Friday, May 29, 2026

ഓര്‍മ്മ: ബഷീര്‍ ബദ്ര്‍

 

ബഷീർ ബദ്ർ: കുളിരായ് പെയ്തൊഴിഞ്ഞ മഴമേഘം 




 "ഉജാലെ അപ്നി യാദോം കെ ഹമാരെ സാത്ത് രഹ്നെ ദോ,

 നാ ജാനെ കിസ് ഗലി മേയ് സിന്ദഗി കി ഷാം ഹോ ജായേ."

"നിന്റെ ഓർമ്മകളുടെ പ്രകാശം

 എന്നോടൊപ്പം നിൽക്കട്ടെ

 ഏത് തെരുവിലാണോ 

 ജീവിതത്തിന്റെ സന്ധ്യ വീഴുക, ആർക്കറിയാം."

 

2026 മേയ് 28. ഒരു വ്യാഴാഴ്ച .  ഈദ് ആഘോഷിക്കുന്നതിനിടെ ആണ് ആ വാര്‍ത്ത കണ്ടത്. ഭോപ്പാലിലെ വസതിയില്‍ വെച്ച്, ഉറുദു കവിതയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്ന് നിശ്ശബ്ദമായി. ഡോ. ബഷീർ ബദ്ർ, വയസ്സ് 91, ഈ ലോകത്തോട് വിടപറഞ്ഞു. ഡിമെൻഷ്യ ബാധിച്ച് അവസാന വർഷങ്ങളിൽ തന്റെ മുശായിറകൾ പോലും മറന്നുപോയ ആ കവി, ഒടുവിൽ സ്വയം ഒരു ഓർമ്മയായി മാറി.

അദ്ദേഹം എഴുതിയ ആ വരികൾ ഇപ്പോൾ ഓർമ്മ വരുന്നു. "ഏത് തെരുവിലാണ് ജീവിതത്തിന്റെ സന്ധ്യ വീഴുക, ആർക്കറിയാം." ആ സന്ധ്യ വീണു. എന്നാൽ ഓർമ്മകളുടെ പ്രകാശം, അദ്ദേഹം പറഞ്ഞതുപോലെ, ഇപ്പോഴും നമ്മോടൊപ്പമുണ്ട്.

             1935 ഫെബ്രുവരി 10. അയോധ്യ. ആ പേര് ഇന്ന് രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും കോടാനുകോടി വാക്കുകളുടെ കേന്ദ്രമാണ്. എന്നാൽ അന്ന്, ആ നഗരത്തിൽ, സയ്യിദ് മുഹമ്മദ് നസീർ, അലിയ ബേഗം എന്നീ ദമ്പതികൾക്ക് ഒരു മകൻ പിറന്നു. പേര് സയ്യിദ് മുഹമ്മദ് ബഷീർ. പിന്നീട് ലോകം അറിഞ്ഞത് 'ബഷീർ ബദ്ർ' എന്ന പേരിലാണ്. 'ബദ്ർ' എന്നാൽ ചന്ദ്രൻ. ഒരു ഉറൂസില്‍, ആദ്യ ഗസൽ ചൊല്ലിയപ്പോൾ, ശ്രോതാക്കൾ അദ്ദേഹത്തിന് 'ബദ്ർ' എന്ന ആ ബിരുദം സമ്മാനിച്ചു. അന്ന് അദ്ദേഹത്തിന് പതിനഞ്ചില്‍ താഴെ ആയിരുന്നു പ്രായം.

