Tuesday, June 9, 2026

മൊളോറ്റൊവ് - റിബൺട്രോപ്പ് ഉടമ്പടിയുടെ ഗണിതം

 മൊളോറ്റൊവ് - റിബൺട്രോപ്പ്  ഉടമ്പടിയുടെ ഗണിതം 



ഗണിതശാസ്ത്രത്തിൽ ഗെയിം തിയറി (Game Theory )കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോൾ മിനി മാക്സ് പ്രിൻസിപിൾ (Minimax Principle) എന്ന ഒരു തത്വം പഠിപ്പിക്കാറുണ്ട്.. ഗൈനിങ് എൻഡിൽ നിൽക്കുന്ന പ്ലയെർ 'എ ' ‌ക്കെതീരെ എതിരാളിയായ പ്ലയെർ 'B' പ്രയോഗിക്കാൻ ശ്രമിക്കുന്ന സ്ട്രാറ്റെജി.. താഥ്വികമായി പറഞ്ഞാൽ വരാനുള്ള വലിയ നഷ്ടത്തിന്റെ ആഘാതം കുറക്കാനുള്ള പ്ലയെർ 'B' പിൻവാങ്ങൽ തന്ത്രം.. പ്ലയെർ 'എ' യുടെ സ്ട്രടെജിയെ താൽക്കാലമായി ബഹുമാനിക്കുന്നു എന്ന് തോന്നിയാലും പ്ലയെർ ബി യുടെ സ്വയം സംരക്ഷണം ആണ് ഇതിന്റെ ഹൈലൈറ്റ്.. എന്നാൽ തക്കം കിട്ടിയാൽ എതിരാളിയുടെ നീക്കങ്ങളെ ഡോമിനേറ്റ് (Dominance Principle)ചെയ്ത് സാഡ്‌ൽ പോയിന്റ്ലേക്കു ചാടികയറാം എന്ന ഒരു പ്രതീക്ഷയും കൂടിയാണ് ഈ നീക്കത്തിന്റെ കാതൽ ...

ഇത്രേം പറഞ്ഞത് ഈയിടെ ചർച്ചക്ക് വന്ന മൊളോറ്റൊവ് - റിബൺട്രോപ്പ് ഉടമ്പടിയെ കുറിച്ച് വായിച്ചപ്പോഴാണ്...മുമ്പ് പല സംവാദങ്ങളിൾ ഒത്തിരി കേട്ടതും oru പാശ്ചാത്യ മീഡിയകൾ മുതലാളിത്ത നറേറ്റീവ് കൊണ്ട് പോളിഷ് ചെയ്‌തെടുത്തു നിരന്തരം മീഡിയകളിലൂടെ വിളംബരം ചെയ്തു കൊണ്ടിരിക്കുന്നതുമായ ഈ ഉടമ്പടി മുതലാളിത്ത കണ്ണടയിലൂടെ വായിച്ചതിന്റെ ഭാഗമാണ് പോളണ്ടിനെ കുറിച്ചൊരാക്ഷരം മിണ്ടരുത് എന്ന പ്രയോഗം ഒരു രാഷ്ട്രീയ അശ്ലീലം ആയി പലരും പറയുന്നതും അർത്ഥം അറിയാതെ ആസ്വദിക്കുന്നതും..

അല്പം വലിയ എഴുത്താണ്.. കഴിയുമെങ്കിൽ വായിക്കുക...

രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ്, 1939 ഓഗസ്റ്റ് 23-ന് ഒപ്പുവച്ച ‘ജർമ്മനിയും സോവിയറ്റ് യൂണിയനും തമ്മിലുള്ള അക്രമമുക്ത ഉടമ്പടി’ ഒപ്പ്‌ വെച്ചത്.പാശ്ചാത്യ ചരിത്രകാരന്മാർ ഇതിനെ ‘സ്റ്റാലിന്റെ ഹിറ്റ്ലറുമായുള്ള രഹസ്യ ചേർച്ച’ എന്നും ‘ബാൾട്ടിക് രാജ്യങ്ങളുടെ വിഭജനം’ എന്നും വിശേഷിപ്പിക്കുമ്പോൾ, സോവിയറ്റ് ഭാഷ്യം ഇതിനെ ‘നിർബന്ധിത തന്ത്രം’ എന്നാണ് വിശദീകരിക്കുന്നത്. രണ്ട് ശത്രുക്കൾക്കിടയിൽ ( ബ്രിട്ടനും ഫ്രണ്ടും ഉൾപ്പെട്ട എതിർ ചേരി, അവരുടെ ലാളനയിൽ വളരുന്ന നാസി ജർമ്മനി ) കുരുങ്ങാതെ, ഏറ്റവും വലിയ നഷ്ടത്തിന്റെ സാധ്യത കുറയ്ക്കാനുള്ള ഒരു സ്ട്രടെജി ആയിരുന്നു അത്. 60 കളിൽ സോവിയറ്റ് യൂണിയൻ അതിന്റെ ഉച്ചതയിൽ എത്താൻ ഒരു കാരണം ഈ ഉടമ്പടി ആണെന്ന് പറയുന്നത് അതിശയോക്തി ഒന്നുമല്ല.. 

