കാൽപന്തിന്റെ രാഷ്ട്രീയം
കാല്പന്തു കളിയോട് ഇഴചേർന്നു തന്നെ ചില രാജ്യങ്ങളുടെ രാഷ്ട്രീയം മനസ്സിന്റെ ഗോൾപോസ്റ്റിലേക്കു ഉരുണ്ട് വരാറുണ്ട്. കളി അനുബന്ധ വാർത്തകൾ ആണ് അത്തരം ചിന്തകൾക്ക് ഹേതു. ഇംഗ്ലണ്ടും അർജന്റീനയും കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ മനസ്സിൽ ഫോക്ക്ലാൻഡ് യുദ്ധം തികട്ടി വരും. കുറിയ പാസ്സിന്റെ ആരാധകൻ എന്ന നിലയിൽ യുദ്ധത്തിൽ മരണപ്പെട്ട അർജന്റീനിയക്കാർക്ക് വേണ്ടി പകരം ചോദിക്കുന്ന 11 പടയാളികളാകും ആ ആകാശ നീലയും വെള്ളയും ചേർന്ന ജേഴ്സിയും ധരിച്ചു കളത്തിൽ ഇറങ്ങിയതെന്നു തോന്നും.
വലിയ രാഷ്ട്രീയ മാനങ്ങൾ എന്നും ഇവർ തമ്മിലുള്ള കളിക്ക് ഉണ്ടാവാറുണ്ട്. ദൈവത്തിന്റെ കൈകൾ അർജന്റീനക്കൊപ്പം നിന്നത് (അർജന്റീന ഫാൻ ആണെങ്കിലും അതിലെ നൈതികത ഇന്നും എന്റെ മനസ്സിലെ ചോദ്യമാണ്). അതേ പോലെ നൂറ്റാണ്ടിലെ ഗോളെന്നു വിശേഷിപ്പിച്ച മറഡോണയുടെ ഗോളും ഇംഗ്ലണ്ടിനെതിരെ ആയിരുന്നെന്ന് കളിചരിത്രം. (ഒരു പക്ഷെ ഫുട്ബോൾ ഇല്ലായിരുന്നെങ്കിൽ ഫോക്ക്ലാൻഡ് യുദ്ധം എന്തെന്നു പോലും എനിക്ക് അറിയില്ലായിരുന്നു.)
വർഷങ്ങളോളം നീണ്ടു നിന്ന ഐവറി കോസ്റ്റിലെ ആഭ്യന്തര കലഹം ഒരു അവസാനം കണ്ടത് 2006 ലെ ലോകകപ്പിലേക്ക് ഐവറി കോസ്റ്റിന്റെ ഐതിഹാസിക പ്രവേശനമായിരുന്നു. ഇതിഹാസ താരം ദിദിയർ ദ്രോഗ്ബ അന്ന് കലാപം അവസാനിപ്പിക്കാൻ സ്വന്തം നാടിനോട് അപേക്ഷിച്ചപ്പോൾ ആ അപേക്ഷ ഒരു വിമോചന സുവിശേഷമായി ചരിത്രം രേഖപ്പെടുത്തി. ആ രാജ്യം പതുക്കെ സമാധാനത്തിലേക്കു വിസിൽ മുഴക്കി. രാഷ്ട്രീയക്കാർക്കും പട്ടാളക്കാർക്കും കഴിയാതെ പോയതിൽ ദ്രോഗ്ബ എന്ന ഫുട്ബോൾ മാന്ത്രികൻ വിജയിച്ചു. ഒപ്പം കാൽപന്ത് കളിയും.
ഏറ്റവും ആവേശത്തോടെ കണ്ട ഒരു മത്സരത്തിന്റെ ഓർമകളിലും ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. 1998 ഫ്രാൻസ് ലോകകപ്പിലെ അമേരിക്ക-ഇറാൻ മത്സരം. അന്ന് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന അധിനിവേശ നയങ്ങൾ സാമ്രാജ്യത്വ രൂപത്തിൽ നിന്നും മാറി ഒരു സ്വത്വ ബോധത്തിന്റെ കളത്തിൽ ഇട്ട് നാട്ടിലൊക്കെ ജനങ്ങൾ സംസാരിക്കുന്ന കാലം. സദ്ദാം ഹുസൈനെതിരെ ഓപ്പറേഷൻ ഡിസേർട്ട് ഫോക്സ് അമേരിക്കൻ അണിയറയിൽ ഒരുങ്ങുന്നതിന്റെ രഹസ്യ വാർത്തകൾ. ആ മത്സരത്തിന്റെ ആരവങ്ങൾക്കൊപ്പം ഇതെല്ലാം രാഷ്ട്രീയ ചർച്ചകളായിരുന്നു. ഏറ്റവും വലിയ രാഷ്ട്രീയ മൂല്യമുള്ള കളിയായാണ് ഫുട്ബോൾ ലോകം പോലും ഈ കളിയെ വിശേഷിപ്പിച്ചത്.