        ഏഴാം വയസ്സിൽ ഖുർആൻ പഠനം പൂർത്തിയാക്കിയ ആ ബാലൻ, പിന്നീട് അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ തിളക്കമായി മാറി. എം.എ യിലെ ഒന്നാം വർഷത്തിൽ, എല്ലാ വിഷയങ്ങളിലും ഒന്നാമൻ. സർ വില്യം സ്കോളർഷിപ്പ്. സ്വർണ്ണ മെഡൽ. ഡോ. രാധാകൃഷ്ണൻ അവാർഡ്. അദ്ദേഹത്തിന്റെ കവിതകൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബിരുദം. അദ്ദേഹം എം.എ പഠിക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ കവിതകൾ എം.എ ഉറുദു പാഠ്യപദ്ധതിയിൽ ഇടം പിടിച്ചു. സ്വന്തം കൃതികളിൽ നിന്ന് പഠിച്ച വിദ്യാർത്ഥി, നമ്മുടെ ചങമ്പുഴ പോലെ.  

എന്നാൽ കവിത കേവലം മധുരമല്ല. ചിലപ്പോൾ അത് രക്തത്തിന്റെ ഗന്ധവും പേറുന്നു. ബഷീർ ബദ്റിന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായം 1987-ലെ മീററ്റ് കലാപമാണ്.

1987 ഏപ്രിലിലാണ് ആ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം മൂന്നു മാസത്തോളം ആ ഭീകരത നീണ്ടുനിന്നു. നൂറിലധികം പേർ ആ അക്രമങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമം രൂക്ഷമായപ്പോൾ, ബഷീർ ബദ്ർ ബന്ധുക്കളുടെ വീട്ടിൽ അഭയം തേടി. അദ്ദേഹത്തിന്റെ ഇളയ മകൻ ബിനു വീട്ടിൽ തന്നെ തുടർന്നു.

ആക്രമണം നടന്ന ദിവസം, അതിരാവിലെ തന്നെ ഒരു സംഘം കോളനിയുടെ തെക്കേ അറ്റത്തുകൂടി അകത്തുകയറി. രാവിലെയായതിനാൽ, മിക്കവാറും എല്ലാവരും വീടിനുള്ളിലായിരുന്നു. ബിനു അപ്പോൾ വീടിനു പുറത്തുള്ള അടുത്തുള്ള പാർക്കിൽ ആയിരുന്നു.

ആ സംഘം ബഷീർ ബദ്റിന്റെ വീട് കൊള്ളയടിക്കുകയും വ്യാപകമായി നശിപ്പിക്കുകയും പിന്നീട് തീകൊളുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അമൂല്യമായ ലൈബ്രറി, വർഷങ്ങളുടെ കയ്യെഴുത്തുപ്രതികൾ, ഒരു വർഷത്തെ കവിതകൾ അടങ്ങിയ ഡയറി – എല്ലാം ചാമ്പലായി. ആ കലാപം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

കുടുംബം, പിന്നീട് സ്ഥിതി സാധാരണമായശേഷം മീററ്റിൽ തിരിച്ചെത്തി. എന്നാൽ ആ സംഭവം അദ്ദേഹത്തിൽ അഗാധമായ മാനസിക ആഘാതം സൃഷ്ടിച്ചു. കുടുംബം ഒരു വർഷം കൂടി മീററ്റിൽ താമസിച്ചു. 1988-ൽ ആ വീട് വിറ്റശേഷം അവർ സ്ഥിരമായി ഭോപ്പാലിലേക്ക് താമസം മാറ്റി. അതോടെ മീററ്റ് എന്ന നഗരം, ബഷീർ ബദ്റിന്റെ ഓർമ്മകളിൽ നിന്ന് മങ്ങിത്തുടങ്ങി.

എന്നാൽ ആ തീജ്വാലകൾക്കിടയിലും, രണ്ട് ഹിന്ദു അയൽവാസികൾ – ഹർഗോപാൽ സിങ്, ധർമപാൽ സിങ് – അദ്ദേഹത്തിന്റെ കുടുംബത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകി. ആ സൗഹൃദം അദ്ദേഹത്തെ ജീവിതത്തിൽ വീണ്ടും മനുഷ്യനിൽ വിശ്വാസം അർപ്പിക്കാൻ പ്രേരിപ്പിച്ചു.