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വെഴ്സായ് ഉടമ്പടി ജർമ്മനിയിലെ ജനങ്ങളിൽ ഉണ്ടാക്കിയ അരക്ഷിത ബോധവും അപകർഷ ബോധവും വളമാക്കിയാണ് ഹിറ്റ്ലർ നാസിസം വളർന്നത്.ബ്രിട്ടനും ഫ്രാൻസും 1930-കളിൽ സ്വീകരിച്ച അനുനയന നയം ഹിറ്റ്ലറെ കൂടുതൽ ശക്തനാക്കി. 1938-ലെ മ്യൂണിക്ക് ഉടമ്പടിയിലൂടെ ചെക്കോസ്ലോവാക്യയെ ജർമ്മനിക്ക് കൈമാറിയ പടിഞ്ഞാറൻ ശക്തികൾ( ഗെയിം തിയറി ഭാഷയിൽ പറഞ്ഞാൽ ഗൈനിങ് സൈഡിലുള്ളവരുടെ ഒരു മാക്സിമിൻ മിക്സഡ് സ്ട്രടെജി ആയിരുന്നു അത്, ഭൂപടം നോക്കിയാൽ മനസ്സിലാവും ചോക്കോലോസോവാക്യ എവിടെ ആണെന്നും അവിടെ തമ്പടിച്ചാൽ സോവിറ്റ് യൂണിയൻ എങ്ങിനെ ആക്രമിക്കാമെന്നും), ഫാസിസത്തിന്റെ വികാസത്തെ സോവിയറ്റ് യൂണിയനെതിരെ തിരിക്കുകയായിരുന്നു.ഇന്ന് ഇസ്രായേൽ അനുകൂല നിലപാടെടുക്കാൻ കാരണം കഴിഞ്ഞ വർഷം ഹമാസ് നടത്തിയ ആക്രമണമാണെന്ന് പറഞ്ഞു ബാലൻസ് ചെയ്യുന്നവരുടെ അതെ മനോധർമ്മം തന്നെ യാണ് മ്യുണിക് ഉടമ്പടി രാഷ്ട്രീയ നീക്കുപോക്കെന്നും മോളോട്ടോവ് റിബൺട്രോപ് ഉടമ്പടി വഞ്ചനയുമാക്കുന്നത്...

സ്റ്റാലിൻ ഈ ഗൂഢാലോചന വ്യക്തമായി കണ്ടു. 1939-തുടക്കം മുതലേ യൂറോപ്പിന്റെ ആകാശത്ത് യുദ്ധമേഘങ്ങൾ ഇരുണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഹിറ്റ്ലറുടെ ജർമ്മനി ഓസ്ട്രിയയെയും ചെക്കോസ്ലോവാക്യയെയും വിഴുങ്ങിക്കഴിഞ്ഞിരുന്നു. പോളണ്ട് അടുത്ത ലക്ഷ്യമായിരുന്നു. ഈ സാഹചര്യത്തിൽ, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ മൂന്ന് രാജ്യങ്ങളും തമ്മിൽ ഒരു ത്രികക്ഷി സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമിച്ചു. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ വീക്ഷണത്തിൽ, ഫാസിസത്തിനെതിരായ ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഒരു കൂട്ടായ സുരക്ഷാ വ്യവസ്ഥ (Collective Security) ആയിരുന്നു. അതിനാൽ, 1939 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ, മൂന്ന് രാജ്യങ്ങളും തമ്മിൽ മോസ്കോയിൽ ചർച്ചകൾ നടന്നു.

