Sunday, May 3, 2026

പുസ്തകവിചാരം : എന്‍റെ ചിറകിനാകാശവും നീ തന്നു..

പുസ്തകം:            :എന്‍റെ ചിറകിനാകാശവും നീ തന്നു..
                                 (ഓര്‍മകുറിപ്പുകള്‍)
എഴുതിയത്      : നിതീഷ് നാരായണന്‍



 മനസ്സിലെ തോന്നലുകൾ എഴുതി വെക്കുന്ന ഒരു പതിവ് മുമ്പ് ഉണ്ടായിരുന്നു. പിന്നീട് അത് എഫ്ബിയിൽ എഴുതുമായിരുന്നു.. എന്നാൽ സാഹചര്യങ്ങൾ, ഒന്നും കുറിക്കാൻ കഴിയാത്ത അത്രയും വിരസമായി മുന്നിൽ നിവർന്നു നിൽക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയി.. 

ബാധ്യതകൾ, ചുമതലകൾ, ചുറ്റുമുള്ളവരുടെ നിസംഗത കൊണ്ട് വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്ന ജോലികൾ.. യാന്ത്രികമായി പോകുന്ന ദിനചരികൾ...എവിടെയോ സ്വയം നഷ്ടപ്പെടുന്ന പോലെ..അതിനിടയിൽ കൈവിട്ടു പോകുന്ന ആരോഗ്യവും..

21/11/2025 വെള്ളിയാഴ്ച.. 

തലശ്ശേരിൽ നിന്നും കോയമ്പത്തൂർ ഇന്റർസിറ്റി ജനറൽ ബോഗിയിൽ കയറി നാട്ടിലേക്ക്. വലിയ തിരക്കില്ല..കുറെ അധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു..

ഒഴിഞ്ഞിടം ഒന്നിലിരുന്നു.. എന്നാൽ  ചുറ്റുമുള്ള വിദ്യാർഥികൾ പരിസരം മറന്നു തമാശകളും പൊട്ടിച്ചിരികളും കൊണ്ട് യാത്ര ആസ്വദിക്കുമ്പോൾ സ്വസ്ഥമായി അല്പം ഇരിക്കാൻ തൊട്ടടുത്ത കേബിനിലേക്ക് പതുക്കെ മാറി ഇരുന്നു,പകുതിയാലധികം വായിച്ചു തീർന്ന  ഒരു പുസ്തകം വായിക്കാനായി വീണ്ടും തുറന്നു...

നിതീഷ് നാരായണൻ എഴുതിയ "എന്റെ ചിറകിനാകാശവും നീ തന്നു " എന്ന പേരിൽ അദ്ദേഹത്തിന്റെ  വിദ്യാർത്ഥി രാഷ്ട്രീയ കാലത്തിന്റെ ഓർമ്മകൾ  പങ്കുവെക്കുന്ന പുസ്തകം..

മനുഷ്യൻ... 

ചിലപ്പോൾ ഒരു വാക്ക് മാത്രം..

അതിനപ്പുറം  ഒരു ജൈവിക രൂപം...

അതിനുമപ്പുറം  ഒരു കാലഘട്ടത്തെ അടയാളെപെടുത്തുന്ന സൂചിക...

വീണ്ടുമുയർന്നാൽ  നൂറ്റാണ്ടുകളോളം 

കാലത്തിനു ദിശാസൂചികയായി നിൽക്കുന്ന അടയാളങ്ങൾ..

മുഹമ്മദ്‌ യുസുഫ്...

റോഷൻ...

അഭിമന്യു...

സീതാറാം യെച്ചുരി...

സഫ്‌ദർ ഹശ്മി...

പുഷ്പ്പൻ...

സുനീത് ചോപ്ര....

രോഹിത് വെമുല...

കൂടെ, 

ദോഡ്ഡബസവരാജ്...

യുസുഫ്  തരിഗാമി...

പ്രബീർ പുർകായസ്ത...

ആനന്ദ് തേൽടുംബടെ...

സഞ്ജീവ് ബട്ട്

ഉമർ ഖാലിദ്...

ടീസ്റ്റ സെറ്റിൽവാദ്...

അരുന്ധതി റോയ്...

പുസ്തകത്തിൽ നിന്നും അക്ഷരങ്ങളിലൂടെ ചുറ്റിലേക്കും ഇറങ്ങി വന്നവർ..

ചിന്തയിൽ കനലായി 

എരിഞ്ഞുയിർ കൊള്ളുന്നവർ..

കേവല വാക്കെന്ന  ബോധത്തിൽ നിന്നും 'മനുഷ്യൻ' എന്ന പ്രയോഗത്തെ 

ഉടച്ചു വാർത്തവർ... 