ആ സംഭവത്തിന് ശേഷമാണ് അദ്ദേഹം ആ വിഖ്യാതമായ ശേർ എഴുതിയത്:

"एक घर बनाने में लोग टूट जाते हैं,

तुम तरस नहीं खाते बस्तियाँ जलाने में?"

"ഏക് ഘർ ബനാനേ മേം ലോഗ് ടൂട് ജാതേ ഹൈം,

തും തരസ് നഹീം ഖാതേ ബസ്തിയാം ജലാനേ മേം?

                    "ഒരു വീട് പണിയാൻ 

                     ആളുകൾ തകർന്നുപോകുന്നു

                    എന്നാൽ നിങ്ങൾക്ക് മുഴുവൻ 

                    കോളനികൾ ചുട്ടുനരകിക്കുന്നതിൽ 

                    ഒരു കുലുക്കവുമില്ലേ?"

  ഇത്തരം സംഭവങ്ങളിൽ, ഭരണകൂടങ്ങള്‍ നിഷ്പ്രഭമാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അതിലുപരി, കലാപസമയത്തും അതിന് ശേഷവുമുള്ള നടപടികൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയയും തന്നെ അധികാരം ഉറപ്പിക്കാനുള്ള വഴികളായിരുന്നു. 1987-ലെ മീററ്റ് കലാപകാലത്ത് ഉത്തർപ്രദേശിൽ ആരായിരുന്നു അധികാരത്തിൽ? വീരബഹാദൂർ സിങ്, എൻ.ഡി. തിവാരി എന്നീ കോൺഗ്രസ് മുഖ്യമന്ത്രിമാർ. ഡൽഹിയിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രി. കലാപത്തിന് മുമ്പുള്ള രാഷ്ട്രീയ അന്തരീക്ഷവും, കലാപസമയത്തെ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും, കലാപത്തിന് ശേഷം കുറ്റവാളികൾക്കെതിരെ നടപടികളെടുക്കുന്നതിൽ കാണിച്ച അലക്ഷ്യവും – ഈ മുഴുവൻ പ്രക്രിയയും ഒരു ഭൂരിപക്ഷ പ്രീണനത്തിന്റെ (majority appeasement) ഭാഗമായിരുന്നു. അതായത്, ഒരു പ്രത്യേക സമുദായത്തെ സന്തോഷിപ്പിക്കാനും വോട്ടുബാങ്ക് ഉറപ്പിക്കാനും വേണ്ടിയുള്ള രാഷ്ട്രീയ കണക്കുകൂട്ടൽ. അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല – കാരണം ചെയ്യാൻ അവർ ആഗ്രഹിച്ചില്ല. ബഷീർ ബദ്റിന്റെ വീട് കത്തിയമർന്നു, അദ്ദേഹത്തിന്റെ ഒരു വർഷത്തെ കവിതകൾ അടങ്ങിയ ഡയറി പൊള്ളലേറ്റു. അതിനിടയിൽ, ചില ഹിന്ദു അയൽവാസികൾ അദ്ദേഹത്തിന്റെ കുടുംബത്തിന് അഭയം നൽകി – ആ ചെറിയ മാനവികത കലാപത്തിന്റെ ഭീകരതയ്ക്കിടയിലും പ്രകാശമായി നിന്നു. എന്നാൽ ആ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വം, ആ മുഴുവൻ പ്രക്രിയയും – കലാപത്തിന് മുമ്പും സമയത്തും ശേഷവുമുള്ള നടപടികളുടെ ആകെത്തുക – അതായിരുന്നു ഭൂരിപക്ഷ പ്രീണനം. ബഷീർ ബദ്ർ ആ പ്രക്രിയയിൽ തന്റെ വീട് മാത്രമല്ല, തന്റെ വാക്കുകളുടെ ഒരു ഭാഗം കൂടി നഷ്ടപ്പെടുത്തി. പക്ഷേ,  ആ കത്തിനശിച്ച വീട്ടിൽ നിന്നുയർന്ന പുകയ്ക്കിടയിലും അദ്ദേഹം എഴുത്ത് തുടര്‍ന്നു.