എന്നാൽ ഈ ചർച്ചകൾ ആദ്യം മുതൽ തന്നെ വിശ്വാസക്കുറവും തടസ്സങ്ങളും നിറഞ്ഞതായിരുന്നു. ബ്രിട്ടണും ഫ്രാൻസും വർഷങ്ങളായി ‘അനുനയന’ നയമാണ് സ്വീകരിച്ചിരുന്നത്. മ്യൂണിക്ക് ഉടമ്പടിയിലൂടെ അവർ ഹിറ്റ്ലറുടെ മുന്നിൽ ചെക്കോസ്ലോവാക്യയെ കീഴടക്കിക്കൊടുത്തു. സ്റ്റാലിൻ ഇത് ശ്രദ്ധിച്ചിരുന്നു. പടിഞ്ഞാറൻ ശക്തികൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ഫാസിസത്തെ സോവിയറ്റ് യൂണിയനെതിരെ തിരിക്കാനാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എങ്കിലും, ഒരു പ്രതിരോധ സഖ്യത്തിനുള്ള സാധ്യത പരീക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.

ത്രികക്ഷി ചർച്ചകളിലെ ഏറ്റവും വലിയ തടസ്സം പോളണ്ട് ആയിരുന്നു (അല്ലെങ്കിൽ പോളണ്ടിനെ കൊണ്ട് ബ്രിട്ടൻ ചെയ്യിപ്പിച്ചതായിരുന്നു ). ജർമ്മനി ആക്രമിച്ചാൽ, ഈ സഖ്യത്തിന് പോളണ്ടിന്റെ സഹായം ആവശ്യമായിരുന്നു. സോവിയറ്റ് സൈന്യത്തിന് പോളിഷ് അതിർത്തി കടന്ന്, ജർമ്മൻ സൈന്യത്തെ നേരിടേണ്ടി വരുമായിരുന്നു. ഈ ആവശ്യം സോവിയറ്റ് പ്രതിനിധികൾ മുന്നോട്ടുവച്ചു. എന്നാൽ പോളിഷ് സർക്കാർ, ഈ ആവശ്യം നിരൂപാധികം നിരസിച്ചു. ഒരിക്കൽ റെഡ് ആർമി പോളിഷ് മണ്ണിൽ പ്രവേശിച്ചാൽ, അത് പിന്മാറുകയില്ല എന്നായിരുന്നു അവരുടെ വാദം . എന്നാൽ പ്രായോഗികമായി, ഈ വിസമ്മതം ഒരു സോവിയറ്റ്-ബ്രിട്ടീഷ്-ഫ്രഞ്ച് സഖ്യത്തിന്റെ സാധ്യത തന്നെ ഇല്ലാതാക്കി കാരണം, പോളണ്ട് ഇല്ലാതെ, ജർമ്മനിക്കെതിരായ കിഴക്കൻ മുന്നണി അർത്ഥശൂന്യമായിരുന്നു. 

പോളണ്ടിന്റെ നടപടി തീരുമാനം അവരുടെ രാഷ്ട്രീയമായി ഐഡന്റിറ്റി പരമാണെന്ന് വാദിക്കാമെങ്കിലും ആ ചർച്ചയിൽ ളിഞ്ഞിരുന്ന ബ്രിട്ടെന്റെ വഞ്ചനപരമായ മറ്റൊരു കാപട്യം ഉണ്ടായിരുന്നു . ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന്, യാതൊരു എഴുത്ത് അധികാരവും നൽകപ്പെട്ടിരുന്നില്ല. അതായത്, മോസ്കോയിലെത്തിയ ബ്രിട്ടീഷ് പ്രതിനിധികൾക്ക് യാതൊരു കരാറിലും ഒപ്പുവെക്കാനോ, ഗ്യാരണ്ടി നൽകാനോ, പ്രതിബദ്ധത ഏറ്റെടുക്കാനോ കഴിവില്ലായിരുന്നു. അവർക്ക് ലഭിച്ച നിർദ്ദേശം ലളിതമായിരുന്നു: ചർച്ചകൾ നീട്ടിക്കൊണ്ടുപോകുക, കഴിയുന്നത്ര കാലതാമസം വരുത്തുക. ലണ്ടനിലെ യാഥാസ്ഥിതിക ഭരണ നേതൃത്തിനു ചർച്ചയിൽ ആത്മാർത്ഥത ഇല്ലായിരുന്നു എന്ന് മാത്രമല്ല, അവർക്ക് ഏറ്റവും വലിയ ഭീതി കമ്മ്യൂണിസമായിരുന്നു, ഫാസിസമായിരുന്നില്ല. ഹിറ്റ്ലറെ സംതൃപ്തനാക്കി, സ്റ്റാലിനെ അകറ്റി നിർത്തുക എന്ന രണ്ട് കളികളിലായിരുന്നു അവരുടെ മനസ്സ്.

