Sunday, May 3, 2026

പുസ്തകവിചാരം:തപോമയിയുടെ അച്ഛൻ

പുസ്തകം         : തപോമയിയുടെ അച്ഛൻ (നോവല്‍)
എഴുതിയത് : ഇ.സന്തോഷ് കുമാര്‍

വായിച്ചു മടക്കി വെച്ചത്  ഇ സന്തോഷ്‌  കുമാർ എഴുതിയ തപോമായിയുടെ അച്ഛൻ എന്ന നോവൽ ആണ്..
തപോമയ് ബറുവ
ഗോപാൽ ബറുവ
സുമന
ശ്യാമൾ ബറുവ
Dr. തപസ് സർക്കാർ 
ഗിരിധാർ റാവ്
ജഹാൻ സാബിർ 
പർവീന 
മേജർ സന്താനം...
ഒത്തിരി മനുഷ്യ ജീവിതങ്ങൾ ആണ് 
ഇപ്പൊ മനസ്സിൽ മുഴുക്കെ...
അനേകം നിഴലുകൾ ചേർന്നാണ് ഇരുട്ട് ഉണ്ടാകുന്നതു എന്ന ഒറ്റ വാചകത്തിൽ "തപോമയിയുടെ  അച്ഛൻ"  എന്ന നോവലിനെ  സന്നിപതിക്കാനാണ്  തോന്നുന്നത്..
ഗൂഢ ലിപികളുടെ അത്രയും നിഗൂഢതകൾ ചുമക്കുന്ന മനുഷ്യർ..
ആകുലതകൾ, ആശങ്കകൾ, വ്യഥകൾ, ആശകൾ- അനേകം രൂപത്തിലുള്ള നിഗൂഢതകൾ.. നിഗൂഢതകൾ നിർണയിക്കുന്ന നിഴലുകളായി മനുഷ്യ ജീവിതങ്ങൾ.. ആ നിഴലുകൾ ചേർന്ന് അനുവാചകരുടെ മനസ്സിൽ ഇരുട്ടെന്ന പോലെ പരക്കുന്ന  വിഷാദാത്മക്ത്വം..
അഭയാർത്ഥികൾ - അടയാളപ്പെടുത്താൻ ഒരു രേഖ പോലും ഇല്ലാത്ത മനുഷ്യ ജന്മങ്ങൾ.. അതിർത്തികൾ തൻ അശനിപാതം ഏറ്റ ഹതഭാഗ്യർ.. 
കണ്ടൽ കണക്കെ വേരുറക്കാൻ മണ്ണില്ലാതെ വളരുന്നവർ.. 
സ്വപ്നങ്ങൾ കാണാൻ പോലും വകയില്ലാത്ത അത്രയും നിസ്സഹായർ..
അവർക്കിടയിൽ, വേരില്ലാത്തതിന്റെ വേദനക്ക് വൈദ്യം തിരയുന്ന തപോമയ് ബാറുവയെ പോലെ ചില പൊക്കുടൻ ജന്മങ്ങൾ..
ആഴിയെക്കാളും ആഴത്തിൽ അഴലുകൾ  ഉള്ളിലൊളിപ്പിച്ച  ഗോപാൽ ബറുവ.. ഗൂഢ ലിപികൾ കൊണ്ട് കഥനം നിഗൂഢമായ വരച്ചു വെച്ച മനുഷ്യൻ.. വായന കഴിയുമ്പോൾ എവിടെ ഒക്കെയോ ഉണങ്ങാത്ത മുറിവുകൾ പോലെ നീറുന്നുണ്ട് ഗോപാൽ ബറുവയുടെ ജീവിതം .. 
മൗനം കൊണ്ട് നിഴലായി മാറിയ  സുമന ബറുവ ..
ഇടയ്ക്കു കയറി വന്നു അവസാനം വരെ കഥയിൽ നിറഞ്ഞു നിൽക്കുന്ന ശ്യാമൾ ബറുവ.. ഗോപാൽ ബറുവയെ ചികിൽസിക്കാൻ എത്തുന്ന ഡോക്ടർ തപസ്  സർക്കാർ.... 
ഗോപാൽ ബറുവ  എന്ന അഭയാർത്ഥിയുടെ കഴിവുകൾ കണ്ടെത്തിയ മേജർ സന്താനം .. അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികളായ,വായനക്കാരന്റെ മനസ്സിൽ നോവായി നീറുന്ന ജന്മങ്ങൾ- 
ജഹാൻ സാബിർ.. പർവീണ -
കഥാപാത്രങ്ങൾ ഓരോന്നും മനസ്സിൽ തീർക്കുന്നത്  അഴലുകൾ വീഴ്ത്തുന്ന നിഴലുകൾ തന്നെ ആണ്.. ആ 
നിഴലുകൾ എല്ലാം ചേർന്ന് ഒരു നിസംഗമായ ഇരുട്ട് ചിന്തയിലേക്ക് തുറന്നു വിടുന്നു...
അസ്ഥിത്വം അടയാളപ്പെടുത്തൻ കഴിയാത്ത എത്ര മനുഷ്യ ജന്മങ്ങൾ ആണ് ഈ ഭൂമിയിൽ.. മതത്തിന്റെയും വംശീയതയുടെയും പേരിൽ  ആട്ടിയോടിക്കപ്പെട്ട മനുഷ്യർ.. അതിരുകൾ കൊണ്ട് മുറിവേറ്റവർ..
