ഇങ്ക്വിലാബ് സിന്ദാബാദ്..
അഭിജിത് ദീപ്കെ യോട് ഒരു റിപ്പോട്ടർ നിങ്ങളെന്തിനാണ് ചില പ്രത്യേക മുദ്രാവാക്യങ്ങൾ മുഴക്കുന്നത് എന്ന് കുറ്റപെടുത്തുമ്പോൾ, ദീപ്കെ തിരിച്ചു ഏതു മുദ്രാവാക്യം എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ആ റിപ്പോട്ടർ പറയുന്നത് 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആണെന്ന്... അത് കേട്ട് ദീപ്കെ കൗതുകത്തോടെ ചിരിക്കുന്നുണ്ട്..ചരിത്രം അറിയുന്നവർ ആ ചിരിയുടെ അർത്ഥം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാകും ....
പറയാൻ പോകുന്നത് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തെ കുറിച്ച് തന്നെയാണ് ...
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രതാപകരവും വികാരനിർഭരവുമായ മുദ്രാവാക്യങ്ങളിലൊന്നാണ് 'ഇങ്കുലാബ് സിന്ദാബാദ്' ഉറുദു-ഹിന്ദി ഭാഷയിൽ 'വിപ്ലവം ജയിക്കട്ടെ' (Long Live the Revolution) എന്നർത്ഥമുള്ള ഈ മുദ്രാവാക്യം, കേവലമൊരു രാഷ്ട്രീയ ആഹ്വാനമായിരുന്നില്ല, മറിച്ച് ഒരു പുതിയ സാമൂഹിക വ്യവസ്ഥയുടെ സ്വപ്നം കൂടിയായിരുന്നു. 1921-ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വച്ച്, പ്രശസ്ത ഉറുദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൗലാനാ ഹസ്രത്ത് മൊഹാനി (Maulana Hasrat Mohani) ആണ് ഈ മുദ്രാവാക്യം ആദ്യമായി മുന്നോട്ട് വച്ചത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ സ്വരാജ്യം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹം ഇത് ഉയർത്തിയത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) സ്ഥാപക അംഗങ്ങളിൽ ഒരാളും 1925-ലെ കാൺപൂർ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായിരുന്നു മൊഹാനി. 'ഇഷ്തിരാകി മോമിൻ' (Communist Muslim) എന്ന് സ്വയം വിളിച്ച അദ്ദേഹം, 1917-ലെ റഷ്യൻ ബോൾഷെവിക് വിപ്ലവത്തിൽ ആകൃഷ്ടനായിരുന്നു. അതിനാൽ, ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് തന്നെ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു എന്നത് ചരിത്രസത്യമാണ്.
ഈ മുദ്രാവാക്യത്തെ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമാക്കി മാറ്റിയത് ഭഗത് സിംഗും സഖാക്കളുമാണ്. 1929 ഏപ്രിൽ 8-ന് ഡൽഹി സെൻട്രൽ അസംബ്ലിയിൽ ഭഗത് സിങ്ങും ബടുകേശ്വർ ദത്തും ബോംബെറിഞ്ഞപ്പോൾ അവർ ആദ്യമായി ഈ മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കി. തുടർന്ന് 1929 ജൂണിൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന വിചാരണയ്ക്കിടെ അവർ ഇത് ആവർത്തിച്ചു. ഇതോടെ കോടതിമുറ്റത്ത് ഉയർന്ന ആദ്യ വിപ്ലവ മുദ്രാവാക്യം എന്ന ഖ്യാതിയും ഇതിന് ലഭിച്ചു. ഭഗത് സിങ്ങിനെ സംബന്ധിച്ചിടത്തോളം വിപ്ലവം ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് മുതലാളിത്തവും ജന്മി സമ്പ്രദായവും സാമൂഹിക അസമത്വവും ഇല്ലാത്ത ഒരു പുതിയ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുക കൂടിയായിരുന്നു. ലെനിൻ, മാർക്സ്, ട്രോട്സ്കി എന്നിവരുടെ ആശയങ്ങളിൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട അവർ, ഈ മുദ്രാവാക്യത്തെ വർഗ്ഗസമരത്തിന്റെ ആഹ്വാനമായി കണ്ടു.