ഇങ്ങനെയൊരു അവസ്ഥയിൽ, സ്റ്റാലിൻ ആലോചിച്ചിട്ടുണ്ടാകുക തന്റെ രാജ്യത്തെ അപകടത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നാകും...

സ്റ്റാലിന് ഇതെല്ലാം മനസ്സിലായി. രഹസ്യ റിപ്പോർട്ടുകളും, ജർമ്മൻ ഭാഗത്തുനിന്നുള്ള അനൗപചാരിക സൂചനകളും, ബ്രിട്ടീഷ്, ഫ്രഞ്ച് പ്രതിനിധികളുടെ തണുത്ത പെരുമാറ്റവും അദ്ദേഹത്തെ ഒരു നിഗമനത്തിലെത്തിച്ചു: പടിഞ്ഞാറൻ ശക്തികൾ ഒരിക്കലും ആത്മാർത്ഥമായ സഖ്യം ആഗ്രഹിക്കുന്നില്ല; പകരം, സോവിയറ്റ് യൂണിയൻ ഒറ്റയ്ക്ക് ഫാസിസത്തെ നേരിട്ട് നശിക്കുന്നത് കാണുകയാണ് അവരുടെ ലക്ഷ്യം. ആ സാഹചര്യത്തിൽ, സ്റ്റാലിൻ മറ്റൊരു ഗെയിം തിയറി നീക്കം നടത്തി. 1939 ഓഗസ്റ്റിൽ, ബ്രിട്ടീഷ് പ്രതിനിധികൾ അധികാരമില്ലാതെ മോസ്കോയിൽ അലഞ്ഞുനടക്കുമ്പോൾ, പോളണ്ട് 'റെഡ് ആർമി' വേണ്ട എന്ന് ശഠിക്കുമ്പോൾ, സ്റ്റാലിൻ ഹിറ്റ്ലറുമായി ചർച്ചകൾ ആരംഭിച്ചു. ഫലം, 1939 ഓഗസ്റ്റ് 23-ന് ഒപ്പുവച്ച മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടിയായിരുന്നു. തനിക്കെതിരെ നടക്കുന്ന രണ്ട് മുന്നണി യുദ്ധത്തിന്റെ സാധ്യത ഒഴിവാക്കാനും, റെഡ് ആർമിയെ പുനഃസംഘടിപ്പിക്കാൻ വിലപ്പെട്ട സമയം നേടാനും ഉള്ള ഒരു നിർബന്ധിത തന്ത്രമായിരുന്നു അത്.

ചുരുക്കത്തിൽ, ത്രികക്ഷി ചർച്ചകളുടെ പരാജയത്തിന് ഉത്തരവാദികൾ സോവിയറ്റ് യൂണിയനല്ല, മറിച്ച്, പോളണ്ടിന്റെ കഠിനമായ വിസമ്മതവും, ബ്രിട്ടന്റെ വിശ്വാസയോഗ്യതയില്ലാത്ത നിലപാടും തന്നെയായിരുന്നു. പടിഞ്ഞാറൻ ശക്തികൾ ഫാസിസത്തെ ഭയന്നില്ല; അവർ ഭയന്നത് സോഷ്യലിസത്തെയായിരുന്നു. ആ ഭയം തന്നെയാണ് അവരെ ഒരു യഥാർത്ഥ സഖ്യത്തിൽ നിന്ന് പിന്മാറ്റിയത്. സ്റ്റാലിൻ, തന്റെ രാജ്യത്തിന്റെ നിലനിൽപ്പിനായി, ബാക്കിയുള്ള ഏക പാത തിരഞ്ഞെടുക്കുകയായിരുന്നു. 

ലഭ്യമായ ഏറ്റവും മോശം ഓപ്ഷനുകളിൽ നിന്ന് സ്വന്തം രാജ്യത്തെ സംരക്ഷിക്കുമാറ് ഭേദപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുന്ന ‘മിനിമാക്സ്’ തത്വത്തിന്റെ തികഞ്ഞ ഉദാഹരണമായിരുന്നു.