കളിയുടെ ഒരു ദിവസം മുമ്പേ മറ്റൊരു വാർത്ത വന്നു: കളിക്ക് മുന്നേ കളിക്കാർ പരസ്പരം ഷേക്ക് ഹാൻഡ് ചെയ്യരുതെന്ന് ഇറാൻ ഗവൺമെന്റ് അവരുടെ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ അതു ഫിഫയുടെ തീരുമാനത്തിനെതിരാണെന്നും അപ്രകാരം ഇറാൻ ചെയ്താൽ ലോകമാസകലമുള്ള ഫുട്ബോൾ ആരാധകരുടെ വെറുപ്പിന് നിദാനമാകുമെന്നും നാട്ടിലെ കളികമ്പക്കാരുടെ അഭിപ്രായപ്പറച്ചിലുകൾ. അവസാനം കളി തുടങ്ങാനായി. കളിക്കാർ എങ്ങനെ പരസ്പരം അഭിവാദ്യം ചെയ്യും എന്നതായിരുന്നു ആദ്യ ഉത്കണ്ഠ. എന്നാൽ ഇറാൻ താരങ്ങൾ വെള്ള റോസാപ്പൂവ് അമേരിക്കൻ താരങ്ങൾക്ക് സമാധാനത്തിന്റെ സമ്മാനമായി കൈമാറിയപ്പോൾ ആ ഉത്കണ്ഠ മാറി. പിന്നീട് റെഫറി രണ്ട് ടീമംഗങ്ങളെയും ഇടകലർത്തി ഒരുമിച്ചു നിർത്തി ഫോട്ടോക്ക് പോസ് ചെയ്തത് കണ്ടപ്പോൾ കുറെയൊക്കെ ടെൻഷൻ ഫ്രീ ആയ ഫീലിംഗ്. ഗംഭീര കളി തന്നെയായിരുന്നു അത്. ദൂരദർശനിലൂടെ കണ്ട അത്ര മിഴിവൊന്നും ഇല്ലാത്ത ആ കാഴ്ച പക്ഷേ ഇന്നും മനസ്സിലുണ്ട്.
കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വലതു സൈഡിലൂടെ പന്തുമായി വന്ന ചുവപ്പ് ഡ്രസ് അണിഞ്ഞ ഇറാനിയൻ കളിക്കാരിൽ ഒരാൾ പാസ് ചെയ്ത പന്ത് മറ്റൊരാൾ ഹെഡ് ചെയ്തു ഗോൾ വലയിലേക്ക്. ഇറാന്റെ ആദ്യ ഗോൾ. പിന്നീട് അമേരിക്കയുടെ പ്രത്യാക്രമണങ്ങൾ. ഏതു നിമിഷവും സമനിലയാകാനുള്ള സാധ്യത. ഇറാൻ പോസ്റ്റിന്റെ ബാറിൽ തട്ടി പല പ്രാവശ്യം പന്ത് പുറത്തേക്ക്. അതിനിടയിൽ ഇറാൻ കിട്ടിയ ഒരു പെനാൽറ്റി കിക്ക് അമേരിക്കൻ ഗോൾ കീപ്പർ പിടിക്കുന്നു. അമേരിക്കൻ ആക്രമണം ശക്തമായി തുടരുന്നതിനിടയിൽ ഇടതു സൈഡിലൂടെ പന്തുമായി ഒരു ഇറാനിയൻ പ്ലെയർ. അദ്ദേഹം തൊടുത്തുവിട്ട ആ കിക്ക് അമേരിക്കൻ ഗോൾ കീപ്പറെ കബളിപ്പിച്ച് ഗോൾ വലയത്തിന്റെ വലതുവശത്തിലൂടെ വല കുലുക്കി. സ്കോർ: ഇറാൻ 2 - യു.എസ്.എ 0. പിന്നീട് വീണ്ടും ഇറാൻ ഗോൾമുഖത്തേക്ക് അമേരിക്കൻ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു. പക്ഷെ നിർഭാഗ്യം അവരെ വേട്ടയാടി. എങ്കിലും അതിനിടയിൽ അമേരിക്ക ആദ്യ ഗോൾ നേടി. ശേഷം അവർ കിണഞ്ഞു ശ്രമിച്ചെങ്കിലും ശ്രമം ഫലവത്തായില്ല. കളി കഴിഞ്ഞപ്പോൾ 2-1ന് ഇറാൻ ജയിച്ചു. 90 മിനിറ്റും പൊരുതിക്കളിച്ച അമേരിക്കൻ കളിക്കാരെ കണ്ടപ്പോൾ അന്ന് എനിക്ക് എന്തോ ദുഃഖം തോന്നി. കാരണം ഇറാൻ ടീമിന്റെ കളിയേക്കാൾ എനിക്കിഷ്ടമായത് അമേരിക്കൻ ടീമിന്റെ കളിയായിരുന്നു. (2022 ലോകകപ്പിൽ നവംബർ 30-ന് ഇറാനും അമേരിക്കയും വീണ്ടും ഏറ്റുമുട്ടി; അമേരിക്ക 1-0ന് ജയിച്ചു.)