അതിൽ ഒരു കാലത്തെ അടയാളപ്പെടുത്തി കടന്നു പോയവർ ഉണ്ട്. 

യ്യെച്ചൂരിയെ പോലെ ഒരിക്കലും അണയാത്ത ഒരു ദീപം കാലത്തിനു ദിശ കാണിക്കാൻ പ്രകാശിപ്പിച്ചു പോയവർ..

മനുഷ്യനെന്ന പദത്തിന് മൂല്യങ്ങളുടെ ഹിമാലയം എന്ന അർത്ഥം തന്നെ നൽകിയ സുനീത് ചോപ്രയുണ്ട്..

ഇന്നും, 

 അധികാര, ജാതി മത വർണ ബോധങ്ങൾക്കെതിരെ  എല്ലാ പീഡകളും നെഞ്ചുറപ്പോടെ നേരിടുന്ന പ്രബീർ പുർകായസ്ത..

ജാതി ദണ്ഡ് കൾക്ക് മുന്നിൽ നിവർന്നു നിന്ന ബസവ രാജ്..

അധികാരത്തിന്റെ പീഡനങ്ങൾക്ക് മുന്നിൽ ആദർശം ഒരു തരി പോലും പണയപ്പെടുത്താത്ത  സഞ്ജീവ് ബട്ട്, ഒമർ ഖാലിദ്, അക്ഷരങ്ങൾ കൊണ്ട് വിപ്ലവം നയിക്കുന്ന അരുന്ധതി റോയ്, നിയമം കൊണ്ട് അനീതി ക്കെതിരെ പൊരുതുന്ന ടീസ്റ്റ....

അങ്ങിനെ അങ്ങിനെ..

ഛർദ്ധിലിൽ പോലും ജാതി തിരയുന്ന പുംഗവ ഗോപിമാരും ശിങ്കിടികളും, 

മലത്തിൽ പോലും മതം തിരയുന്ന  അടിവാര ദാവീദിയൻ ധാരകളും കളം നിറഞ്ഞു മനുഷ്യനെന്ന പദത്തിന് ദുർഗന്ധം കൊടുക്കുന്ന കാലത്തു മനുഷ്യനാകുക എന്നത് ഒരു സമരം തന്നെ ആണെന്ന ചിന്തയിൽ പുസ്തകം ഞാൻ മടക്കി വെച്ചു..

വടകര എത്തിയപ്പോൾ എതിർ സീറ്റിൽ ഇരിക്കാൻ അവിടെ നീന്നും കയറിയ ഒരു  വല്യുപ്പ ശ്രമിക്കുന്നു.. എന്നാൽ ആ സീറ്റിൽ ആദ്യമേ ഇരുന്നിരുന്ന മറ്റൊരു വല്യുപ്പ സ്ഥലം ഉണ്ടായിട്ടും ഒന്ന് നീങ്ങി കൊടുക്കാതെ നീരസം കാണിച്ചപ്പോൾ കയറി വന്ന വല്യുപ്പ ഞാനിരിക്കുന്ന സീറ്റിനു നേരെ തിരിഞ്ഞു.. എന്റെ അരികിലിരുന്ന ആളും ഞാനും അല്പം നീങ്ങി ഇരുന്നപ്പോൾ അവർ ഞങ്ങൾക്കിടയിൽ ഇരുന്നു. അപ്പോൾ എതിർ സീറ്റിൽ ഇരിക്കുന്ന വല്യുപ്പയുടെ മുഖത്ത് ഒരാശ്വസം. ഒരു  യാത്രദൈർഘ്യത്തോളം തന്റെ സ്വന്തമെന്നു ഉള്ള ഒരു സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച ഒരാളെ പരാജയപ്പെടുത്തിയത്തിന്റെ നിർവൃതി..

25 മിനിറ്റ് കഴിഞ്ഞപ്പോൾ കോഴിക്കോട് രണ്ടു പേരും ഇറങ്ങി.. കേബിനിൽ നിറയെ പുതിയ ആളുകൾ  വന്നു  നിറഞ്ഞു...

നൈമിഷികമാണെങ്കിൽ പോലും സ്വന്തമെന്ന ബോധം പ്രായത്തിന്റെ അനുഭവത്തിന് പോലും വലിച്ചിടാൻ കഴിയാത്ത അത്രയും ആഴത്തിൽ ബോധത്തിൽ  അലിയിച്ചു ചേർത്തവർ കൂടി ആണ് മനുഷ്യൻ എന്ന് എനിക്ക് തോന്നി ...

ട്രെയിൻ പരപ്പനങ്ങാടി എത്തി ഞാൻ ഇറങ്ങി  കോട്ടക്കലിലേക്കുള്ള ബസിൽ കയറി.  ആകെ ബസിൽ ഉണ്ടായിരുന്നത് എട്ടോളം  പേർ മാത്രം. ഒരാൾക്ക് ഒരു സീറ്റെന്ന രീതിയിൽ പങ്കിട്ടെടുക്കാം...