അതിനാൽ സ്റ്റാലിന്റെ മുന്നിൽ രണ്ട് മോശം ഓപ്ഷനുകളേ ഉണ്ടായിരുന്നുള്ളൂ: ഒന്നുകിൽ പടിഞ്ഞാറിന്റെ വിശ്വാസയോഗ്യതയില്ലാത്ത വാഗ്ദാനങ്ങളിൽ ആശ്രയിച്ച്, ഫാസിസ്റ്റ് ജർമ്മനിയെ ഒറ്റയ്ക്ക് നേരിടുക; അല്ലെങ്കിൽ ഹിറ്റ്ലറുമായി താൽക്കാലികമായി ഒത്തുതീർപ്പിലേർപ്പെട്ട് സമയം വാങ്ങുക.

ഇവിടെയാണ് ഗെയിം തിയറിയിലെ മുതലാളിത്ത ശക്തികളും നാസികളും കൂടിച്ചേർന്നു ഉണ്ടാക്കിയ മിക്സഡ് സ്ട്രേറ്റേജി ആയ മാക്സിമിൻ അടവുകൾക്കെതിരെ സോവിയറ്റ് യൂണിയനിന്റെ മിനിമാക്സ് തത്വം പ്രസക്തമാകുന്നത്. ഈ തത്വമനുസരിച്ച്, ഒരു ബുദ്ധിശാലിയായ കളിക്കാരൻ തന്റെ പരമാവധി സാധ്യതയുള്ള നഷ്ടം ഏറ്റവും ചെറുതാക്കാൻ ലക്ഷ്യമിടുന്നു – അതായത്, ‘worst-case scenario’ ഏറ്റവും കുറവുള്ള പാത തിരഞ്ഞെടുക്കുക. 1939-ലെ യൂറോപ്പിന്റെ ചെസ് ബോർഡിൽ, സ്റ്റാലിൻ ആ നീക്കം നടത്തിയപ്പോൾ , അദ്ദേഹം എതിരാളികളുടെ സ്ട്രടെജികളെ പറ്റിയും അതിന്റെ ഭാവിശ്യതും കണക്കുകൂട്ടിയത് ഇപ്രകാരമായിരുന്നു : 

ഒരു പക്ഷെ ബ്രിട്ടനും ഫ്രാൻസും ഹിറ്റ്ലറുമായി ചേർന്ന് സോവിയറ്റ് യൂണിയനെ ആക്രമിച്ചാൽ (ഏറ്റവും മോശം അവസ്ഥ), വലിയ നാശം സംഭവിക്കും...

മറ്റൊന്ന് ജർമ്മനി ഒറ്റയ്ക്ക് ആക്രമിച്ചാലും (രണ്ടാമത്തെ മോശം അവസ്ഥ), അവരെ നേരിടാൻ റെഡ് ആർമി അത്രത്തോളം ശകതമാല്ല. (ഈ തിരിച്ചറിവിനെ ആണ് പിന്നീട് ക്രോഷ്‌ചെവ്, സ്റ്റാലിൻ പതറിപോയെന്നു പ്രചരിപ്പിച്ചത്. ഗ്രോവർ ഫർ എഴുതിയ  'ക്രൂഷ്ചേവ് നുണ പറഞ്ഞു' എന്ന പുസ്തകത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട് )

എന്നാൽ ഹിറ്റ്ലറുമായി ഒരു ഉടമ്പടിയിലേർപ്പെട്ടാൽ, ഏറ്റവും മോശം സാധ്യത (‘മേൽ പറഞ്ഞ രണ്ട് സാഹചര്യങ്ങളിലൂടെ യുദ്ധം ഉടനടി ഉണ്ടാകാനുള്ള സാധ്യത ’) ഒഴിവാക്കപ്പെടും. അതിലുമുപരി ആന്തരിക പ്രശ്നങ്ങൾ – വാവസായികവും സാമ്പത്തികവുമായ കാര്യങ്ങളിൽ അല്പം കൂടി ശ്രദ്ധ കേന്ദ്രീകരിക്കാം, അതിലെല്ലാമുപരി സൈനിക ശക്തിയും ആയുധം ശേഷിയും വർധിപ്പിക്കാനുള്ള കുറച്ച് വർഷങ്ങളുടെ സമയം – ഇവയായിരുന്നു എതിരാളിയെ ബഹുമാനിക്കുന്ന എന്ന് തോന്നുമാറുള്ള ആ മിനിമാക്സ് കണക്കുകൂട്ടലുകളുടെ അടിസ്ഥാനം 