ഫ്രാൻസിന്റെ സിനദീൻ സിദാനും ജർമനിയുടെ മെസൂട്ട് ഓസിലും ഒക്കെ ചർച്ചയ്ക്ക് വരുമ്പോൾ കുടിയേറ്റങ്ങളുടെ രാഷ്ട്രീയം കടന്നുവരും. 2018-ൽ ഓസിൽ അപ്രതീക്ഷിതമായി വിരമിക്കുമ്പോൾ പറഞ്ഞത്: ലോകം എത്ര പുരോഗമിച്ചാലും രാജ്യാതിർത്തികളും ജാതിയും മതവും വർഗവും നിറവും എല്ലാം ഇന്നും മ്ലേച്ഛമായി തന്നെ ചില മനുഷ്യരുടെ മനസ്സിൽ ഉണ്ട് എന്ന്. (ക്രിക്കറ്റിൽ ഈയിടെ മുഹമ്മദ് ഷമി എന്ന ഇന്ത്യൻ ക്രിക്കറ്റർക്കെതിരെ സംഘി ബെൽറ്റുകളിൽ നിന്നുമുണ്ടായ സൈബർ ആക്രമണം ഓസിലിന്റെ അനുഭവവുമായി ചേർത്തുവെക്കാം.)
കഴിഞ്ഞ വർഷം അർജന്റീന ഇസ്രായേലുമായുള്ള സൗഹൃദ മത്സരം വേണ്ടെന്നുവെച്ചത് പശ്ചിമേഷ്യയിൽ ഇസ്രായേൽ ചെയ്യുന്ന അസന്മാർഗിക നയങ്ങളും അനീതിയും കാരണമായിരുന്നു എന്ന് അർജന്റീനിയൻ അധികൃതർ അറിയിച്ചത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ആ തീരുമാനത്തിന് നിദാനം ഒരു പലസ്തീൻ ഫുട്ബോൾ ക്ലബ്ബ് അർജന്റീന ദേശീയ ടീമിനയച്ച കത്തായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആ ക്ലബ്ബിലെ ഒരു കളിക്കാരനെ പരാമർശിച്ചുകൊണ്ടായിരുന്നു മത്സരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടത്. ആ ആവശ്യം അർജന്റീന അംഗീകരിക്കുകയായിരുന്നു. അർജന്റീനയ്ക്കും അവർ ജന്മം നൽകിയ ഏണസ്റ്റോ ചെഗുവേരയ്ക്കും ചിന്തകളിൽ ഒരേ താളം തന്നെ എന്ന കല്പനികത അരക്കിട്ടുറപ്പിക്കുന്ന തീരുമാനമായിരുന്നു അത്.
അവസാനമായി, കഴിഞ്ഞ ലോകകപ്പിന്റെ മുന്നോടിയായി ഉള്ള ലേഖനങ്ങൾ വായ്ക്കുന്നതിനിടയിൽ ശ്രദ്ധിച്ചത്: റിയോ ഡി ജനീറോയിലെ സാംബ സംഗീതത്തിന് ഫുട്ബോൾ ആരവങ്ങളുടെ താളം മാത്രമല്ല, ജയർ ബോൾസനോക്കൊപ്പം നെയ്മറിന്റെ സാംബ ചുവടുകളുടെ ചടുലതയ്ക്കിടയിലെ 'നിർദയസ്വാർത്ഥത'യുടെ ചിത്രവും കൂടിയാണ്. പക്ഷെ ആ നൃത്തത്തെയും മറികടന്ന് ബ്രസീലുകാർ ജയർ ബോൾസനെ ചുവപ്പ് കാർഡ് കാട്ടി പുറത്തിരുത്തി ചുവപ്പിന്റെ പോരാളി ലുലാ ഡ സിൽവയെ തങ്ങളുടെ നാടിന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നു.
