഒന്നായി ആ വൃദ്ധക്കുള്ള ശുശ്രൂഷകൾ..
ഈ കുറിപ്പ് എഴുതുമ്പോൾ എഴുത്തുകാരൻ സൽമാൻ റുഷ്ദി ഒരു തീവ്രവാദിയുടെ ആക്രമണത്താൽ ജീവനും മരണത്തിനും ഇടയിലൂടെ സഞ്ചരിക്കുകയാണ്..
പ്രവാചകന്റെ പേരിൽ കൊലവിളിയും ആയി ഇറങ്ങുന്ന അരാജക വാദികൾ ഒരിക്കലെങ്കിലും സ്വന്തം മനസു കൊണ്ട് പ്രവചകരെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുകയാണ്..

No comments:
Post a Comment