വലതു വശത്തെ  പിന്നിലുള്ളതിന്റെ തൊട്ടു മുന്നിലുള്ള സീറ്റ്‌ ഞാൻ സ്വന്തമാക്കി.. ഇടതു വശത്തേക്ക്  നോക്കിയപ്പോൾ ഹാൻഡികാപ്പ്ഡ് റിസർവേഷൻ സീറ്റിൽ ഒരു പ്രായമുള്ള ഉമ്മയും ഒരു ഉപ്പയും ഇരിക്കുന്നു. രണ്ട് പേർക്കും കണ്ണിനു കാഴ്ചയില്ല. ചുറ്റുമുള്ള കാഴ്ചകളിലെ വർണ്ണങ്ങൾ കാണാതെ അവർ അവരുടെ ചിന്തയിലെ കാഴ്ചകളിൽ മുഴുകി ഇരിക്കുന്നു.. ഞാൻ അവരെ സാകൂതം നോക്കിയിരുന്നു.. തൊട്ടു മുന്നിലുള്ള സീറ്റിന്റെ കമ്പിയിൽ  ഉപ്പയുടെ ഇടതു കയ്യ് അതിനുമുകളിൽ ഉമ്മയുടെ വലതു കയ്യ് വെച്ച് അവർ അവരുടെ ചിന്തയിൽ മുഴുകി ഇരിപ്പാണ്‌.. ആരോടും പരിഭവം ഇല്ലാതെ.. ആരോടും നീരസമില്ലാതെ..

ഇടക്ക് എപ്പോഴോ ഉമ്മ കയ്യ് ഒന്നെടുത്തു തട്ടം ശരിയാക്കുന്നു.. അ സമയം ആണ് എന്നെ അത്ഭുതപെടുത്തിയത്..  ഉമ്മയുടെ കയ്യ് തന്റെ കയ്യിൽ നിന്നും എടുത്തത് കാരണമാവാം  ഉപ്പയുടെ കയ്യ് കമ്പിയിൽ ആകെ പരതുന്നു.. അത്ഭുതമെന്നു പറയട്ടെ ആ നിമിഷം  തന്നെ ഉമ്മ തന്റെ കയ്യ്  ഉടൻ ആ ഉപ്പയുടെ കയ്യിൽ വെക്കുന്നു.. ഉമ്മയുടെ കയ്യ് തൊട്ടപ്പോൾ ഉടൻ തന്റെ കയ്യ് കൊണ്ട് ഉമ്മയുടെ കയ്യ് അമർത്തിപിടിച്ചു ഇനി പോകല്ലേ എന്ന ഭാവത്തിൽ തന്റെ മടിത്തട്ടിലേക്ക്  ചേർത്ത് വെക്കുന്നു.. ഒരു നിമിഷ നേരത്തെ പരിഭ്രാന്തിയിൽ നിന്നും മുക്തമായതിന്റെ സന്തോഷം ആ ഉപ്പയുടെ ആ ഒരു മുറുകെ പിടുത്തതിലുണ്ട്.. 

മനുഷ്യൻ എന്ന പദം എത്ര ഉദാത്തം..

ബസ്സ് മമ്പുറം എത്തി.. രണ്ടു പേരും അവിടെ ഇറങ്ങി.. പരസ്പരം കൈചേർത്ത് പിടിച്ച്....

മനുഷ്യൻ എന്ന പദത്തിന്റെ നിർവചനം അസാധ്യമെന്നു ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തി...

ഈ ഭൂമിയിൽ 

ആർത്തി പൂണ്ട മനുഷ്യരെ തുല്യപെടുത്താനാവാം അനുകമ്പ നിറഞ്ഞ മനുഷ്യർ.. 

വിപ്ലവകാരികൾ...

രക്തസാക്ഷികൾ...

മനസ്സിൽ വീരാൻ കുട്ടി മാഷ്ടെ ഒരു കവിത ആണ്..

"എന്നിട്ടും

എന്നിട്ടും ദൈവം

ലോകത്തെ

അവസാനിപ്പിക്കാത്തതെന്ത്?

ഭൂമിയുടെ

എതെങ്കിലുമൊരു കോണിൽ

പ്രണയിക്കുന്ന രണ്ടുപേർ

ഇരുന്നു

സംസാരിക്കുന്നത്

തീരാൻ കാത്തുനിൽക്കുകയാവും.

അവസാനിക്കുമെന്നു തോന്നുന്നില്ല

ലോകം ഉടനെയൊന്നും."

വിപ്ലവവും.......

No comments:

Post a Comment