ജൂലൈ 2
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകരായ പൊൻകുന്നം വർക്കിയുടെ ഓർമ്മദിനവും ഒ വി വിജയൻറെ ജന്മദിനവും ആയിരുന്നു
രണ്ടുപേരെയും ഓർക്കുമ്പോൾ
മനസ്സിലേക്ക് കടന്നു വരുന്നത് രണ്ട് ചെറുകഥകളാണ്
1.പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ ,
2.ഒവി വിജയൻ എഴുതിയ കടൽ തീരത്ത് .
എന്നെ വളരെ അധികം സ്വാധീനിച്ച രണ്ടു ചെറുകഥകൾ ആണ് മേൽപറഞ്ഞവ... ഇതിൽ ശബ്ദിക്കുന്ന കലപ്പ യുടെ ഉള്ളടക്കത്തിലെ പലതും ഞാൻ വളർന്നു വന്ന സാഹചര്യങ്ങളുമായി പലയിടത്തും കൂട്ടിമുട്ടുന്നതായി തോന്നിയിട്ടുണ്ട്.. ഔസേപ്പും കണ്ണൻ എന്ന തന്റെ കാളയും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുമ്പോൾ വായനക്കാരന്റെ മനസ്സിൽ ഒരു ആർദ്രതയുടെ ആഴി തന്നെ കുഴിഞ്ഞു വരും..ഞാൻ വളർന്ന സാഹചര്യങ്ങളുമായി അതിനു സാമ്യമുമ്ണ്ടെന്നു പറയാൻ കാരണം ഔസേപ്പിന്റെ സ്വഭാവങ്ങളിൽ എവിടെയൊക്കെയോ എനിക്ക് എന്റെ ഉപ്പയെയും എന്റെ വല്യുപ്പയുടെയും(ഉമ്മയുടെ ഉപ്പ) കാണാൻ കഴിഞ്ഞിരുന്നു...എന്റെ കുട്ടിക്കാലത്ത് വീട്ടിലും ഉമ്മയുടെ വീട്ടിലും അന്ന് പശുക്കളെയും വയൽ ഉഴുകാൻ വേണ്ടി പോത്തുകളെയും വളർത്തിയിരുന്നു..മനുഷ്യരോട് സംസാരിക്കുന്ന പോലെ ഈ മൃഗങ്ങളോട് എന്റെ ഉപ്പഒത്തിരി സമയം സംസാരിച്ചിരുന്നതും അവർ സാകൂതം ഉപ്പയുടെ മുഖത്തേക്ക് നോക്കി നിൽക്കുന്നതും അപ്പോൾ അവയുടെ തല തടവി അവരെ സ്നേഹിക്കുന്നതും ഒക്കെ സ്ഥിരം കാഴ്ച ആയിരുന്നു..പുറത്ത് അങ്ങാടിയിലോ പള്ളിയിലോ ഒക്കെ പോയി തിരിച്ചു വരുന്ന ഉപ്പ മുറ്റത്തേക്ക് കേറുന്നതിന്റെ കാലൊച്ച കേട്ടാൽ മതി ഈ ജീവികൾ തൊഴുത്തിൽ നിന്നും ഒച്ച ഉണ്ടാകാൻ തുടങ്ങും.പലപ്പോഴും ഉപ്പ വന്നെന്നു അറിയുന്നത് ഇവയുടെ കരച്ചിൽ കേൾക്കുമ്പോഴാണ്.. ഉടനെ കയ്യിലുള്ള സാധനങ്ങൾ മുറ്റത്തു നിന്നും അകത്തേക്ക് ആരുടെയെങ്കിലും കയ്യിൽ കൊടുത്തു നേരെ തൊഴുത്തിനടുത്തേക്കു പോയി കന്നുകൾക്ക് വേണ്ട വൈക്കോലും പുല്ലും പുല്ല് കൂട്ടിൽ കുടഞ്ഞിട്ടു അവരെ ഒന്നു തലോടി അവർ തിന്നാൻ തുടങ്ങിയതിനു ശേഷമേ അകത്തേക്ക് കയറുകയുള്ളൂ.. അതേ പോലെ കുട്ടിക്കാല ഓർമകളിൽ ഒരു മഴവില്ല് പോലെ തിളങ്ങി നിൽകുന്നതാണ് കൊയ്തുകാലവും കൊയ്തു കഴിഞ്ഞാൽ വീടിന്റെ മുറ്റത്തു രൂപം കൊള്ളുന്ന വൈക്കോൽ കൂനയും..അതു ഈ കാലികൾക്കുള്ള നീക്കിയിരിപ്പാണ്..
മനസ്സിൽ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം കൂടി ..
2001 ഇൽ ആണ് എന്റെ വല്യുപ്പ ഈ ലോകത്തോട് വിട പറഞ്ഞത്.. വർഷങ്ങളോളം ആയി വല്യുപ്പ വളർത്തിയ ഒരു പശു ഉണ്ടായിരുന്നു അന്ന് ഉമ്മയുടെവീട്ടിൽ .. ശരിക്കും ഒരു മുത്തശ്ശി പശു.. വല്യുപ്പ മരിച്ചതിനു ശേഷം അതിനെ നോക്കാൻ അളില്ലാത്തതിനാൽ ഒരാൾ വന്നു അതിനെ വിലക്ക് വാങ്ങി.. തൊഴുത്തിൽ നിന്നും കെട്ടഴിച്ചു അതിനെ കൊണ്ടു പോകുമ്പോൾ പടി ഇറങ്ങാൻ സമയം തിരിഞ്ഞു നിന്നു ജനലിനപ്പുറം നിൽക്കുന്ന വല്യുമ്മയെ നോക്കി അതു സങ്കടത്തോടെ ഒച്ചയിട്ടതും അതു കണ്ടു വല്യുമ്മ ജനലിനു പിന്നിൽ നിന്ന് കരഞ്ഞതും ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്..