 "दुश्मनी जमकरो लेकिन ये गुंजाइश रहे,

 जब कभी हम दोस्त हो जायें तो शर्मिंदा हों."

"ശക്തമായി ശത്രുത പുലർത്തുക, 

പക്ഷേ കുറച്ചിടമെങ്കിലും ബാക്കി വയ്ക്കുക,

എപ്പോഴെങ്കിലും നാം 

ചങ്ങാതികളാകുമ്പോൾ ലജ്ജിക്കേണ്ടിവരരുത്."

     ഈ വരികൾ, 1972-ൽ ശിംല കരാർ ഒപ്പിട്ടപ്പോൾ, പാകിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോ ഉദ്ധരിച്ചു. ഒരു കവിയുടെ വാക്കുകൾ രണ്ട് രാജ്യങ്ങളുടെ ബന്ധത്തിന്റെ രേഖയിൽ ഇടംപിടിച്ചു. പിന്നീട്, ഇന്ത്യൻ പാർലമെന്റിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ വരികൾ ഉദ്ധരിച്ചു. ഒരു ലളിതജീവിയുടെ വാക്കുകൾ, രാഷ്ട്രങ്ങളുടെ ഭാഷയായി മാറി.

            എല്ലാം നഷ്ടപ്പെട്ടിട്ടും, ബഷീർ ബദ്ർ ഒരിക്കലും വിദ്വേഷത്തിന്റെ കവിത എഴുതിയില്ല. അദ്ദേഹം എഴുതിയത് സ്നേഹത്തെക്കുറിച്ചാണ്. മനുഷ്യനെക്കുറിച്ചാണ്.

 "सात सन्दूकों में भर कर दफन कर दो नफरतें,
 आज इंसान को मुहब्बत की ज़रूरत है बहुत."

          "സാത് സന്ദൂകോം മേം ഭർ 

            കർ ദഫൻ കർ ദോ നഫ്റതേം,

            ആജ് ഇൻസാൻ കോ മുഹബ്ബത് 

            കീ സറൂരത് ഹേ ബഹുത്."

                    "ഏഴു പെട്ടികളിൽ നിറച്ച്
                     വിദ്വേഷങ്ങളെ സംസ്കരിക്കുക,
                    ഇന്ന് മനുഷ്യന് സ്നേഹം വേണം, 
                    വളരെയധികം."
 
"ख़ुदा हम को ऐसी ख़ुदाई दे,
 कि अपने सिवा कुछ दिखाई दे."

         "ഖുദാ ഹം കോ ഐസീ ഖുദായീ ന ദേ,

          കി അപ്നേ സിവാ കുഛ് ദിഖായീ ന ദേ."

                "ദൈവമേ, എനിക്ക് അത്തരം
                 അധികാരം നൽകരുതേ,
                 എന്നെക്കൂടാതെ മറ്റൊന്നും
                  കാണാൻ കഴിയാത്ത വിധം."
 
അദ്ദേഹത്തിന്റെ സ്നേഹം ഒരു പ്രത്യേക മതത്തിനോ വർഗ്ഗത്തിനോ വേണ്ടിയായിരുന്നില്ല. അത് മുഴുവൻ മനുഷ്യർക്കും വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ ഗസലുകളിൽ, പ്രണയം പുതിയ രൂപത്തിൽ കാണാം:
 
