Sunday, May 10, 2026

അമ്മ ദിന ഓർമയ്ക്ക്..


 അമ്മ ദിന ഓർമയ്ക്ക്..


 


"കച്ചി കൂട്ടിയ വീട്ടുമുറ്റത്തു മുളക്കീറകളുടെ ശയ്യ തയ്യാറാക്കിയിരിക്കുന്നു.അച്ഛനെയും മറ്റുള്ളവരേയും ഒരേ നോട്ടത്തിൽ കണ്ട് അകത്തേക്കോടി അമ്മയുടെ അടുത്തെത്തി..കരയാതെ കണ്ണടച്ചു കിടക്കുന്ന അമ്മയോട് ആരോ പറഞ്ഞു .   "ഗോപൻ വന്തിരുക്കാൻ.. പാരു തങ്കം" . എനിക്കായി അമ്മയുടെ ശരീരം സൂക്ഷിച്ചു വച്ച ഐസ്കഷ്ണങ്ങൾ കുറെ നേരം കൂടി ഭൗതിക നിയമങ്ങളെ വെല്ലുവിളിച്ചു.അമ്മയുടെ മുഖമുഖമിരിക്കാൻ എനിക്കായി ഏവരും പിറകോട്ട് മാറി.പുറത്തു അമ്മക്കായി കച്ചി മെത്ത തയ്യാറാകുന്നതിനിടയിൽ എന്റെ കരച്ചിൽ വീടാകെ വ്യാപിച്ചു..രണ്ടു ദിവസം കരഞ്ഞു മടുത്ത കണ്ണുകളിൽ പുറത്തേക്ക് ഇറങ്ങി ഏവരെയും നേരിട്ടു നോക്കുമ്പോൾ ആരോ പറഞ്ഞു " ഉങ്കമ്മ പെരിയവൾ". അതേ.. ശുചീന്ദ്രമാകെ ചുറ്റിലും വേദന പങ്കിട്ട് കുറ്റബോധത്തോടെ നിൽക്കുന്നു..താമസിയാതെ അമ്മയെ തോളിലേറ്റി ഒന്നരകിലോമീറ്റർ തെക്കുമാറി പുഴയാറ്റിനരികിൽ ദഹിപ്പിച്ചു ക്ഷേത്രകുളത്തിലിറങ്ങി കുളിച്ച ശേഷം ഞങ്ങൾ ശുചീന്ദ്രം തെക്കെതെരുവിലെ ആ ചെറിയ വീട്ടിലേക്കും അമ്മയില്ലാത്ത വലിയ യാഥാർഥ്യങ്ങളിലേക്കും മടങ്ങി ..."

ടി വി കൃഷ്ണൻ എഴുതിയ പി കൃഷ്ണപിള്ളയെ കുറിച്ചുള്ള 'സഖാവ്' എന്ന പുസ്തകമാണ് വായിക്കാനായി ഇപ്പോൾ  കയ്യിൽ.. അതെടുത്തപ്പോൾ  സാഖാവിന്റെ ഭാര്യ തങ്കമ്മയും അവരുടെ മകൻ ടി എൻ ഗോപകുമാറും ഓർമയിൽ വന്നു ... ടി എൻ ജി തന്റെ ആത്മ കഥ പോലെഴുതിയ ശുചീന്ദ്രം രേഖകൾ എന്ന പുസ്തകം അവസാനിക്കുന്ന വരികൾ ആണ് മേൽപറഞ്ഞത്..23 വർഷം മുമ്പു  ഒരു പന്ത്രണ്ടാം ക്ലാസുകാരനെ ഒരുപാട് നൊമ്പരപ്പെടുത്തിയ  വരികൾ . ടി എൻ ഗോപകുമാർ ആരെന്നു പോലും അറിവില്ലായിരുന്ന ആ കാലം..പക്ഷെ മൾബറി ബുക്കിന്റേതായി പ്രസിദ്ധീകരിച്ചു വന്ന ശുചീന്ദ്രം രേഖകൾ എന്ന  വില അധികം ഇല്ലാത്ത , ചെറിയ  പുസ്തകം എന്തോ ഒരു ഇഷ്ടം തോന്നി വാങ്ങിയതായിരുന്നു.. പിന്നീടൊരുപാട് കഴിഞ്ഞാണ്  ടി എൻ ഗോപകുമാറിനെ ഒക്കെ അറിഞ്ഞതും മനസ്സിലാക്കിയതും..ഇന്ന് വീണ്ടും  ആ അവസാന പേജ്   ഒരിക്കൽ കൂടി വായിച്ചു . കാലങ്ങൾക്കിപ്പുറം ആ വരികൾ അതേ നൊമ്പരം മനസ്സിൽ വീണ്ടുമുണർത്തുന്നു...അത് എഴുതിയ  ടി എൻ ജി യും മരണം തീർത്ത ശൂന്യതയിലേക്ക്  നടന്നു പോയിട്ട് വർഷങ്ങൾ കഴിഞ്ഞു ...കാഴചകൾക്കപ്പുറം ഒരു പക്ഷെ ടി എൻ ജി  ഇപ്പോൾ ആ അമ്മയുടെ അരികത്തുണ്ടാകും..സ്നേഹത്തിന്റെ പുതിയ രൂപങ്ങൾ 'കണ്ണാടി' യിൽ പ്രതിഫലിപ്പിച്ചുകൊണ്ട്... 

No comments:

Post a Comment