'ഇങ്ക്വിലാബ് സിന്ദാബാദ്' കേവലം ചരിത്രത്തിന്റെ ഭാഗമല്ല; വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും അതീതമായ, ഏത് വിപ്ലവകരമായ മാറ്റത്തെയും അംഗീകരിക്കുന്ന ഒരു ജീവനുള്ള പൈതൃകമാണ്. എങ്കിലും, ഇന്ത്യയിൽ ഈ മുദ്രാവാക്യത്തിന് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി ഏറ്റവും ശക്തമായ രക്തബന്ധമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ സൃഷ്ടിയായി ആരംഭിച്ച്, ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ഈ മുദ്രാവാക്യം, സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
പിൻകുറിപ്പ് :
ഒരു മനുഷ്യനെ അടയാളപ്പെടുത്തേണ്ടത് ആ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.. സ്വവിചിന്തനത്താൽ ആർജിച്ചെടുത്ത ഒരു മനുഷ്യന്റെ ബോധ്യങ്ങൾ, സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടുന്ന രീതികൾ അടിസ്ഥാനപ്പെടുത്തിയാണ് അയാളുടെ പ്രസക്തി..
1905 ബംഗാൾ വിഭജന ശേഷം, ആ വിഭജനത്തെ അനുകൂലിച്ച് (ദേശീയ രാഷ്ട്രീയതിന്റെ ചാലക ശക്തി ആയിരുന്ന 'അന്നത്തെ' കോൺഗ്രസ് വിഭജനത്തെ എതിർത്തിരുന്നു ) 1906 ഇന്റെ അവസാന മണിക്കൂറുകളിൽ രൂപം കൊണ്ട ഒരു പ്രസ്ഥാനം , പിന്നീട്ടുള്ള നാലു പതിറ്റാണ്ട് പാടിപറഞ്ഞിരുന്ന മുഴുവൻ സമുദായ സ്നേഹ പ്രദർശനകളും ആദർശങ്ങളും അധികാരത്തിനായി റാഡിക്ലിഫ്ഫിന്റെ പേനത്തുമ്പിൽ പണയം വെച്ചപ്പോൾ മൊഹാനി അത്യുച്ചത്തിൽ അതിനെതിരെ നിലകൊണ്ടു. മറ്റുള്ളവരെല്ലാം അതിർത്തി കടന്നു അധികാരകസേരകളിലേക്ക് കയറി പോയപ്പോൾ അതിർത്തിക്കിപ്പുറം രാജ്യത്തോട് കൂറ് കാണിച്ച പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു മൊഹാനി...
രാജ്യത്തിന്റെ ഭരണഘടനാ രൂപീകരണ സമയം അതിൽ നിരന്തരം ഇടപ്പെട്ട് ബാക്കിയായവരുടെ അസ്തിത്വത്തിനായി പോരാടുകയയായിരുന്നു ആ മനുഷ്യൻ.
സ്വാതന്ത്ര്യം ലഭിച്ചു നാല് വർഷം കഴിഞ്ഞപ്പോൾ സ്വന്തമായി ഒന്നും സംമ്പാദിക്കാതെ ഒരു ഫക്കീറായാണ് ആ മനുഷ്യൻ ഈ ലോകത്തോട് വിടപറഞ്ഞത്...
ഒരു ഓർമ കൂടി
ഈ അടുത്ത് ചില സ്വതവാദികൾ ആ മനുഷ്യന്റെ ചിത്രം അവരുടെ ആളെന്നപോൽ അടയാളപ്പെടുത്തിയപ്പോൾ ദീപ്കെ ചിരിച്ച അതെ ചിരിയാണ് മനസ്സിൽ വന്നത്..
ഒപ്പം..
ചുപ്കെ ചുപ്കെ രാത് ദിൻ
ആംസൂ ബഹാനാ യാദ് ഹേ..
എന്ന മനോഹര ഗസൽ ഹസ്രത് മൊഹാനി യുടെ തൂലികയിൽ നിന്നാണ് പിറന്നത്.
ഗുലാം അലി സാബിന്റെ ശബ്ദത്തോടൊപ്പം ആ പ്രണയ നൊമ്പരം ലോകം അവസാനിക്കുവോളം ഇവിടെ ഈ അന്തരീക്ഷത്തിൽ ഉണ്ടാകും..

No comments:
Post a Comment