അതേ സമയം, ലാറ്റിനമേരിക്കയിലെ മറ്റൊരു രാഷ്ട്രീയ കഥ കൂടി ഇവിടെ ഓർക്കണം. തീവ്ര വലതുപക്ഷ വക്താവും കഴിഞ്ഞ നാല് തവണകളായി പെറുവിനെ ഭരിക്കുകയും ചെയ്തിരുന്ന കീക്കോ ഫ്യുജിമോറിയോ യെ 2021 ഇലക്ഷന് കാലത്ത് ദേശീയ ഫുട്ബോൾ താരങ്ങൾ പിന്തുണച്ചു വന്നത് വാർത്തകളിൽ വായിച്ചതാണ്.എന്നാൽ ഇത്തവണ അത്തരം പിന്തുണകൾ ഒന്നും വരാതിരുന്നത് ആരാധകരുടെ മനസ്സു വായിച്ചു തന്നെയാവണം. ദ്രോഗ്ബ യെ പോലെ നിഷ്കളങ്കമായ രാഷ്ട്രീയം അല്ല എന്നുള്ള തിരിച്ചറിവ് ഉണ്ടായിരിട്ടുണ്ടാവാം.. റോബർട്ടോ സഞ്ചസ് എന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരൻ തൊടുത്തു വിട്ട ഒരു മഴവിൽ കിക്ക്, കീക്കോ ഫ്യുജിയോരയുടെ ഗോൾപോസ്റ്റിലേക്ക് പറന്നു വരുന്നുണ്ട്. കീക്കോ വിന് അത് തടുക്കാൻ കഴിഞ്ല്ലെകിൽ ഫുജിമോറിസം താത്കാലികമായി എങ്കിലും പെറുവിൻ രാഷ്ട്രീയത്തിൽ അധികാരം നഷ്ടപ്പെടും. സഞ്ചേസ് വിജയത്തിനരികെ ആണെന്നാണ് വാർത്തകൾ വരുന്നത്.പ്രഗത്ഭരായ ഫുട്ബോൾ താരങ്ങളുടെ ഗോളുകൾ പോലെ തന്നെ ജനങ്ങൾ ആഘോഷിക്കുന്നുണ്ട് അവിടെ..രാഷ്ട്രീയവും കളിയും ഒരേ മനസ്സിന്റെ രണ്ട് വശങ്ങളായി മാറുന്ന നിമിഷം. സഞ്ചസിന്റെ ഉദ്ഘാടനം പെറുവിയൻ ഫുട്ബോൾ പ്രേമികൾക്ക് തങ്ങളുടെ സ്വപ്നങ്ങളുടെ ഗോൾപോസ്റ്റിലേക്കുള്ള ഒരു കുറിയ പാസ്സ് കൂടി ആയിരിക്കും...
പിൻകുറിപ്പ്:
ലുലാ ഡ സിൽവയെ കുറിച്ചു കൂടുതലായിപ്പോൾ മനസ്സിൽ തോന്നിയത്:
ചുവന്നു തുടുത്ത കായ്ഫലങ്ങൾ,
മണ്ണിനോടത്രയുമാഴത്തിലാഴ്ന്നുപോയ
വേരിന്റെയും വേരിനോടത്രയുമി
-ഴുകിച്ചേർന്ന മണ്ണിന്റെയും
ബന്ധനത്തിൽ വിളമ്പരം
ഒന്നുമാത്രം...
ഒടുവിൽ: 1998-ലെ ഓപ്പറേഷൻ ഡിസേർട്ട് ഫോക്സ് എന്ന പേരിൽ അമേരിക്ക ഇറാക്കിനെതിരെ രൂക്ഷമായ ബോംബിങ് നടത്തിയത് 1998 ഡിസംബറിലാണ്. ജൂലൈയിൽ കിംവദന്തികൾ എന്ന് വിശ്വസിച്ചത് ഡിസംബറിൽ യാഥാർഥ്യമായി. അന്ന് ബിൽ ക്ലിന്റനായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ഇന്ന് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. എന്നിട്ടും ആന്നും ഇന്നും അമേരിക്കൻ നയങ്ങൾ ലാഭേച്ചയുടെത് മാത്രമാണെന്ന് ഉക്രൈൻ-റഷ്യ യുദ്ധവുംഇസ്രായേൽ പ്രീണനവും ഗാസ വിരുദ്ധ നിലപാടുകളും ഓർമിപ്പിക്കുന്നു.

No comments:
Post a Comment