പുസ്തകം : കോമ
എഴുതിയത് : അൻവർ അബ്ദുള്ള
അൻവർ അബ്ദുല്ല എഴുതിയ 'ദി സിറ്റി ഓഫ് എം' , 'ദി കംപാർട്മെന്റ് ' , ' ഒന്നാം സാക്ഷി സേതുരാമയ്യർ ' തുടങ്ങിയ അപസർപ്പക നോവലുകൾ വലിയ താല്പര്യത്തോടെ വാങ്ങി വായിച്ചതാണ് .. പിന്നീട് 'ഗതി' , ടൈറ്റാനിക് , റിപബ്ലിക് എന്നീ മൂന്നു പുസ്തകൾ വായനയെ നിരാശപ്പെടുത്തിയത്തിന് ശേഷം അൻവർ അബ്ദുല്ല വായനയിൽ വന്നിട്ടില്ല..എന്നാൽ ഈയിടെ ഡിസി ബുക് ഇറക്കിയ "കോമ" എന്ന അൻവർ അബ്ദുല്ലയുടെ പുതിയ അപസർപ്പക നോവൽ വായനക്കായി എടുത്തു. പതിവ് അപസർപകൻ ശിവശങ്കർ പെരുമാളിന് പകരം പുതിയ കഥാപാത്രം ഡിറ്റക്റ്റീവ് ജിബ്‌രീൽ അലി 'കോമ'യിൽ ജനിക്കുന്നു..ഷെർലക് ഹോംസിന് വാട്സൻ എന്ന പോലെ ജിബ്‌രീൽ അലി ക്കു സഹായി ആയി ഇരട്ട സഹോദരൻ ജിബ്‌രീൽ അബുവും..
പ്രമുഖ ക്രിമിനൽ വക്കീൽ അഡ്വക്കേറ്റ് പോൾ സ്വന്തം വീട്ടിൽ വെച്ചു അപകടത്തിൽ പെട്ടു തലക്ക് ക്ഷതം സംഭവിച്ചു അബോധാവസ്ഥയിൽ ആകുന്നു.. അതു ഒരു അപകടമോ അതോ പോളിനെതിരെയുള്ള വധശ്രമമോ എന്നതായിരുന്നു കഥയുടെ തുടക്കം.. ആ അന്വേഷണത്തിൽ ഒരു വലിയ കുറ്റകൃത്യത്തിന്റെ ചുരുൾ നിവരുകയാണ്..
കുറ്റാന്വേഷണത്തിന്റെ ജിജ്ഞാസ ഒക്കെ വായനക്കാരനിലേക്കു കൊണ്ടു വരാൻ ഒരു പരിധി വരെ കഥാകാരന് കഴിഞ്ഞിട്ടുണ്ട്..
വായിച്ചു കഴിഞ്ഞത്തിനു ശേഷം വിലയിരുത്തുമ്പോൾ , കഥാകാരന്റെ
ആദ്യ ഡിറ്റക്റ്റീവ് നോവലുകളുടെ അത്രയും ആഖ്യാന സുന്ദരമല്ല കോമ എന്നാണ് തോന്നിയത്. എന്നു മാത്രമല്ല 100-150 പേജിൽ പറയാവുന്ന ഒരു ഉള്ളടക്കം 260-ഓളം പേജുകളിലേക്ക് വലിച്ചു നീട്ടിയ പോലെ... അതേ പോലെ ജിബ്രീലിന്റെ വിലക്ഷണ രീതികളും തുടരെയുള്ള മധുപാനവും ഒരു സെലബ്രെഷൻ രൂപത്തിൽ കഥയിലുടനീളം വായിക്കേണ്ടി വരുന്നു.. അതു എന്തോ ഒരു മോശം സന്ദേശം പോലെ തോന്നുന്നു..
ഇടക്കെപ്പോഴോ നൈരന്തര്യം നഷ്ടപ്പെടുത്തും രൂപത്തിൽ ഉള്ള ചില ആഖ്യാനങ്ങൾ, ചില വിശദീകരണങ്ങൾ, കഥയെ വെറുതെ വലിച്ചു നീട്ടുന്ന പോലെ..
എന്തായാലും ഒഴിവുദിന വായനക്ക് തിരഞ്ഞെടുക്കവുന്ന ഒരു പുസ്തകമാണ് കോമ എന്ന ഈ കുറ്റാന്വേഷണ നോവൽ..
പിൻകുറിപ്പ്: കഥയുടെ അവസാന ഭാഗത്ത് പ്രതിയുടെ ആയി വരുന്ന കക്ഷിയുടെ മനോവ്യാപരങ്ങൾ മിലൻ കുന്ദേരയുടെ നോവലുകളിലെ ചില സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുന്നു..
അതൊക്കെ വായിച്ചപ്പോൾ തോന്നിയ എന്റെ ഒരു രസകരമായ ചിന്ത എന്തെന്നാൽ മിലൻ കുന്ദേരയെ വായിച്ചാൽ ഇതുപോലെ ഒക്കെ കുനിഷ്ട് ബുദ്ധി ഉണ്ടാകുമോ എന്നാണ്.. മിലൻ കുന്ദേരയെ നിരന്തരം വായിക്കുന്ന ഒരു പാരമ്പര്യ രാഷ്ട്രീയക്കരന്റെ മനസ്സിൽ വിരിഞ്ഞ പ്രതിഷേധ മാർഗമാണ് വിമാനപ്രതിഷേധം എന്നുള്ള വാർത്തകൾ ഓർമയിൽ വന്നപ്പോൾ തോന്നിയത് സൂചിപ്പിച്ചെന്നെയുള്ളൂ...

No comments:
Post a Comment