 "प्यार से, दोस्ती से, वफ़ा से चोट लगती है,
 बिखरता हुआ फूल हूँ, मुझको हवा से चोट लगती है."
 "പ്യാര് സേ, ദോസ്തീ സേ, വഫാ സേ ചോട്ട് ലഗ്തീ ഹേ, 
  ബിഖര്താ ഹുആ ഫൂല് ഹൂം, മുഝ്കോ ഹവാ സേ ചോട്ട് ലഗ്തീ ഹേ."
                             "സ്നേഹം, സൗഹൃദം, വിശ്വസ്തത –
                               ഇവയിൽ നിന്നെല്ലാം എനിക്ക്                                                                            വേദനയേൽക്കുന്നു.
                               ഞാൻ ഒരു വാടിക്കൊണ്ടിരിക്കുന്ന പൂവാണ്,
                               കാറ്റിൽ നിന്നും എനിക്ക്                                                      
                               വേദനയേൽക്കുന്നു."

അദ്ദേഹം ജീവിച്ചത് ലളിതമായിരുന്നു. ഒരിക്കലും ആരുമായും പ്രണയത്തിൽ ഏർപ്പെട്ടിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ പ്രണയകവിതകൾ വായിച്ചാൽ, ഒരു യുവാവിന്റെ ഹൃദയമിടിപ്പ് അനുഭവപ്പെടും.

 

 "उदासी आसमान है, दिल मेरा कितना अकेला है,
 परिंदा शाम के पुल पे बहुत खामोश बैठा है."

             "ഉദാസീ ആസ്മാൻ ഹേ, ദിൽ മേരാ കിത്നാ അകേലാ ഹേ,

               പരിന്ദാ ഷാം കേ പുൽ പേ ബഹുത് ഖാമോശ് ബൈഠാ ഹേ."

                        "വിഷണ്ണമായ ആകാശം,
                         എന്റെ ഹൃദയം എത്രമാത്രം ഏകാന്തമാണ്,
                         സന്ധ്യയുടെ പാലത്തിൽ ഒരു പക്ഷി
                         വളരെ നിശ്ശബ്ദമായി ഇരിക്കുന്നു."
 
 "सूए कहाँ थीं आँखों ने तकिए भी गोए थे,
 हम भी किसी के लिए ख़ूब रोए थे."

         "സൂഏ കഹാം ഥീം, ആംഖോം നേ തകിയേ ഭീ ഗോഏ ഥേ,

           ഹം ഭീ കിസീ കേ ലിയേ ഖൂബ് രോഏ ഥേ."

                    "എനിക്ക് ഉറക്കമുണ്ടായിരുന്നില്ല,
                     കണ്ണുകൾ തലയിണകൾ നനച്ചു,
                     ഞാനും ഒരാൾക്കായി
                     വളരെയധികം കരഞ്ഞിരുന്നു."
 
 "वो चाँदी का बदन, खुशबुओं का साया है,
 बहुत अज़ीज़ है हमें, मगर पराया है. 
"വോ ചാംദീ കാ ബദൻ, ഖുശ്ബുഓം കാ സായാ ഹേ, 
ബഹുത് അജീസ് ഹേ ഹമേം, മഗർ പറായാ ഹേ."
            "ആ വെള്ളിമയമായ ശരീരം,
            സുഗന്ധങ്ങളുടെ നിഴൽ, എനിക്ക്
            വളരെ പ്രിയപ്പെട്ടതാണ്,
            പക്ഷേ അത് മറ്റൊരാൾക്ക് സ്വന്തം."
 
ബഷീർ ബദ്ർ എഴുതിയത് പ്രണയത്തെ മാത്രമല്ല. തന്റെ കാലഘട്ടത്തിന്റെ വിരോധാഭാസങ്ങളെയും അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു.
 
 "सच, सियासत से अदालत तक बहुत मसरूफ है,
 झूठ बोलो, झूठ में अब भी मोहब्बत है बहुत!"
 
"സത്യം, രാഷ്ട്രീയം മുതൽ
നീതിന്യായ വ്യവസ്ഥ വരെ വളരെ തിരക്കിലാണ്,
നുണ പറയൂ, നുണകളിൽ ഇപ്പോഴും
വളരെയധികം സ്നേഹമുണ്ട്!"
 
