പുസ്തകം : കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍
(അനുഭവകുറിപ്പുകള്‍)
എഴുതിയത് : ബാബു അബ്രഹാം
കമ്പിളികണ്ടത്തെ കൽഭരണികൾ വായിച്ചപ്പോൾ തോന്നിയ വൈകാരികതയിൽ എഴുത്തുകാരന് എഴുതി മെയില്‍ ചെയ്ത ഒരു കുറിപ്പ്...
പ്രിയപ്പെട്ട ബാബു അബ്രഹാം മാഷിന് ...
കഴിഞ്ഞ മാസമാണ് ഞാൻ കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകം വാങ്ങിച്ചത്.. സാധാരണ ഇഷ്ടപ്പെട്ട് ബുക്ക് വാങ്ങിയാലും വായിക്കാൻ കയ്യിൽഎടുക്കുക അല്പം കഴിഞ്ഞാണ്..
വാങ്ങിച്ചു രണ്ടാഴ്ച കഴിഞ്ഞാണ് ഞാൻ വായിച്ചു തുടങ്ങിയത്.
വായനയുടെ നൈരന്തര്യം നശിപ്പിക്കുമാറാണ് ഇപ്പോൾ കോളേജുകളിൽ അധ്യാപകർക്കുള്ള ജോലി ഭാരം ( ഭാരം എന്ന് ഉദ്ദേശിച്ചത് സമയ ബൗണ്ടറി വെച്ച് ഒത്തിരി കാര്യങ്ങൾ ഒരേ സമയം ചെയ്യണം എന്നത് കൊണ്ടാണ്.. എന്നെക്കാളും കഴിവുള്ള പലരും നിർഭാഗ്യം കാരണം ഈ ജോലി കിട്ടാതെ പോയതാണ് എന്നാലോചിക്കുമ്പോൾ ജോലി ഭാരം മനസ്സിൽ നിന്നും പോകാറുണ്ട് ). അത് കൊണ്ട് തന്നെ ഒരു പുസ്തകം വായിച്ചു തീർക്കാൻ ആഴചകൾ എടുക്കും..
എന്നാൽ മനസ്സിൽ തട്ടുന്ന ആത്മകഥകൾ ആണെങ്കിൽ എല്ലാ തിരക്കുകൾക്കിടയിലും വായിക്കാൻ സമയം കണ്ടുത്തും.. അത്തരം ഒന്നായിരുന്നു നിങ്ങളുടെ കൽഭരണികൾ..
പലപ്പോഴും മേരി അമ്മ യുടെ സാമീപ്യം എന്റെ അടുത്തുണ്ടെന്നു എനിക്ക് തോന്നി.. വായന മുറുകും തോറും എന്നെ അനുസരിക്കാതെ എന്റെ കണ്ണുകളിൽ നനവ് പടർന്നു വന്നു.. വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ ഇരുന്നു ആണ് ആദ്യമായി ഞാൻ പുസ്തകം വായിക്കാനെടുത്തത്. ജീവനൊടുക്കാൻ ഡാമിനടുത്തേക്ക് പോകുന്ന ആരാത്രിയെ കുറിച്ച് വായിച്ചപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി... അക്ഷരങ്ങൾ കാണാതെ വരുമാറ് കണ്ണ് നിറഞ്ഞപ്പോൾ ഞാൻ പുസ്തകത്തിൽ നിന്നും തലയുയർത്തി ചുറ്റും നോക്കുമ്പോഴാണ് നേരെ എതിരെ ഇരിക്കുന്ന ആൾ ഞാൻ കരയുന്നത് കണ്ടു എന്നെ കൗതുകത്തോടെ നോക്കുന്നത് ശ്രദ്ദിച്ചത് . അല്പം ജാള്യതയോടെ ഞാൻ വായന നിർത്തി പുസ്തകം മടക്കി ബാഗിൽ വെച്ച് .. പക്ഷെ മനസ്സിലെ വിങ്ങൽ പോകുന്നില്ല..
എനിക്ക് മൂന്നു പെൺമക്കൾ ആണ്. ഒരു പക്ഷെ ആ സമയത്തു നിങ്ങളുടെ ഇളയ പെങ്ങളുടെ പ്രായമാകും ഇപ്പോൾ എന്റെ ചെറിയ കുഞ്ഞിന്.. എവിടെയോ എന്തോ പോലെ...ഒരു വിങ്ങൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ..
വീട്ടിൽ എത്തിയാൽ പിന്നെ വായനക്ക് സമയം ഉണ്ടാവില്ല.. ശനിയും ഞായറും മക്കളോളോടൊപ്പം എന്നതിനാൽ മറ്റു വ്യക്തിഗത കാര്യങ്ങൾ മിക്കതും ഒഴിവാക്കാറാണ്. പിന്നീട് അടുത്ത തിങ്കളാഴ്ച കോളേജ് കഴിഞ്ഞു താമസിക്കുന്ന സ്ഥലത്തു എത്തിയിട്ട് ആണ് പുസ്തകം വീണ്ടും വായിക്കാൻ എടുത്തത്.. മേരി അമ്മയെ കുറിച്ച് വായിക്കുന്തോറും മനസ്സ് എന്റെ ഉമ്മയെ കാണാൻ എന്നെ പ്രേരി പ്പിക്കുന്ന പോലെ.. അന്ന് രാവിലെ യാത്ര പറഞ്ഞു പോന്നതാണ്.. പക്ഷെ കാണാൻ മനസ്സു വീണ്ടും വീണ്ടും പറയുന്ന പോലെ.. ചൊവ്വയും ആസ്വസ്ഥമായി കഴ്ഞ്ഞു പോയി.. പക്ഷെ പിന്നീട് അടുത്ത വെള്ളിയാഴ്ച വരെ പിടിച്ചു നിൽക്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ബുധൻ ഉമ്മയെ കാണാൻ വീണ്ടും വീട്ടിലേക്കു തിരിച്ചു പോന്നു ..
ഏറ്റവും വലിയ സമ്പാദ്യം മാതാവു തന്നെയെന്ന് എന്റെ ചിന്തക്ക് അടിവര ഇടുന്നതാണ് ആ കൽഭരണികളിലെ വരികൾ..
ലോകത്തുള്ള എല്ലാ അമ്മമാർക്കും ഒരേ മനസ്സാണെന്നു എനിക്ക് മാത്രമാണോ തോന്നിയിട്ടുണ്ടാവുക...
ഒരാഗ്രഹം ഉണ്ട്..
നിങ്ങളുടെ അമ്മ ഉറങ്ങുന്നിടം വന്നു അൽപനേരം മൗനമായി പ്രാർത്ഥിക്കണം എന്ന്..
നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒന്ന് കാണണം ഒന്ന് പരിചയപ്പെടണം എന്നുമുണ്ട്..
അതോടൊപ്പം അച്ഛനെ പറ്റി അവസാനം ഒന്നും പറഞ്ഞില്ല.. അച്ഛന്റെ വിശേഷം എന്തെന്ന് അറിയാനും..
പൊരുതി ജീവിക്ക്കുന്നത് എങ്ങനെ എന്ന് ലോകത്തെ പഠിപ്പിച്ച മേരി അമ്മയുടെ മകന്.. കാണാം എന്നാ പ്രതീക്ഷയോടെ..
സ്നേഹപൂർവ്വം ..
ഗഫൂര് ബാബു..
02/11/2025

No comments:
Post a Comment