ഒ വി വിജയൻ ഏഴുതിയ കടൽത്തീരത്തു എന്ന ചെറുകഥയിലെ വെള്ളായിയപ്പനും മരക്കാരും കണ്ടുണ്ണിയും ഒരു സാമൂഹിക പശ്ചാത്തലത്തിന്റ് പരിഛേദമാണ്. ദാരിദ്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും നിസ്സഹായതയുടെയും രൂപകങ്ങൾ ആയി ഈ മൂവരും യഥാക്രമം മനസ്സിൽ കുടിയേരുന്നു. കൊലപാതക കുറ്റത്തിന് ജയിലിൽ തടവിൽ കഴിയുന്ന മകനെ തൂക്കി കൊല്ലുന്നതിനു മുമ്ബ് ഒന്നു കാണാൻ കണ്ണൂരിലേക്കുള്ള യാത്രക്കായി തീവണ്ടിയപ്പീസിലേക്കു നടക്കുന്ന വെള്ളായിയപ്പൻ വഴിവക്കിൽ വെച്ചു കുട്ട്യേസ്സനെ കാണുന്നതും പരസ്പരം അവർ പേരെടുത്തു വിളിച്ചതിലൂടെ മൗനമായി അവർ കൈമാറിയ സംഭാഷണങ്ങൾ ഓർമയിൽ എന്നും സൂക്ഷിക്കാവുന്ന കവിതകൾ പോലെയാണ് വായിക്കുമ്പോൾ തോന്നിയത്..
" മരക്കാരെ .. നിങ്ങൾക്ക് ഞാൻ പതിനഞ്ചു ഉറുപ്പിക തരാനുണ്ട്.. അല്ല പതിനഞ്ച് ഉറുപ്പികയും നാലണയും"
" വെള്ളായീ , ഈ യാത്രയിൽ അതിനെ പറ്റി ഓർക്കരുത്"
" മരക്കാരെ , ഇനി ഒരിക്കലും എനിക്ക് അതു വീട്ടാൻ കഴിഞ്ഞെന്നു വരില്ല"
"വീടാത്ത കടങ്ങൾ പടച്ചവന്റെ സൂക്ഷിപ്പുകളാണ്, അതു അങ്ങനെതന്നെ ഇരിക്കട്ടെ.. നിന്നെ പടച്ചവൻ തുണക്കട്ടെ..മുത്തു നബി തുണക്കട്ടെ.. എന്റെയും നിന്റെയും ദൈവങ്ങൾ തുണക്കട്ടെ"
പിന്നീട് വെള്ളായിപ്പൻ ജയിൽ എത്തുന്നതും മകനുമായി സംസാരിക്കുന്നതും അതി വൈകാരികമായി ആണ് വായനക്കാരന്റെ മനസ്സിൽ പതിയുക... വധ ശിക്ഷ നടപ്പാക്കിയത്തിനു മകന്റെ ശരീരം ഏറ്റു വാങ്ങാൻ പറഞ്ഞപ്പോൾ പൊലീസുകാരനോട് വെള്ളായിപ്പൻ ദയനീയമായി പറയുന്ന വാക്കുകൾ ഉണ്ട്
" യജമാനനെ.. എന്റെ കയ്യിൽ പൈസയില്ല"
ദാരിദ്ര്യം എന്ന അവസ്ഥ ഇത്ര വൈകാരികമായി അവതരിപ്പിച്ച വേറെ ഒരു വരിയും ഇതു വരെ എന്റെ വായനയിൽ കണ്ടിട്ടില്ല. പിന്നീട് പൊലീസുകാർ ഏർപ്പാട് ചെയ്ത തോട്ടിയുടെ സഹായത്തോടെ ഒരു ഉന്തുവണ്ടിയിൽ മകന്റെ ശരീരം കടപ്പുറത്ത് കൊണ്ടു പോയി മറവു ചെയ്യുന്നു. തലേ ദിവസം
യാത്രക്കിടെ കഴിക്കാനായി ഭാര്യ നൽകിയ പൊതിച്ചോറിലെ വറ്റുകൾ ബലിതർപ്പണം എന്നോണം കടത്തീരത്ത് വിതറി അതു ബലികക്കകൾ വന്നു കൊത്തിപെറു ക്കുന്നത് തുടങ്ങുമ്പോൾ കഥ അവസാനിക്കുമെങ്കിലും വായനക്കാരൻ അപ്പോഴും ഒരു സങ്കടകടലിന്റെ തീരത്തു നിൽക്കുകയാകും.
പിൻകുറിപ്പ്:
സാഹിത്യം വായന ഒക്കെ എന്തിനു എന്ന ചോദ്യത്തിന് എനിക്ക് നൽകാനുള്ള ഒരു മറുപടി ഇവ എന്നെ തന്നെ കാണാനും സ്വയം വിലയിരുത്താനും ചുറ്റുമുള്ളവരുടെ സങ്കടം കാണാനും പരിഗണിക്കാനും മനസ്സിനെ സജ്ജമാക്കുന്നു എന്നതാണ്..
എഴുതാൻ മടിയാണെങ്കിലും വായിച്ച ചില പുസ്തകങ്ങളെ പറ്റി ചില കഥകളെ പറ്റി എഴുതുന്നത് അവയിലൂടെ ചില മൂല്യങ്ങൾ പങ്കുവെക്കാൻ കഴിയും എന്ന ബോധ്യം കൊണ്ടാണ്..


No comments:
Post a Comment