ഉദമ്പടിക്കു രണ്ടു തലമുണ്ടായിരുന്നു ഉടമ്പടിയുടെ പരസ്യഭാഗം പരസ്പരം ആക്രമിക്കരുത് എന്ന വാഗ്ദാനമായിരുന്നുവെങ്കിൽ, അതോടൊപ്പമുണ്ടായിരുന്ന രഹസ്യ തലം യൂറോപ്പിനെ ജർമ്മൻ, സോവിയറ്റ് സ്വാധീനമേഖലകളായി വിഭജിച്ചു.ഫിൻലാൻഡ്, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ടിന്റെ കിഴക്കൻ മേഖലകൾ, ബെസറാബിയ – ഇവ സോവിയറ്റ് ‘സുരക്ഷാവലയ’ത്തിന്റെ ഭാഗമായി. ഇന്ന് പലരും ഇതിനെ ‘വിഭജനം’ എന്ന് വിമർശിക്കുമ്പോൾ, സ്റ്റാലിൻ ഇതിനെ ‘ബഫർ സോണിന്റെ സൃഷ്ടി’ എന്നാണ് കണ്ടത്. വരും വർഷങ്ങളിൽ യുദ്ധം ഉണ്ടാകുമ്പോൾ അതിർത്തിയുടെ വലിപ്പം കൂട്ടേണ്ട ആവശ്യം (ഇതാണ് ഒരു പരിധി വരെ ആ ഉടമ്പാടിയുടെ മോശം ഭാഗമായി പറയാനുള്ളത് )

ലെനിൻഗ്രാഡ് (സെന്റ് പീറ്റേഴ്സ്ബർഗ്) ഫിൻലാൻഡിൽ നിന്ന് വെറും 30 കിലോമീറ്റർ മാത്രം അകലെയായിരുന്നു. ഒരു സാധ്യതയുള്ള ആക്രമണത്തിൽ നിന്ന് രാജ്യത്തിന്റെ ഏറ്റവും വലിയ നഗരങ്ങളെ സംരക്ഷിക്കാൻ അതിർത്തികൾ പടിഞ്ഞാറോട്ട് നീക്കേണ്ടത് അനിവാര്യമായിരുന്നു.

ഉടമ്പടി ഒപ്പിട്ട് ഒരാഴ്ചയ്ക്കുള്ളിൽ, 1939 സെപ്തംബർ 1-ന് ജർമ്മനി പോളണ്ടിനെ ആക്രമിച്ചു. അതെ സമയം 1919-20 യുദ്ധ സമയം പോളണ്ട് സോവിയറ്റ് യൂണിയനിൽ നിന്നും കയ്യടക്കിയ പ്രദേശങ്ങളിൽ തിരിച്ചു പിടിച്ചു ചതുരംഗ കളത്തിൽ dominance പ്രിൻസിപ്പിൾ സോവിയറ്റ് യൂണിയൻ ഇനീഷ്യലൈസ് ചെയ്തു . 1939-40 ശീതകാലയുദ്ധത്തിൽ, ലെനിൻഗ്രാഡിന്റെ സുരക്ഷയ്ക്കായി സോവിയറ്റ് യൂണിയൻ ഫിൻലാൻഡിനെ നേരിട്ടു. കനത്ത നഷ്ടങ്ങളേറ്റെങ്കിലും, റെഡ് ആർമി വിജയിച്ചു. കരേലിയ, സല്ല, കുസാമോ, ഹാങ്കോ തുറമുഖം എന്നിവ സോവിയറ്റ് യൂണിയന് ലഭിച്ചു. ഇത് വരാനിരുന്ന ജർമ്മൻ ആക്രമണത്തിൽ നിന്ന് ലെനിൻഗ്രാഡിനെ സംരക്ഷിച്ച ഒരു തന്ത്രപരമായ മുന്നൊരുക്കമായിരുന്നു.

1940-ൽ ബാൾട്ടിക് രാജ്യങ്ങൾ – എസ്തോണിയ, ലാത്വിയ, ലിത്വാനിയ – സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളായി മാറി. ഈ നടപടികളെല്ലാം മിനിമാക്സ് തത്വത്തിന്റെ തുടർച്ചയായിരുന്നു: ഒരു വലിയ യുദ്ധത്തിന് മുന്നോടിയായി, പ്രതിരോധത്തിന് അനുകൂലമായ ഒരു ഭൂമിശാസ്ത്രപരമായ വിന്യാസം സൃഷ്ടിക്കുക.

