Sunday, May 10, 2026

ഓർമ : വൈലോപ്പിള്ളി

 


വൈലോപ്പിള്ളി: മാമ്പഴത്തിൻ്റെ കണ്ണീരും ഊഞ്ഞാലിൻ്റെ താളവും


മലയാള മനസ്സിൽ രണ്ടു വൈലോപ്പിള്ളിമാരുണ്ട്. ഒരാൾ 'ഊഞ്ഞാലി'ലെ ആനന്ദനൃത്തം ചവിട്ടുന്ന കവി; മറ്റേയാൾ 'മാമ്പഴ'ത്തിൻ്റെ ചോര ചിന്തുന്ന വ്രണത്തിൽ വിരൽ വയ്ക്കുന്ന കവി. ഈ രണ്ടു മുഖങ്ങളും ഒരുമിക്കുമ്പോഴാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ പൂർണ്ണനാകുന്നത്.


'ഊഞ്ഞാലിൽ' ജീവിതത്തിൻ്റെ ആർപ്പുവിളിയാണ്. "ജീവിതത്തെ സ്നേഹി -- ച്ചീടുവാൻ പഠിച്ചോരീ" എന്നു വിളിച്ചുണർത്തുന്ന കവി, ഓരോ നിമിഷത്തെയും മുത്തമിട്ടു സ്വീകരിക്കാൻ പറഞ്ഞുതരുന്നു. "നാളെ നാം നാനാതരം വേലയെക്കാട്ടും പകൽവേളയിൽ ക്ഷീണിച്ചോർമ്മിച്ചന്തരാ ലജ്ജിക്കുമോ?" എന്നു ചോദിക്കുമ്പോൾ, ഉത്തരം വ്യക്തമാണ് – ജീവിതത്തിലെ സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ മാത്രം. അതുകൊണ്ട്, "നീയൊരു പാട്ടുംകൂടി പ്പാടിനിർത്തുക, പോകാം". ജീവിതയാത്രയിൽ തിരക്കുകൾക്കിടയിലും ഊഞ്ഞാലേറി ആടാൻ മറക്കരുത് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കവിത. അതൊരു ഹൃദയത്തുടിപ്പാണ്, അസ്തമയത്തിലും പ്രഭാതത്തെ കാണുന്ന കണ്ണുകളാണ്.

എന്നാൽ അതേ കവി തന്നെ, 'മാമ്പഴ'ത്തിൽ നമ്മെ കരയിപ്പിക്കുന്നു . അങ്കണത്തിലെ തൈമാവിൽ ആദ്യമായി പഴം വീഴുമ്പോൾ, ഒരമ്മയുടെ കണ്ണിൽ നിന്നു ചുടുകണ്ണീർ വീഴുന്നു. എന്തുകൊണ്ട്? കാരണം ആ പഴത്തിനുവേണ്ടി കൈനീട്ടിയ ആ കുഞ്ഞുകൈകൾ ഇന്നില്ല. "മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ല" എന്നു പിണങ്ങിപ്പോയ ആ പൈതൽ, പിന്നീടൊരിക്കലും മടങ്ങിവന്നില്ല. "വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ, ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" എന്നു പറയുമ്പോൾ, മനസ്സ് പിടഞ്ഞുപോകും. അമ്മ ആ മാമ്പഴം എടുത്ത് മകൻ്റെ മണ്ണറയിൽ നിക്ഷേപിക്കുന്നു. തന്നെ വിട്ടുപിരിഞ്ഞ കണ്ണനോട് അവൾ ചോദിക്കുന്നു: "പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ?" ഈ ചോദ്യത്തിനു മറുപടിയില്ല.

രണ്ടു കവിതകളും വൈലോപ്പിള്ളി എന്ന മനുഷ്യൻ്റെ രണ്ടു വശങ്ങളാണ്. 'ഊഞ്ഞാലി'ലെ പാട്ടും 'മാമ്പഴ'ത്തിലെ കണ്ണീരും ഒരേ നാണയത്തിൻ്റെ രണ്ടുവശങ്ങൾ. ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ച കവിയാണ്, മരണത്തിൻ്റെ കൈപ്പും നമുക്കു കാട്ടിത്തന്നത്.

മെയ് പതിനൊന്ന്, വൈലോപ്പിള്ളിയുടെ ജന്മദിനം. ഇന്ന്, നമുക്ക് ഒരിക്കൽ കൂടി 'ഊഞ്ഞാലി'ലെ ആട്ടവും 'മാമ്പഴ'ത്തിലെ നൊമ്പരവും ഒന്നിച്ചനുഭവിക്കാം. കാരണം, ജീവിതം എന്ന ഈ യാത്രയിൽ, ഒരേ സമയം ചിരിക്കാനും കരയാനും പഠിപ്പിച്ച ആ കവിയുടെ സാമീപ്യം ആക്ഷരങ്ങളിലൂടെ നമുക്കൊപ്പമുണ്ട് . ആ ഊഞ്ഞാലിൻ്റെ ആട്ടവും , ആ മാമ്പഴത്തിൻ്റെചുനയും  മധുരവും വേദനയുമായി മലയാളിയുടെ മനസ്സിൽ, വൈലോപ്പിള്ളി എന്നുമുണ്ടാകും...




(കവിത :ഊഞ്ഞാലിൽ - സുനിൽ മാഷ് ആലപിക്കുന്നു )

No comments:

Post a Comment