 "कभी धूप हूँ, कभी धूल हूँ,
 कभी सात रंगों का फूल हूँ.
 मैं तमाम कपड़े बदल चुका,
 तेरे मौसमों की बरात में!"
 "കഭീ ധൂപ് ഹूം, കഭീ ധൂൽ ഹൂം,
കഭീ സാത് രംഗോം കാ ഫൂൽ ഹൂം।
മൈം തമാം കപഡേ ബദൽ ചുകാ,
തേരേ മൌസമോം കീ ബരാത് മേം!"
            "ചിലപ്പോൾ വെയിൽ,
            ചിലപ്പോൾ പൊടി,
            ചിലപ്പോൾ ഏഴുനിറങ്ങളുടെ പൂവ്,
            ഞാൻ എല്ലാത്തരം വസ്ത്രങ്ങളും ഉടുത്തുമാറി,
            നിന്റെ ഋതുക്കളുടെ ഘോഷയാത്രയിൽ!"
 
 "गर इजाज़त हो तो एक झूठ बोलूं,
 मुझे दुनिया से नफरत हो गई है."

          "ഗർ ഇജാസത് ഹോ തോ ഏക് ഝൂഠ് ബോലൂം,

            മുഝേ ദുനിയാ സേ നഫ്രത് ഹോ ഗഈ ഹേ.

            "അനുവാദമുണ്ടെങ്കിൽ ഒരു നുണ പറയട്ടെ,
            എനിക്ക് ഈ ലോകത്തോട് വെറുപ്പ് തോന്നിയിരിക്കുന്നു."
 
 "पत्थर के जिगर वालो, गम में वो रवानी है,
 खुद राह बना लेगा, बहता हुआ पानी है."
 "പത്ഥർ കേ ജിഗർ വാലോ, ഗം മേം വോ രവാനീ ഹേ, 
  " ഖുദ് രാഹ് ബനാ ലേഗാ, ബഹ്താ ഹുആ പാനീ ഹേ."
                 
                "കല്ലുള്ള ഹൃദയമുള്ളവരേ,
                 ദുഃഖത്തിന് ഒഴുക്കുണ്ട്,
                 ഒഴുകുന്ന വെള്ളം സ്വന്തമായി വഴിയുണ്ടാക്കും."
 
 "ना तुम होश में हो ना हम होश में हैं,
 चलो मयकदे में वही बात होगी."
 "നാ തും ഹോശ് മേം ഹോ നാ ഹം ഹോശ് മേം ഹൈം, 
ചലോ മയ്കദേ മേം വഹീ ബാത് ഹോഗീ."
            "നിങ്ങളും നിങ്ങളുടെ ബോധത്തിലല്ല,
             ഞങ്ങളും ഞങ്ങളുടെ ബോധത്തിലല്ല,
             നമുക്ക് മദ്യശാലയിലേക്ക് പോകാം,
              അവിടെ വച്ച് സംസാരിക്കാം."
 
 
2026 മേയ് 28. ആ ദിവസം, ഭോപ്പാലിലെ ആ വീട്ടിൽ, കവി നിശ്ശബ്ദനായി. എന്നാൽ കവിതകൾ നിശ്ശബ്ദമാകുന്നില്ല.
                         ഒരിക്കലും ആരുമായും പ്രണയത്തിൽ ഏർപ്പെടാത്ത, എന്നാൽ ലോകത്തിന് മുഴുവൻ പ്രണയത്തിന്റെ കവിത നൽകിയ ആ മഹാനുഭാവൻ. മീററ്റിന്റെ തീജ്വാലകൾക്കിടയിൽ തന്റെ വീടും കവിതകളും നഷ്ടപ്പെട്ടിട്ടും, ഒരിക്കൽ പോലും വിദ്വേഷത്തിന്റെ വാക്ക് എഴുതാത്ത ആ കവി.
അദ്ദേഹം എഴുതി….