അനാതത്വത്തിൻ നോവറിഞ്ഞവർ.
പുഞ്ചിരിക്കാൻ പോലും കഴിയാത്ത അത്രയും നിസ്സഹായർ.. 
കഥാപാത്രങ്ങൾക്കൊപ്പം നോവൽ വായനക്കാരന്റെ ഉള്ളിലേക്ക് ചില വാതിലുകൾ തുറന്നിടുന്നുണ്ട്..
ഓരോ കഥാപാത്രങ്ങളും ഓരോരുത്തരുടെയും ആന്തരിക നാടുകടത്തലിന്റെ രൂപങ്ങളാണ്. ചിലർ അതിജീവനത്തിന്റെ ഭാഷ സംസാരിക്കുന്നു, മറ്റുള്ളവർ നഷ്ടത്തിന്റെ നിശ്ശബ്ദതയിൽ മുങ്ങികിടക്കുന്നു. എന്നാൽ എല്ലാവരും ഒരു പൊതു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു — സ്വയം തിരിച്ചറിയാനുള്ള പോരാട്ടം..നോവലിലെ ഭൗതിക അഭയാർത്ഥിത്വം ഒരു വലിയ തത്വചിന്തയുടെ പ്രതീകമായി മാറുന്നു. ഒരു രാജ്യം വിട്ടുപോകുന്നതിനേക്കാൾ വലിയ നഷ്ടം സ്വയം വിട്ടുപോകുന്നതാണ് എന്ന സത്യം...
“തപോമയിയുടെ അച്ഛൻ” ഒരു നോവൽ മാത്രമല്ല — ഇതൊരു സമകാലിക മനുഷ്യന്റെ മാനസിക ചിത്രമാണ്. ഭൂമിയിൽ സ്ഥലം മാറുന്നവരുടെ കഥയായി തുടങ്ങിയ ഈ കൃതി, ആത്മാവിൽ സ്വയം തിരിച്ചറിയാനായി, അറിയാതെ ഉള്ളിൽ വരച്ചു വെച്ച അതിരുകൾ കടന്നു യാത്ര ചെയ്യാൻ ശ്രമിക്കുന്ന എല്ലാവരുടെയും കഥയായി മാറുന്നു.
Did you see him in the boat? എന്ന
 ചോദ്യം ഒരു പ്രതിധ്വനി പോലെ ഉള്ളിൽ മുഴങ്ങുന്നുണ്ട്.. പുനരുജ്ജെവിപ്പിക്കേണ്ട പല ചിന്തകളെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കാലത്തിന്റെ ഒഴുക്കിലേക്കേടുത്തെറിയുന്ന ഓരോരുത്തരുടെയും  ഉള്ളിൽ ആ ചോദ്യം കുറ്റബോധം പോലെ  ഇനിയും മുഴങ്ങും...
പിൻകുറിപ്പ് : 
വായിച്ചു  തീർന്നു  ഒരു പിടി പുതിയ വികാരങ്ങൾ ഉള്ളിലക്കേറിഞ്ഞു പുസ്തകം മടക്കി വെച്ച് വെറുതെ  അന്നത്തെ വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടത് വാളയാറിൽ ഒരു പച്ചയായ മനുഷ്യനെ അതിർത്തി യുടെ പേര് പറഞ്ഞു മർദ്ദിച്ചവശനാക്കിയെന്നും തുടർന്ന് ആ പാവം മനുഷ്യൻ ഈ ലോകത്തോടെ വിട പറഞ്ഞു എന്നുമുള്ള വാർത്തയാണ്...
എത്രത്തോളം ഭീകരമായിരിക്കുന്നു നമ്മുടെ ചുറ്റുപാട്... 
നോവലിൽ ഒരു ഭാഗത്തു പറയുന്നുണ്ട്..  വിശപ്പടക്കാൻ മനുഷ്യരെ കൊന്നു തിന്നുന്ന കാട്ടു ജീവികളിൽ ഒരു നിലനിൽപ്പിന്റെ  പ്രപഞ്ച നിയമം എന്ന ഒരു ലേബലെങ്കിലും ഉണ്ട്..എന്നാൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിന്റെ ന്യായീകരണം എന്ത് എന്ന ഒരു ചോദ്യം ഗോപാൽ ബറുവ അല്പം ഭീതിയോടെ ചോദിക്കുന്നുണ്ട്..
ആ ചോദ്യം ഇപ്പോൾ നമ്മൾ നിരന്തരം കേൾക്കുന്നുണ്ട്.. എത്ര കാതടച്ചു വെച്ചാലും....

No comments:

Post a Comment