എന്നാൽ ഹിറ്റ്ലർ ഒരിക്കലും ഈ ഉടമ്പടിയെ ആദരിച്ചില്ല. 1941 ജൂൺ 22-ന്, ‘ഓപ്പറേഷൻ ബാർബറോസ’ എന്ന കോഡ് നാമത്തിൽ, ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു. ഗെയിം തിയറിയുടെ ഭാഷയിൽ, ഹിറ്റ്ലറും ഒരു ‘പ്രതികൂല കളിക്കാരൻ’ ആയിരുന്നു; അയാൾ ഉടമ്പടിയെ തന്റെ നേട്ടത്തിനായി മാത്രം ഉപയോഗിച്ചു. സ്റ്റാലിൻ ഈ സാധ്യത മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് 1939 മുതൽ 1941 വരെയുള്ള 22 മാസങ്ങളിൽ, സോവിയറ്റ് വ്യവസായ   സംരംഭങള്‍    സുരക്ഷിതമായ ഇടങ്ങളിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടു   .ഒപ്പം  ലക്ഷക്കണക്കിന് ടാങ്കുകളും വിമാനങ്ങളും നിർമ്മിക്കപ്പെട്ടു. ജർമ്മൻ ആക്രമണം വന്നപ്പോൾ, റെഡ് ആർമി ആദ്യ മാസങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും, തളരാതെ പൊരുതാനുള്ള പ്രതിരോധ ശേഷി ആ സമയത്തിനുള്ളിൽ തന്നെ വളർത്തിയെടുത്തിരുന്നു. അതിന്‍റെ ഫലമായി, 1945 ഏപ്രിൽ 30-ന്, റെഡ് ആർമി ബെർലിൻ നഗരം വളഞ്ഞ അവസ്ഥയിൽ, അഡോൾഫ് ഹിറ്റ്ലർ തന്റെ ബങ്കറിൽ ആത്മഹത്യ ചെയ്തു. ആ നിമിഷം, മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടി യുദ്ധത്തിന്റെ തുടക്കത്തിലല്ല, അവസാനത്തിലാണ്  യഥാർത്ഥ ന്യായീകരണം കണ്ടെത്തിയത് എന്ന സ്റ്റാലിന്‍ വാദം പൂര്‍ണതയിലെത്തിയത് . കാരണം, ആ ഉടമ്പടി നൽകിയ സമയത്തിലും സ്ഥലത്തിലും സോവിയറ്റ് യൂണിയൻ ഫാസിസത്തിനെതിരായ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധശേഷിയായി വളർന്നു. 27 ദശലക്ഷത്തിലധികം സോവിയറ്റ് പൗരന്മാർ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു – ഇത് ഏതൊരു രാജ്യവും അനുഭവിച്ച ഏറ്റവും വലിയ മനുഷ്യനഷ്ടമായിരുന്നു. എന്നിരുന്നാലും ഹിറ്റ്ലറിനെയും , നാസി ജർമ്മനിയെയും തകർത്ത് , യൂറോപ്പിനെ ഫാസിസത്തിന്റെ നുകത്തിൽ നിന്ന് മോചിപ്പിച്ചത് ഈ റെഡ് ആർമി ആയിരുന്നു.

ഗെയിം തിയറിയിലേക്ക് തിരികെപ്പോകുമ്പോൾ, മിനിമാക്സ് തത്വത്തിന് ഒരു വിമർശനമുണ്ട്: ‘പരമാവധി നഷ്ടം കുറയ്ക്കുക’ എന്നത് ചിലപ്പോൾ അപകടകരമായ ഒരു പാത തുറന്നേക്കാം. 1939-ൽ ഹിറ്റ്ലറുമായുള്ള ഒത്തുതീർപ്പ്, 1941-ൽ ജർമ്മൻ ആക്രമണത്തെ തടഞ്ഞില്ല – അത് വൈകിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ആ വൈകൽ നിർണ്ണായകമായിരുന്നു. സ്റ്റാലിൻ ഈ ഉടമ്പടിക്കു നിൽക്കാതെ മറ്റൊരു പാത ( തയ്യാറെടുപ്പില്ലാതെ യുദ്ധത്തിന് പോകുക) ഉടനടിയുള്ള തോൽവിയിലേക്ക് നയിച്ചേനെ. പകരം, അദ്ദേഹം രണ്ട് ശത്രുക്കൾക്കിടയിൽ ഒരു ‘കള്ളനീക്കം’ കളിച്ചു – ഒരു കൈയിൽ ഹിറ്റ്ലറോടൊപ്പം കരാറൊപ്പിടുമ്പോൾ, മറുകൈയിൽ അതേ ഹിറ്റ്ലറെ നേരിടാൻ കരുക്കൾ നീക്കുകയായിരുന്നു. കാരണം സ്റ്റാലിലിന് അറിയാമായിരിക്കാം നാസിസം തുടച്ചു നീക്കേണ്ട കാൻസർ തന്നെയാണെന്ന്.

മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടിയെ ഒരു ‘ധാർമ്മിക പാപം’ എന്നോ ‘സാമ്രാജ്യത്വ വിഭജനം’ എന്നോ മാത്രം കാണുന്നത് വലതുപക്ഷ രാഷ്ട്രീയ വ്യവഹാരം മാത്രമാണ്.. ഗീബൽസിയൻ തന്ത്രത്തിന്റെ മറ്റൊരു രൂപം.. ഇന്ത്യൻ കോൺടെസ്റ്റിൽ പറഞ്ഞാൽ കനഗോലു കള്ളങ്ങൾ.... ഗെയിം തിയറിയുടെ മിനിമാക്സ് കണ്ണടയിലൂടെ നോക്കുമ്പോൾ, പ്രതികൂല സാഹചര്യങ്ങളിൽ ഒരു രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി എടുക്കേണ്ടി വരുന്ന ഒരു കണക്കുകൂട്ടൽ’ ആയിരുന്നു അത്. സ്റ്റാലിൻ ഹിറ്റ്ലറെ വിശ്വസിച്ചില്ല – അദ്ദേഹം സമയത്തെ വിശ്വസിച്ചു. തോൽക്കാൻ പോകുമായിരുന്നു ഒരു ഗെയിം വ്യക്തമായ കരുനീക്കത്തോടെ സ്റ്റാലിൻ അടർത്തി എടുക്കുകയായിരുന്നു..

പിൻകുറിപ്പ് : മുമ്പ് 1931 വട്ട മേശ സമ്മേളനം കഴിഞ്ഞു മടങ്ങുന്ന ഗാന്ധിജി റോം സന്ദർശിക്കുകയും മുസോലിനിയുമായി കൂടികഴ്ച നടത്തുകയും ചെയ്തത് വായിച്ചിട്ടുണ്ട്.പിന്നീട് ഇന്ത്യയിൽ എത്തി ഗാന്ധി മുസ്സോലിനിയെ വാനോളം പ്രശംസിച്ചു കൊണ്ടെഴുതിയത് വായിച്ചിട്ടുണ്ട്.. വരും പൂക്കി ഡിക്ഷ്ണനെറിയിൽ നാളെ ഗാന്ധി ഫാസിസ്റ്കുമൊ എന്ന് നോക്കാം. 

അതെ വർഷം തന്നെ RSS സ്ഥാപക നേതാവ് മൂഞ്ചേയും മുസോലിനിയെ കണ്ടിട്ടുണ്ട്..ഗാന്ധിജിയുടെ അത്രത്തോളം നിഷ്കളങ്കമല്ലാത്ത കൂടിക്കാഴ്ച ആയിരുന്നു അത്. 

അന്വേഷകർക്ക് മൂഞ്ചേ- മുസ്സലിനി കൂടിക്കാഴ്ച്ചയുടെ വിവരവും അനുബന്ധ പ്രത്യാഘാതങ്ങളും വായിക്കാൻ ലഭിക്കും..

രണ്ടും കൂടി കൂടി കെട്ടി ഗാന്ധി - മൂഞ്ചേ ഡീൽ ഇനി ഇറങ്ങുമോ എന്തോ?

ആരെങ്കിലും പറയുന്നത് അന്വേഷിക്കാതെ തട്ടി വിടുന്ന ഭാവി പ്രധാനമത്രിമാർ ഉള്ള നാടാണല്ലോ നമ്മുടെ നാട്...

അവലംബം : 

Furr, G. (2011). Khrushchev lied. Erythrós Press and Media.

Soviet Information Bureau. (1948). Falsifiers of history (Historical survey). Foreign Languages Publishing House.





No comments:

Post a Comment