 

 "दुश्मनी का सफर एक क़दम दो क़दम,
 तुम भी थक जाओगे हम भी थक जाएंगे." 
"ദുശ്മനീ കാ സഫർ ഏക് ഖദം ദോ ഖദം, 
തും ഭീ ഥക് ജാഓഗേ ഹം ഭീ ഥക് ജായേംഗേ."
        "ശത്രുതയുടെ യാത്ര, ഒന്നോ രണ്ടോ ചുവടുകൾ,
        അപ്പോൾ നിങ്ങളും ക്ഷീണിക്കും,
        ഞങ്ങളും ക്ഷീണിക്കും."
 
दुश्मनी जम करो लेकिन ये गुंजाइश रहे,
जब कभी हम दोस्त हो जायें तो शर्मिंदा हों."


ഇന്ന്, ആ യാത്ര അവസാനിച്ചിരിക്കുന്നു. ബഷീർ ബദ്ർ എന്ന ചന്ദ്രൻ മറഞ്ഞിരിക്കുന്നു. പക്ഷേ, ഓർമ്മകളുടെ പ്രകാശം – അത് എന്നും നമ്മോടൊപ്പം ഉണ്ടാകും.
ബിഹാർ ഉറുദു അക്കാദമിയുടെ ചെയർമാനായിരുന്നു. പദ്മശ്രീ. സാഹിത്യ അക്കാദമി അവാർഡ്. നാലു തവണ യു.പി. ഉറുദു അക്കാദമി അവാർഡ്. എന്നാൽ ഇവയ്ക്കെല്ലാമുപരി, ഒരു സാധാരണ മനുഷ്യന്റെ ഹൃദയത്തിൽ ഇടം നേടിയ കവി (People’s Poet ) എന്ന ബഹുമതിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പുരസ്കാരം.

 

 ബദ്ർ സാബിന്റെ ഏറ്റവും ഇഷ്ടപെട്ട ഗസൽ ഏതെന്നു ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം 
"സര് ഝുകാഓഗേ തോ പത്ഥര് ദേവതാ ഹോ ജായേഗാ"  എന്ന ഗസൽ ആണ്. ജഗ്ജിത് ജി അത്രത്തോളം ഭാവസന്ദ്രമായി ആലാപിച്ചത് .അതിലെ മഖ്ത മനസ്സിൽ അത്രത്തോളം പതിഞ്ഞു പോകുന്നു . സർവേശ്വരൻ എന്നെ കാണുന്നുണ്ട്‌ എന്ന  ഒരു ഭയം എന്നിലേക്ക് എടുത്തെറിയുന്നുണ്ട് ആ രണ്ട വരികൾ ...

"സബ് ഉസീ കേ ഹേം, ഹവാ, ഖുശ്ബൂ, ജമീൻ-ഓ-ആസ്മാം

മൈം ജഹാം ഭീ ജാഊംഗാ, ഉസ്കോ പതാ ഹോ ജായേഗാ"

                "എല്ലാം അവന്റെ സ്വന്തമാണ് — കാറ്റ്, സുഗന്ധം, 

                    ഭൂമിയും ആകാശവും.

                   ഞാൻ എവിടെ പോയാലും, 

                    അവന് അത് മനസ്സിലാകും."

 "उजाले अपनी यादों के हमारे साथ रहने दो..."
"ഞങ്ങളുടെ ഓർമ്മകളുടെ പ്രകാശം ഞങ്ങളോടൊപ്പം നിൽക്കട്ടെ..."
  
  ആത്മവിന് നിത്യ ശാന്തി ലഭിക്കട്ടെ ..
  സര്‍വ്വ ശക്തന്‍ ആ അത്മാവിനെ അനുഗ്രഹിക്കുമാറാകട്ടെ...

 


No comments:

Post a Comment